Voice of Truth

പാലാരിവട്ടം മേൽപ്പാലത്തിന് പിന്നാലെ വൈറ്റില മേൽപ്പാലവും വിവാദത്തിൽ. കരാറുകാരൻ നിർമ്മാണ പണികൾ നിർത്തിവച്ചു.

കൊച്ചി: വർഷങ്ങളായി എറണാകുളം പട്ടണത്തെ വീർപ്പുമുട്ടിക്കുന്ന ട്രാഫിക് ബ്ലോക്കുകൾക്ക് പരിഹാരമായാണ് സമീപകാലത്ത് ചില പ്രധാന ഇടങ്ങളിൽ ഫ്‌ളൈഓവറുകൾ നിർമ്മിക്കാൻ തീരുമാനമായത്. ദേശീയപാത ബൈപ്പാസിൽ ഇടപ്പള്ളിയിൽ ആരംഭിച്ച് വൈറ്റിലയിൽ അവസാനിക്കുന്ന ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുകൾ പതിവായിരുന്നത് എന്നതിനാൽ, ഇടപ്പള്ളിയിലും, പാലാരിവട്ടം പൈപ്പ്ലൈനിലും, വൈറ്റിലയിലുമായി മൂന്നു ഫ്ളൈഓവറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പണിയാൻ നിശ്ചയിക്കുകയായിരുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും, വലുതും വൈറ്റിലയിൽ പണി നടന്നുകൊണ്ടിരിക്കുന്നതാണ്. വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണക്കരാർ എഴുപത്തെട്ടു കോടി രൂപയ്ക്ക് ശ്രീധന്യ കൺസ്ട്രക്ഷൻസ് ആണ് ഏറ്റെടുത്തിരുന്നത്.

ഡിഎംആർസി നിർമ്മാണച്ചുമതല ഏറ്റെടുത്ത ഇടപ്പള്ളി മേൽപ്പാലത്തിന്റെ പണികൾ ആരെയും ബുദ്ധിമുട്ടിക്കാതെ, പിഴവുകൾ യാതൊന്നുമില്ലാതെ, നിശ്ചിത ബഡ്‌ജറ്റിൽ താഴെ മുടക്കിക്കൊണ്ട് പണിതീർന്നു. തുടർന്ന് പണിതീർന്ന പാലാരിവട്ടം മേൽപ്പാലം സമീപകാലങ്ങളായി വാർത്തകളിൽ നിറഞ്ഞിരുന്നു. നിർമ്മാണപ്രവൃത്തികളുടെ ആദ്യാവസാനം അഴിമതിയിൽ മുങ്ങി, കേവലം ഒരുവർഷംകൊണ്ട് തകരാറിലായ കഥയാണ് പാലാരിവട്ടം ഫ്ളൈഓവറിന് പറയാനുള്ളത്.

കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്‌ഷൻ എന്ന് വിശേഷിപ്പിക്കാവുന്ന വൈറ്റിലയിൽ ഒന്നര പതിറ്റാണ്ടെങ്കിലും മുമ്പ് പണിതീർക്കേണ്ടിയിരുന്ന മേൽപ്പാലം നിർമ്മാണം ആരംഭിച്ചത് 2017 നവംബറിലാണ്. ആറുമാസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം. നിർദ്ദിഷ്ട സമയത്തിനുള്ളിൽ തീർക്കാൻ കഴിഞ്ഞില്ലെങ്കിലും, പറയത്തക്ക തടസങ്ങളൊന്നുമില്ലാതെ മുന്നേറിയ നിർമ്മാണപ്രവൃത്തികളാണ് ഇപ്പോൾ അനിശ്ചിതകാലത്തേയ്ക്ക് നിർത്തിവച്ചിരിക്കുന്നതായി കരാറുകാർ അറിയിച്ചിരിക്കുന്നത്. നിലവിൽ നൽകേണ്ട പതിമൂന്നു കോടി രൂപ പിഡബ്ള്യുഡി, ദേശീയപാത വിഭാഗം ഇനിയും പാസാക്കി നൽകാത്തതാണ് കാരണമായി അറിയിച്ചിരിക്കുന്നത്. 2017 നവംബർമുതൽ, ഒരുവർഷത്തേയ്ക്ക് നൽകിയിരുന്ന കരാർ കാലഘട്ടം പിന്നിട്ട് എട്ടുമാസങ്ങൾ കഴിഞ്ഞിട്ടും കിഫ്‌ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ബോർഡ്) കരാർ പുതുക്കി നൽകിയിട്ടില്ലെന്നും അവർ പറയുന്നു.

കഴിഞ്ഞ വർഷം മെയ്‌മാസത്തിൽ പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന വൈറ്റില മേൽപ്പാലം നിർമ്മാണപ്രവൃത്തികൾ ഒരുവർഷം കൂടി പിന്നിട്ടശേഷം നിർത്തിവയ്ക്കുന്ന സാഹചര്യം ഉടലെടുത്തതോടെ, പാലത്തിന്റെ ഉദ്‌ഘാടനവും അനിശ്ചിതമായി നീളുമെന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. നിർമ്മാണപ്രവൃത്തികൾ മൂലം കഴിഞ്ഞ ഇരുപത് മാസമായും, പിന്നീട്, ഇപ്പോഴുണ്ടായ സ്തംഭനം മൂലവും വൈറ്റിലയിലെ ഗതാഗത തടസം മുമ്പൊരിക്കലുമില്ലാത്ത രീതിയിൽ വർദ്ധിച്ചിരിക്കുന്നു. പ്രതിദിനംഒരു ലക്ഷത്തിലേറെ വാഹനങ്ങളാണ് വൈറ്റിലയിലെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് എന്നാണ് കണക്കുകൾ. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ഈ ദിവസങ്ങളിൽ ഇവിടെ പതിവായി രൂപപ്പെടുന്നത്.

പുതുക്കി നൽകേണ്ട കരാറിന്റെ ഭാഗമായ പുതിയ കരാർതുക അംഗീകരിക്കുവാൻ കിഫ്‌ബി വിസമ്മതിക്കുകയാണ് എന്ന റിപ്പോർട്ടുകളുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികാസങ്ങളാണ് നിർമ്മാണപ്രവൃത്തികളെ തടസ്സപ്പെടുത്തുന്നത് എന്നാണ് പിഡബ്ള്യുഡിയുടെ പ്രതികരണം.

അപ്രോച്ച് റോഡ് ടൈൽ പാകുന്നതിനുള്ള പണവും, അധികമായി വേണ്ടിവരുന്ന മെറ്റിരിയലുകൾക്കുള്ള പണവും കിഫ്‌ബി അനുവദിക്കുന്നില്ല എന്ന പരാതിയും ഉണ്ട്. കോൺട്രാക്ട്, കരാറുകാരനും കേരള റോഡ് ഫണ്ട് ബോർഡും (KRFB) തമ്മിലാണ്. പിഡബ്ള്യുഡിയ്ക്ക് നടപ്പാക്കലിനുള്ള ചുമതല മാത്രമേയുള്ളു എന്ന് അവർ വിലയിരുത്തുന്നു. കെആർഎഫ്‌ബി അനുവദിച്ച പണികൾക്കുള്ള ഫണ്ടും കിഫ്‌ബി തടഞ്ഞുവയ്ക്കുകയാണ് എന്ന് പിഡബ്ള്യുഡി ഉദ്യോഗസ്ഥർ പറയുന്നു.

സർക്കാർ സംവിധാനങ്ങളിൽ വരുന്ന പാളിച്ചകളാണ് പലപ്പോഴും ഇത്തരം പദ്ധതികളുടെ പൂർത്തീകരണത്തിനും, പരാജയത്തിനും കാരണമായി മാറുന്നത് എന്ന വസ്തുത സമീപകാല അനുഭവങ്ങളിൽനിന്നു വ്യക്തമാകുന്നു. ലക്ഷക്കണക്കിന് പേരെ പ്രതിദിനം നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രധാനമായ നിർമ്മാണപ്രവർത്തികൾക്ക് പോലും അർഹമായ പ്രാധാന്യവും മുൻഗണനയും ലഭിക്കാതെവരുന്നത് ഖേദകരമാണ്.

Leave A Reply

Your email address will not be published.