Voice of Truth

ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്‌സിറ്റി അബുദാബിയിൽ

ആധുനിക ലോകത്തിൽ അനന്ത സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള പഠനങ്ങൾക്കായി പ്രത്യേക യൂണിവേഴ്‌സിറ്റിക്ക് ആരംഭംകുറിച്ച് യുഎഇ. ഇത്തരത്തിൽ ആരംഭിക്കുന്ന ആദ്യ യൂണിവേഴ്‌സിറ്റിയാവും ഇത്. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേരിലാണ് ഈ സർവ്വകലാശാല അറിയപ്പെടുക.

ദ് മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (MBZUAI) ബിരുദാനന്തര ബിരുദം, പിഎച്ച്ഡി കോഴ്സുകളിലേക്കാണു പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. 2 വർഷ കാലാവധിയുള്ള ബിരുദാനന്തര പഠനത്തിന് പുറമേ 4 വർഷ കാലാവധിയുള്ള പിഎച്ച്ഡി കോഴ്സിലേക്കുമുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.

കഴിഞ്ഞ ദിവസം മസ്ദാർ സിറ്റിയിൽ നടന്ന ചടങ്ങിലാണ് ക്യാമ്പസിനെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. 2020 ആഗസ്‌റ്റോടെ പ്രവർത്തനമാരംഭിക്കുന്ന യൂണിവേഴ്‌സിറ്റിയിൽ പഠനത്തിനായി ബിരുദധാരികൾക്ക് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. മികവ് തെളിയിക്കുന്നവർക്ക് 2020 സെപ്തംബറിൽ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മസ്ദാർ ക്യാമ്പസിൽ പഠനവും പരീക്ഷണവുമെല്ലാം ആരംഭിക്കാൻ കഴിയും.

മാനവ സമൂഹത്തിന്റെ പുരോഗമനവും സുസ്ഥിര വികസനവും ലഭ്യമിട്ടുകൊണ്ടുള്ള യു.എ.ഇ ഭരണ നേതൃത്വത്തിന്റെ ദീർഘവീക്ഷണപരമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മസ്ദാറിൽ നിർമ്മിക്കുന്ന ക്യാമ്പസെന്ന് യു.എ.ഇ സ്റ്റേറ്റ് മന്ത്രി സുൽത്താൻ അൽ ജാബർ പറഞ്ഞു. നിർമിതബുദ്ധിയെന്ന ശാസ്ത്ര മേഖലയുടെ മുഴുവൻ സാധ്യതകളും പുറത്ത് കൊണ്ടുവരും വിധത്തിലുള്ള പഠനവും ഗവേഷണങ്ങളുമാണ് ഇവിടെ നടക്കുക.

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിർമിത ബുദ്ധി വിദഗ്ധരെയാണ് യൂണിവേഴ്‌സിറ്റിയുടെ ബോർഡ് അംഗങ്ങളായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ മൈക്കൽ ബ്രാഡി, മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസർ അനിൽ.കെ.ജെയിൻ, മസാച്യുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ പ്രൊഫസർ ഡാനിയേല റൂസ് എന്നിവർ ബോർഡ് അംഗങ്ങളിൽ ഉൾപ്പെടും. യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒലാമ, അഡ്വാൻസ് സയൻസ് മന്ത്രി സാറ അൽ അമീരി എന്നിവരുൾപ്പെടുന്ന ഉപദേശക സമിതിയംഗങ്ങളുമായി ചേർന്ന് ആലോചിച്ചായിരിക്കും യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഓരോ പ്രവർത്തനങ്ങളും നടക്കുക.

Leave A Reply

Your email address will not be published.