കഴിഞ്ഞയാഴ്ച വടക്ക് പടിഞ്ഞാറന്‍ തായ്ലന്‍ഡിലായിരുന്നു സംഭവം. താന്‍ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്ത വിവരം മാതാപിതാക്കള്‍ അറിയാതിരിക്കുവാന്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടി പ്രസവിച്ച ഉടനെ ആരുമറിയാതെ കുഞ്ഞിനെ ജീവനോടെ കുഴിച്ചിടുകയായിരുന്നു. ഇത് ശ്രദ്ധിച്ച ഒരു കാലിന് ശേഷിയില്ലാത്ത വളര്‍ത്തുനായയായ പിംഗ് പോംഗ് മണ്ണ് മാന്തുകയും, ബഹളം വച്ച് തന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തുകയുമാണ് ഉണ്ടായത്. ഓടിയെത്തിയ പരിസരവാസികള്‍ ഒരു ശിശുവിന്റെ കാല്‍ മണ്ണില്‍ നിന്ന് പുറത്തേയ്ക്ക് നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. അവർ ഉടന്‍ കുഞ്ഞിനെ ഹോസ്പിറ്റലില്‍ എത്തിക്കുകയും കുഞ്ഞ് രക്ഷപെടുകയും ചെയ്തു. 2.4 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് സുഖമായിരിക്കുന്നു എന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഭവത്തെ തുടര്‍ന്ന് വികലാംഗനായ ആ നായയാണ് സോഷ്യല്‍ മീഡിയയിലെ താരം.
പോലീസ്, കൗമാരക്കാരിയായ അമ്മയെ അറസ്റ്റ് ചെയ്യുകയും, കുഞ്ഞിനെ ഉപേക്ഷിച്ചതിനും, വധശ്രമത്തിനും അവള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുകയുമുണ്ടായി. എന്നാല്‍, സംഭവത്തെ തുടര്‍ന്നുണ്ടായ മാനസികാഘാതം മൂലം പെണ്‍കുട്ടിയെ മാനസികരോഗവിദഗ്ദന്റെ മേല്‍നോട്ടത്തില്‍ മാതാപിതാക്കളുടെ സംരക്ഷണയിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകൾ. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍, പോലീസിന് പരിമിതികളുണ്ട്. ശിശുക്ഷേമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ വേണം ചോദ്യം ചെയ്യലുകള്‍ എന്ന പോലീസ് അധികാരികളുടെ പ്രതികരണം, ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, കുഞ്ഞിനെ അവരെ ഏല്‍പ്പിക്കണമോ, വേണ്ടയോ എന്ന കാര്യത്തില്‍ അധികാരികള്‍ തീരുമാനമെടുത്തിട്ടില്ല.
കുഞ്ഞിന് രക്ഷകനായെത്തിയ നായയ്ക്ക് ചെറുപ്പത്തിലുണ്ടായ ഒരപകടത്തിലാണ് ഒരു കാല്‍ നഷ്ടപ്പെട്ടത് എന്ന് ഉടമസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. വളരെ അനുസരണാശീലമുള്ളവനും സല്‍സ്വഭാവിയുമായാണ് നായയെ താന്‍ വളര്‍ത്തിയതെന്നും, കന്നുകാലികളെ മേയ്ക്കാന്‍ പോകുമ്പോള്‍ അത് തനിക്ക് വലിയ ഉപകാരിയാണ് എന്നും അയാള്‍ വിശദീകരിച്ചു. ഇന്ന് പിംഗ് പോംഗ് ആ ഗ്രാമത്തില്‍ ഏവര്‍ക്കും പ്രിയങ്കരനാണ്.