Voice of Truth

ആമസോണിൽ നിന്ന് ഒരു ദുരന്ത വാർത്ത കൂടി. ആമസോൺ വന സംരക്ഷണ ദൗത്യം ഏറ്റെടുത്തിരുന്ന ബ്രസീലിലെ “ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ്” നേതാവിനെ വനം കൊള്ളക്കാർ വെടിവച്ചുകൊന്നു

ആമസോൺ കാടുകളുടെ നശീകരണം ലോകമെമ്പാടും വാർത്തയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഒരു ദുരന്ത വാർത്ത. 2012ൽ രൂപീകരിക്കപ്പെട്ട “ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ്” എന്ന വന സംരക്ഷണ സേനയുടെ യുവനേതാവ് പൗലോ പൗലിനോ ഗുജജാര കഴിഞ്ഞ വെള്ളിയാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ടു. ഈ പ്രദേശത്തെ വനനശീകരണ പ്രവർത്തനങ്ങളും, വനം കൊള്ളയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരക്ഷണ സേന രൂപീകരിക്കപ്പെട്ടത്.

വനത്തിൽ അതിക്രമിച്ചു കടന്ന് മരം വെട്ടി കടത്തുന്ന സംഘമാണ് പൗലോ പൗലിനോയെയും സഹകാരികളെയും ആക്രമിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുപക്ഷവും തമ്മിലുണ്ടായ വെടിവയ്‌പിൽ ഒരു കൊള്ളക്കാരനും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. കേവലം മുപ്പതുവയസിൽ താഴെ മാത്രം പ്രായമുള്ള പൗലോ പൗലിനോ തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അരരിബോയയിലാണ് സംഭവം. വേട്ടയിൽ ഏർപ്പെട്ടിരുന്ന പൗലോ പൗലിനോയെയും സംഘത്തെയും ആയുധധാരികളായ വനംകൊള്ളക്കാർ ആക്രമിക്കുകയായിരുന്നു.

സമാനമായ ആക്രമണങ്ങളും കൊലപാതകങ്ങളും ആമസോണിൽ ഒറ്റപ്പെട്ടതല്ല. വനസംരക്ഷണത്തിനായി അധ്വാനിക്കുന്ന ഗോത്രവിഭാഗങ്ങൾക്കെതിരെ ഇത്തരം ആക്രമണങ്ങൾ പതിവായുണ്ടാകുന്നത് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ഒറ്റപ്പെട്ട ഗോത്രവിഭാഗങ്ങൾക്കുവേണ്ടി അവർക്കിടയിൽ പ്രവർത്തിക്കുന്ന സർവൈവൽ ഇന്റർനാഷണൽ എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം, ഇതിനുമുമ്പ് വനസംരക്ഷണ സേനാ നേതാക്കൾ അവരുടെ നിരവധി സഹപ്രവർത്തകർക്കൊപ്പം ഇത്തരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ തബറ്റിംഗ പട്ടണത്തിൽ വച്ച് വനവാസികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരാൾ കൊല്ലപ്പെട്ടിരുന്നു.

കൃഷിക്കാരുടെയും, ഖനി ഉടമസ്ഥരുടെയും, മരം വെട്ടുകാരുടെയും നേതൃത്വത്തിൽ നടക്കുന്ന വനം നശീകരണത്തിന് പ്രത്യക്ഷമായും പരോക്ഷമായും അനുകൂല നിലപാടുകൾ സ്വീകരിച്ചത് നിമിത്തം സ്വദേശത്തും വിദേശത്തും കനത്ത വിമർശനങ്ങൾ നേരിടുന്നയാളാണ് ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൾസൊനാരോ. അത്തരക്കാരിൽ നിന്ന് ഒമ്പത് ലക്ഷത്തിലേറെ വരുന്ന ആദിവാസികൾ നേരിടുന്ന അതിക്രമങ്ങൾ ബോൾസൊനാരോയ്ക്ക് പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്.

80%
Awesome
  • Design