Voice of Truth

വയനാട്ടിലെ ആദിവാസി സമൂഹം: പ്രതിസന്ധികള്‍ തുടരുന്നു. പരിഹാരങ്ങൾ എങ്ങനെ? പ്രത്യേക റിപ്പോർട്ട്

കഴിഞ്ഞ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു രാഷ്ട്രീയ വിവാദമായിരുന്നു നക്‌സലൈറ്റ് ആയിരുന്ന വര്‍ഗ്ഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന അരീക്കാട്ട് വര്‍ഗ്ഗീസ് വയനാട്ടിലേയ്‌ക്കെത്തിയത് ആദിവാസികളെ സംഘടിപ്പിക്കുക എന്ന പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യവുമായാണ്. എന്നാല്‍, അവിടെ എത്തിയപ്പോള്‍, സ്വന്തം പാര്‍ട്ടിയുടെ അനുഭാവികളായിരുന്ന ജന്മിമാര്‍ തന്നെ ആദിവാസികളെ ക്രൂരമായി ചൂഷണം ചെയ്യുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്. അതില്‍ ക്ഷുഭിതനായ വര്‍ഗ്ഗീസ് നക്‌സലൈറ്റ് ആയിത്തീരുകയും ആദിവാസി നേതാവായിരുന്ന ചോമന്‍ മൂപ്പനുമായി ചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തു എന്നതാണ് ചരിത്രം. തുടര്‍ന്ന് 1970ല്‍ വര്‍ഗീസ് കൊല്ലപ്പെടുകയാണുണ്ടായത്. (പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണു കരുതിയിരുന്നതെങ്കിലും, ഐജി ലക്ഷ്മണയുടെ നിര്‍ദ്ദേശപ്രകാരം താനാണ് അദ്ദേഹത്തെ വെടിവച്ചതെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ രാമചന്ദ്രന്‍ നായര്‍ 1998ല്‍ വെളിപ്പെടുത്തുകയുണ്ടായി.)

അരീക്കാട്ട് വർഗീസ്

വയനാട്ടിലെ ആദിവാസികളുടെ അധഃകൃതമായ അവസ്ഥകളായിരുന്നു അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ വര്‍ഗ്ഗീസിനെ അക്കാലത്ത് പ്രേരിപ്പിച്ചത്. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ആദിവാസികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് ഏറെ കഴിഞ്ഞാണ്. അറുപതുകളിലും എഴുപതുകളിലും പോലും വയനാട്ടിലെ പ്രശസ്തമായ വള്ളിയൂര്‍കാവ് ക്ഷേത്രത്തില്‍ അടിമവ്യാപാരം നടന്നിരുന്നു. നെല്ലും, നാമമാത്രമായ പണവും കൊടുത്ത് അവിടെനിന്നും ആവശ്യക്കാര്‍ ഒരു വര്‍ഷത്തേയ്ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള ആദിവാസികളെ സ്വന്തമാക്കി പോന്നു. കടുത്ത ആയിത്തമാണ് അക്കാലത്തും ‘തമ്പ്രാക്കളില്‍’ നിന്ന് ആദിവാസികള്‍ നേരിട്ടിരുന്നത്. ലൈംഗികമായും അവര്‍ ചൂഷണം ചെയ്യപ്പെട്ടുപോന്നിരുന്നു. ഏകദേശം എഴുപതുകളോടെ വയനാട്ടിലെ ആദിവാസികള്‍ ഏറെക്കുറെ സ്വതന്ത്രരായി എന്നുപറയാം. വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരുടെയും, ചോമന്‍ മൂപ്പന്‍, എം പി കാളന്‍ തുടങ്ങിയ ചില ആദിവാസി നേതാക്കളുടെയും പരിശ്രമ ഫലമായിരുന്നു അത്. വയനാട്ടില്‍ ആദിവാസികള്‍ക്ക് യഥേഷ്ടം ജീവിക്കാം എന്ന അവസ്ഥ സംജാതമായിട്ട് ഏറെക്കുറെ അര നൂറ്റാണ്ടോളം ആയിരിക്കുന്നുവെങ്കിലും, ഇന്നും ആദിവാസി സമൂഹങ്ങള്‍ തങ്ങളുടെ ബാലാരിഷ്ടതകള്‍ തരണം ചെയ്തിട്ടില്ല.

വള്ളിയൂർക്കാവ് ക്ഷേത്രം

കേരളത്തില്‍ ഇന്നുള്ള മുപ്പത്തിയേഴ് ആദിവാസി വിഭാഗങ്ങളില്‍ വിരലിലെണ്ണാവുന്ന സമൂഹങ്ങള്‍ മാത്രമാണ് സാമാന്യം മെച്ചപ്പെട്ട ചുറ്റുപാടുകളില്‍ ജീവിക്കുന്നത്. കണക്കുകളനുസരിച്ച്, വിവിധ ആദിവാസി വിഭാഗങ്ങളില്‍ പെട്ട നാലര ലക്ഷത്തോളം പേരാണ് ഇന്ന് കേരളത്തിലുള്ളത്. കേരളത്തില്‍ പൊതുവെയും, പ്രത്യേകിച്ച് വയനാട്ടിലും ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ളത് പണിയ വിഭാഗത്തിനാണ്. ഒരു ലക്ഷത്തോളം പേര്‍ പണിയ സമുദായത്തിലുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പണിയരെ കൂടാതെ, അടിയര്‍, കാട്ടുനായ്ക്കര്‍, കുറിച്ച്യര്‍, കുറുമര്‍ തുടങ്ങിയവരും അംഗസംഖ്യ കുറവുള്ള മറ്റുചില വിഭാഗങ്ങളുമാണ് വയനാട്ടില്‍ ഉള്ളത്. ജീവിത രീതികളും, സംസ്‌കാരവും കൊണ്ട് തികച്ചും വ്യത്യസ്ഥരാണ് ഓരോ ആദിവാസി വിഭാഗങ്ങളും. അതുതന്നെയാണ് ആദിവാസി സമൂഹങ്ങളുടെ പുനരുദ്ധാരണം/ നവോത്ഥാനം എന്ന ലക്ഷ്യത്തെ ഏറ്റവും ശ്രമകരമായ ഒരു ദൗത്യമാക്കി മാറ്റുന്നത്.

തനതായ സംസ്‌കാരവും ജീവിത രീതികളും, സ്വന്തം നിയമസംഹിതകളും, ഭാഷയുമുള്ള ഒരു സമൂഹമായി ഒരുമിച്ചു ജീവിക്കുന്ന പരമ്പരാഗത സമുദായമാണ് ഓരോ ആദിവാസി സമൂഹങ്ങളും. ഇതുതന്നെയാണ് ആദിവാസികള്‍ അഥവാ, Scheduled Tribe എന്നതുകൊണ്ട് സര്‍ക്കാരും ഭരണഘടനയും അര്‍ത്ഥമാക്കുന്നത്. അതായത്, ഓരോ ആദിവാസി വിഭാഗങ്ങളും ഭക്ഷണം, മറ്റു ജീവിതസാഹചര്യങ്ങള്‍ എന്നിവകൊണ്ട് സ്വയം പര്യാപ്തരായിരിക്കണം. മുന്‍കാലങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നു എന്നതാണ് വാസ്തവം. ഇന്ന് സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. എല്ലാത്തിനും വേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്ന് മിക്കവര്‍ക്കും ഉള്ളത്. വനാവകാശ നിയമം പോലുള്ള നിയമങ്ങളും, മറ്റു സാമൂഹിക പരിഷ്‌കരണങ്ങളും അവരുടെ ആവാസവ്യവസ്ഥകളെ തകിടം മറിച്ചുകഴിഞ്ഞിരിക്കുന്നു.

ഇവിടെയും, ഓരോ ആദിവാസിവിഭാഗങ്ങളുടെയും സ്ഥിതിഗതികള്‍ വ്യത്യസ്ഥമാണ്. ഏറെക്കുറെ മെച്ചപ്പെട്ട അവസ്ഥയിലും കാഴ്ച്ചപ്പാടുകളിലും ജീവിക്കുന്ന കുറിച്ച്യര്‍ പോലുള്ള വിഭാഗങ്ങളില്‍ ചില കുടുംബങ്ങളെങ്കിലും ഈ ആധുനിക ലോകത്തിനൊത്തവിധം മാറിക്കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ, അത്തരം സമുദായങ്ങളില്‍ പൊതുവേ സാമൂഹികമായ ഉന്നമനം വരും ഭാവിയില്‍ പ്രതീക്ഷിക്കാം. എന്നാല്‍, പണിയസമൂഹങ്ങളുടെ സ്ഥിതികതികള്‍ പരിതാപകരമായി തുടരുന്നു.

തൊഴില്‍ രംഗവും, ജീവിത ചുറ്റുപാടുകളും
കുറിച്ച്യ, കുറുമ വിഭാഗങ്ങളില്‍ പെട്ടവര്‍ ആദ്യകാലം മുതല്‍ തന്നെ, കൃഷിയില്‍ തല്‍പ്പരരായിരുന്നു. വനവുമായി ബന്ധപ്പെട്ട ഭക്ഷണ സാധ്യതകള്‍ കണ്ടെത്തുന്നതിനൊപ്പം അവര്‍ സ്വന്തമായി കൃഷി ചെയ്യുകയും ചെയ്തുപോന്നിരുന്നു. അത്തരം സമുദായങ്ങളില്‍ ഇന്നും ഒരുപരിധിവരെ പഴയ ജീവിതശൈലികള്‍ തുടരുന്നുണ്ട്. എന്നാല്‍, കൃഷി ചെയ്ത് ശീലമില്ലാത്ത കാട്ടുനായ്ക്കര്‍, പണിയര്‍ തുടങ്ങിയവരുടെ ജീവിത രീതികള്‍ പാടെ മാറി. വനനിയമങ്ങള്‍ കര്‍ശനമായതോടെ വനത്തില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്നതിന് സാധിക്കാതെ വന്നു. കാട്ടുനായ്ക്ക വിഭാഗത്തിന്റെ ചില കോളനികളിലെ അംഗങ്ങള്‍ ഇന്നും പൊതുസമൂഹവുമായി ഇടപെടുന്നതില്‍ വൈമുഖ്യമുള്ളവരാണ്. മുന്‍കാലത്ത് അടിമവേല ചെയ്തും, പിന്നീട് കര്‍ഷക തൊഴിലാളികളായും ജീവിച്ചിരുന്ന പണിയര്‍ക്ക് കാര്‍ഷിക രംഗത്തെ മാന്ദ്യത്തെയും മറ്റു ചില മാറ്റങ്ങളെയും തുടര്‍ന്ന് തൊഴില്‍ നഷ്ടമായി. ഇത്തരത്തില്‍ സാവധാനം പുരുഷന്മാര്‍ ഏറിയപങ്കും തൊഴില്‍ രഹിതരായി മാറിയപ്പോള്‍ സ്ത്രീകള്‍ക്ക് ചില സാധ്യതകള്‍ ഉയര്‍ന്നുവന്നു. തൊഴിലുറപ്പ്, അയല്‍ക്കൂട്ടങ്ങളിലൂടെയും മറ്റുമുള്ള സാധ്യതകള്‍ തുടങ്ങിയവയിലൂടെ സ്ത്രീകള്‍ പ്രവര്‍ത്തന നിരതരായി. അതോടൊപ്പം, റേഷനായി ലഭിക്കുന്ന അരിയും മറ്റും മുഖ്യ ആഹാരമായി മാറിയതും പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്. കൃഷിചെയ്തും, വനത്തില്‍ നിന്ന് ശേഖരിക്കുന്നതും, വേട്ടയാടി പിടിക്കുന്നതുമായ പോഷകസമ്പുഷ്ടമായ ആഹാരത്തിന്റെ സ്ഥാനത്ത് ഇന്ന് വെറും റേഷനരി മാത്രം ആഹാരമായി മാറിയതും ശാരീരികാദ്ധ്വാനം ഇല്ലാതായതും ഇതുവരെ ഇവര്‍ക്കിടയില്‍ ഇല്ലാതിരുന്ന നിരവധി ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമായി മാറിയിട്ടുണ്ട്.

ആയുസെത്താതെ മരിക്കുന്നവര്‍
പ്രത്യേകിച്ച് പണിയ സമുദായത്തില്‍ മുപ്പത്തഞ്ചിനും അറുപതിനും ഇടയിലുള്ള പുരുഷന്മാരുടെ അംഗസംഖ്യ ഗണ്യമായി കുറഞ്ഞുവരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഇത് സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇവര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവന്ന മദ്യപാനശീലമാണ് പ്രധാന വില്ലന്‍. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും, ജീവിതശൈലിയും രോഗങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമായിട്ടുണ്ട്. തൊഴിലില്ലായ്മയും, സമൂഹത്തില്‍ പ്രത്യക്ഷപ്പെടുവാനുള്ള സാമ്പത്തികശേഷിക്കുറവും മൂലം തങ്ങളുടെ ചെറിയ ലോകത്ത് ഒതുങ്ങിക്കൂടിയ അവരില്‍ പലരും, പൊതുസമൂഹത്തില്‍ നിന്ന് ഒരു കാര്യം മാതൃകയാക്കി. അതായിരുന്നു അനാരോഗ്യകരമായ മദ്യപാനശീലം. മുന്‍കാലങ്ങളിലും മദ്യം ഇവര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും അത് ഇത്രമാത്രം ദോഷകരമായിരുന്നില്ല. അക്കാലങ്ങളിലൊന്നും ഇവരില്‍ ആരുംതന്നെ തികഞ്ഞ മദ്യപാനികള്‍ ആയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ആദിവാസികളില്‍ വലിയൊരു വിഭാഗം വിലകുറഞ്ഞ മദ്യം അളവില്ലാതെ ഉപയോഗിച്ച് മാരക രോഗത്തിന് അടിമകളായി തീര്‍ന്നിരിക്കുന്നു. പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പേ തന്നെ മദ്യാസക്തിയില്‍ അകപ്പെടുന്നവരും വലിയൊരു ശതമാനമുണ്ട്. വാസ്തവത്തില്‍ ഇന്ന് വയനാട്ടിലെ ആദിവാസി സമൂഹം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്.

കുത്തഴിഞ്ഞ സാമൂഹിക ചുറ്റുപാടുകള്‍
ഒരു കാലത്ത് അടുക്കും ചിട്ടയുമുള്ള ജീവിതം നയിച്ചിരുന്നവരാണ് ആദിവാസികള്‍. അവരുടെ തനത് സംസ്‌കാരവും, ജീവിത രീതികളും ആരോഗ്യകരമായ കുടുംബാന്തരീക്ഷവും വ്യക്തി ബന്ധങ്ങളും നിലനിര്‍ത്താന്‍ പര്യാപ്തമായിരുന്നു. എന്നാല്‍, ഘട്ടം ഘട്ടമായി തങ്ങളുടെ സവിശേഷമായ ജീവിത ചുറ്റുപാടുകളില്‍ മാറ്റം വന്നതോടെ അനേകം ആദിവാസി കോളനികള്‍ക്ക് തനിമ കൈമോശം വന്നു. രോഗങ്ങളും അനാരോഗ്യാവസ്ഥകളും വര്‍ദ്ധിച്ചതോടെ അനവധി കുടുംബങ്ങള്‍ക്ക് കെട്ടുറപ്പ് നഷ്ടപ്പെട്ടു. അനാഥക്കുട്ടികളുടെ എണ്ണങ്ങള്‍ കൂടി. വിവാഹേതര ബന്ധങ്ങളും, പിതൃത്വം വ്യക്തമല്ലാത്ത കുഞ്ഞുങ്ങളുടെ എണ്ണവും ചില മേഖലകളില്‍ ഏറെയാണെന്നുള്ള സൂചനകളുണ്ട്. ചില പ്രദേശങ്ങളിലെ ആദിവാസി കോളനികളിലേയ്ക്ക് കടന്നുചെന്നാല്‍, ഇത്തരത്തില്‍ സങ്കീര്‍ണ്ണങ്ങളായ സ്ഥിതിവിശേഷങ്ങള്‍ ഏറെയാണ്. ഇത്തരത്തില്‍ കുത്തഴിഞ്ഞ അവസ്ഥകളിലൂടെ കടന്നുപോകുന്ന അനവധി കുടുംബങ്ങളും, ആദിവാസി സമൂഹങ്ങളും ഈ പൊതുസമൂഹത്തിനു മുന്നില്‍ വലിയ ചോദ്യചിഹ്നമായി നിലകൊള്ളുന്നു. ഇത്തരത്തിലുള്ള ജീവിത പശ്ചാത്തലങ്ങളില്‍ ജനിച്ചു വളരുന്ന കുട്ടികളില്‍ ശരിയായ വിദ്യാഭ്യാസം ലഭിക്കാന്‍ അവസരം കിട്ടുന്നവരുടെ എണ്ണം വളരെ വിരളമാണ്. വിദ്യാഭ്യാസത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മറ്റുമുള്ള അവരുടെ കാഴ്ചപ്പാടുകള്‍ തന്നെ വളരെ വികലമായിരിക്കാന്‍ വഴിയുണ്ട്.

സംവരണങ്ങളും, സാമ്പത്തികസഹായങ്ങളും, ആനുകൂല്യങ്ങളും ശാശ്വതമായ പരിഹാരമോ?
ആദിവാസിസമൂഹങ്ങളുടെ ഉന്നമനത്തിനായി കാലങ്ങളായി നാം മുന്നോട്ടുവയ്ക്കുന്ന ഒരു മാര്‍ഗ്ഗമാണ് സംവരണങ്ങള്‍. അവരുടെ വളര്‍ച്ചയ്ക്കായി നീക്കിവയ്ക്കപ്പെടുന്ന ധനത്തില്‍ മോശമല്ലാത്ത ഒരു ഭാഗം പണമായി തന്നെ വിതരണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇത്തരം പദ്ധതികള്‍ പലപ്പോഴും ഫലശൂന്യമായി മാറുന്നതായാണ് അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഓരോ കാലത്തും നീക്കിവയ്ക്കപ്പെടുന്ന, തൊഴിലവസരങ്ങളിലും വിദ്യാഭ്യാസമേഖലയിലുമുള്ള സംവരണങ്ങള്‍ വീതംവയ്ക്കുമ്പോള്‍ ഒരു വിഭാഗത്തിന് ഉപകാരമായേക്കാമെങ്കിലും, ഭൂരിപക്ഷം വരുന്ന അധഃസ്ഥിത വര്‍ഗ്ഗത്തിന് സാധാരണയായി പ്രയോജനം ഉണ്ടാവാറില്ല. കേരളത്തിലെ മുപ്പത്തിയേഴ് ആദിവാസി വിഭാഗങ്ങള്‍ക്കുമായി നിശ്ചയിക്കപ്പെടുന്ന സംവരണങ്ങളുടെ ബഹുഭൂരിഭാഗവും വിരലിലെണ്ണാവുന്ന ചില സമുദായങ്ങളില്‍ മാത്രമായാണ് ഒതുങ്ങുന്നത്. അത്തരം സംവരണങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലാത്തവരാണ് ഇന്നും ആദിവാസികളില്‍ അധിക പങ്കും. സാമ്പത്തിക സഹായത്തിന്റെയും, മറ്റ് ആനുകൂല്യങ്ങളുടെയും കാര്യത്തിലും ഉപരിപ്ലവമായ ചില നേട്ടങ്ങള്‍ അവകാശപ്പെടാം എന്നല്ലാതെ, ശാശ്വതമായ ഫലം ആദിവാസി വിഭാഗങ്ങള്‍ക്ക് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ, സര്‍ക്കാര്‍ കൃഷിഭൂമി അനുവദിച്ചിട്ടുള്ള ആദിവാസി കുടുംബങ്ങളെ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. അവരില്‍ നല്ലൊരു വിഭാഗത്തിന് ഇനിയും അത് വേണ്ടവിധം ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല (കല്‍പ്പറ്റ സുഗന്ധഗിരിയിലെ ഏലം എസ്‌റ്റേറ്റ് ഉദാഹരണമാണ്). പ്രത്യേകിച്ച്, പണിയ വിഭാഗങ്ങളില്‍ പെട്ടവര്‍, സ്വന്തം ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്നതില്‍ തല്‍പ്പരരല്ല എന്നതാണ് പ്രധാനമായൊരു കാരണം. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ എത്രമാത്രം അത്തരക്കാര്‍ക്ക് പ്രയോജനപ്രദമാകുന്നു എന്നുള്ളതിന് ഒരു ഉദാഹരണം കൂടിയാണ് ഈ അനുഭവം.

വയനാടിന്റെ ജനസംഖ്യയില്‍ പതിനേഴു ശതമാനമാണ് ആദിവാസികള്‍. ചില വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണക്കുകള്‍ അനുസരിച്ച്, ഏഴോളം വിഭാഗങ്ങളിലായി 2167 ആദിവാസി കോളനികള്‍ വയനാട്ടിലുണ്ട്. മുപ്പത്താറായിരത്തില്‍ പരം കുടുംബങ്ങളുണ്ട്. വികസനവും, അതിജീവനവും സംബന്ധിച്ച് വളരെ സങ്കീര്‍ണ്ണമാണ് ഇന്നത്തെ അവരുടെ അവസ്ഥകള്‍. ആദിവാസികളുടെ സവിശേഷമായ ജീവിതാവസ്ഥകളും അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പഠിച്ച് അവരുടെ കാര്യങ്ങളില്‍ ഇടപെടുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍, രണ്ടായിരത്തിലധികം വരുന്ന അവരുടെ കോളനികളെല്ലാം തന്നെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതായുണ്ട് എന്നതാണ് വാസ്തവം. കാരണം, അത്രമാത്രം ആഴമുള്ളതാണ് ആദിവാസി സമൂഹങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങള്‍. മാറിവരുന്ന സര്‍ക്കാരുകളെല്ലാം ആദിവാസിവിഭാഗങ്ങളെക്കുറിച്ചുള്ള വിഷയങ്ങളില്‍ ഒരു പരിധിവരെ തല്‍പ്പരരാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ ആദിവാസി പുനരുദ്ധാരണം ലക്ഷ്യം വച്ചുകൊണ്ട് നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുകയും, കാലാകാലങ്ങളില്‍ അവ പരിഷ്‌കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും, അവരുടെ സമഗ്രമായ ഉന്നമനം ഇന്നും വളരെ വിദൂരമായ ഒരു ലക്ഷ്യമായി തുടരുന്നു. അവരുടെ ഭൗതിക സൗകര്യങ്ങളും, ആരോഗ്യ പ്രതിസന്ധികളും, വിദ്യാഭ്യാസപരമായ ആവശ്യങ്ങളും, സാമൂഹികമായ പ്രതിബന്ധങ്ങളുമെല്ലാം മുന്നില്‍ കണ്ടുകൊണ്ട് കോടിക്കണക്കിന് രൂപ ചെലവഴിക്കപ്പെടുന്നുണ്ടെങ്കിലും അര്‍ഹിക്കുന്നവരിലേയ്ക്ക് ഫലപ്രദമായ രീതിയില്‍ എത്തിച്ചേരുന്ന തുക വളരെ പരിമിതമാണ്. അഥവാ, യഥാര്‍ത്ഥത്തില്‍ ഇന്നും താഴെക്കിടയില്‍ തുടരുന്ന ആദിവാസി സമൂഹങ്ങളുടെ പുനരുദ്ധാരണത്തിനായി ഉപകരിക്കുന്ന പ്രോജക്ടുകള്‍ പരിമിതമായി തുടരുകയാണ്.

ആദിവാസി വിഭാഗങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് ഇനിയും നാം ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. എല്ലാ മേഖലകളും, വിവിധ ആദിവാസി വിഭാഗങ്ങളും ഉള്‍പ്പെടുന്ന പഠനങ്ങള്‍ അതിന് ആവശ്യമാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ആവശ്യം എന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ഇന്നത്തെ പൊതുസമൂഹത്തിന് അനുയോജ്യമായ രീതിയില്‍ അവര്‍ക്കൊപ്പം ജീവിക്കുന്നതിനുള്ള ആര്‍ജ്ജവവും, താത്പര്യവും അതിന് അനുയോജ്യമായ കാഴ്ചപ്പാടുകളും രൂപപ്പെടുത്തിയെടുക്കുകയാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ കര്‍ത്തവ്യം. അതിനു വേണ്ടത്, അവരുടെ സംസ്‌കാരവും, നിലപാടുകളും മനസിലാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസം അവര്‍ക്ക് നല്‍കുകയാണ്. സംവരണമല്ല അവര്‍ക്ക് വേണ്ടത്. സംവരണം ആവശ്യം വരാത്ത ഒരു തലത്തിലേയ്ക്ക് അവരുടെ സമൂഹങ്ങളെ കൈപിടിച്ച് ഉയര്‍ത്തുകയാണ്. ഇത്തരത്തില്‍, വ്യക്തമായ കാഴ്ച്ചപ്പാടുകളോടെ രൂപപ്പെടുത്തപ്പെട്ട പദ്ധതികളുടെ പിന്‍ബലത്തിലുള്ള ശാസ്ത്രീയമായ ഇടപെടലുകള്‍ ഉണ്ടാകാത്തപക്ഷം ആദിവാസികളുടെ നേട്ടങ്ങള്‍ ചില സമൂഹങ്ങളില്‍ മാത്രം ഒതുങ്ങുന്നതും, ഭൂരിപക്ഷത്തിന്റെ തകര്‍ച്ചകള്‍ അതിരൂക്ഷവുമായി തുടര്‍ന്നേക്കും.

എഡിറ്റർ, സിഗ്നൽ ന്യൂസ്

Leave A Reply

Your email address will not be published.