ഭാരത ചരിത്രത്തിൽ ഏറ്റവും വലിയ വിവാദമായി മാറിയ അയോധ്യ ബാബറിമസ്ജിദ് രാമജന്മഭൂമി കേസിൽ ശനിയാഴ്ച സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയുന്നു. നാൽപ്പത് ദിവസങ്ങൾ നീണ്ട വാദം കേൾക്കലിനൊടുവിലാണ് കോടതി വിധി പറയുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് അംഗമായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക.
അയോധ്യ വിധിക്കു മുന്നോടിയായി കനത്ത സുരക്ഷ യുപിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനെ സഹായിക്കാൻ അർദ്ധസൈനിക വിഭാഗത്തിന്റെ 40 കമ്പനികളെ ആഭ്യന്തര മന്ത്രാലയം യുപിയിൽ എത്തിച്ചു. കുറഞ്ഞത് 300 സുരക്ഷാ കമ്പനികൾ സംസ്ഥാനത്ത് കാവൽ നിൽക്കും. ആരാധനാലയങ്ങൾ, റെയിൽവേ സ്‌റ്റേഷൻ, മെട്രോ സ്‌റ്റേഷൻ, പാർക്കുകൾ, മാളുകൾ, പാർക്കിങ് ഏരിയ, തിരക്കുള്ള പ്രദേശങ്ങൾ എന്നിവടങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. അയോധ്യയിൽ മാത്രം 30 ബോംബ് സ്ക്വാർഡുകളെ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രെയിനുകളിൽ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വരും മണിക്കൂറുകളിൽ ഗതാഗത സംവിധാനം അധികൃതർ ഏറ്റെടുത്തേക്കും. പുറത്തുനിന്നുള്ളവരോട് നഗരം വിട്ടുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംശയം തോന്നുന്ന വാഗനങ്ങളും കെട്ടിടങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ഡിസംബർ 28 വരെ യുപിയിൽ കർശന നിയന്ത്രണം ഉണ്ടായിരിക്കും.
രാമന്റെ ജന്മസ്ഥലമാണ് അയോധ്യയില തര്‍ക്ക ഭൂമിയെന്നും പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് മോസ്‌ക് പണിതതെന്നുമാണ് ഹിന്ദുക്കളുടെ വിശ്വാസം. 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബരി മസ്ജിദ് 1992 ഡിസംബറിലാണ് പൊളിച്ചത്. പള്ളി നശിപ്പിച്ച സംഭവം രാജ്യത്ത് കലാപത്തിന് വഴിവെച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.
2.77 ഏക്കര്‍ ഭൂമി സുന്നി വക്കഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നീ വിഭാഗങ്ങള്‍ക്ക് തുല്യമായി വിഭജിച്ചുകൊണ്ടുള്ള 2010ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ, സുപ്രീം കോടതിയില്‍ 14 അപ്പീലുകളാണ് സമര്‍പ്പിച്ചത്. തര്‍ക്കത്തിന് അനുയോജ്യമായ തീരുമാനം എടുക്കുന്നതില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള അഞ്ചംഗ ബഞ്ച് ഓഗസ്റ്റ് 6 ന് കോടതി നടപടികള്‍ ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ പതിനാറിന് വാദം കേൾക്കൽ അവസാനിച്ചതോടെ അടുത്ത ഒരു മാസത്തിനുള്ളിൽ അന്തിമ വിധി ഉണ്ടാവും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.