Voice of Truth

ട്രാഫിക്കില്‍ കുടുങ്ങി മടുത്തോ??????……. ആശ്വാസമായി പറക്കും ടാക്‌സികള്‍ വരുന്നു

ട്രാഫിക് ബ്ലോക്കുകള്‍ ശ്വാസം മുട്ടിക്കുന്ന ഏഷ്യയിലെ പട്ടണങ്ങളിലേക്ക് വിപ്ലവമാകാന്‍ വരുന്നൂ പറക്കും ടാക്‌സികള്‍. ജര്‍മ്മന്‍ കമ്പനിയായ വൊളോക്കോപ്റ്റര്‍ നിര്‍മ്മിച്ച 18 പ്രൊപ്പല്ലര്‍ വാഹനം പരീക്ഷാടിസ്ഥാനത്തില്‍ ഒരു പൈലറ്റിന്റെ സഹായത്തോടെ സിങ്കപ്പൂരിലെ മറീനാ ബേ ജില്ലയെ ചുറ്റി രണ്ടു മിനിറ്റ് 30 സെക്കണ്ട് നേരം പറന്നു.

ഡ്രോണുകളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കാഴ്ചയില്‍ ഇവ ചെറിയ ഹെലിക്കോപ്റ്ററിനു സമാനമാണ്. പൈലറ്റുകളില്ലാതെ സ്വന്തമായി പറക്കാന്‍ സാധിക്കുമെങ്കിലും സുരക്ഷാകാരണങ്ങളാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ പറത്തിയപ്പോള്‍ പൈലറ്റുകളാണ് പറക്കും ടാക്‌സികള്‍ നിയന്ത്രിച്ചത്.
ദുബായ്, ഹെല്‍സിങ്കി, ജെര്‍മ്മനി, ലാസ് വേഗസ് എന്നിവിടങ്ങളില്‍ ഇതിനുമുമ്പ് പരീക്ഷണം നടത്തിയിട്ടുള്ളതാണ്. എങ്കിലും സിങ്കപ്പൂര്‍പോലെ ഒരു നഗരഹൃദയത്തില്‍ പറത്തുന്നത് ഇതാദ്യമായാണ്.
യാത്രാചിലവിനെക്കുറിച്ച് തീരുമാനമായിട്ടില്ലെങ്കിലും ടാക്‌സിയെക്കാളും അല്പം കൂടുതല്‍ എന്ന നിലയിലാവും ഇതിന്റെ നിരക്കുകള്‍ വരിക. ജക്കാര്‍ത്താ, മനിലാ, ബാങ്കോക്ക്, ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളിലും സേവനം ലഭ്യമാക്കാനാകും എന്ന് വൊളൊക്കോപ്റ്റര്‍ പ്രതീക്ഷിക്കുന്നു.
ഏഷ്യയിലെ ഒരുപാട് പ്രധാനനഗരങ്ങള്‍ ട്രാഫിക്ക് ജാമുകള്‍ക്ക് കുപ്രസിദ്ധമാണ്. ലക്ഷക്കണക്കിന് യാത്രക്കാരാണ് യാത്ര നീളുന്നതിനാല്‍ ക്‌ളേശം അനുഭവിക്കുന്നത്. പ്രധാനപ്പെട്ട മീറ്റിങ്ങുകള്‍ക്കു പോകേണ്ടവര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരേണ്ടര്‍ മുതലായവര്‍ക്കെല്ലാം ട്രാഫിക് ബ്ലോക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. സിങ്കപ്പൂരിലെ മരീനാ ബേയില്‍നിന്നും സെന്റോസാ ദ്വീപിലേക്കുള്ള യാത്രകള്‍ പ്രത്യേകിച്ചും വിനോദസഞ്ചാരം സുഗമമാക്കാന്‍ ഈ പറക്കും ടാക്‌സികള്‍ ഉപയോഗിച്ചു തുടങ്ങും. പറക്കും ടാക്‌സികള്‍ക്കായി ടേക്ക് ഓഫ് പാടുകളും പാസെഞ്ചര്‍ ടെര്‍മിനലുകളുമുള്ള വൊളൊപോര്‍ട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. ഊബര്‍, കിറ്റി ഹോക്ക് മുതലായ കമ്പനികള്‍ വൊളൊക്കോപ്റ്ററിന് ഈ രംഗത്ത് വെല്ലുവിളിയാകാനുള്ള സാധ്യതയുണ്ട്.

Leave A Reply

Your email address will not be published.