തൃശൂര്‍: മനുഷ്യഹൃദയങ്ങളുടെ കൂട്ടായ്മയിലാണ് സമൂഹത്തിന്റെ സുസ്ഥിതിയെന്നും ഈ കൂട്ടായ്മയുടെ പൂര്‍ണ്ണത തൃശൂരില്‍ ദൃശ്യമാകുന്നത് കളക്ടറെന്ന നിലയില്‍ വലിയ സന്തോഷം ജനിപ്പിക്കുന്നുവെന്നും ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അഭിപ്രായപ്പെട്ടു. തൃശൂരിലെ പൊതുസമൂഹത്തിന് ജാതി മത ചിന്തകള്‍ക്കധീതമായ സാംസ്‌കാരിക മനസ്സുകൂടിയുള്ളതിനാലാണ് തൃശൂര്‍ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ക്കും, ബസിലിക്ക- കത്തീഡ്രല്‍ ട്രസ്റ്റിമാര്‍ക്കും തൃശിവപേരൂര്‍ സത്‌സംഗ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. സണ്‍ മെഡിക്കല്‍ ആന്റ് റിസെര്‍ച്ച് സെന്റര്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സത്‌സംഗ് രക്ഷാധികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
ഇത്തരത്തിലുള്ള കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുകയെന്നത് തന്റെ ഭരണ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മുന്‍ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരെ സത്‌സംഗിന്റെ രക്ഷാധികാരികളായി യോഗം തെരഞ്ഞെടുത്തു. ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന് സത്‌സംഗ് വിശിഷ്ടാംഗത്വം നല്‍കി. സത്‌സംഗ് പ്രസിഡന്റ് പ്രൊഫ. എം. മാധവന്‍കുട്ടി, ജനറല്‍ സെക്രട്ടറി ജോജു തേയ്ക്കാനത്ത്, പ്രതാപ് വര്‍ക്കി എന്നിവര്‍ സംസാരിച്ചു.