Voice of Truth

നൂറുകണക്കിന് കുടുംബങ്ങൾ തെരുവിലേയ്ക്ക്. വലിയതുറയിലെ പ്രശ്നങ്ങൾക്ക് കാരണം അധികൃതരുടെ അനാസ്ഥ?

തിരുവനന്തപുരം: ശംഘുമുഖത്തിനടുത്ത് വലിയതുറ ഓരോ കാലാവർഷക്കാലം വന്നെത്തുമ്പോഴും ഭീതിയിലാണ്. ഘട്ടംഘട്ടമായി നൂറുകണക്കിന് കുടുംബങ്ങളെ ചില വർഷങ്ങളായി പ്രകൃതി ഇവിടെനിന്ന് കുടിയിറക്കിക്കഴിഞ്ഞിരിക്കുന്നു. എന്താണ് വലിയതുറയിൽ സംഭവിക്കുന്നത് എന്ന അന്വേഷണം ചെന്നെത്തുന്നത് മാറിവരുന്ന സർക്കാരുകളുടെ നീതീകരണങ്ങളില്ലാത്ത കെടുകാര്യസ്ഥതയിലേക്കാണ്. ജീവിതകാലം മുഴുവൻ അധ്വാനിച്ചു സമ്പാദിച്ച വീടും പുരയിടവും കടലിന് സമീപത്തായിപ്പോയി എന്നത് മാത്രമാണ് ഈ നാട്ടുകാർക്ക് സംഭവിച്ച തെറ്റ്. പുതിയ പദ്ധതികൾ ആരംഭിക്കുമ്പോൾ ശരിയായ പ്രകൃത്യാഘാത പഠനങ്ങൾ നടത്തി വ്യക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ വരുത്തുന്ന വീഴ്ച ജനങ്ങൾക്ക് വരുത്തിവയ്ക്കുന്ന വിനകൾക്ക് ഉദാഹരണമാണ് വലിയതുറയിലെ സംഭവപരമ്പരകൾ. വിഴിഞ്ഞം പദ്ധതിയുടെ അശാസ്ത്രീയമായ നടത്തിപ്പാണ് സമീപ പ്രദേശങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായി നടപ്പാക്കപ്പെടുന്ന പദ്ധതികള്‍ പരിസ്ഥിതിക്ക് വരുത്തിവയ്ക്കുന്ന ദോഷങ്ങളെക്കുറിച്ചു പഠിക്കുവാന്‍ ഭാവിയില്‍ ലോകം വലിയതുറയുടെ ചരിത്രം തെരഞ്ഞെടുത്തേക്കാം.

ഈ കാലവര്‍ഷക്കാലം ആരംഭിച്ചപ്പോഴുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വലിയതുറ തീരത്തെ ഏഴാമത്തെ നിര വീടുകളാണ് കടല്‍ കയ്യേറിക്കഴിഞ്ഞിരിക്കുന്നത് എന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം മാത്രം തീരത്തോട് അടുത്തു സ്ഥിതിചെയ്തിരുന്ന രണ്ട് നിരകളിലുള്ള തൊണ്ണൂറോളം വീടുകള്‍ കടലാക്രമണത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. കടലിനോട് ഏറ്റവുമടുത്ത ചെറുകുടിലുകള്‍, തുടര്‍ന്ന് അല്‍പ്പംകൂടി ഭേദപ്പെട്ടവ, അങ്ങനെയങ്ങനെ ഇപ്പോള്‍ കടലാക്രമണത്തിന് നേരിട്ട് ഇരയായിരിക്കുന്നത് ഒരിക്കലും അത്തരമൊരു ഭീഷണി തങ്ങള്‍ക്ക് ഉണ്ടാവില്ല എന്നുറപ്പിച്ച് പണികഴിച്ച വലിയ വീടുകളാണ്. അത്തരത്തില്‍ ഭവനരഹിതരായവരെല്ലാം അപര്യാപ്തമായ സാഹചര്യങ്ങളില്‍ പുനരധിവാസ ക്യാംപുകളില്‍ കഴിയുന്നു.

ഓരോ വര്‍ഷം കഴിയുംതോറും കരയെ കടല്‍ കീഴടക്കുന്നു. പരിഹാരമില്ലെന്ന് വിദഗ്ദര്‍. ഈ ദുര്‍വിധിക്ക് കാരണമെന്ത്?

മനുഷ്യന്‍ പ്രകൃതിയോടു ചെയ്യുന്ന അനീതിയാണ് പ്രകൃതിക്ഷോഭങ്ങളുടെയും, പ്രകൃതിദുരന്തങ്ങളുടെയും രൂപത്തില്‍ തിരിച്ചടികളായി നാം അനുഭവിക്കുന്നത് എന്നുള്ള വാദം ശക്തമാണ്. സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാന്‍ പ്രകൃതിക്ക് പ്രകൃതിയുടെതായ രീതികളും, മാര്‍ഗ്ഗങ്ങളും ഉണ്ട്. എനാല്‍, ചിലപ്പോഴുള്ള മനുഷ്യന്റെ വഴിവിട്ട ഇടപെടലുകള്‍ ഗുരുതരമായ രീതിയില്‍ കരയുടെയും കടലിന്റെയും, കാലവസ്ഥയുടെയും, സന്തുലിതാവസ്ഥ തകരുവാന്‍ കാരണമായി മാറുന്നു. ഓരോ പദ്ധതികളും നടപ്പാക്കുന്നതിന് മുമ്പ് ശരിയായ പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്തി ആവശ്യമായ മുന്‍കരുതലുകളും നടപടികളും സ്വീകരിക്കണം എന്ന അന്തര്‍ദ്ദേശീയ നിലപാടിന് കാരണം മേല്‍പ്പറഞ്ഞത് തന്നെയാണ്.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി ഒന്നര കിലോമീറ്ററോളം കടല്‍ മനുഷ്യന്‍ കയ്യേറിയതിന്റെയും അവിടെ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെയും പാര്‍ശ്വഫലമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചര്‍ച്ചകള്‍ നടത്തിയ ഒരു വിദേശ കമ്പനി, പോര്‍ട്ട് പണിയുന്നതിന് മുമ്പ് തന്നെ, സമീപ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അല്ലാത്തപക്ഷം, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പ്രസ്തുത കമ്പനിക്ക് കരാര്‍ ലഭിക്കുകയുണ്ടായില്ല.

നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖം

മുമ്പ് മനുഷ്യന് ഉപദ്രവമില്ലാതെ കയറിയിറങ്ങി പോകുമായിരുന്ന തിരമാലകള്‍ ഇന്ന് മണ്ണിന്റെ അടിത്തട്ട് ഇളക്കിക്കൊണ്ടാണ് പിന്‍വാങ്ങുന്നത്. അതിനാല്‍, ചെല്ലാനം പോലുള്ള തീരങ്ങളില്‍ സംഭവിക്കുന്നതില്‍നിന്ന് വ്യത്യസ്ഥമായി, വെള്ളം കരയിലേയ്ക്ക് കയറാതെ തന്നെ കരയിലെ മണ്ണ് അടിയില്‍നിന്നും വലിച്ചിളക്കി കൊണ്ടുപോകുന്നു. അങ്ങനെ എന്നെന്നേയ്ക്കുമായി ചില കരഭാഗങ്ങള്‍ തന്നെ ഇല്ലാതാകുന്നു. ഇത് ഇനിയുള്ള വര്‍ഷങ്ങളിലും തുടരും.

വലിയതുറ തീരത്ത് കടല്‍ഭിത്തി കെട്ടാന്‍ പലപ്പോഴും ശ്രമിച്ചിട്ടും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കടല്‍ഭിത്തിയ്ക്കായി ഇറക്കിയ വലിയ കരിങ്കല്ലുകളും മണലില്‍ താഴ്ന്നുപോയിട്ടുള്ളതായി വാര്‍ത്തകള്‍ വന്നു. കടല്‍ഭിത്തിയുടെയും കീഴിലെ മണ്ണ് തിരമാലകളുടെ പ്രഹരത്താല്‍ ഇളകി ഒഴുകിപ്പോവുകയാണ് അവിടെ സംഭവിക്കുന്നത്. ഇത്തരത്തില്‍, കടല്‍ഭിത്തികളെയും, റോഡുകളെയും, ഉറച്ച കരയെയും പോലും കടല്‍ കീഴ്‌പെടുത്തുന്ന കാഴ്ച്ചകളാണ് വലിയതുറ നിവാസികളെ ഭയപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ കഴിയുംതോറും ഈ ആക്രമണത്തിന്റെ പ്രഹരശേഷി വര്‍ദ്ധിക്കുകയും ഇപ്പോള്‍ പോലും സുരക്ഷിതമെന്ന് കരുതുന്ന പ്രദേശങ്ങളും കടലാക്രമണത്തിന്റെ ഭീഷണിയില്‍ ഉള്‍പ്പെടുമെന്നും അവര്‍ ആശങ്കപ്പെടുന്നു.

വലിയതുറയെ കീഴടക്കിക്കൊണ്ടിരിക്കുന്ന കടൽ

പ്രതിവിധികള്‍ വ്യര്‍ത്ഥം, ഒരിടത്ത് കടലാക്രമണം ചെറുക്കുമ്പോള്‍ അടുത്തയിടത്ത് തിരമാലകള്‍ ആഞ്ഞടിക്കുന്നു!

വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായ നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്ന ഭാഗങ്ങളില്‍ കടലാക്രമണങ്ങള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന കരുതലുകള്‍ നടപടികള്‍ മൂലം അവിടെ കടല്‍ക്ഷോഭത്തിന്റെതായ ലക്ഷണങ്ങള്‍ തീരെയും പ്രകടമല്ല. എന്നാല്‍, അവിടെ പിന്‍വാങ്ങിയ കടല്‍ തെക്കോട്ടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ രൂക്ഷതയോടെ ആഞ്ഞടിക്കുകയും അനേകായിരങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു ഭാഗം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനടുത്ത ഭാഗം ആക്രമിക്കപ്പെടുന്ന പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നത്.

വലിയതുറ പാലം സംരക്ഷിക്കാനായി സമീപനാളുകളില്‍ ഓരോ ടണ്‍ വലിപ്പമുള്ള വലിയ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ നിരത്തിയത് പ്രദേശവാസികള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. അപ്രകാരം ചെയ്തതിനുശേഷം പാലം അപകടാവസ്ഥയില്‍നിന്ന് കരകയറിയെങ്കിലും അതിന്റെ വലതുഭാഗത്ത് കൂടുതല്‍ ശക്തിയില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവിടെയുണ്ടായിരുന്ന ഒരു മൈതാനം കടലാക്രമണത്തില്‍ ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

വലിയതുറ പാലത്തിനു സമീപമുള്ള മൈതാനം കടലെടുത്ത നിലയിൽ

അഞ്ചുതെങ്ങ് ഗ്രാമത്തിലെ ചിലയിടങ്ങളില്‍ ഒരുപാട് കല്ലുകള്‍ നിക്ഷേപിച്ച് കടല്‍ഭിത്തി നിര്‍മ്മിച്ചിട്ടും അവയ്ക്ക് മീതെ തിരമാല അടിച്ചുകയറുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃക്‌സാക്ഷികള്‍ വിവരിക്കുന്നത്. കാലവര്‍ഷത്തിന്റെ രൂക്ഷമായ ഘട്ടം ഇനി ആഴ്ചകളോളം അവശേഷിക്കുകയാണ് എന്നുള്ളതാണ് പ്രദേശവാസികളെ ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം.

ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, കടലിനോട് ചേര്‍ന്ന് ചെറുകുടിലുകള്‍ പണിത് താമസിക്കുന്ന പാവപ്പെട്ടവര്‍ മഴക്കാലം കഴിഞ്ഞാല്‍ തിരികെ അവിടെ ചെന്ന് താമസം തുടരുകയായിരുന്നു പതിവ്. എന്നാല്‍, ഇന്ന് സാഹചര്യങ്ങള്‍കൊണ്ടും നിയമപരമായും അതിന് കഴിയില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ഒന്നാമതായി, ഓരോ വര്ഷം കഴിയുംതോറും കരഭാഗം കൂടുതല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മറ്റൊന്ന്, ഇപ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ നിന്ന്, തിരിച്ച് അവിടേയ്ക്ക് പോകില്ല എന്ന് എഴുതി വാങ്ങുന്നുണ്ട്. അതിനാല്‍തന്നെ, കടലാക്രമണത്തിന് ഇരയാകുന്നവര്‍ വീണ്ടും തിരികെ അവിടെയെത്തുന്നു എന്ന ആരോപണത്തില്‍ കഴമ്പില്ല എന്ന് പ്രദേശവാസികള്‍ അവകാശപ്പെടുന്നു.

ഭീതിജനകമായ സാഹചര്യം, പ്രതിവിധിയെന്ത്?

വിഴിഞ്ഞം തുറമുഖത്തിന്റെ പണികള്‍ ആരംഭിച്ച കാലത്ത് ആദ്യനിര ഭവനങ്ങള്‍ കടലെടുത്തപ്പോള്‍ തൊട്ടുപിന്നില്‍ ഉണ്ടായിരുന്നവര്‍ പോലും ഭാവിയില്‍ തങ്ങള്‍ക്കും ഇതേഗതി ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. പിന്നീട് ചില വര്‍ഷങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ഭവനം നഷ്ടമായവരുടെ എണ്ണം ഭീതിതമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ശംഖുമുഖം റോഡിന് സമീപത്ത് വരെ ഇപ്പോള്‍ കടല്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കേവലം അരകിലോമീറ്ററില്‍ താഴെ മാത്രമാണ് എയര്‍പ്പോര്‍ട്ടും കടലും തമ്മിലുള്ള ദൂരം. എന്നാല്‍, വിഴിഞ്ഞം മുതല്‍ വടക്കോട്ടുള്ള ഭാഗത്ത് കര വര്‍ദ്ധിക്കുകയാണ്. ആ ഭാഗത്തേയ്ക്കുള്ളവര്‍ക്ക് കടലാക്രമണത്തിന്റെ സാധ്യതകളും രൂക്ഷതയും ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിസ്ഥിതിയുടെ താളം തെറ്റുന്നതിന്റെ പ്രകടമായ സൂചനകളാണ് ഇത്.
ജിയോട്യൂബ് ഉപയോഗിച്ച് കടലാക്രമണത്തെ ചെറുക്കാന്‍ കഴിയുമെന്നും, അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നു എന്നുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് ജിയോട്യൂബ് പരിഹാരമാവില്ല എന്ന് ചിലര്‍ കരുതുന്നെങ്കിലും, പലരും പ്രതീക്ഷയിലാണ്. നഷ്ടപ്പെട്ടുകഴിഞ്ഞതിനപ്പുറം അവശേഷിക്കുന്നതുകൂടി കടല്‍ കൈവശപ്പെടുത്താനിടയാകാതെ സംരക്ഷിക്കപ്പെടണം എന്നാണ് സകലരുടെയും ആഗ്രഹം.

വലിയതുറ പ്രദേശം ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് യഥാര്‍ത്ഥ പരിഹാരം എന്താണ് എന്നതിന് പ്രദേശവാസികള്‍ക്ക് വ്യക്തതയില്ല. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സമഗ്രമായ പായ്‌ക്കേജ് സര്‍ക്കാര്‍ അവതരിപ്പിക്കേണ്ടതായുണ്ട്. ഇനിയും കടലെടുക്കാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി കൂടുതല്‍ ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള പ്രോജക്ടുകള്‍ അവതരിപ്പിക്കപ്പെടണം. അതിനായുള്ള വിശദമായ പഠനങ്ങള്‍ ഇനിയെങ്കിലും നടക്കേണ്ടതുണ്ട്.

വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് എവിടെ?

വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സാധ്യതാപഠനങ്ങളും പ്രാഥമിക വട്ട ചര്‍ച്ചകളും നടന്നിരുന്ന കാലം മുതല്‍ ഈ പദ്ധതി ഇവിടെ അനുയോജ്യമല്ല എന്ന ചിന്ത പ്രബലമായിരുന്നു. രാഷ്ട്രീയമായും, സാമൂഹികമായും, പാരിസ്ഥിതികമായും എതിര്‍പ്പുകള്‍ അനവധി ഉയര്‍ന്നിരുന്നു. പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് പോലും പ്രസിദ്ധീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല എന്ന ആരോപണങ്ങളുണ്ട്. പാരിസ്ഥിതികമായി ഒട്ടേറെ വെല്ലുവിളികള്‍ ഈ പദ്ധതി ഉയര്‍ത്തുന്നുണ്ട് എന്ന ബോധ്യം അതിന് നേതൃത്വം നല്‍കിയവര്‍ക്ക് ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഇന്നും ഈ വിഷയത്തിന്റെ രൂക്ഷത ചര്‍ച്ച ചെയ്യാനോ, പരിഹാരം കണ്ടെത്തുവാനോ ഉള്ള ശ്രമങ്ങള്‍ വളരെ വിരളമാണ്.
വിഴിഞ്ഞം പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ചുപോലും സന്ദേഹങ്ങള്‍ ഒട്ടേറെ ഉയര്‍ന്നിരുന്നു. അതുമായി ബന്ധപ്പെട്ട അഴിമതികളും, ഗൂഡാലോചനകളും ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ത്തിയവരുണ്ട്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, ഇത്തരം വിവാദവിഷയങ്ങള്‍ ചര്‍ച്ചയ്ക്കെത്തുന്നത് ഇതുപോലുള്ള ദുരന്ത വേളകളില്‍ മാത്രമാണ്. പ്രദേശവാസികളില്‍, വിഴിഞ്ഞം തുറമുഖ പദ്ധതിയെ അതിന്റെ തൊഴില്‍ സാധ്യതകളും മറ്റും വിലയിരുത്തിക്കൊണ്ട് പിന്തുണയ്ക്കുന്നവരും, ദോഷഫലങ്ങള്‍ കൊണ്ട് എതിര്‍ക്കുന്നവരുമുണ്ട്. നിലപാടുകള്‍ എന്തുതന്നെയായാലും, ഒരു വലിയ വിഭാഗത്തിന്റെ ജീവിതത്തെ വഴിമുട്ടിച്ചുകൊണ്ടുള്ള വികസനപദ്ധതികള്‍ അംഗീകരിക്കാവുന്നതല്ല.

വിഴിഞ്ഞം തുറമുഖത്തിന്റെ അന്തിമ രൂപം

അതിനും അതീതമായി, പരിസ്ഥിതിയ്ക്കുണ്ടാകുന്ന തകര്‍ച്ചകളെയും ഗതിമാറ്റങ്ങളെയും നാം കൂടുതല്‍ ഗൗരവബുദ്ധിയോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. ചില വര്‍ഷങ്ങള്‍കൊണ്ട് മനുഷ്യര്‍ തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെയും ദുഃഖദുരിതങ്ങളെയും അതിജീവിക്കാന്‍ പ്രാപ്തനായേക്കാം. എന്നാല്‍, പരിസ്ഥിതിയ്ക്കുണ്ടാവുന്ന നഷ്ടം ശാശ്വതമാണ്. ആ കാഴ്ചപ്പാടിലേയ്ക്ക് ഭരണകൂടം തിരികെയെത്തിയില്ലെങ്കില്‍ നമുക്ക് കൈമോശം വന്നുപോകുന്നത് തിരികെ നേടിയെടുക്കുവാന്‍ കഴിയുന്നവയാവില്ല.

വലിയതുറയില്‍ ഇന്ന്

അവിടെ സംഭവിക്കുന്നത് വലിയൊരു മനുഷ്യാവകാശ ലംഘനമാണ് എന്ന നിലപാടിലാണ് അവരുടെ അതിജീവനപ്രശ്‌നങ്ങളില്‍ ഇടപെടുന്ന സാമൂഹിക പ്രവര്‍ത്തകര്‍. അനേക വര്‍ഷങ്ങളുടെ അദ്ധ്വാനം കൊണ്ട് സ്വരുക്കൂട്ടിയ ജീവിതത്തില്‍ ആകെയുള്ള സമ്പാദ്യമാണ് പലര്‍ക്കും അല്‍പ്പം സ്ഥലവും ഒരു ഭവനവും. എല്ലാ അര്‍ത്ഥത്തിലും നിയമപ്രകാരം സ്വന്തമായ മണ്ണില്‍ ജീവിച്ചിരുന്നവരായിരുന്നു സകലരും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭവനവും മണ്ണും നഷ്ടപ്പെട്ടവര്‍ക്കൊപ്പം ഈ വര്‍ഷം ഭവനരഹിതരായ അനേകര്‍കൂടി ചേരുമ്പോള്‍ ഒട്ടേറെ കുടുംബങ്ങളാണ് വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നത്. ഇനി എത്രത്തോളം പേര്‍ക്കായി ആ വിധി കാലം കാത്തിരിപ്പുണ്ടെന്നതില്‍ വ്യക്തതയില്ല.
ഇതിനകം ഭവനം നഷ്ടപ്പെട്ട ചെറിയൊരു ശതമാനം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്. ഏറെപ്പേരും തങ്ങളുടെ ഊഴം കാത്ത് പലയിടങ്ങളിലായി വാടകയ്ക്കും അഭയാര്‍ത്ഥികളായും കഴിയുന്നു. കേരളത്തിലെ ഏറ്റവും ദുര്‍ബ്ബലരായ അവര്‍ക്കുവേണ്ടി സംസാരിക്കുവാനും ഉന്നതതലങ്ങളില്‍ സ്വാധീനം ചെലുത്തുവാനും ആരുംതന്നെയില്ല എന്നതാണ് വാസ്തവം. ഇനി അവശേഷിക്കുന്നവര്‍ മാന്യമായ സാഹചര്യങ്ങളില്‍ പുനഃരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും, അതിന് സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രേരിപ്പിക്കാനുള്ള കടമ നമുക്കുമുണ്ട്.

ഒരു പുനരധിവാസ ക്യാംപിൽനിന്നും

ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ദുരന്തബാധിതര്‍ക്കുവേണ്ടി രംഗത്തിറങ്ങിയതാണ് വഴിത്തിരിവുണ്ടാക്കിയത്. കഴിഞ്ഞ ദിവസം ഇറിഗേഷന്‍ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന് വേദിയായത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്‌സ് ഹൗസ് ആണ്. ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പിതാവിന്റെ കഴിഞ്ഞ നാളുകളിലെ ഇടപെടലുകള്‍ ഈ പ്രശ്‌നത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് സൃഷ്ടിക്കുവാനും മാധ്യമശ്രദ്ധ നേടുവാനും സഹായകരമായിരുന്നു.

ആർച്ച്ബിഷപ്പ് സൂസപാക്യം വലിയതുറയിൽ

പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട നൂറുകണക്കിനായ നിരാശ്രയര്‍ക്ക് സഹായവുമായി ഓടിയെത്താന്‍ ചില സംഘടനകളും നിരവധി സന്മനസുള്ളവരും ഉണ്ടായിരുന്നു. പുനരധിവാസത്തിന് ഉപകരിക്കുന്ന സ്ഥലം സര്‍ക്കാര്‍ ഒരുക്കി എന്നല്ലാതെ, അവര്‍ക്കാവശ്യമുള്ള ടോയ്ലറ്റ്, കിച്ചണ്‍ തുടങ്ങിയ ഒരു സൗകര്യങ്ങളും അവിടെ ക്രമീകരിക്കപ്പെട്ടിരുന്നില്ല. സഹായത്തിനെത്തിയ സംഘടനകളും, നിരവധി നാട്ടുകാരും തിരുവനന്തപുരം അതിരൂപതാനേതൃത്വവുമാണ് അവര്‍ക്കാവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കി ഇപ്പോഴും അവര്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ട് അവര്‍ക്കൊപ്പമായിരിക്കുന്നത്.

പ്രളയകാലത്ത് കേരളത്തിന് മുഴുവന്‍ ധൈര്യം പകര്‍ന്നവര്‍ക്ക് ധൈര്യം പകരുവാന്‍ കേരളം മുഴുവന്‍ ഉണ്ടാവണം, അത് നമ്മുടെ കടമയാണ്.

ഇനിയും, ഇത്തരം അവഗണിക്കപ്പടുന്നവരുടെ സഹായം കേരളത്തിലെ പരിഷ്‌കൃത സമൂഹത്തിന് വേണ്ടിവന്നുകൂടായ്കയില്ല. അപ്പോള്‍ മുഖം കുനിക്കാന്‍ ഇടവരാതിരിക്കേണ്ടി വരുന്നതിനെങ്കിലും ഇവരുടെ പ്രശ്‌നങ്ങളില്‍ കൈത്താങ്ങായി നമുക്ക് ഉണ്ടായിരിക്കാം. വലിയതുറയിലെ ജനങ്ങളും, ചെല്ലാനത്തെ ജനസമൂഹവും ദുരന്തക്കയത്തില്‍ അകപ്പെട്ടുകിടക്കുന്ന ഈ സാഹചര്യത്തില്‍, പഴയതൊന്നും മറക്കാന്‍ കാലമാകാത്ത പശ്ചാത്തലത്തില്‍ മനഃസാക്ഷിയും, ലോകവും നമ്മെ കുറ്റപ്പെടുത്താതിരിക്കട്ടെ.

എഡിറ്റര്‍, സിഗ്‌നല്‍ ന്യൂസ്

Leave A Reply

Your email address will not be published.