Voice of Truth

മലയാളിയുടെ ആവേശകരമായ ഒരു അതിജീവനത്തിന്റെ കഥയുമായി “വൈറസ്”…

അതിജീവനത്തിന്റെ ചരിത്രങ്ങള്‍ ചലച്ചിത്രമാകുന്നത് ലോകസിനിമയില്‍ പുതുമയല്ല. എന്നാല്‍, അത്തരമുള്ള ജനപ്രിയ ആഖ്യാനങ്ങള്‍ മലയാളസിനിമയില്‍ കുറവാണെന്ന് പറയാം. അവിടെയാണ് വൈറസ് എന്ന ആഷിഖ് അബു ചിത്രം വ്യത്യസ്ഥമാകുന്നത്. 2018 മേയ് – ജൂണ്‍ മാസങ്ങളിലായി കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് സൂപ്പിക്കടയില്‍ ആരംഭിച്ച്, കേരള സമൂഹത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ വൈറസ് രോഗബാധയുടെ ചരിത്രവും, അതിജീവനവും അതിന്റെ തീവ്രതയില്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

ഒരു സസ്പെന്‍സ് ത്രില്ലറോ, എന്റര്‍ടെയിനറോ അല്ല വൈറസ്. ഈ സിനിമ പറഞ്ഞുവയ്ക്കുന്നത് വാസ്തവത്തില്‍ ഒരു ‘കഥ’യുമല്ല. കുറേ ജീവിതങ്ങളും, ഒരു കൂട്ടായ അതിജീവന പോരാട്ടവും, അതിന്റെ വിജയകരമായ പരിസമാപ്തിയുമാണ് അത്. കഥയും ക്ലൈമാക്സും എന്താണ് എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് ഏറ്റവും കൂടുതല്‍ പേര്‍ കേരളക്കരയില്‍ കാണാന്‍ കയറുന്ന ഒരു ചലച്ചിത്രമായി ഇത് വരും നാളുകളില്‍ വിശേഷിപ്പിക്കപ്പെട്ടേക്കും.

Virus Official Trailer | Aashiq Abu | OPM Records

കേരള സമൂഹത്തെ ഇത്രമാത്രം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരവസരം ഒരു പക്ഷെ നിപയുടെ നാളുകള്‍ക്ക് മുമ്പ് ഉണ്ടായിട്ടില്ല. ആശങ്കയുടെ ആ നാളുകളുടെ ചലച്ചിത്രാഖ്യാനമാണ് ഈ സിനിമ. തികഞ്ഞ അവ്യക്തതയില്‍ ആരംഭിച്ച്, അനേകരുടെ ചങ്കുറപ്പിന്റെയും, സമര്‍പ്പണത്തിന്റെയും പിന്‍ബലത്തില്‍ വിജയകരമായി അതിനെ നേരിട്ട ആ കാലത്തിന്റെ നേര്‍ചിത്രമായ ഈ സിനിമ, എക്കാലവും, തിരശീലയ്ക്ക് മറവില്‍ ഊണും ഉറക്കവുമില്ലാതെ അദ്ധ്വാനിക്കുന്ന അനേകം വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. അധികാരികള്‍, ചികിത്സകര്‍, സ്വന്തം ജീവന്‍ ബലികഴിക്കാന്‍ തയ്യാറായവര്‍, അങ്ങനെയങ്ങനെ…

അപര്യാപ്തതകള്‍ നിറഞ്ഞ, കേരളത്തിന്റെ ആരോഗ്യ പരിപാലന രംഗത്തെ സൂക്ഷ്മമായി അവതരിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി പോലെ, ദിവസം നൂറുകണക്കിനായ അത്യാസന്ന നിലയിലുള്ള രോഗികള്‍ ജീവന്‍ രക്ഷിക്കാനായി ഓടിയെത്തുന്ന ഒരു ചികില്‍സാലയത്തിന്റെ അന്തരീക്ഷം നിശബ്ദമായി നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒരിക്കലെങ്കിലും നേരിട്ട് അവിടെ കടന്നു ചെന്നിട്ടുള്ളവര്‍ക്ക് എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദൃശ്യാവിഷ്കാരമാണ് ഛായാഗ്രാഹകന്‍ രാജീവ് രവി നടത്തിയിട്ടുള്ളത്. അത്തരമൊരു അതിസങ്കീര്‍ണമായ സാഹചര്യത്തില്‍ നിന്നും, ലോകം കണ്ടിട്ടുള്ളതിലേയ്ക്കും വച്ച് ഏറ്റവും മാരകമായ മഹാമാരികളിലൊന്ന് പൊട്ടിപ്പുറപ്പെടുമ്പോള്‍, അത് കൈവിട്ടുപോകുവാനുള്ള സാധ്യത വളരെയേറെയായിരുന്നു. ആ അപകടാവസ്ഥയെയും, സങ്കീര്‍ണ്ണതകളെയും പ്രേക്ഷക മനസുകളില്‍ അനുഭവമായി നിറയ്ക്കുവാന്‍ പിന്നണിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചലച്ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന തീക്ഷ്ണതയുറ്റ ഒരുപിടി കഥാപാത്രങ്ങള്‍, അവര്‍ ഒരുപക്ഷെ സാങ്കല്‍പ്പിക കഥാപാത്രങ്ങളോ, പ്രതിനിധികളോ ആയിരുന്നെങ്കില്‍ കൂടി, യാഥാര്‍ത്ഥ്യത്തിന്റെ പിന്‍ബലം അവര്‍ക്ക് ജീവന്‍ നല്‍കുന്നു.

നിപ രോഗബാധയില്‍ ജീവന്‍ വെടിഞ്ഞ നഴ്സ്, സിസ്റ്റര്‍ ലിനിയെ അഖില എന്ന പേരില്‍ അവതരിപ്പിച്ച റിമ കല്ലിങ്കലും, ആദ്യം രോഗബാധിതരായ ഒരേ കുടുംബത്തിലെ പിതാവായി ഇന്ദ്രന്‍സും, മകനായി സക്കരിയയും, ജില്ലാ കളക്ടറായി ടോവിനോയും, ആരോഗ്യമന്ത്രിയായി രേവതിയുമാണ് യഥാര്‍ത്ഥ സംഭവവുമായി നേരിട്ട് ബന്ധമുള്ള പ്രധാന കഥാപാത്രങ്ങളായി എത്തുന്നവര്‍. കഥാഗതിയില്‍ നിര്‍ണ്ണായക വേഷങ്ങളായി, കുഞ്ചാക്കോയുടെ ഡോ. സുരേഷ് രാജന്‍, പാര്‍വ്വതിയുടെ ഡോ. അന്നുവും, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് അവതരിപ്പിച്ച സ്മൃതി എന്ന ഹെല്‍ത്ത് ഡയറക്ടറും, ഇന്ദ്രജിത്തിന്റെ ഹെല്‍ത്ത് ഇന്‍സ്പെക്ടറും തുടങ്ങി, ആസിഫ് അലി, റഹ്മാന്‍, സൗബിന്‍ ഷാഹിര്‍, രമ്യ നമ്പീശന്‍, ശ്രീനാഥ്‌ ഭാസി, മഡോണ സെബാസ്റ്റ്യന്‍, ജോജു, ദിലീഷ് പോത്തന്‍ എന്നിങ്ങനെയുള്ള നീണ്ട താരനിരയാണ് വൈറസിനെ സമ്പന്നമാക്കുന്നത്.

ഇന്നത്തെ സാധാരണ മലയാളി കുടുംബങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സ്വാഭാവികവും ജീവസുറ്റതുമായ ജീവിത മുഹൂര്‍ത്തങ്ങളെ തന്മയത്വത്തോടെ ബന്ധിപ്പിച്ചുകൊണ്ട്, ഈ സര്‍വൈവല്‍ സ്റ്റോറിയെ മികവുറ്റതാക്കാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഒരു ഡോക്യുമെന്ററിയായി മാറാമായിരുന്ന ആഖ്യാനത്തെ മികച്ചൊരു ചലച്ചിത്രമാക്കി മാറ്റിയിരിക്കുന്നത് ഇത്തരം ജീവിതങ്ങളില്‍ നിന്നുള്ള ശകലങ്ങളാണ്. ആസിഫലി, സൗബിന്‍, ജോജു, ദിലീഷ് പോത്തന്‍ തുടങ്ങിയവരുടെ ഏടുകളിലൂടെ വെളിപ്പെടുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. ക്ഷണികമായ ഈ ജീവിതത്തില്‍, ഒത്തൊരുമയും പരിഗണനയും കൊണ്ട് തിരിച്ചുപിടിക്കാവുന്ന ദുരന്ത പര്‍വ്വങ്ങളെക്കുറിച്ചുള്ള പ്രചോദനാത്മകമായ ഒരു സന്ദേശവും ഈ ചലച്ചിത്രം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഇടവിടാതെ കടന്നുവരുന്ന പരിചിതമായ മുഖങ്ങള്‍ ഓരോന്നും പ്രേക്ഷകന്റെയുള്ളില്‍ നോവ് സമ്മാനിച്ചുകൊണ്ടാണ് മറയുന്നത്. നടീനടന്‍മാര്‍ക്കപ്പുറം, കഥാപാത്രങ്ങളില്‍ ജീവിക്കുവാന്‍ ഏവര്‍ക്കും കഴിഞ്ഞിരിക്കുന്നു.

ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ആവേശകരമായ വിജയത്തെയാണ് ചലച്ചിത്രം വിഷയമാക്കുന്നത്. അതിനപ്പുറം, നായികാ നായകന്‍മാരില്ല എന്നതാണ് ശ്രദ്ധേയം. 2018ലെ നിപ ദുരന്തത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട നഴ്സ് ലിനിയുടെ കഥാപാത്രമായി അവതരിപ്പിക്കപ്പെട്ട നഴ്സ് അഖിലയ്ക്ക് പോലും സിനിമയില്‍ മിതമായ പ്രാധാന്യമേ കാണാനാവൂ. വിരലിലെണ്ണാവുന്ന സീനുകളില്‍ ഹൃദയസ്പര്‍ശിയായി അഖിലയുടെയും, ഭര്‍ത്താവിന്റെയും കഥ പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു.

നഴ്സ് ലിനിയുടെ കുടുംബത്തെയും പ്രത്യേകിച്ച് മക്കളെയും കുറിച്ചുള്ള ഓര്‍മ്മകളില്‍ കേരളം ഉരുകിയ നാളുകളുണ്ടായിരുന്നു. ലിനിയുടെ മരണശേഷം, കുഞ്ഞുങ്ങള്‍ക്ക് അസുഖം ബാധിച്ച നാളുകളില്‍ അനേകലക്ഷങ്ങള്‍ അവര്‍ക്കുവേണ്ടി കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഇന്നും സകലരുടെയും മനസ്സില്‍ വിങ്ങലായി നില്‍ക്കുന്ന ഓര്‍മ്മകളാണ് അത്. അതിജീവനത്തിന്റെ ചരിത്രകഥനത്തില്‍ വ്യക്തിഗതമായ അമിത വൈകാരികതയ്ക്ക് പ്രാധാന്യം നല്‍കേണ്ടെന്ന് കരുതിയാവണം, നഴ്സ് അഖിലയുടെ കുഞ്ഞുങ്ങള്‍ക്ക് ചിത്രത്തില്‍ ഇടമില്ല. എന്നാല്‍, നിപ വൈറസിനെ ഒരു അന്തര്‍ജ്ഞാനം കൊണ്ടെന്നതുപോലെ തിരിച്ചറിഞ്ഞ ഡോ. അനൂപ്‌ കുമാറിന്റെ ഇടപെടലും അതിന്റെ പശ്ചാത്തലവും 2018ലെ നിപ അതിജീവനത്തില്‍ നിര്‍ണ്ണായകമായിരുന്നു. അത്തരമൊരു വ്യക്തി സിനിമയില്‍ ഉള്‍പ്പെടാതെപോയത് ഒരു കുറവായി തോന്നി.

തികച്ചും അപ്രതീക്ഷിതവും, അവിചാരിതവുമായി മറ്റൊരു നിപ കാലത്താണ് വൈറസ് റിലീസായത് എന്നത് അത്ഭുതകരമായ ഒരു ആകസ്മികതയായി. ഒരുപക്ഷെ, ചലച്ചിത്രത്തിന്റെ മാറ്റ് ഒരല്‍പ്പം കുറയ്ക്കുവാന്‍ അത്തരമൊരു സാഹചര്യം കാരണമായിട്ടുണ്ടാവണം. സിനിമയുടെ അവസാന ഭാഗത്ത്, കോഴിക്കോട് മലപ്പുറം ജില്ലകളെ നിപ വൈറസ് വിമുക്തമായി പ്രഖ്യാപിക്കുന്ന ആവേശകരമായ ഒരു മുഹൂര്‍ത്തമുണ്ട്‌. ഹര്‍ഷാരവത്തിന്റെ അകമ്പടിയോടെ ചിത്രീകരിച്ചിരിക്കുന്ന ആ സീന്‍ മലയാളികളും ഹര്‍ഷാരവത്തോടെ ഏറ്റെടുക്കേണ്ടിയിരുന്നു. എന്നാല്‍, വീണ്ടും ഒരു ആശങ്ക സമ്മാനിച്ച മരവിപ്പ് അനേകരുടെ മനസിലെ ആവേശത്തെ തണുപ്പിച്ചു കളഞ്ഞിരുന്നതായി അനുഭവപ്പെട്ടു. ഏതായാലും മലയാളികള്‍ തങ്ങള്‍ നേരിട്ട വലിയ ആശങ്കയുടെ ദിനങ്ങളുടെ സ്മരണയില്‍, സന്നദ്ധ സേവകരോടും, ആരോഗ്യപ്രവര്‍ത്തകരോടും, അധികാരികളോടുമുള്ള കടപ്പാടിന്റെ പിന്‍ബലത്തില്‍ ഈ ചലച്ചിത്രത്തെ നെഞ്ചോട്‌ ചേര്‍ക്കുമെന്ന് തീര്‍ച്ച.

സംവിധാനം ചെയ്ത് നിര്‍മ്മിച്ച ആഷിഖ് അബുവിനും, റിമയ്ക്കും; രചന നിര്‍വ്വഹിച്ച, മുഹ്സിന്‍ പെരാരി, ഷറഫു, സുഹാസ് ടീമിനും എല്ലാ പിന്നണി പ്രവർത്തകർക്കും ഹാറ്റ്സ് ഓഫ്!

Leave A Reply

Your email address will not be published.