ഇരുപത് കോടിക്കുമേല്‍ ഉപയോക്താക്കളുള്ള ഇന്ത്യ വാട്ട്സാപ്പിന്‍റെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ്. എന്നാല്‍, ആപ്പിന്റെ ദുരുപയോഗം കമ്പനിക്കും, സര്‍ക്കാരിനും പൊതുജനത്തിനും സൃഷ്ടിക്കുന്ന തലവേദനകള്‍ ചില്ലറയല്ല. വലിയ തോതില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും, സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടയാകുന്ന സന്ദേശങ്ങളും നിയമസംവിധാനങ്ങള്‍ക്കും കമ്പനിക്കും ശുഭകരമല്ല.
വാട്ട്സാപ്പ് ദുരുപയോഗം ചെയ്തും, പരിധിവിട്ട് ഷെയറിംഗ് നടത്തിയും ആപ്പിന്റെ നിബന്ധനകള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സാപ്പ് ഒരുങ്ങുന്നു. അടുത്തിടെ പുതുക്കിയ ‘അനധികൃത വാട്ട്സാപ്പ് ഉപയോഗ ചട്ടങ്ങളിലാണ്” (Unauthorized usage of WhatsApp policy) ഇക്കാര്യം എടുത്തുപറഞ്ഞിട്ടുള്ളത്. വലിയ അളവില്‍ ഓട്ടോമേറ്റഡ് മെസേജുകള്‍ അയയ്ക്കുന്നവര്‍ക്കെതിരെ ഈ വർഷം ഡിസംബര്‍ ഏഴ് മുതല്‍ നിയമ നടപടികള്‍ ഉണ്ടാകും എന്ന് സൂചിപ്പിച്ചിരിക്കുന്നു. എന്നാല്‍, എന്തുതരം നടപടിയാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.
വാട്ട്സാപ്പ് സൗകര്യങ്ങള്‍ മേല്‍പ്പറഞ്ഞ തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ളതല്ല എന്ന് കമ്പനി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫ്രീ ക്ലോണ്‍ ആപ്പുകളും, ചില സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് കഴിഞ്ഞ ലോക്സഭ ഇലക്ഷന്റെ ഭാഗമായി ഭീമമായ അളവില്‍ മെസേജുകള്‍ അയച്ചുകൊണ്ട് വാട്ട്സാപ്പ് ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാട്ട്സാപ്പിന്റെ തീരുമാനം എന്നാണ് സൂചന.
ഫെയ്ക്ക് ന്യൂസുകളും, തെറ്റായ വിവരങ്ങളും വാട്ട്സാപ്പ് വഴി പ്രചരിക്കുന്നത് ഇന്ത്യയില്‍ പതിവ് സംഭവമായതിനാല്‍ ഭാരതസര്‍ക്കാര്‍ വാട്ട്സാപ്പ് കമ്പനിയ്ക്ക് മേല്‍ കുറ്റം ചുമത്തിയിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം, വാട്ട്സാപ്പ് പോസ്റ്റുകള്‍ ഒരേ സമയം ഷെയര്‍ ചെയ്യാന്‍ കഴിയുന്നത് പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാക്കി ചുരുക്കി നിശ്ചയിക്കപ്പെട്ടത്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും, പ്രകോപിപ്പിക്കുകയും ചെയ്യുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ കര്‍ശനമായ നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ വാട്ട്സാപ്പ് കമ്പനിക്ക് നല്‍കിയിട്ടുള്ളത്.
ഘട്ടം ഘട്ടമായി പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും വാട്ട്സാപ്പ് ദുരുപയോഗിക്കപ്പെടുന്നതില്‍ കാര്യമായ കുറവുണ്ടാകാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്കെതിരായ നിയമ നടപടി ഒരു പരിധിവരെയെങ്കിലും തടയുവാന്‍ കൂടി വേണ്ടിയാണ് വാട്ട്സാപ്പ് തന്നെ നിയമ സഹായം തേടുന്നത് എന്ന സൂചനകളുണ്ട്.