Voice of Truth

തൃശൂര്‍ പൂരത്തെ തുടര്‍ന്ന് ഒരു ഹൈടെക്ക് വിവാദം… പൂരത്തിന്റെ കോപ്പിറൈറ് സോണിക്കോ?

തൃശൂര്‍: പൂരത്തിന് കൊടിയിറങ്ങിയതോടെ പൂരമേളം സംബന്ധിച്ച ഒരു ഹൈടെക് വിവാദം സോഷ്യല്‍ മീഡിയയില്‍ പുകയുകയാണ്. തൃശൂര്‍ പൂരത്തിന്റെ ഭാഗമായ ഇലഞ്ഞിത്തറമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും ദൃശ്യങ്ങള്‍ യൂട്യൂബില്‍ പലരും അപ്ലോഡ് ചെയ്യുമ്പോള്‍, പകര്‍പ്പവകാശ നിയമപ്രകാരം പ്രസ്തുത വീഡിയോകള്‍ യൂട്യൂബ് ബ്ലോക്ക് ചെയ്യുന്നതായുള്ള പരാതികളായിരുന്നു തുടക്കം. ഓഡിയോയുടെ പകര്‍പ്പവകാശം സോണി കമ്പനിയ്ക്കാണ് എന്ന അറിയിപ്പ് പലര്‍ക്കും ലഭിക്കുകയുണ്ടായി. റസൂല്‍ പൂക്കുട്ടി നായകനായ ദ സൗണ്ട് സ്റ്റോറി എന്ന സിനിമയുടെ പകര്‍പ്പവകാശം സോണി കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു സാങ്കേതിക പ്രശ്നം സംഭവിച്ചിരിക്കുന്നത് എന്നാണ് സൂചന.

പ്രസ്തുത സിനിമയുടെ ഭാഗമായി തൃശൂര്‍ പൂരത്തിന്റെയും ഇലഞ്ഞിത്തറമേളത്തിന്റെയും ദൃശ്യങ്ങളും ശബ്ദവും ഉപയോഗിച്ചിരുന്നു. 2017ലെ പൂരത്തില്‍ നിന്ന് പൂരം ഗാനവും, പഞ്ചവാദ്യവും, ഇലഞ്ഞിത്തറമേളവും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും, സിനിമയ്ക്കായി ക്രിയേറ്റ് ചെയ്ത ദൃശ്യങ്ങളുടെയും ഗാനങ്ങളുടെയും പകര്‍പ്പവകാശം മാത്രമാണ് സോണിക്ക് നല്‍കിയിട്ടുള്ളതെന്ന് പിന്നണിപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ഇതിനിടെ പൂരത്തിന്റെ പകര്‍പ്പവകാശം റസൂല്‍ പൂക്കുട്ടി വിറ്റു എന്ന രീതിയിലുള്ള പ്രചാരണങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇത്തരത്തില്‍ തനിക്ക് നേരെ ഉയരുന്ന ദുഷ്പ്രചരണത്തിനെതിരെ അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. പൂരത്തിന്റെ മേളങ്ങള്‍ക്ക് സോണി പകര്‍പ്പവകാശം ഉന്നയിച്ചിട്ടില്ല എന്ന് സോണി മ്യൂസിക്സിന്റെ തെന്നിന്ത്യന്‍ മേധാവി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പെരുവനം കുട്ടന്‍ മാരാരുടെ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഇലഞ്ഞിത്തറമേളത്തിന്റെയും, സതീശന്‍ മാരാരുടെ പഞ്ചവാദ്യത്തിന്റെയും ചെറിയ ഭാഗങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളതിന് പകര്‍പ്പവകാശ നിയമം ബാധകമാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയമ പ്രകാരം ഈ ഭാഗങ്ങള്‍ കോപ്പി ചെയ്ത് പ്രചരിപ്പിക്കുന്നതിന് തടസമുണ്ട്.

എന്നാല്‍, സിനിമയുടെ പകര്‍പ്പവകാശം സോണിക്ക് ലഭിച്ചതിനു ശേഷം, മറ്റു ചില പൂരങ്ങളുടെ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചപ്പോഴും സമാനമായ കോപ്പി റൈറ്റ് നോട്ടീസ് യൂട്യൂബില്‍ നിന്ന് ലഭിച്ചതായും ചിലര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ വിവാദം വിരല്‍ ചൂണ്ടുന്നത് അല്‍പ്പംകൂടി സങ്കീര്‍ണ്ണമായ ഒരു വിഷയത്തിലേയ്ക്കാണ്. പകര്‍പ്പവകാശം സംബന്ധിച്ച വിഷയം പരിഹരിക്കുന്നതിനായി ആവശ്യമെങ്കില്‍ ഇടപെടാന്‍ തയ്യാറാണ് എന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

യൂട്യൂബിന്റെ കോപ്പി റൈറ്റ് എന്ത്, എങ്ങനെ?
ഓരോ മണിക്കൂറിലും ആയിരക്കണക്കിന് മണിക്കൂര്‍ വീഡിയോകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും അപ്‌ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സെര്‍വര്‍ ആണ് യൂട്യൂബ്. ലോകത്തിലെ പല രാജ്യങ്ങളും, പ്രത്യേകിച്ച് അമേരിക്ക കര്‍ശനമായി നടപ്പാക്കുന്ന കോപ്പിറൈറ്റ് സംബന്ധമായ നിയമങ്ങള്‍ യൂട്യൂബിന് ബാധകമാണ്. യൂട്യൂബ് സെര്‍വറിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് കോപ്പി റൈറ്റ് നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഓരോ വീഡിയോയും അപ്ലോഡ് ചെയ്യപ്പെടുമ്പോള്‍ തന്നെ വിലയിരുത്തുന്നത്. അതിനായി മുമ്പ് കോപ്പി റൈറ്റ് ക്ലെയിം ചെയ്യപ്പെട്ട വീഡിയോ, ഓഡിയോ, മോഷന്‍ ഗ്രാഫിക്സ് തുടങ്ങിയവയുടെ ഡാറ്റാബേസുമായി വളരെ സൂക്ഷ്മതയോടെ ഒത്തുനോക്കുകയാണ് ചെയ്യുക.

വീഡിയോകളെക്കാള്‍ മ്യൂസിക്, വിഷ്വല്‍ ഗ്രാഫിക്സ് തുടങ്ങിയവ കൂടുതല്‍ കര്‍ശനമായി യൂട്യൂബ് ശ്രദ്ധിക്കാറുണ്ട്. കാരണം, വീഡിയോ പകര്‍ത്തപ്പെടുന്നതാണെങ്കില്‍ മറ്റു രണ്ടും ക്രിയാത്മകമായ സൃഷ്ടികളാണ്. അതിനാല്‍ തന്നെ, താരതമ്യേന എളുപ്പത്തില്‍ കോപ്പി റൈറ്റ് വയലേഷന്‍ കണ്ടെത്താനും കഴിയും. ഇലഞ്ഞിത്തറമേളത്തിന്റെയും, പഞ്ചവാദ്യത്തിന്റെയും ചില മിനിട്ടുകള്‍ വരുന്ന ഓഡിയോ, യൂട്യൂബിന്റെ കോപ്പി റൈറ്റ് ഡാറ്റാബേസില്‍ ഉള്‍പ്പെട്ട സ്ഥിതിക്ക് സൗണ്ട് ട്രാക്കിലെ സാമ്യം വച്ച് ഇനിയുള്ള എല്ലാ കാലവും കോപ്പി റൈറ്റ് വയലേഷന്‍ ആരോപിക്കപ്പെട്ടാല്‍ അതില്‍ അതിശയമില്ല. ആവശ്യമായ നടപടികള്‍ താമസംവിനാ സ്വീകരിക്കുന്നതാണ് യുക്തം.

Leave A Reply

Your email address will not be published.