2018ലെ മഹാ പ്രളയത്തെ തുടർന്ന്, 2019ലും അതിതീവ്ര മഴയും ദുരന്തങ്ങളും ആവർത്തിച്ചതോടെ മലയാളികൾ കടുത്ത ആശങ്കയിൽ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലായി പ്രത്യക്ഷമായോ പരോക്ഷമായോ ദുരിതത്തിലകപ്പെടാത്ത പ്രദേശങ്ങൾ കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലുകളും തുടങ്ങി പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാകുമ്പോൾ, കേരളം ചർച്ചകളിൽ മുഴുകുകയാണ്. മലയോര മേഖലകളിൽ അധിവസിക്കുന്ന കർഷകർ മുൻപൊരിക്കലുമില്ലാത്ത ആശങ്കയിൽ നിപതിച്ചിരിക്കുന്നതോടൊപ്പം, കാലാവസ്ഥയിലും പ്രകൃതിയിലും സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾക്ക് അവർ പഴികേൾക്കുകയും ചെയ്യുന്നു. പ്രകൃതിസംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന ചിലർ അവരെ കുറ്റപ്പെടുത്തുന്നതിൽ വാസ്തവമുണ്ടോ? കേരളത്തിന്റെ മലയോര മേഖലകളിൽ നിന്നുത്ഭവിച്ചിരിക്കുന്ന ആശങ്കകൾക്ക് ഉത്തരവാദികൾ കർഷകരാണോ? കോഴിക്കോട്, ദേവഗിരി സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ മല്ലികശേരിയുടെ വാക്കുകൾ ശ്രദ്ധിക്കാം.