കഴിഞ്ഞ ഒരു മാസത്തിനിടെ വിവാദത്തിലാക്കപ്പെട്ട വൈറ്റില ഫ്‌ളൈഓവർ നിർമ്മാണം അനിശ്ചിതാവസ്ഥയിൽ തുടരുന്നതിനിടെ ഇന്ന് മദ്രാസ് ഐഐടി സംഘം പരിശോധനകൾ ആരംഭിക്കുന്നു. വിജിലൻസ് ഓഫീസർ കൂടിയായ പിഡബ്ള്യുഡി ക്വാളിറ്റി കൺട്രോളർ, പാലം പണിയിലെ അപാകത സംബന്ധിച്ച റിപ്പോർട്ട് നൽകിയതിനെ തുടർന്ന് അച്ചടക്ക നടപടികൾ നേരിട്ടിരുന്നു. പാലം നിർമ്മാണ നിലവാരം നിർണ്ണയിക്കാൻ നടത്തിയ രണ്ടാംഘട്ട പരിശോധനയുടെ ഫലമാണ് വിവാദം സൃഷ്ടിച്ചത്. തൃപ്തികരമല്ല എന്ന് റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ, റിപ്പോർട്ട് തയാറാക്കിയ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫീസർ സസ്‌പെൻഡ് ചെയ്യപ്പെടുകയായിരുന്നു.
എന്നാൽ, ഇപ്പോൾ മറ്റുചില രേഖകളും മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നു. പരിശോധനാഫലങ്ങൾ ആവശ്യപ്പെട്ടിട്ടും കൈമാറാതെ ഒളിച്ചുകളിക്കുന്നു എന്നാരോപിച്ച് ക്വാളിറ്റി കൺട്രോൾ വിഭാഗം നൽകിയ കത്തുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉദ്യോഗസ്ഥ സസ്‌പെൻഡ് ചെയ്യപ്പെടുന്നതിന് മുമ്പ് നൽകിയ കത്തുകളാണ് അവ. ഇതോടെ, പാലം പണിയെ ന്യായീകരിച്ച് നടത്തിയ സർക്കാർ നീക്കങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്.
പരിശോധനാ ഫലങ്ങൾ നൽകുന്നില്ല എന്ന് മാത്രമല്ല, പലതവണ വിളിച്ചിട്ടും ഉദ്യോഗസ്ഥർ സൈറ്റിൽ എത്തുന്നില്ല, ഓഫീസിൽ ചെന്നാൽ അവിടെയില്ല, ഫോൺ വിളിച്ചാൽ എടുക്കുന്നില്ല, റിപ്പോർട്ട് ആവശ്യപ്പെട്ടാൽ നൽകാനാവില്ലെന്ന മറുപടി എന്നിങ്ങനെ ഗുരുതരമായ നിരവധി വീഴ്ചകൾ കത്തുകളിൽ ആരോപിക്കപ്പെടുന്നു എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. മേൽപ്പാലത്തിന്റെ ചുമതലക്കാരായ എക്സിക്യൂട്ടിവ് എൻജിനീയറും, അസിസ്റ്റന്റ് എൻജിനീയറും ഒത്തുകളിക്കുകയാണ് എന്നും കത്തിൽ ആരോപണമുണ്ട്.
കഴിഞ്ഞ മാസം ഉടലെടുത്ത വിവാദങ്ങളെ തുടർന്ന്, പാലത്തിന്റെ നിർമ്മാണ ജോലികൾ മന്ദഗതിയിലായിരിക്കുന്നു. മദ്രാസ് ഐഐടിയുടെ പരിശോധന നടക്കുന്ന പശ്ചാത്തലത്തിൽ, തുടർന്ന് അതിന്റെ ഫലം വരാതെ പണികൾ പുനരാരംഭിക്കുകയില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്.
സർക്കാർ വൃത്തങ്ങൾ ഏറെ ന്യായവാദങ്ങൾ ഉയർത്തുന്നുവെങ്കിലും, പാലത്തെക്കുറിച്ചുള്ള പൊതുജനത്തിന്റെയും മാധ്യമങ്ങളുടെയും ആശങ്കകൾ വർദ്ധിക്കുകയാണ്. കേരളത്തിന്റെ ഔദ്യോഗിക നിർമ്മാണമേഖലകളിലെ കെടുകാര്യസ്ഥതയുടെയും, ഇവിടെ നടമാടുന്ന സമാനതകളില്ലാത്ത അഴിമതിയുടെയും കെണികളിൽപെട്ട് കേരളത്തിന്റെ വലിയൊരു സ്വപ്‌നംകൂടി അനിശ്ചിതാവസ്ഥയിലേയ്ക്ക് നീങ്ങുകയാണ് എന്ന് അനേകർ ഭയപ്പെടുന്നു.