റിലയൻസ് ജിയോയുടെ വരവോടെ കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ട ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ നിലനിൽപ്പിനായി പല തന്ത്രങ്ങളും പയറ്റിയെങ്കിലും പ്രതിസന്ധികൾ തുടരുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിന്നിരുന്ന മുൻനിര കമ്പനികളായിരുന്ന വൊഡാഫോണും, ഐഡിയയും കൈകോർത്തതും, നിരക്കുകൾ വെട്ടിക്കുറച്ചതും, മികച്ച പാക്കേജുകൾ അവതരിപ്പിച്ചതും ജിയോയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ക്രമാതീതമായി നിരക്കുകൾ കുറച്ചതുവഴിയായി നഷ്ടങ്ങൾ വർദ്ധിക്കുകയാണ് എന്ന് കമ്പനികളുടെ പ്രതിനിധികൾ പറയുന്നു.
ജിയോ കഴിഞ്ഞാൽ മെച്ചപ്പെട്ട വിപണിവിഹിതം വൊഡാഫോൺ ഐഡിയ കമ്പനിക്കാണ് ഇന്നുള്ളത് എങ്കിലും കമ്പനിയുടെ സാമ്പത്തിക ബാധ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. പിടിച്ചു നിൽക്കുവാൻ നിരക്കുവർദ്ധനയല്ലാതെ മറ്റ് വഴികളില്ല എന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. അതിന്റെ ഭാഗമായി, ഡിസംബർ ഒന്നുമുതൽ താരിഫിൽ വർധന വരുത്താൻ വോഡഫോൺ ഐഡിയ തീരുമാനിച്ചിരിക്കുകയാണ്.
ഇപ്പോൾ ഒരുലക്ഷം കോടിയിലേറെ ബാധ്യത കമ്പനിക്ക് ഉണ്ടെന്നും, നിരക്കുകൾ വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ സേവനം തുടരുന്നതിൽ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും വോഡഫോൺ വ്യക്തമാക്കി. എയർടെല്ലും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.
സുപ്രീംകോടതി നിർദേശത്തെ തുടർന്ന് ലൈസൻസ്, സ്‌പെക്‌ട്രം ഫീസ് കുടിശികയ്‌ക്കായി വലിയൊരു തുക ചെലവഴിക്കേണ്ടി വന്നതോടെയാണ് വോഡഫോൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വോഡഫോൺ അടക്കമുള്ള കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പാക്കേജ് അനുവദിക്കുന്നതിൽ വ്യക്തത നൽകിയില്ല.
ഇതിനിടെ, ടെലികോം കമ്പനികൾ ജനുവരി 24നകം 92,000 കോടി രൂപ കുടിശ്ശിക നൽകണം എന്നത് സംബന്ധിച്ച നോട്ടീസ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ബുധനാഴ്‌ച അയച്ചു. ഇത്രയും വലിയ തുക കണ്ടത്തേണ്ട അവസ്ഥ കൂടി താങ്ങനാകില്ലെന്നാണ് കമ്പനികൾ പറയുന്നത്. വൊഡാഫോൺ ഐഡിയ മാത്രമല്ല, എയർടെൽ തുടങ്ങിയ മറ്റു കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിടുകയാണ്. കേന്ദ്ര സർക്കാർ യുക്തമായ നിലപാടുകൾ സ്വീകരിക്കാത്ത പക്ഷം സമീപഭാവിയിൽ പലരും ഇന്ത്യയിലെ ഇടപാടുകൾ അവസാനിപ്പിക്കാൻ നിർബ്ബന്ധിതരായേക്കാം. അങ്ങനെ വന്നാൽ ഈ രംഗത്ത് കുത്തകകൾ പിടിമുറുക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായി മാറിയേക്കാം എന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.