Voice of Truth

വൃക്ഷവൈദ്യന്‍

മരങ്ങള്‍ക്കുവേണ്ടി ഒരു ഡോക്ടറോ.. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു അല്ലേ. എന്നാല്‍ സംഭവം കെട്ടുകഥയല്ല സത്യംതന്നെ.
മലയിഞ്ചിപാറ സെന്റ് ജോസഫ് യു. പി സ്‌കൂളിന്റെ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവിന് ഒരു വൃക്ഷവൈദ്യന്‍ ചികിത്സയിലൂടെ പുനര്‍ജന്മം നല്‍കി.

സെന്റ് ജോസഫ് യു.പി സ്‌കൂളിലും അവിടുത്തെ കുട്ടികള്‍ക്കും തണലേകിയ മാവ് ഒരു ദിവസം എന്തോ അപൂര്‍വ്വരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. തങ്ങള്‍ക്ക് ഇക്കാലമത്രയും ഏതു കൊടും ചൂടിലും തണലേകിയ മാവിന് ഇങ്ങനെ സംഭവിച്ചത് കുട്ടികളെ വേദനിപ്പിച്ചു. അവര്‍ കൂട്ടായ തീരുമാനമെടുത്തു ഈ മരത്തിനെ ഏതുവിധേനയും തിരികെ കൊണ്ടുവരണമെന്ന്. അങ്ങനെ അവര്‍ മരങ്ങളെ ചികിത്സിക്കുന്ന വൈദ്യന്റെ സഹായം തേടി. അടുത്ത ദിവസം തന്നെ അദ്ദേഹം അവിടെ സന്ദര്‍ശിച്ച് മരത്തെ പരിശോധനയ്ക്ക് വിധേയമാക്കി. ഇലകള്‍ കൊഴിഞ്ഞു പോകുന്ന ഒരു അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി. ഈ മരത്തെ ജീവനിലേക്ക് തിരികെ കൊണ്ടുവരാം എന്ന് കുട്ടികള്‍ക്ക് ഉറപ്പുനല്‍കി അന്ന് അദ്ദേഹം മടങ്ങി. അടുത്ത ദിവസം മുതല്‍ ചികിത്സ ആരംഭിച്ചു. മരത്തിലെ നശിച്ച ഭാഗങ്ങളെല്ലാം വൃത്തിയാക്കി മരുന്നുകള്‍ പുരട്ടി. തുടര്‍ന്ന് കുറച്ചു ദിവസത്തേക്ക് മരത്തിന് പ്രത്യേക ഭക്ഷണക്രമീകരണവും നിര്‍ദ്ദേശിച്ചു. ഈ മരം തങ്ങള്‍ക്ക് തണലും ഫലങ്ങളും നല്‍കാന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ കുട്ടികള്‍ കാത്തിരിക്കുന്നു.

ഇത് കെ. ബിനു, ജീവിതംകൊണ്ട് അധ്യാപകന്‍. ഒരു അധ്യാപകന്‍ എന്ന പേരില്‍ അല്ല മറിച്ച്, വൃക്ഷങ്ങളെ ചികിത്സിക്കുന്ന ഒരു വൈദ്യന്‍ എന്ന പേരിലാണ് ഇദ്ദേഹം ഇന്ന് അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. പുരാതനമായ അമൂല്യ ഗ്രന്ഥങ്ങള്‍ ശേഖരിച്ച് അവയില്‍നിന്നു മരങ്ങളെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചും കുറെ അറിവുകള്‍ ശേഖരിച്ച് വൃക്ഷ ആയുര്‍വേദം അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നു. പ്രകൃതി സ്‌നേഹിയായ ബിനു, പലവിധ രോഗങ്ങള്‍ ബാധിച്ച് നശിച്ചുകൊണ്ടിരിക്കുന്ന മരങ്ങളെ സംരക്ഷിച്ചു സുഖപ്പെടുത്താന്‍ ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിക്കുകയും അതിനുവേണ്ടി ഇറങ്ങിത്തിരിക്കുകയും ചെയ്തു. രോഗം ബാധിച്ച ഒരു മനുഷ്യനെ കൊന്നു കളയാതെ ചികിത്സിപ്പിച്ച് സൗഖ്യം കൊടുക്കുന്നതുപോലെതന്നെ രോഗം ബാധിച്ച മരങ്ങള്‍ മുറിച്ചു കളയാതെ മനുഷ്യനെപ്പോലെ തന്നെ അവയ്ക്ക് ജീവനും വേദനയും ഏകാന്തതയും സ്‌നേഹത്തിനുവേണ്ടിയുള്ള ആഗ്രഹവും ഉണ്ടെന്ന് മനസിലാക്കി വൃക്ഷങ്ങളെ പരിപാലിക്കണമെന്ന് സംസ്ഥാന ഫോറസ്റ്റ് ആന്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡിലെ അംഗം കൂടിയായ ബിനു പറയുന്നു.

അദ്ദേഹത്തിന്റെ ആദ്യ വൃക്ഷചികിത്സ ആരംഭിച്ചത് ആലുവയിലെ പകുതി കത്തി നശിച്ച ഒരു മരത്തില്‍ ആയിരുന്നു. തുടര്‍ന്ന് ഇന്നോളം ഇരുപത്തിമൂന്നോളം മരങ്ങളെ ചികിത്സിച്ച് സുഖപ്പെടുത്തി. ഓരോ മരങ്ങള്‍ക്കും അവയുടെ രോഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുളള വ്യത്യസ്തമായ ചികിത്സാരീതിയാണ് ബിനു നല്‍കിവരുന്നത്. ചിതല്‍പ്പുറ്റുകളില്‍ നിന്നുള്ള മണ്ണ്, നെല്‍പ്പാടങ്ങളിലെ കളിമണ്ണ്, ചാണകം, പശുവിന്‍ പാല്‍, നെയ്യ്, പഴം എന്നിവയെല്ലാം ചേര്‍ത്ത് കുഴച്ച് മരത്തിന്റെ തൊലി നഷ്ടപ്പെട്ട ഭാഗത്ത് തേച്ചുപിടിപ്പിക്കും. ശേഷം കോട്ടന്‍ തുണി കൊണ്ട് പൊതിയും. ചിലപ്പോള്‍ മരത്തിന്റെ ചുവട്ടിലും പശുവിന്‍പാല്‍ ഒഴിക്കേണ്ടി വന്നേക്കാം. ഏകദേശം ആറു മാസത്തെ ചികിത്സകൊണ്ടുതന്നെ മിക്ക രോഗങ്ങളും മുറിവുകളും മാറി പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിച്ചേരും; അദ്ദേഹം പറയുന്നു. മരങ്ങള്‍ പ്രത്യേകിച്ച് റോഡരുകില്‍ ഉള്ളവ വളരെയധികം ദുരുപയോഗങ്ങള്‍ക്ക് വിധേയരാകുന്നു. രോഗങ്ങളും പരിസ്ഥിതി മലിനീകരണംമൂലം ഉണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും കൂടാതെ അവയെ ഇന്ന് പലരും നിശബ്ദമായി വിഷംകൊടുത്ത് കൊന്നുകൊണ്ടുമിരിക്കുന്നു. ഇതിനെതിരെ പൊതുസമൂഹത്തിന്റെ അടിയന്തര ശ്രദ്ധ ഉണരേണ്ടിയിരിക്കുന്നു.

Leave A Reply

Your email address will not be published.