Voice of Truth

കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും, പ്രകൃതിയിൽ നടക്കുന്ന ചില പുതിയ പ്രതിഭാസങ്ങളെക്കുറിച്ചും ചിന്തിക്കാറുണ്ടോ? എങ്കിൽ ഈ നടുക്കുന്ന യാഥാർത്ഥ്യം നിങ്ങൾ അറിയണം…

പ്രകൃതിയും കാലാവസ്ഥയും താളംതെറ്റുന്നു എന്ന വാദം പ്രബലമാണ്. നാം അത് പതിവായി അനുഭവിച്ചറിയാറുണ്ട്. മഴയുടെ കുറവും, ചൂടിന്റെ ആധിക്യവും, പ്രളയവും, വരൾച്ചയും തുടങ്ങി ഉദാഹരണങ്ങൾ ഏറെ. രോഗങ്ങളുടെ ആധിക്യവും, പലവിധ മാരകരോഗാണുക്കളുടെ ആക്രമണങ്ങളും തുടങ്ങിയ തലവേദനകൾ വേറെ. ജീവിതം ദുഷ്കരമായിക്കൊണ്ടിരിക്കുന്നത് നാം തിരിച്ചറിയുന്നു. ഇത് നമ്മുടെ മാത്രം അനുഭവങ്ങളല്ല. ലോകം മുഴുവൻ ചില മാറ്റങ്ങളെ നേരിടുന്നതായി എണ്ണമറ്റ റിപ്പോർട്ടുകളുണ്ട്. നാം ഗൗരവമായി ചിന്തിക്കേണ്ട ചില വിഷയങ്ങളുണ്ട് അവിടെ. ഇനിയെങ്കിലും നാം തിരിച്ചറിഞ്ഞില്ലെങ്കിൽ മാനവകുലത്തിന്റെയും ഭൂമിയിലെ ജീവന്റെയും തന്നെ നിലനിൽപ്പിനെ ബാധിച്ചേക്കാവുന്ന ഗുരുതരമായ വിഷയങ്ങൾ.

മനുഷ്യന്റെ ഇടപെടല്‍ പ്രകൃതിയെ മറ്റൊരു യുഗത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍. ഹോളോസീന്‍ എന്നറിയപ്പെട്ടിരുന്ന നാം ജീവിച്ചിരുന്ന യുഗത്തിന് ശേഷം, അന്ത്രപ്പോസീന്‍ എന്ന യുഗത്തിലേയ്ക്ക് ഭൂമി പ്രവേശിച്ചിരിക്കുന്നു?

ഹൈലൈറ്റ്സ്:

  • മനുഷ്യന്റെ ഇടപെടലുകൾ അനവധി ജീവിവർഗ്ഗങ്ങളുടെ വംശനാശത്തിന്റെ വേഗത മുമ്പൊരിക്കലുമില്ലാത്ത രീതിയിൽ വർദ്ധിപ്പിച്ചിരിക്കുന്നു
  • കാർബൺ ഡയോക്സൈഡിന്റെ വർദ്ധനവ് ആദ്യവ്യവസായ വിപ്ലവത്തിനു മുമ്പ് 120 പാർട്ട്സ് പേര് മില്യൺ ആയിരുന്നെങ്കിൽ ഇന്ന് അത് നാലിരട്ടി വർദ്ധിച്ചിരിക്കുന്നു.
  • ആണവായുധങ്ങളുടെ പരീക്ഷണങ്ങൾ പരിസ്ഥിതിയിൽ ഗുരുതരമായ നിരവധി മാറ്റങ്ങൾക്ക് കാരണമായിരിക്കുന്നു.
  • സമുദ്രത്തിൽ ഉൾപ്പെടെ സകല ജലാശയങ്ങളിലും മൈക്രോ പാർട്ടിക്കിളുകളായി അദൃശ്യാവസ്ഥയിൽ അലിഞ്ഞുചേർന്നിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുന്നു.
  • രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം മൂലം ലോകവ്യാപകമായി മണ്ണിന് സംഭവിച്ചിരിക്കുന്ന ദോഷകരമായ മാറ്റങ്ങൾ പലതും മനുഷ്യനുള്ള കാലത്തോളം പരിഹരിക്കാൻ കഴിയുന്നവയല്ല. നൈട്രജന്റെയും, ഫോസ്ഫറസിന്റെയും അളവ് ഇരട്ടിയായിരിക്കുന്നു.

അന്ത്രപ്പോസീന്‍ എപ്പോക്ക് എന്ന് കേട്ടിട്ടുണ്ടോ?

ഭൂമിശാസ്ത്രപരമായി സംഭവിക്കുന്ന നിര്‍ണ്ണായകമായ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഭൗമയുഗങ്ങള്‍ തരംതിരിക്കുക. ഭൗമശാസ്ത്രപരമായ കാലഗണനകള്‍ അനുസരിച്ച് നാം ഇപ്പോഴുള്ള യുഗം (Epoch) ഹോളോസീന്‍ എന്നറിയപ്പെടുന്നു. 11650 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ച, പ്ലെയിസ്റ്റോസീന്‍ എന്ന യുഗത്തിന് ശേഷമാണ് ഹോളോസീന്‍ ആരംഭിക്കുന്നത്. 1.79 ലക്ഷം വര്‍ഷങ്ങളായിരുന്നു പ്ലെയിസ്റ്റോസീന്‍ യുഗം. മുമ്പുണ്ടായിരുന്ന യുഗങ്ങള്‍ ഇതിലുമേറെ കാലങ്ങള്‍ നീണ്ടുനിന്നിരുന്നതായി ശാസ്ത്രം പറയുന്നു. അതായത്, നിര്‍ണ്ണായകമായ ഒരു മാറ്റം, അത് കാലാവസ്ഥയിലുള്ള മാറ്റമാകാം, പ്രധാന ജീവജാതികളുടെ ഉത്ഭവമാകാം, വംശനാശം സംഭവിക്കുന്നതാകാം. അത്തരം മാറ്റങ്ങള്‍ സംഭവിച്ച് പരിസ്ഥിതി മറ്റൊരു സാഹചര്യത്തിലേയ്ക്ക് കടന്നുവരുന്നതിന്റെ സൂചകമായാണ് പുതിയൊരു ഭൗമയുഗമായി അത് വിശേഷിപ്പിക്കപ്പെടുന്നത്.

ഭൂമിയുടെ ആരംഭം മുതലുള്ള വിവിധ യുഗങ്ങൾ

ഇപ്പോള്‍ നാം കാണുന്ന ഹോളോസീന്‍ എന്ന യുഗത്തിനു ശേഷം അന്ത്രപ്പോസീന്‍ എന്ന യുഗത്തിലെയ്ക്ക് നാം പ്രവേശിച്ചിരിക്കുന്നതായാണ് വലിയൊരു വിഭാഗം ശാസ്ത്രജ്ഞരുടെ വാദം. അന്ത്രപ്പോസീന്‍ എപ്പോക്ക് എന്നാല്‍, മാനവ നവയുഗം എന്ന് പരിഭാഷപ്പെടുത്താം. മനുഷ്യനാല്‍ സംഭവിച്ച മാറ്റങ്ങളാണ് ഇതിനു പിന്നില്‍ എന്നതിനാലാണ് ഈ പേരില്‍ വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യന്‍ ഭൂമിയില്‍ നടത്തിയ ഇടപെടലുകളുടെ ഭാഗമായി സംഭവിച്ച കാലാവസ്ഥാമാറ്റങ്ങള്‍, ആഗോള താപനം, വംശനാശങ്ങള്‍ തുടങ്ങിയവയാണ് നിര്‍ണ്ണായകമായ മാറ്റങ്ങളായി എടുത്തുകാണിക്കപ്പെടുന്നത്.

അന്ത്രപ്പോസീന്‍ എപ്പോക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടണം എന്ന വാദം ശാസ്ത്രലോകത്ത് ശക്തമാണ്. ഒരുപക്ഷെ, സമീപഭാവിയില്‍ അപ്രകാരം സംഭവിച്ചേക്കാം. എന്നാല്‍, ഇത്തരമൊരു യുഗത്തിലേയ്ക്ക് ഭൂമി പ്രവേശിച്ചിരിക്കുന്നത് സ്വാഭാവികമായി സംഭവിച്ച ഒരു പ്രതിഭാസത്തിന്റെയോ മാറ്റങ്ങളുടെയോ ഭാഗമായല്ല എന്ന് പ്രത്യകം വിശദീകരിക്കേണ്ടതില്ലല്ലോ. മനുഷ്യന്റെ അനധികൃതവും, പരിസ്ഥിതിദ്രോഹപരവുമായ ഇടപെടലുകളാണ് പ്രകൃതിയെ മാറ്റിമറിച്ചതും, അനവധി ജീവവര്‍ഗ്ഗങ്ങള്‍ക്ക് അന്ത്യം കുറിച്ചതും.

വാസ്തവത്തില്‍, ഭൂമിയുടെ ചരിത്രത്തില്‍ ഇന്നോളം ഇവിടെ രൂപം കൊണ്ടിട്ടുള്ള കോടിക്കണക്കിനായ ജീവവര്‍ഗ്ഗങ്ങളില്‍ കേവലം ഒരു ശതമാനം മാത്രമാണ് ഇന്നുള്ളത്. മറ്റുള്ളവയെല്ലാം ഓരോ ഘട്ടങ്ങളിലായി സ്വാഭാവികമായിത്തന്നെ ഭൂമിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവയാണ്. പതിനാലര കോടി വര്‍ഷങ്ങള്‍ ഭൂമിയിലുണ്ടായിരുന്ന ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത് നമുക്കറിയാം. അത്തരത്തില്‍, മഹാ വംശനാശങ്ങളായി എടുത്തുപറയുന്ന അഞ്ച് സംഭവങ്ങള്‍ ഭൂമിയുടെ ചരിത്രത്തിലുണ്ട്. മനുഷ്യന്റെ മുന്‍ഗാമികളിലേയ്ക്ക് വന്നാലും വംശനാശങ്ങള്‍ നിരവധിയുണ്ട്. മനുഷ്യന്റെ സ്വന്തം കുടുംബമായ ഹോമോ സാപ്പിയന്‍സ് ഭൂമിയില്‍ രൂപംകൊണ്ടിട്ട് രണ്ടുലക്ഷം വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അതിനുമുമ്പ് ഇവിടെയുണ്ടായിരുന്ന ഹോമോ വിഭാഗത്തില്‍ പെട്ട മറ്റുള്ളവര്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചവര്‍ ഹോമോ ഇറക്ടസ് ആണ്. പതിനഞ്ചു ലക്ഷം വര്‍ഷങ്ങള്‍ ആ വര്‍ഗ്ഗം ഭൂമിയില്‍ ഉണ്ടായിരുന്നു.

വളരെ വേഗം പുതിയൊരു യുഗം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടത് ഇങ്ങനെ:

ചില പഠനങ്ങള്‍ അനുസരിച്ച്, പ്രതിവര്‍ഷം അധികരിച്ചുവരുന്ന പ്ലാസ്റ്റിക് നിര്‍മ്മാണവും, ഉപയോഗവുമാണ് പാരിസ്ഥിതികമായ മാറ്റങ്ങള്‍ക്ക് പ്രധാനകാരണമായി മാറിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലിലും മറ്റു ജലാശയങ്ങളിലും കരയിലും അടിഞ്ഞുകൂടിയത് വലിയ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നു. ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആയ ഡോ. കോളിന്‍ വാട്ടെഴ്സിനെ ഉദ്ധരിച്ച് കഴിഞ്ഞ വര്‍ഷം ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ വിഷയം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തിരുന്നു. ‘മറ്റൊരു ലോകമായി നാം ഭൂമിയെ മാറ്റിക്കൊണ്ടിരിക്കുന്നതിനെ പുതിയ യുഗം എന്ന പേര് വിളിച്ച് ന്യായീകരിക്കുകയാണ്’ എന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. ‘ഹിമയുഗത്തിന്റെ (Ice age) അന്ത്യത്തില്‍ സംഭവിച്ചതിനേക്കാള്‍ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് നിസാരകാര്യമല്ല.’

ഡോ. കോളിൻ വാട്ടേഴ്സ്

കാര്‍ബണ്‍ ഡയോക്‌സയിഡിന്റെയും മീഥൈനിന്റെയും മറ്റും അളവിലും കേന്ദ്രീകരണത്തിലും സംഭവിക്കുന്ന മാറ്റങ്ങള്‍ ഹോളോസീന്‍ എപ്പോക്ക് ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വലുതാണ്‌ എന്നും അദ്ദേഹം പറയുന്നു. മനുഷ്യന്റെ ഇടപെടലുകള്‍ പ്രവചനാതീതമായ മാറ്റങ്ങളിലേയ്ക്ക് ഭൂമിയെ നയിച്ചുകൊണ്ടിരിക്കുന്നു. പ്രതിവര്‍ഷം നിര്‍മ്മിക്കപ്പെടുന്ന ഏകദേശം മുപ്പത് കോടിയോളം ടണ്‍ പ്ലാസ്റ്റിക് ഭൂമിക്ക് വലിയ ഭാധ്യതയായി മാറുന്നു. കോണ്‍ക്രീറ്റിന്റെ ഉപയോഗവും അപ്രകാരം തന്നെ. ഇന്ന് ഭൂമിയിലുള്ള കോണ്‍ക്രീറ്റ് നിര്‍മ്മിതികളില്‍ പകുതിയിലേറെയും കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ പണികഴിച്ചവയാണ്.

ലോകം നിറയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ

വനപ്രദേശങ്ങള്‍ ഭൂമിയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലംകൂടിയാണ് ഇത്. സാധാരണ ഭൂപ്രദേശങ്ങളില്‍ അമ്പത് ശതമാനം വനഭൂമിയായുണ്ടായിരുന്നത് ഇരുപത്തഞ്ചു ശതമാനത്തിലേയ്ക്ക് ചുരുങ്ങിയത് മൂന്ന് നൂറ്റാണ്ടുകള്‍ കൊണ്ടാണ്. അതിന്റെ ഫലമായി വംശനാശങ്ങളുടെ തോത് ഭൂമിയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന കാലമാണ് ഇത്.

ഡോ. കോളിന്റെ പഠനം അനുസരിച്ച്, ഭൗമശാസ്ത്രപരമായി ഏറ്റവും ഗുരുതരമാം വിധം മനുഷ്യന്‍ ഇവിടെ മുദ്രപതിപ്പിച്ചത് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ നടന്ന ആണവായുധ പരീക്ഷണങ്ങളിലൂടെയാണ്. പ്രത്യേകിച്ച്, 1950കളിലും 1960കളിലും. അതിന്റെ ഫലമായി പ്രകൃതിയില്‍ കാണപ്പെട്ട ഐസോട്ടോപ്പുകള്‍ പാരിസ്ഥിതികമായ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ആണവായുധ പരീക്ഷണം

പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗവും സാങ്കേതിക വിദ്യകളിലെ മാറ്റങ്ങളും മൂലം, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ ആരംഭിച്ച പ്രതിഭാസങ്ങളാണ് ഇത്തരമൊരു ദുരന്തത്തിലേയ്ക്ക് ഭൂമിയെ എത്തിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ സാങ്കേതിക മുന്നേറ്റങ്ങളിലൂടെ മനുഷ്യന്‍ ഏറ്റവും വലിയ ഭൗമശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനു മുമ്പുണ്ടായിരുന്ന കുതിരവണ്ടികളുടെ കാലത്ത് ഇപ്രകാരമുള്ള മാറ്റങ്ങളൊന്നും സംഭവിക്കുക എളുപ്പമായിരുന്നില്ല.

ഡോ. വാട്ടേഴ്സ് ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുടെ ആവശ്യം, ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ സ്ട്രാറ്റിഗ്രാഫി മുന്‍കയ്യെടുത്ത്, ഈ കാലഘട്ടത്തെ അന്ത്രപ്പളോജിക്കല്‍ എപ്പോക്ക് ആയി പ്രഖ്യാപിക്കണം എന്നാണ്. അതുവഴി, ഭൂമിയിലെ മനുഷ്യന്റെ അശാസ്ത്രീയവും വിവേക രഹിതവുമായ ഇടപെടലുകള്‍ എത്രമാത്രം വലുതും അപകടകരവുമാണ് എന്ന് ലോകത്തോട്‌ വിളിച്ചുപറയാന്‍ കഴിയും എന്ന് അവര്‍ പറയുന്നു.

‘കാലാവസ്ഥാ സംബന്ധമായ മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നാം സജീവമാണ്. എന്നാല്‍, കാലാവസ്ഥാ മാറ്റങ്ങള്‍ ഈ ഭൂമിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളുടെ ഒരു ഭാഗം മാത്രമാണ്. സമുദ്രത്തിലും, മഞ്ഞുമലകളിലും, മാറ്റങ്ങള്‍ സംഭവിക്കുന്നു. പാരിസ്ഥിതികമായ മാറ്റങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട് എന്ന് മനുഷ്യര്‍ മനസിലാക്കുന്നുവെങ്കിലും, അതിന്റെ തോതും അപകടാവസ്ഥയും ഇപ്പോഴും ആരും മനസിലാക്കുന്നില്ല.’ ഡോ. കോളിന്‍ വാട്ടേഴ്സ് പറയുന്നു.

പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങളും ഭാവിയിൽ നമ്മെ കാത്തിരിക്കുന്ന ദുരന്തങ്ങളും ഭയാനകമാണ്. മനുഷ്യന്റെ വിവേക ശൂന്യത ഭൂമിയെ വലിയ ആപത്തിലേക്ക് നയിച്ചിരിക്കുന്നുവെങ്കിൽ, അതിൽനിന്നു കരകയറുവാനുള്ള മാർഗ്ഗം വിവേകത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും മാത്രമാണ്. നമ്മുടെ വരും തലമുറയുടെയും, സകല ജീവജാലങ്ങളുടെയും ഭൂമിയുടെ തന്നെയും ഭാവിയെ പ്രതി നാം ഉണർന്നുചിന്തിച്ചേ മതിയാവൂ.. ഇവിടെ പരിസ്ഥിതി അതിന്റെ സ്വാഭാവികതയിലേയ്ക്ക് തിരികെയെത്തണം. അതിനായി ഒത്തൊരുമിച്ചു നമുക്ക് പ്രവർത്തിക്കാം.

Leave A Reply

Your email address will not be published.