Voice of Truth

മഹാബലി നൽകുന്ന ഓണ സന്ദേശം

നാം മലയാളികള്‍ വീണ്ടും ഓണത്തിരക്കിലായി. പ്രളയവും ദുരന്തങ്ങളും സാമ്പത്തിക ഞെരുക്കങ്ങളുമെല്ലാം ഉണ്ടെങ്കിലും മലയാളികള്‍ക്ക് ഓണത്തിന്റെ ആവേശം നഷ്ടപ്പെടില്ല. ഓണം കേരളത്തിന്റെ ദേശീയ ആഘോഷം ആണല്ലോ. എല്ലാ മലയാളികള്‍ക്കും ഹൃദയപൂര്‍വ്വം ഓണാശംസകള്‍ നേരുന്നു.

ജനാധിപത്യസംവിധാനത്തില്‍ ജീവിക്കുന്ന ഒരു സമൂഹമാണ് ഓണത്തിന് ഒരു രാജാവിനെ സ്‌നേഹത്തോടെ ഓര്‍ക്കുന്നത്, മാവേലി എന്ന രാജാവിനെ. രാജവാഴ്ച അവസാനിപ്പിച്ച് ജനാധിപത്യ ഭരണസംവിധാനത്തിലേക്ക് മാറിയ ഒരു ജനത, ഒരു രാജാവിനെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു എന്നുള്ളത് ശ്രദ്ധിക്കണം. അതും സങ്കല്പത്തില്‍ ഉള്ള ഒരു രാജാവിനെ.

ഓണം നമ്മോടു പറയുന്ന ഒരു സത്യമുണ്ട്, അത് ഇതാണ്. ഭരിക്കുന്നവരുടെ ഭരണരീതിയും, ഭരിക്കപ്പെടുന്നവരുടെ ക്ഷേമവും തമ്മില്‍ ഒരു നേര്‍ബന്ധം ഉണ്ട്. അതായത്, ഭരണരീതി മികച്ചതായാല്‍, ഭരിക്കപ്പെടുന്നവരുടെ ക്ഷേമം കൂടും. തിരിച്ചായാലോ? ഭരിക്കുന്നവരുടെ ഭരണരീതി മോശമായാല്‍, ഭരിക്കപ്പെടുന്നവരുടെ ക്ഷേമം കുറയും. ഭരിക്കുന്നത് ഏകാധിപതി ആണെങ്കിലും രാജാവാണെങ്കിലും ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ ആണെങ്കിലും അതാണ് സത്യം.

ജനങ്ങള്‍ക്ക് ക്ഷേമം നല്കിയ നല്ലവരായ രാജാക്കന്മാരെ നമുക്ക് ഓര്‍ക്കാനുണ്ട്. അശോകചക്രവര്‍ത്തിയും മറ്റും ഉദാഹരണങ്ങള്‍ ആണ്. ജനങ്ങള്‍ക്ക് ക്ഷേമം നല്കാന്‍ പരാജയപ്പെട്ട തുഗ്ലക് രാജാവിനെപ്പറ്റി നാം കേട്ടിട്ടുണ്ട്. തുഗ്ലക് പരിഷ്‌കാരം എന്ന ചൊല്ലു തന്നെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ. ജനാധിപത്യ വ്യവസ്ഥിതിയിലും അങ്ങനെ സംഭവിക്കാം. ജനക്ഷേമത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ജനാധിപത്യ ഗവണ്‍മെന്റുകളും, ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുന്ന ജനാധിപത്യ ഗവണ്‍മെന്റുകളും ഉണ്ട്. അതിനാല്‍ ഭരിക്കുന്നവരുടെ ഭരണരീതിയാണ് പ്രധാനപ്പെട്ടത്.

സത്യം പറഞ്ഞാല്‍ നമ്മളില്‍ ഭൂരിപക്ഷം പേരും ചെറുതോ വലുതോ ആയ ഭരണകര്‍ത്താക്കള്‍ ആണ്. ഓഫീസ് തലവന്മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍, സംഘടനകളുടെയും ആത്മീയ പ്രസ്ഥാനങ്ങളുടെയും തലപ്പത്തുള്ളവര്‍ എന്നിങ്ങനെയുള്ളവരെല്ലാം ഭരണകര്‍ത്താക്കളാണ്. ഭര്‍ത്താവും അപ്പനും ഭരണകര്‍ത്താക്കള്‍ ആണ്. അമ്മ ഭരണ കര്‍ത്താവാണ്. ക്ലാസ് മുറിയില്‍ അധ്യാപകര്‍ ഭരണകര്‍ത്താക്കളാണ്. ബസ് ഓടിക്കുന്ന ഡ്രൈവര്‍ ഭരണകര്‍ത്താവാണ്. ബസില്‍ യാത്ര ചെയ്യുന്നവരുടെ യാത്രാ സുഖവും സുരക്ഷിതത്വവും ആ ഡ്രൈവറുടെ ഡ്രൈവിംഗ് രീതിയെ ആശ്രയിച്ചിരിക്കുന്നു. ഇങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ട്.

അതിനാല്‍ ഒന്ന് ഓര്‍ക്കാം, മറ്റനേകരുടെ ക്ഷേമം കൂടുകയോ കുറയുകയോ ചെയ്യുന്നതില്‍ നമുക്ക് എല്ലാവര്‍ക്കും തന്നെ ഒരു പങ്ക് ഉണ്ട്. മറ്റ് ഭരണാധികാരികളെ വിമര്‍ശിക്കുന്ന നമുക്ക്, നമ്മുടെ ഭരണരീതിയെപ്പറ്റി ഒരു പുനര്‍ ചിന്തനം നടത്തുവാന്‍ കൂടി ഈ ഓണാഘോഷം കാരണമാകട്ടെ എന്നാശംസിക്കുന്നു. അങ്ങനെ നമ്മള്‍ വഴി മറ്റുള്ളവരുടെ ക്ഷേമം വര്‍ദ്ധിക്കട്ടെ.

Leave A Reply

Your email address will not be published.