പുല്‍പ്പള്ളി : തങ്ങളുടെ സമ്പന്നതയില്‍ നിന്നു പോലും ദാനം ചെയ്യാന്‍ മടിക്കുന്നവര്‍ക്കു മാതൃകയായി, ഇല്ലായ്മകള്‍ പരിഗണിക്കാതെ തനിക്കുള്ള 18 സെന്റ് സ്ഥലത്ത് നിന്ന് നാലുസെന്റ് ദുരിതമനുഭവിക്കുന്ന കുടുംബത്തിന് നല്കി തയ്യല്‍ തൊഴിലാളിയായ വീട്ടമ്മ.
വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിയുന്ന കിടപ്പു രോഗിയായ ഗൃഹനാഥനാണ് പുല്‍പ്പള്ളി ചതുരത്തറ മോളി തന്റെ നാലുസെന്റ് ഭൂമി വീടുവെയ്ക്കാനായി ദാനം ചെയ്തത്. പുല്‍പ്പള്ളി കൃഷിഭവന് സമീപത്തായുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് ഇവര്‍ സൗജന്യമായി നല്‍കിയത്. പുല്‍പ്പള്ളി അങ്ങാടിയിലെ ചുമട്ടുതൊഴിലാളിയായ വെങ്കിടേഷിനും കുടുംബത്തിനുമാണ് ഭൂമി നല്‍കിയത്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിക്കിടയിലുണ്ടായ അപകടത്തെ തുടര്‍ന്ന് കിടപ്പുരോഗിയായ വെങ്കിടേഷും വിദ്യാര്‍ത്ഥികളായ മൂന്നു മക്കളും ഭാര്യയും വര്‍ഷങ്ങളായി വാടക വീടുകളിലാണ് താമസിച്ചു വന്നത്. നിത്യവൃത്തിയ്ക്കുപോലും കഴിവില്ലാതെ ഉദാരമതികളുടെ സഹായത്തോടെയാണ് ഇവര്‍ ജീവിതം മുന്നോട്ട് നയിച്ചത്. വയനാട്ടിലെ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ കദനകഥയറിഞ്ഞ മോളി വീടില്ലാത്ത ആര്‍ക്കെങ്കിലും ഒരാള്‍ക്ക് വീടുവെയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സുഹൃത്തുക്കളോട് പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത വെങ്കിടേഷിന്റെ വിവരമറിയുന്നത്. വെങ്കിടേഷിനെ വാടകവീട്ടില്‍ പോയി കാണുകയും അവരുടെ ദയനീയാവസ്ഥ മനസ്സിലാക്കി അവര്‍ക്കു തന്നെ ഭൂമി നല്‍കുകയുമായിരുന്നു.
ദൈവവിശ്വാസിയായ മോളിക്ക് ഇക്കാര്യത്തിനു പറയാനുള്ള മറുപടി തനിക്കുള്ളതിലൊരു പങ്ക് താന്‍ ഇല്ലാത്തൊരാള്‍ക്ക് നല്‍കുന്നു എന്നുമാത്രം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂത്താട്ടുകുളത്തുനിന്നും വയനാട്ടിലേയ്ക്ക് കുടിയേറിയ ചാലപ്പുറത്ത് പരേതനായ ആന്‍ഡ്രൂസിന്റെയും ശോശാമ്മയുടെയും മകളാണ് മോളി. രണ്ടു മക്കളുടെ അമ്മയായ മോളിയുടെ ഭര്‍ത്താവ് കുഞ്ഞച്ചന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തയ്യല്‍ ജോലിയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് മക്കളായ നിഷയേയും നിഷാദിനെയും തന്റെ അമ്മ ശോശാമ്മയെയും സംരക്ഷിച്ചിരുന്നത്. വിവാഹിതയായ ഇവരുടെ മൂത്ത മകള്‍ നിഷയും ഭര്‍ത്താവ് ബിജുവും ബീഹാറില്‍ സ്‌കൂള്‍ അദ്ധ്യാപകരായിജോലി നോക്കുന്നു. ഇളയ മകന്‍ നിഷാദ് ഷാര്‍ജയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ജസ്‌നയാണ് ഭാര്യ.