ക്യാന്‍സര്‍ ഇന്ന് സര്‍വ്വ സാധാരണയായി നമ്മുടെ ഇടയില്‍ കണ്ടുവരുന്ന ഒരു രോഗമാണ്. എന്നിരുന്നാലും നമ്മില്‍ പലര്‍ക്കും ക്യാന്‍സര്‍ രോഗത്തെപ്പറ്റി പരിമിതമായ അറിവേ ഉള്ളൂ. അതിനു പ്രധാന കാരണം ഈ രോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഡോക്ടര്‍മാരും ഗവേഷകരും നമ്മെ വേണ്ടവിധം ബോധവല്‍ക്കരിക്കാത്തതാണ്. കൂടാതെ നമ്മില്‍ പലരും ഭയാനകമായി കരുതിപ്പോരുന്ന ഈ രോഗത്തെപ്പറ്റി കൂടുതല്‍ അറിയുവാന്‍ തല്‍പ്പരരുമല്ല. ഫലപ്രദമായ ചികിത്സ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്ന ഒരു മാരക രോഗമായി ക്യാന്‍സര്‍ അഥവാ അര്‍ബ്ബുദം നമുക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. ആരോഗ്യശാസ്ത്രം വളര്‍ന്നു വികസിക്കുവാന്‍ തുടങ്ങിയതോടുകൂടി മറ്റേതു രംഗത്തെക്കാളും സജീവമായി ഗവേഷണങ്ങള്‍ അര്‍ബ്ബുദവുമായി ബന്ധപ്പെട്ടു നടത്തപ്പെട്ടിട്ടുണ്ട്. ചില തുറകളില്‍ സാരമായ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഉത്തരം കിട്ടാത്ത ആ ചോദ്യചിഹ്നം ഇന്നും അവശേഷിക്കുകയാണ്.
നിര്‍വ്വചനം: പ്രേരക ഘടകങ്ങളില്‍നിന്നുള്ള ഉത്തേജനം നിലച്ചാലും, സാധാരണ കോശങ്ങളില്‍ നിന്നും വിഭിന്നമായ പ്രവര്‍ത്തനവും, വളര്‍ച്ചയും തുടര്‍ന്നും നിലനിര്‍ത്തുന്ന കോശങ്ങളെ ക്യാന്‍സര്‍ കോശങ്ങള്‍ എന്ന് പറയുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ ഒരു (വളരുന്ന) പിണ്ഡമാണ് ക്യാന്‍സര്‍ മുഴ അഥവാ, അര്‍ബ്ബുദ മുഴ.
Cancer is a malignant neoplasm and defined as, “abnormal mass of tissue, the gowth of which exceeds that of normal tissue and persists in the same excessive manner after cessation of the stimuli which evoked the changes(Willis).
ഉത്ഭവ സ്ഥാനം, വളര്‍ച്ചയുടെ ഗതി, ബാഹ്യ രൂപം എന്നിവയെ ആസ്പദമാക്കി, ക്യാന്‍സറിനെ മുന്നൂറോളം ഇനങ്ങളാക്കി തരാം തിരിക്കാവുന്നതാണ്. കാര്‍സിനോമ (Carcinoma), സാര്‍ക്കൊമ (Sarcoma), ലുക്കേമിയ (Leukaemia), മൈലോമ (Myeloma), ലിംഫോമ (Lymphoma), മെലനോമ (Melanoma) എന്നിവയാണ് നാം സാധാരണയായി പറഞ്ഞു കേള്‍ക്കുന്നവ. ക്യാന്‍സര്‍ എന്നാ വാക്കിന്റെ ഉത്ഭവം ഞണ്ട് എന്നര്‍ത്ഥമുള്ള കാര്‍ക്കിനോമ (Karkinoma) എന്ന പദത്തില്‍ നിന്നാണ്. ഞണ്ടിന്റെ ദേഹത്തുനിന്ന് ദൂരേയ്ക്ക് വ്യാപിച്ചുനില്‍ക്കുന്ന കാലുകള്‍ പോലെ, അര്‍ബുദ വളര്‍ച്ച അതിന്റെ പ്രത്യക്ഷ പരിധിക്ക് എത്രയോ ദൂരേയ്ക്ക് പോലും വേരുകള്‍ പടര്‍ത്തുന്നു. തന്റെ പത്തു കാലുകള്‍ കൊണ്ടും ഇരയെ വരിഞ്ഞുമുറുക്കുന്ന ഞണ്ട്, ക്യാന്‍സര്‍ രോഗത്തിന്റെ സാര്‍വ്വദേശീയ ചിഹ്നം കൂടിയാണ്.
കോശങ്ങളുടെ വളര്‍ച്ച
കോടാനുകോടി കോശങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് നമ്മുടെ ഈ ശരീരം. ശരീരത്തിന്റെ അടിസ്ഥാനഘടകവും ഈ കോശങ്ങളാണ്. ശരീരഭാഗങ്ങളില്‍ കേടുവരുന്ന കോശങ്ങള്‍ക്ക് പകരം പുതിയത് ഉല്‍പ്പാദിപ്പിക്കുന്നത് കോശങ്ങളുടെ വിഭജനം വഴിയാണ്. ആവശ്യത്തിന് കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ മനുഷ്യശരീരത്തില്‍ ഈ പ്രക്രിയ അവസാനിക്കുന്നു. കോശ വിഭജനം നടത്തുന്ന പ്രക്രിയ നിയന്ത്രിക്കുന്നത്, പ്രോട്ടോ ഓങ്കോജീന്‍ (Proto Oncogene) ആണ്. അത് എല്ലാ മനുഷ്യരുടെയും എല്ലാ കോശങ്ങളിലും സ്ഥിതി ചെയ്യുന്നുണ്ട്. എന്നാല്‍, ഈ പ്രക്രിയ അവസാനിപ്പിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശം നല്‍കുവാനുള്ള കഴിവ് പ്രോട്ടോ ഓങ്കോജീനിന് നഷ്ടപ്പെട്ടാല്‍ അത്, ഓങ്കോജീന്‍ ആവുകയും കോശങ്ങള്‍ ധാരാളം വളര്‍ന്നു പെരുകി മുഴ അഥവാ, ട്യൂമര്‍ ആയി പുറത്തേയ്ക്ക് കാണപ്പെടുകയും ചെയ്തേക്കാം. ഇങ്ങനെയാണ് പ്രൈമറി ട്യൂമറുകള്‍ ഉണ്ടാകുന്നത്. ക്യാന്‍സര്‍ രോഗത്തെപ്പറ്റിയുള്ള പഠനമാണ് ഓങ്കോളജി (Oncology).
Several defects in the cancer have been suggested as the basis for the neoplastic transformation. These include a change in the genetic information directing cellular function, alteration in immunologic charecteristics, loss of specific enzyme or an adaptive biochemical change that influences its response to the normal regulatory maechanisms controlling cell growth.
ട്യൂമറുകള്‍ രണ്ടു തരം
ട്യൂമറുകളെ പൊതുവേ രണ്ടിനങ്ങളായി തരം തിരിക്കാം. നിരുപദ്രവകാരികള്‍ (ബിനൈന്‍) എന്നും, ഉപദ്രവകാരികള്‍ (മാലിഗ്നന്റ്) എന്നും. ഇവയില്‍ മാലിഗ്നന്റ് ട്യൂമറിനെയാണ് ക്യാന്‍സര്‍ എന്ന് പറയുന്നത്. അതായത് എല്ലാ ട്യൂമറുകളും ക്യാന്‍സര്‍ അല്ല. നിരുപദ്രവകാരികളായ മുഴകള്‍ സാധാരണഗതിയില്‍ ഒരു പ്രത്യേക വലിപ്പം വരെ മാത്രം വളരുന്നതും, മരണഹേതുക്കളല്ലാത്തതും, മറ്റ് സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കത്തതുമാണ്. എന്നാല്‍, നേരെ മറിച്ചാണ് ഉപദ്രവകാരികളായ മുഴകളുടെ പ്രവര്‍ത്തനം. ട്യൂമര്‍ കോശങ്ങള്‍ ശരീരത്തില്‍നിന്ന് ഭക്ഷ്യാംശം വലിച്ചെടുക്കുകയും, മറ്റ് സാധാരണ കോശങ്ങളുടെ ജീവശാസ്ത്രധര്‍മ്മത്തെയും നിലനില്‍പ്പിനെയും ബാധിക്കുകയും ചെയ്യുന്നതോടൊപ്പം, രക്തത്തിലൂടെയും ലസികാവ്യൂഹത്തിലൂടെയും ശരീരത്തിന്റെ ഇതര ഭാഗങ്ങളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്നു. അവിടങ്ങളിലും അവ പെരുകി അസാധാരണ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇവയെ സെക്കന്‍ഡറി ട്യൂമര്‍ അഥവാ, മെറ്റാസ്റ്റാസിസ് (Metastasis) എന്ന് പറയുന്നു. ഒരു രോഗിയില്‍ ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ മെറ്റാസ്റ്റാസിസ് ഉണ്ടാവുക സാധാരണയാണ്. ഒന്നിലേറെ സ്ഥലങ്ങളില്‍ പ്രൈമറി ട്യൂമര്‍ ഉണ്ടാകുന്നതും അസാധാരണമല്ല.ഒരു ഭാഗത്ത് അര്‍ബുദം ബാധിച്ചയാള്‍ക്ക് വേറൊരു ഭാഗത്ത് ഇതുമായി ബന്ധമില്ലാത്ത മറ്റൊരു ട്യൂമറും ഉണ്ടാകാവുന്നതാണ്.
മെറ്റാസ്റ്റാസിസ് സ്ഥിതിയില്‍ എത്തുന്നതിനു മുമ്പേ ശരിയായ ചികിത്സ ലഭിച്ചാലേ, ക്യാന്‍സര്‍ ഫലപ്രദമായ രീതിയില്‍ നിയന്ത്രണാധീനമാകാനിടയുള്ളൂ. ക്യാന്‍സര്‍ കോശങ്ങള്‍ ഉത്ഭവ സ്ഥാനത്തുള്ള ശരീരകലകളെ നശിപ്പിച്ചുകൊണ്ടാണ് വലുതാകുകയും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് രക്തത്തിലൂടെയും ലസികാവാഹിനികളിലൂടെയും വ്യാപിക്കുകയും ചെയ്യുന്നത്. തക്കസമയത്ത് ശരിയായ ചികിത്സ ലഭിച്ചാല്‍ പൂര്‍ണ്ണമായും സുഖപ്പെടാന്‍ കഴിയും. എന്നാല്‍, ശസ്ത്രക്രിയയോ, മറ്റ് ചികിസാ രീതികളോ അപൂര്‍ണ്ണമാണെങ്കില്‍ വീണ്ടും രോഗം പ്രത്യക്ഷപ്പെടാന്‍ ഇടയുണ്ട്.
Dr C D Varghese Phd
തുടരും… (അടുത്ത ഭാഗം: ക്യാന്‍സറിന്റെ കാരണങ്ങള്‍)