പഴയ ഓര്‍മ്മകള്‍ സൗകര്യപൂര്‍വ്വം മറക്കുന്നവരുടെ കാലത്ത് പഴയതൊന്നും വിസ്മരിക്കാതെ മറ്റുള്ളവര്‍ക്ക് മാതൃകയായി മാറുകയാണ് നിക്കൗളസ് സാമുവല്‍ ഗുഗര്‍. അനാഥമായൊരു ബാല്യവും ക്്‌ളേശം നിറഞ്ഞ യൗവ്വനവും ഹൃദയത്തിലേറ്റിയതുകൊണ്ടാണ് ഇന്ന് അദേഹത്തെ സിറ്റ്‌സര്‍ലണ്ട് ജനത സ്‌നേഹിക്കുന്നതും അവരുടെ ജനപ്രതിനിധിയാക്കിയാക്കി മാറ്റിയതും..
ഉഡുപ്പിയിലെ ലെബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ 1970 മെയ് ഒന്നിന് അനസൂയ എന്ന മലയാളിയായ ബ്രാഹ്മണ സ്ത്രി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അധികം വൈകാതെ ഈ കുഞ്ഞിനെ നന്നായി നോക്കുന്ന ആരെയെങ്കിലും ഏല്പിക്കണമെന്ന് ഡോക്ടറോട് നിര്‍ദേശിച്ച് ആ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് ആ അമ്മ പോയി. ഏതായാലും കുഞ്ഞിന് ഭാഗ്യമുണ്ടായിരുന്നു. ആ സമയത്താണ് നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷനില്‍ പഠിപ്പിച്ചിരുന്ന ജര്‍മ്മന്‍ ദമ്പതികളായ ഫ്രിറ്റ്‌സും ഭാര്യ എലിസബത്തും മലേറിയ രോഗത്തിന് ചികിത്സ തേടി അവിടെയെത്തുന്നത്. അവര്‍ ആ കുഞ്ഞിനെ ദത്തെടുത്തു. ആ കുഞ്ഞാണ്് ഇന്ന് സ്വിറ്റ്‌സര്‍ലാണ്ടിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ എം.പി യായ നിക്കൗളസ് സാമുവല്‍ ഗുഗര്‍.
കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ രണ്ടുവര്‍ഷം ആ കുഞ്ഞിന്റെ അമ്മ മടങ്ങിവരുമെന്ന് ഓര്‍ത്ത് കാത്തിരുന്നു. ഒടുവില്‍ ഒരു പത്രപരസ്യവും നല്‍കി.പക്ഷേ, ആ അമ്മ വന്നില്ല. ഒടുവില്‍ അവര്‍ കുഞ്ഞുമായി സ്വിറ്റ്‌സര്‍ലാണ്ടിലെ ഥൂണ്‍ എന്ന പട്ടണത്തിലേയ്ക്ക് പോയി. അവിടെ നിക് വളര്‍ന്നു. മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടി. സെക്കോളജിയിലും ബിസിനസ് മാനേജ്‌മെന്റിലും ഉപരിപഠനം നടത്തി. ഇന്ന് അദ്ദേഹം സ്വിറ്റ്‌സര്‍ലാണ്ടില്‍ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനുമാണ്. സ്വിറ്റ്‌സര്‍ലണ്ടിലെ പോപ്പുലറായ സിന്‍ജി എന്ന ഇഞ്ചിനീര് പാനീയം അദ്ദേഹത്തിന്റെ സ്വന്തം ബ്രാന്‍ഡാണ്. 2002 ല്‍ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങി. 2017 ല്‍ എം.പിയായി.
സ്വിറ്റ്‌സര്‍ലാണ്ടുകാരി ബിയാട്രീസ് നിക്കിന്റെ ഭാര്യ. ആദ്യ മകള്‍ക്ക് പിറന്നപ്പോള്‍ അമ്മയുടെ ഓര്‍മ്മയ്ക്കായി അമ്മയുടെ പേര് തന്നെ നല്‍കി-അനസൂയ. അദ്ദേഹത്തിന് രണ്ട് ആണ്‍കുട്ടികളും കൂടിയുണ്ട്. ലെ ആന്ത്രോയും മി ഹറാബിയും.