Voice of Truth

നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി ജീവിച്ച കാട്ടുകൊമ്പൻ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ നിന്നും പുൽപ്പള്ളി റൂട്ടിൽ യാത്രചെയ്യുന്നവർക്ക് മണിയൻ ആരാണ് എന്ന് വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യമില്ല. അത് ഒരു കാട്ടാനയ്ക്ക് നാട്ടുകാർ നൽകിയ ഓമനപ്പേരാണ്. വനത്തിന് സമീപമുള്ള ഗ്രാമീണർക്ക് ചിരപരിചിതനായിരുന്നു ഒത്തവലിപ്പമുള്ള, നീണ്ട കൊമ്പുകളുള്ള ആ ഒറ്റയാൻ. നീണ്ട കൊമ്പും ഉയര്‍ന്ന മസ്തകവും മുറിഞ്ഞ വാലുമൊക്കെയായി അവന്‍ പുല്‍പ്പള്ളി ഇരുളം മേഖലയിലെ റോഡരികില്‍ തന്നെയുണ്ടായും. എല്ലാവരും സ്നേഹിച്ച എല്ലാവരെയും സ്നേഹിച്ച മണിയൻ ഇന്ന് ഒരു നാടിന് മുഴുവൻ നൊമ്പരമായി മാറിയിരിക്കുന്നു.

ഇതായിരുന്നു മണിയൻ എന്ന ഒറ്റക്കൊമ്പൻ കാട്ടാനയുടെ പ്രകൃതം

കഴിഞ്ഞ രാത്രിയാണ് സ്വന്തം വർഗ്ഗത്തിന്റെ ആക്രമണത്തിൽ അവൻ കൊല്ലപ്പെട്ടത്. ചെതലയം വെള്ളച്ചാട്ടത്തിനു സമീപത്തു വെച്ച് മറ്റ് കാട്ടാനകളുടെ ആക്രമണത്തിൽ ആയിരുന്നു മണിയന്റെ മരണം. വയറിൽ കൊമ്പ് ആഴ്ന്നിറങ്ങി കുടൽ പുറത്തു വന്ന നിലയിലായിരുന്നു. അവനെ സ്നേഹിച്ചിരുന്നവർക്ക് സങ്കൽപ്പിക്കാൻ പോലുമാവാത്ത വേദനാജനകമായ കാഴ്ച.

മണിയൻ എന്ന കാട്ടുകൊമ്പൻ പരിക്കേറ്റു ചരിഞ്ഞ നിലയിൽ

ബത്തേരി പുൽപ്പള്ളി റോഡിൽ ഇരുളം പ്രദേശത്തെ വനാതിർത്തികളിൽ പതിവു സാന്നിധ്യമായിരുന്നു മണിയൻ. നാട്ടാനയെ പോലെ മെരുങ്ങി ആളുകളെ ഒട്ടും ഉപദ്രവിക്കാത്ത ശാന്ത സ്വഭാവം. പുല്‍പ്പള്ളി ഇരുളം പാതയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്കെല്ലാം അവന്‍ പരിചിതനാണ്. അവനെപ്പറ്റി ആര്‍ക്കും ഒരു പരാതിയുമില്ലയിരുന്നു. ആകെയുള്ള പരാതി കടകളില്‍ നിന്ന് ഉപ്പെടുത്ത് തിന്നുമെന്നത് മാത്രമാണ്. ഒത്ത കൊമ്പനാനയായിരുന്നു അവന്‍. മനുഷ്യരുടെ സാമിപ്യം വിട്ട് അവനെങ്ങും പോകാറില്ലെന്നതാണ് സത്യം. ഇത്തരമൊരു കാട്ടാന വിനോദ സഞ്ചാരികളായി വരുന്നവർക്കും, അന്യ നാട്ടുകാർക്കും ഒരു അത്ഭുതം തന്നെയായിരുന്നു.

വൈകുന്നേരമായാല്‍ പതിയെ നടന്ന് ഇരുളത്തെ കടകള്‍ക്കടുത്തെത്തും. അതും കവലയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ ശേഷം മാത്രം. ഉപ്പു ചാക്കുകളാണ് ലക്ഷ്യം. അത് ചവിട്ടിപ്പൊട്ടിച്ച് അകത്താക്കും. വാഹനങ്ങള്‍ എത്തിയാല്‍ റോഡില്‍ നിന്ന് മാറി നിന്ന് കൊടുക്കും. കൊച്ചു കുട്ടികള്‍ക്ക് പോലും മണിയന്റെ അടുത്തെത്താം. അവനെത്തൊടാം. അവനോട് ചങ്ങാത്തം കൂടാം. മണിയനെത്തിയാല്‍ ഇരുളത്തെ ഒട്ടുമിക്ക നാട്ടുകാരും ഒത്തുകൂടും. അവരവന് ചക്കയും വാഴപ്പിണ്ടിയും ഇല്ലിക്കൊമ്പുമൊക്കെ എത്തിച്ച് കൊടുക്കും. അതൊക്കെ തിന്ന് അവനങ്ങനെ നില്‍ക്കുമായിരുന്നു.

നിരവധി വർഷങ്ങളായി സ്നേഹപൂർവ്വം അവനെ വീക്ഷിച്ചിരുന്ന അനേകായിരങ്ങൾക്കും ഒരിക്കലെങ്കിലും അവനെ കണ്ടിട്ടുള്ളവർക്കും പോലും വലിയ വേദനയായിരിക്കുകയാണ് അവന്റെ വിയോഗം. ഒരുപക്ഷെ മനുഷ്യരോട് ഇണങ്ങി ജീവിച്ചതുതന്നെയാവാം അവനെ സഹജീവികൾക്കിടയിൽ അനഭിമതനാക്കിയതെന്നും അഭിപ്രായങ്ങളുണ്ട്.

Leave A Reply

Your email address will not be published.