രണ്ടായിരത്തിപ്പത്തൊമ്പത് ആദ്യ പാദം പിന്നിടുമ്പോള്‍ ലോകം സാക്ഷ്യം വഹിച്ച ഭീകരാക്രമണങ്ങള്‍ പലതാണ്. കണക്കുകളനുസരിച്ച് പ്രകോപനങ്ങളില്ലാതെ നടന്ന അഞ്ചോളം ആക്രമണങ്ങളിലായി ആയിരത്തോളം നിരപരാധികള്‍ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. ഏറ്റവും ഒടുവില്‍, ഏപ്രില്‍ 21ന്
ശ്രീലങ്കയില്‍ നടന്ന കിരാതമായ സ്ഫോടന പരമ്പര അല്‍പ്പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്ന സകലരുടെയും മനസാക്ഷിയെ പ്രകമ്പനം കൊള്ളിക്കുകയുണ്ടായി. നിരപരാധികളും നിഷ്കളങ്കരുമായ ജനങ്ങളെ നിഷ്കരുണം ഇല്ലായ്മ ചെയ്യുവാന്‍ നിശ്ചയിച്ചിറങ്ങിയ ഒരു വര്‍ഗ്ഗത്തിന്റെ പൈശാചികമായ ക്രൂരതയ്ക്ക് ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. കഴിഞ്ഞ ചില വര്‍ഷങ്ങളായി ലോക സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തിയ ഇസ്ലാമിക് സ്റ്റേറ്റ്സ് ഈ കൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞു. നാഷണല്‍ തൌഹീദ് ജമാഅത്ത് എന്ന പ്രാദേശിക സംഘടനയെ ഉപയോഗിച്ചാണ് അവര്‍ എഴിടങ്ങളിലെ ബോംബ് സ്ഫോടനം പ്ലാന്‍ ചെയ്തത് എന്നാണ് ലഭ്യമായ വിവരം.
വംശീയവും വര്‍ഗീയവും രാഷ്ട്രീയവുമായ കാരണങ്ങളാണ് ഈ കാലഘട്ടത്തിലും ചിലരെ ആയുധങ്ങളേന്തുവാന്‍ പ്രേരിപ്പിക്കുന്നത്. മതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പേരില്‍ ഈ ആധുനിക ലോകത്തില്‍ മനുഷ്യന്‍ മനുഷ്യനെ കൊന്നൊടുക്കുന്നു എന്ന യഥാര്‍ത്ഥ്യം അല്‍പ്പം മാറിനിന്ന് ചിന്തിച്ചാല്‍ നമ്മെ അതിശയിപ്പിച്ചേക്കും. തങ്ങള്‍ മാത്രമാണ് ശരി എന്ന തീവ്രവാദപരമായ ചിന്തയും കടുത്ത സ്വാര്‍ത്ഥമനോഭാവവും അപരനെ ഇല്ലായ്മ ചെയ്യുവാന്‍ അനേകര്‍ക്ക് പ്രേരണനല്‍കുന്ന മതിയായ കാരണങ്ങളായി മാറുന്നു. സ്വന്തം വര്‍ഗ്ഗത്തോടും വംശത്തോടും രാജ്യത്തോടുമുള്ള കടുത്ത താത്പര്യം മറ്റുള്ളവരെ ശത്രുക്കളായി കാണാനും ഇല്ലായ്മ ചെയ്യാനുമുള്ള പ്രചോദനമായി മാറുമോ? ഈ ഭൂമിയില്‍ സമാധാനമായി ജീവിക്കുന്നതിന് സകലര്‍ക്കും ഒരുപോലെയുള്ള അവകാശത്തെ ചോദ്യം ചെയ്യാനും കൈക്കരുത്ത് ഉപയോഗിച്ച് മറ്റുള്ളവരുടെ സമാധാനവും സന്തോഷവും നശിപ്പിക്കാനും തീരുമാനിച്ചിറങ്ങുന്നവര്‍ മനുഷ്യര്‍ തന്നെയോ? ഹിംസ്ര ജന്തുക്കള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരതയാണ് മനുഷ്യന്‍ മനുഷ്യനെതിരെ ഇന്ന് ചെയ്തുകൂട്ടുന്നത്.
ആധുനിക മനുഷ്യന് പൂര്‍വ്വാധികം വിശാലമായി അവനെക്കുറിച്ചും ഈ പ്രപഞ്ചത്തെക്കുറിച്ചുതന്നെയും ചിന്തിക്കാനുതകുന്ന ഗവേഷണങ്ങളിലൂടെ ശാസ്ത്രം മുന്നേറുന്ന ഈ കാലഘട്ടത്തിലാണ് ഇത്രമാത്രം സങ്കുചിതമായി കുറെയേറെപ്പേര്‍ ചിന്തിക്കുന്നത് എന്നുള്ളതാണ് ഒരു വിരോധാഭാസം. സ്നേഹവും സഹവര്‍ത്തിത്വവും സ്വായത്തമാക്കുവാന്‍ പ്രചോദനം പകരുന്ന അനേകായിരങ്ങള്‍ ജീവിച്ചിരിക്കെത്തന്നെ ദൈവവിശ്വാസത്തിന്റെയും വര്‍ഗ്ഗ സ്നേഹത്തിന്റെയും പേരില്‍ തീവ്രവാദ ചിന്തകളും ആക്രമണ പ്രവണതകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നമുക്ക് ചുറ്റുമുള്ളത്. കൂടുതല്‍ വിശാലമായി ചിന്തിക്കുവാന്‍ ഓരോരുത്തരും തയ്യാറാകാത്ത പക്ഷം ഈ ലോകം കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രതിസന്ധികളിലേയ്ക്കാണ് ഇനിയും നീങ്ങുക.
തീവ്രവാദചിന്തകളെ തിരിച്ചറിഞ്ഞുകൊണ്ട് പ്രതികരിക്കുക ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകരാജ്യങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ ഫലപ്രദമായ രീതിയില്‍ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂ. അതിരുകവിഞ്ഞ വിധേയത്വ പ്രവണതകളും, ഭൂരിഭാഗം മനുഷ്യരെ മുന്‍വിധിയോടെയും ശത്രുതയോടെയും കാണുന്ന നിലപാടുകളും, ഉപേക്ഷിക്കുകയും സ്ഥാപിത താല്‍പ്പര്യക്കാരുടെ സ്വാധീനശക്തിയെ അതിജീവിക്കുവാനും നാമോരോരുത്തര്‍ക്കും കഴിഞ്ഞാല്‍ ഒരു പുതിയ ലോകം അവിടെ പണിതുയര്‍ത്തപ്പെടും. ഇത്തരം ഒരു ലക്ഷ്യത്തിന് വ്യക്തികളും, സമൂഹങ്ങളും, രാഷ്ട്രങ്ങളും കൈകോര്‍ക്കുന്നതിനായി നമുക്ക് ആഗ്രഹിക്കാം.