കുപ്രസിദ്ധമായ ഉന്നാവ് പീഡന കേസിലെ ഇരയും സംഘവും സഞ്ചരിച്ച വാഹനത്തിലേക്ക് റായ് ബറേലിയിൽ വച്ച്, കഴിഞ്ഞ ഞായറാഴ്ച ട്രക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെടുകയും, പെൺകുട്ടിക്കും, വക്കീലിനും ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചു മുന്നേറിയിരുന്ന ഉന്നാവ് പീഡന കേസിൽ വഴിത്തിരിവായി മാറിയിരിക്കുകയാണ് ഈ വാഹനാപകടം. പീഡന കേസിൽ പ്രതിയായി ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറും സംഘവുമാണ് ഈ അപകടത്തിനു പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. പെൺകുട്ടിക്കും കുടുംബത്തിനും നിരവധി തവണ വധഭീഷണി ഉയർന്നിരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സകല മാധ്യമങ്ങളും, മനുഷ്യാവകാശ പ്രവർത്തകരും ഈ സംഭവത്തെ അതീവ ജാഗ്രതയോടെ ഉറ്റുനോക്കുകയാണ്. വനിതാ കമ്മീഷനും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു.
ആരംഭം മുതൽ സിബിഐ അന്വേഷണത്തിനായുള്ള ആവശ്യം ശക്തമായിരുന്നു. അപകടത്തിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന ശക്തമായ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ, ഉത്തരപ്രദേശ് സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. സിബിഐക്ക് പുറമെ ഉത്തര്പ്രദേശ് പോലീസിന്റെ പ്രത്യേക സംഘവും കേസ് അന്വേഷണം നടത്തുമെന്ന റിപ്പോർട്ടുകളുണ്ട്.
രണ്ടു വർഷങ്ങൾ നീണ്ട ഉന്നാവ് പീഡന കേസ് ഒരു ജീവന്മരണ പോരാട്ടം എന്ന രീതിയിലാണ് എന്നും മാധ്യമങ്ങളിൽ വാർത്തയായിട്ടുള്ളത്. ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി വീട്ടിലെത്തിയ പതിനാറു വയസുകാരിയെ, 2017 ജൂൺ നാലിന് എംഎൽഎ കുൽദീപ് സിംഗ് പീഡിപ്പിച്ചു എന്ന് സിബിഐ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരംഭം മുതൽ പലപ്പോഴായി പെൺകുട്ടിയും, കുടുംബാംഗങ്ങളും വക്കീലും വധഭീഷണി നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
കൊല്ലുമെന്നും, കള്ളക്കേസിൽ കുടുക്കുമെന്നും പതിവായി ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടി ഈ മാസം ചീഫ്‌ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്ക് പരാതി നൽകിയിരുന്നു. ചീഫ്‌ജസ്റ്റിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ഭീഷണിയെക്കുറിച്ചുള്ള പരാതി നാളെ കോടതി പരിഗണിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു പുറമെ, അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്, യുപി ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിപി, സിബിഐ മേധാവി, ഉന്നാവ് എസ്‌പി തുടങ്ങിയവർക്കും പെൺകുട്ടി പരാതി നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്.
ജസ്റ്റിസിന് പരാതിനൽകി പതിനാറു ദിവസങ്ങൾക്ക് ശേഷമായിരുന്നു അപകടമുണ്ടായത്. പതിവായി പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടാകാറുള്ള സുരക്ഷാ ഉദ്യോഗസ്ഥൻ ആ സമയം അവർക്കൊപ്പം ഇല്ലാതിരുന്നതും, അപകടത്തിന് ഇടയാക്കിയ ട്രക്കിന്റെ നമ്പർ മായ്ച്ചിരുന്നതും അപകടം ആസൂത്രിതമാണ് എന്ന സംശയങ്ങൾക്കിടയാക്കി. ഒപ്പമുണ്ടാകാറുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടി ആയിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ പതിവായി ജയിലിലായിരുന്ന എംഎൽഎയ്ക്ക് നൽകാറുണ്ടായിരുന്നതായും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം പെൺകുട്ടിക്ക് അവളുടെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. തോക്ക് കൈവശം വച്ച് എന്ന വ്യാജ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും, പിന്നീട് കസ്റ്റഡിയിൽ അദ്ദേഹം മരണപ്പെടുകയുമായിരുന്നു ഉണ്ടായത്. അദ്ദേഹത്തെ പോലീസ് മർദ്ദിക്കുന്നതായി കണ്ട സാക്ഷി യൂനസും പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയുണ്ടായി. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ രണ്ടു ബന്ധുക്കളും മരിച്ചതോടെ ഉന്നാവ് പീഡന കേസുമായി ബന്ധപ്പെട്ട മരണങ്ങൾ നാലായി. ഇരയ്ക്ക് നീതിലഭിക്കണമെങ്കിൽ ഇനി എത്ര മരണങ്ങൾകൂടി കാണേണ്ടിവരും എന്നാണ് ബന്ധുക്കളുടെ ചോദ്യം.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി വിവാദമായി ആളിപ്പടരുന്ന ഉന്നാവ് കേസിന്റെ പശ്ചാത്തലത്തിൽ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന എംഎൽഎ കുൽദീപ് സിംഗിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു.
അതീവ ഗുരുതരാവസ്ഥയിൽ ലക്‌നൗവിലെ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ജീവനുവേണ്ടി രാജ്യം പ്രാര്തഥിക്കുകയാണ്. പെൺകുട്ടിയെ ആവശ്യമായ സുരക്ഷാസംവിധാനങ്ങളോടെ ഡൽഹിയിലേക്ക് കൊണ്ടുവന്ന് ചികിൽസിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.