Voice of Truth

ഉയർന്നുപറക്കുവാൻ കരങ്ങളെന്തിന്? കുറവുകളോർത്ത് നിരാശപ്പെടുന്നവർ ഈ ജീവിതകഥ വായിക്കണം…

മൂവാറ്റുപുഴയ്ക്കടുത്ത് പൈങ്ങോട്ടൂര്‍ ഏതാനും വര്‍ഷങ്ങളായി ശ്രദ്ധേയമായിരിക്കുന്നത് വ്യത്യസ്തയായ ഒരു കലാകാരിയുടെ പേരിലാണ്. കരങ്ങളില്ലാത്ത ഒരു ചിത്രകാരി. പ്രകൃതി നിഷേധിച്ച കരങ്ങള്‍ക്ക് പകരം, ദൈവം നല്‍കിയ കഴിവുകള്‍കൊണ്ട് ചിറകുകള്‍ വരച്ചുചേര്‍ത്ത സ്വപ്ന അഗസ്റ്റിനാണ് അത്. ആ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ആത്മവിശ്വാസം ആര്‍ജ്ജിക്കുന്ന അനേകരും സ്വപ്നയ്ക്ക് ചുറ്റുമുണ്ട്. കരങ്ങളില്ലാത്ത ഈ ചിത്രകാരി തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി ഈ ലോകത്തില്‍ ഉയര്‍ന്നു പറക്കുമ്പോള്‍ അനേകായിരങ്ങള്‍ക്ക് അത് കരുത്ത് പകരുന്നെങ്കില്‍, അതാണ് തന്റെ ജീവിത നിയോഗമെന്ന് അവള്‍ വിശ്വസിക്കുന്നു.

സ്വപ്നയുടെ ജീവിതസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ഒരു പ്രസ്ഥാനത്തെയും ഇവിടെ സ്മരിക്കേണ്ടതുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘മൗത്ത് ആന്‍ഡ് ഫൂട്ട് പെയ്ന്റിംഗ് ആര്‍ട്ടിസ്റ്റ്‌സ്’ എന്ന സംഘടനയാണ് അത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സംഘടനയില്‍ അംഗത്വം ലഭിച്ചത് സ്വപ്നയുടെ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി മാറി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂവായിരത്തില്‍പരം ചിത്രങ്ങള്‍ സ്വപ്ന ഈ സംഘടനയ്ക്ക് വരച്ചുനല്‍കിക്കഴിഞ്ഞു. ഇന്ന് സ്വപ്നയുള്‍പ്പെടെ കേരളത്തില്‍ നിന്ന് ഈ സംഘടനയില്‍ ഏഴ് അംഗങ്ങളും, ഇന്ത്യയില്‍ ആകെ ഇരുപത്തിനാല് പേരുമുണ്ട്. എണ്‍പത് രാജ്യങ്ങളില്‍ നിന്നായി എഴുനൂറില്‍പരം അംഗങ്ങളാണ് ഇവര്‍ക്കുള്ളത്. കൈകള്‍ക്ക് ശേഷിയില്ലാത്തതിനാല്‍ കാലുകള്‍കൊണ്ടോ വായ് കൊണ്ടോ ചിത്രം വരയ്ക്കുന്നവരാണ് അംഗങ്ങളെല്ലാവരും. പലരും അപകടങ്ങളില്‍ പെട്ട് തളര്‍ന്നുപോയവര്‍. ഇത്രമാത്രം പേര്‍ക്ക് മാന്യമായ ജീവിതമാര്‍ഗ്ഗം തുറന്നുകൊടുക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചു വരുന്ന മൗത്ത് ആന്‍ഡ് ഫൂട്ട് പെയ്ന്റിംഗ് ആര്‍ട്ടിസ്റ്റ്‌സ് എന്ന ഈ സംഘടനയും നേതൃത്വവും പ്രശംസയര്‍ഹിക്കുന്നു.

കുറവുകളെ അതിജീവിച്ച ചെറുപ്പകാലം
പൈങ്ങോട്ടൂരില്‍ കൊച്ചുമുട്ടം, അഗസ്റ്റിന്‍, സോഫി ദമ്പതികളുടെ നാല് മക്കളില്‍ മൂത്തമകളായി സ്വപ്ന പിറന്നുവീണപ്പോള്‍ അവളുടെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് കുടുംബാംഗങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. കാരണം, ഇരു കരങ്ങളുമില്ലാതെയായിരുന്നു അവളുടെ ജനനം. പക്ഷെ, കര്‍ഷകനായ പിതാവ് അഗസ്റ്റിന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ആറുവയസില്‍ എത്തുന്നതിന് മുമ്പ് തന്നെ കാലുകൊണ്ട് അക്ഷരങ്ങള്‍ എഴുതുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും അവള്‍ പ്രാപ്തയായി. എങ്കിലും, മൂന്നരപതിറ്റാണ്ട് മുമ്പ് ആ നാട്ടില്‍ ഇത്തരമൊരു കുട്ടിയെ പതിവായി സ്‌കൂളില്‍ വിട്ട് പഠിപ്പിക്കുന്നതിനുള്ള യാത്രാസൗകര്യം ഇല്ലാതിരുന്നതിനാല്‍, മാതാപിതാക്കള്‍ അവളെ ബോര്‍ഡിംഗില്‍ നിര്‍ത്താന്‍ തീരുമാനിച്ചു.

സ്വപ്നയുടെ ഒരു ചെറുപ്പകാല ചിത്രം

ചങ്ങനാശ്ശേരിയില്‍ സിസ്‌റ്റേഴ്‌സ് നടത്തുന്ന മേഴ്‌സി ഹോം എന്ന സ്ഥാപനത്തില്‍ നിന്നാണ് ഞാന്‍ പഠിച്ചിരുന്നത്. വിവിധ ശാരീരിക വൈഷമ്യങ്ങള്‍ ഉള്ള കുട്ടികള്‍ക്കുവേണ്ടി നടത്തിയിരുന്ന സ്ഥാപനമായിരുന്നു അത്. എന്നാല്‍, സാധാരണ കുട്ടികള്‍ക്കൊപ്പമായിരുന്നു പഠനം. ആറാം വയസില്‍ പപ്പ എന്നെയും കൊണ്ട് അവിടെ എത്തിയപ്പോള്‍ അവര്‍ക്ക് എന്റെ അവസ്ഥയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുകയും, എഴുതുകയുമൊക്കെ ചെയ്യാന്‍ എനിക്ക് സ്വയം കഴിയുമോ എന്ന് അവര്‍ സംശയിച്ചു. ചെയ്തുകാണിച്ചപ്പോള്‍ അവര്‍ക്ക് ധൈര്യമായി. താമസിക്കാന്‍ ഒപ്പമുണ്ടായിരുന്നത് ഏതെങ്കിലും രീതിയില്‍ കുറവുകള്‍ ഉള്ളവര്‍ ആയിരുന്നതിനാല്‍ എന്റെ അവസ്ഥയില്‍ അക്കാലത്ത് ദുഃഖമൊന്നും തോന്നിയിരുന്നില്ല. എല്ലാകാര്യങ്ങളിലും അവിടുത്തെ കൂട്ടുകാര്‍ പരസ്പരം സഹായിച്ചിരുന്നു.’ സ്വപ്ന അക്കാലത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നു.

ഒരേ സമയം ശാരീരികമായി ചില കുറവുകളുള്ളവര്‍ക്കൊപ്പം താമസവും, സാധാരണ കുട്ടികള്‍ക്കൊപ്പം പഠനവും മുന്നേറിയത് സ്വപ്നയുടെ പില്‍ക്കാലജീവിതത്തിനും ഏറെ ഉപകാരപ്രദമായിരുന്നു. തന്നെക്കാള്‍ ബലഹീനരെ കണ്ടു വളര്‍ന്നിരുന്നതിനാല്‍ കൈകളില്ലാത്തത് വലിയ കുറവായി അവള്‍ക്ക് അനുഭവപ്പെട്ടില്ല. ചെറുപ്പകാലത്ത് കൈകള്‍ ഇല്ലാത്തതിനെക്കുറിച്ച് ചിന്തിച്ചിട്ടുതന്നെ ഉണ്ടായിരുന്നില്ലെന്ന് അവള്‍ ഓര്‍മ്മിക്കുന്നു. ‘കൈകള്‍ ഇല്ലാത്തത് ഒരു വൈകല്യമാണെന്ന ചിന്ത ആദ്യം ഉണ്ടായിരുന്നില്ല. അക്കാലത്ത് വിചാരിച്ചത് പിന്നീട് കൈകള്‍ ഉണ്ടായി വരുമെന്നാണ്. ഹൈസ്‌കൂള്‍ ക്ലാസുകളിലേയ്ക്ക് എത്തിയ കാലത്താണ് ഇതൊരു വലിയ കുറവാണെന്ന ചിന്ത ഉണ്ടായത്. ഒരു കൈ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കെ ആയിടയ്ക്ക് വേദനയോടെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, കൂട്ടുകാരും മുതിര്‍ന്നവരുമൊക്കെ ആശ്വസിപ്പിച്ചിരുന്നു.’ വൈകല്യമുണ്ട് എന്ന ചിന്തയോടെ ഒരിക്കലും സഹപാഠികളും അദ്ധ്യാപകരും തന്നോട് പെരുമാറിയിട്ടില്ല എന്ന് സ്വപ്ന ഓര്‍മ്മിക്കുന്നു. ‘സ്‌കൂളില്‍ എല്ലാവരും ഓടിക്കളിക്കുന്നത് കാണുമ്പോള്‍ അവരുടെ കൂടെ കൂടി കഴിയാവുന്നതുപോലെ ഓടുകയും ചാടുകയുമൊക്കെ ചെയ്തിരുന്നു. പലപ്പോഴും വീഴുകയും ചെറിയ പരിക്കുകള്‍ പറ്റുകയുമൊക്കെ ചെയ്തിരുന്നു.’

കോളേജിലേയ്ക്ക്
സ്വപ്നയുടെ കോളേജ് വിദ്യാഭ്യാസം ആലപ്പുഴ സെന്റ് ജോസഫ് കോളേജില്‍ ആയിരുന്നു. ആ കാലഘട്ടം സ്വപ്നയെ ഒരുപാട് വളര്‍ത്തി. സമൂഹത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതും, ജീവിതത്തില്‍ എന്തെങ്കിലും ആകണമെന്ന ആഗ്രഹം രൂപപ്പെട്ടതും ആ കാലത്താണെന്ന് സ്വപ്ന ഓര്‍മ്മിക്കുന്നു. ‘ഞാന്‍ കോളേജിലേയ്ക്ക് കടന്നുചെന്ന ആദ്യദിവസം അന്നത്തെ പ്രിസിപ്പാള്‍ ആയിരുന്ന സി. അനറ്റ് തോട്ടക്കര സഹപാഠികളോട് പറഞ്ഞത് ഓര്‍മ്മിക്കുന്നുണ്ട്. ഈ കുട്ടി ഇനി മുതല്‍ നിങ്ങളുടെ സഹപാഠി ആയിരിക്കും. അവളെ ഒരിക്കലും മാറ്റി നിര്‍ത്തുകയോ, മറ്റൊരു കണ്ണിലൂടെ കാണുകയോ ചിന്തിക്കുകയോ പോലുമോ ചെയ്യരുത് എന്നായിരുന്നു സിസ്റ്റര്‍ അവരോടു പറഞ്ഞത്. എല്ലാവരെയും പോലെതന്നെ എന്നെ പരിഗണിക്കണമെന്ന ആ വാക്കുകള്‍ സഹപാഠികളും കൂടെ താമസിച്ചിരുന്നവരും സന്തോഷത്തോടെ സ്വീകരിച്ചു. ഹോസ്റ്റലില്‍ സഹവാസികളായിരുന്നവര്‍ ആദ്യമേ പറഞ്ഞിരുന്നു, ഞങ്ങളുടെ കൂടെ വിട്ടേക്ക് ഞങ്ങള്‍ നോക്കിക്കൊള്ളാം, എന്ന്.’ ആലപ്പുഴയിലെ കോളേജ് വിദ്യാഭ്യാസകാലത്തുടനീളം സുഹൃത്തുക്കള്‍ എല്ലാ സഹായത്തിനും കൂടെയുണ്ടായിരുന്നു എന്ന് സ്വപ്ന ഓര്‍മ്മിക്കുന്നു. ഒരിക്കലും ഭക്ഷണം സ്വയം കഴിക്കാന്‍ പോലും അവര്‍ സമ്മതിച്ചിരുന്നില്ല. അവര്‍ വാരിക്കൊടുക്കുമായിരുന്നു.

ആലപ്പുഴയില്‍ കോളേജും ഹോസ്റ്റലും ഒരു കോമ്പൗണ്ടില്‍ തന്നെയായിരുന്നതിനാല്‍ ക്ലാസില്‍ പോകുവാന്‍ യാത്ര ആവശ്യമായിരുന്നില്ല. എന്നാല്‍, ക്ലാസില്ലാത്ത ദിവസങ്ങളില്‍ താന്‍ വെറുതെ ഇരിക്കുന്നത് കണ്ടാല്‍ സുഹൃത്തുക്കള്‍ നിര്‍ബ്ബന്ധിച്ച് വെളിയില്‍ കൊണ്ടുപോകുമായിരുന്നു എന്ന് സ്വപ്ന ഓര്‍മ്മിക്കുന്നു. ‘സത്യത്തില്‍ ചെറിയൊരു അപകര്‍ഷതാബോധം ഉണ്ടായിരുന്നതിനാല്‍, പുറത്തിറങ്ങി നടക്കുവാന്‍ മടിയുള്ള കൂട്ടത്തിലായിരുന്നു അക്കാലത്ത് ഞാന്‍. അപരിചിതരായ എല്ലാവരും എന്നെ ശ്രദ്ധിക്കുകയാണ് എന്ന് സംശയിച്ചിരുന്നു. പക്ഷെ കൂട്ടുകാര്‍ പലതും പറഞ്ഞ് എന്നെ മാറ്റിയെടുത്തു. അത്തരം ചിന്തകള്‍ നീങ്ങുവാന്‍ പപ്പയുടെ ഇടപെടലുകള്‍ക്കും വലിയ പങ്കുണ്ട്. മറ്റുള്ളവരെ അനാവശ്യമായി ശ്രദ്ധിക്കാതെ സ്മാര്‍ട്ടായി നടക്കാന്‍ പപ്പ ഉപദേശിക്കുമായിരുന്നു. എല്ലാവരോടും സംസാരിക്കുവാനും, ഉത്സാഹത്തോടെ പെരുമാറുവാനും കൂടെക്കൂടെ പപ്പ പറഞ്ഞിരുന്നു.’

മൗത്ത് ആന്‍ഡ് ഫൂട്ട് പെയ്ന്റിംഗ് ആര്‍ട്ടിസ്റ്റ്‌സ്
കോളേജ് വിദ്യാഭ്യാസകാലം കഴിഞ്ഞപ്പോഴേയ്ക്കും സ്വപ്ന തന്റെ വൈകല്യത്തെ അതിജീവിക്കാനുള്ള പ്രാപ്തി നേടിയിരുന്നു. ചെറുപ്പം മുതല്‍ പഠിച്ചിരുന്നതും ജീവിച്ചതും സന്യാസിനിമാരുടെ കൂടെ ആയിരുന്നതിനാല്‍ പ്രത്യേകിച്ചും കൂടുതല്‍ പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞിരുന്നു. ഒപ്പം, തന്റെ ജീവിതത്തില്‍ സംഭവിച്ചതിനൊക്കെ പിന്നില്‍ ഒരു ദൈവിക പദ്ധതിയുണ്ടെന്നും അവള്‍ മനസിലാക്കി. പില്‍ക്കാലത്ത് അസോസിയേഷനിലേയ്ക്ക് കടന്നുവന്നപ്പോള്‍ മനസ്സില്‍ ശേഷിച്ചിരുന്ന നിരാശയുടെ ചിന്തകളെല്ലാം മാറിക്കിട്ടി എന്ന് അവള്‍ പറയുന്നു. ‘ഡിഗ്രി പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്താണ് ഇനിയെന്ത് എന്ന ചോദ്യം മനസ്സില്‍ മുഴങ്ങി തുടങ്ങിയത്. ആരുടേയും ആശ്രയമില്ലാതെ ജീവിക്കുവാന്‍ ഒരു വഴി ദൈവം തന്നെ കാണിച്ചുതരും എന്ന ബോധ്യം ഉണ്ടായിരുന്നു. പിന്നീട് അങ്ങനെ തന്നെ സംഭവിച്ചു.’

ടെലിക്കോം ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഒരു അയല്‍ക്കാരന്‍ വഴിയാണ് സ്വപ്നയും കുടുംബവും മൗത്ത് ആന്‍ഡ് ഫൂട്ട് പെയ്ന്റിംഗ് ആര്‍ട്ടിസ്റ്റ്‌സ് എന്ന സംഘടനയെക്കുറിച്ച് അറിയുന്നത്. അക്കാലത്ത് ചിത്രരചനയില്‍ സ്വപ്ന ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ലെങ്കിലും അവള്‍ നന്നായി വരയ്ക്കുമെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. അതൊരു വലിയ സാധ്യതയായി തോന്നിയ സ്വപ്ന ഏതാനും ചിത്രങ്ങള്‍ വരച്ച് അസോസിയേഷന്റെ സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള ഹെഡ് ഓഫീസിലേയ്ക്ക് അയച്ചുകൊടുത്തു. ആ ചിത്രങ്ങളില്‍ ആകൃഷ്ടരായ അവര്‍ തുടര്‍ന്ന് സ്വപ്നയെ കാണാന്‍ നേരിട്ട് കേരളത്തിലെത്തി. അങ്ങനെ സംഘടനയില്‍ അംഗമായി തീര്‍ന്ന സ്വപ്ന അന്നുമുതല്‍ ഇന്നോളം അവര്‍ക്കുവേണ്ടിയാണ് വരയ്ക്കുന്നത്.

സ്വപ്നയുടെ ഒരു പെയിന്റിംഗ്

‘ആ കാലം മുതല്‍ പതിവായി മാസം തോറും സ്വിറ്റ്‌സര്‍ലന്‍ഡിലേയ്ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. നമുക്കിഷ്ടമുള്ളതെന്തും വരയ്ക്കാം എന്നത് ഒരു വലിയ സ്വാതന്ത്ര്യമാണ്.ക്രിസ്മസ് പോലുള്ള ആഘോഷങ്ങള്‍ വരുന്നതിനു മുന്നോടിയായി ചിലപ്പോള്‍ അതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരയ്ക്കാന്‍ അവര്‍ ആവശ്യപ്പെടും. അല്ലാത്തപക്ഷം പ്രകൃതി, പക്ഷികള്‍, പൂക്കള്‍ തുടങ്ങിയവയാണ് ഞാന്‍ കൂടുതലും വരയ്ക്കാറ്.’ സ്വപ്ന പറയുന്നു. ഇന്ന് അസോസിയേഷന്‍ സ്വപ്നയ്ക്ക് മാന്യമായ ഒരു വേതനം നല്‍കുന്നുണ്ട്.

ചിത്രരചനയില്‍ ജന്മനാലുള്ള താല്‍പ്പര്യം ഉണ്ടായിരുന്നതല്ലാതെ അതുവരെയും സ്വപ്ന ചിത്രരചന അഭ്യസിച്ചിരുന്നില്ല. അസോസിയേഷന് വേണ്ടി വരയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അഭ്യസനം ആവശ്യമായി വന്നു. സ്വപ്നയുടെ പരിമിതികള്‍ മനസിലാക്കി ആരെങ്കിലും മുന്നോട്ട് വരേണ്ടിയിരുന്നതിനാല്‍ ഒരദ്ധ്യാപകനെ കിട്ടുക ബുദ്ധിമുട്ടായിരുന്നു. അവളുടെ അവസ്ഥ മനസിലാക്കി ഡെന്നി മാത്യു എന്ന അദ്ധ്യാപകന്‍ സന്നദ്ധതയോടെ മുന്നോട്ട് വന്നത് വലിയ അനുഗ്രഹമായെന്ന് സ്വപ്നയുടെ അമ്മ സോഫിയും ഓര്‍മ്മിക്കുന്നു.

പ്രതീക്ഷകള്‍ക്ക് നിറം പകരുന്ന ജീവിതം
ജീവിതാരംഭത്തിലെ ഏതോ ചില ഘട്ടങ്ങളില്‍ അല്‍പ്പം നിരാശയില്‍ വീണുപോയതൊഴിച്ചാല്‍ സ്വപ്നയ്ക്ക് എല്ലായ്‌പ്പോഴും തനിക്ക് പ്രകൃത്യാലുണ്ടായിരുന്ന ബലഹീനതയെ അതിജീവിക്കാനുള്ള ആത്മബലം ലഭിച്ചിരുന്നു. മാതാപിതാക്കളും, സുഹൃത്തുക്കളും, അദ്ധ്യാപകരും, സഹപാഠികളും തുടങ്ങി എല്ലാവരും അവളെ സൂക്ഷ്മതയോടെ കൈപിടിച്ച് നടത്തി. ജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍ മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേരാനും കഴിഞ്ഞപ്പോള്‍, തന്റെ ജീവിതത്തിന് എന്തൊക്കെയോ നിയോഗങ്ങള്‍ കൂടിയുണ്ട് എന്ന് അവള്‍ ചിന്തിച്ചു തുടങ്ങി. അക്കാലത്ത് തന്നെ, വ്യക്തമായ ചില പദ്ധതികളോടെയാണ് ദൈവം തന്നെ ഈ രൂപത്തില്‍ സൃഷ്ടിച്ചത് എന്ന് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നതായി സ്വപ്ന പങ്കുവയ്ക്കുന്നു.

സ്വപ്ന വരച്ച ചിത്രം

അടുത്ത ഏതാനും വര്‍ഷങ്ങളിലായി സ്വപ്ന വീടിന്റെ ചുവരുകളില്‍ ഒതുങ്ങുന്നില്ല. സ്‌കൂളുകളിലും കോളേജുകളിലും ദൃശ്യമാധ്യമങ്ങളിലുമായി അനേകം വേദികള്‍ അവള്‍ക്ക് ലഭിക്കുന്നുണ്ട്. ‘പലരും പറയാറുണ്ട്, എല്ലാമുണ്ടായിട്ടും ഞങ്ങള്‍ ഒന്നും ചെയ്യാറില്ല. ഇങ്ങനെ ഒരാളെ കാണുമ്പോള്‍ എന്തെങ്കിലുമൊക്കെ ഞങ്ങള്‍ക്കും ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നു, എന്നൊക്കെ.’ സ്വപ്നയുടെ വാക്കുകളില്‍ പലര്‍ക്കും ആത്മവിശ്വാസം പകരാന്‍ കഴിയുന്നതിന്റെ സംതൃപ്തിയുണ്ട്.

‘സത്യത്തില്‍ എനിക്ക് രണ്ട് കൈകള്‍ ഇല്ലെങ്കിലും, പുറത്തിറങ്ങാനും, മറ്റുള്ളവരുമായി ഇടപെടാനുമൊക്കെ കഴിയുന്നു. പക്ഷെ, എനിക്കറിയാവുന്ന കുറെയേറെ പേര്‍ക്ക് അതിന് പോലും കഴിവില്ല. ജീവിതകാലം മുഴുവന്‍ കട്ടിലില്‍ കിടന്നും, ചലനശേഷിയില്ലാതെയും ജീവിക്കുന്ന അനേകരെ കാണുമ്പോള്‍ നാമൊക്കെ എത്രമാത്രം ഭാഗ്യം ചെയ്തവരാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. അത്തരം കാഴ്ചകളൊക്കെ കാണുമ്പോള്‍ ഈ കൈകളില്ലാത്തത് വലിയ കുറവായി എനിക്ക് തോന്നുന്നില്ല.’ തന്റെ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തി ചുറ്റും കാണുന്ന പലരെയും സഹതാപത്തോടെയാണ് സ്വപ്ന വീക്ഷിക്കുന്നത്.

പ്രശസ്ത പ്രഭാഷകനായ നിക്ക് വ്യുജിസിക്കിന് സ്വപ്ന വരച്ച ചിത്രം കൈമാറുന്നു.

ശാരീരികമായ വൈകല്യങ്ങള്‍ യാതൊന്നും ഇല്ലാത്ത ഒരു വിഭാഗത്തെക്കുറിച്ചും സ്വപ്ന ഗൗരവമായി ചിന്തിക്കുന്നു. കാലത്തിന്റെ മാറ്റത്തില്‍ പെട്ട് ശരിയായ ജീവിത വീക്ഷണമില്ലാതെ പോകുന്ന ഇളം തലമുറകളിലെ അംഗങ്ങളാണ് അവര്‍. ‘ഈ കാലഘട്ടത്തിലെ അനേകം കുട്ടികളുടെ രീതികള്‍ തന്നെ വേറെയാണ്. അവര്‍ മൊബൈല്‍ ഫോണിനും മറ്റും വേണ്ടി വാശിപിടിച്ച് അതൊക്കെ നേടിയെടുക്കാന്‍ ശ്രമിക്കുകയും, ചെറിയ വാശിയുടെ പേരില്‍ ഓരോന്ന് കാണിച്ചുകൂട്ടുകയും ചെയ്യുന്നു. മാതാപിതാക്കളും സഹോദരങ്ങളുമായുമൊക്കെയുള്ള ആശയവിനിമയം ഇല്ലാതായതാണ് അവരുടെ പ്രധാന പ്രശ്‌നം. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളുടെ മുന്നില്‍ നമ്മുടെ ജീവിതം പങ്കുവയ്ക്കുവാന്‍ കഴിയുമ്പോള്‍ കുറേ പേരില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് കാണാറുണ്ട്. എന്തെങ്കിലും വ്യക്തമായ ലക്ഷ്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കാന്‍ പലര്‍ക്കും ഒരു നിമിഷത്തെ തിരിച്ചറിവ് മതിയാവും. അത്തരത്തിലുള്ള ചില ബോധ്യങ്ങള്‍ ചിലര്‍ക്കെങ്കിലും കൊടുക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമാണെന്ന് തോന്നുന്നു.’

ജീവിതവും ലക്ഷ്യങ്ങളും
‘കഴിയുന്നത്ര നല്ല ചിത്രങ്ങള്‍ വരയ്ക്കുക, സന്തോഷമായിരിക്കുക എന്നതില്‍ കവിഞ്ഞ ലക്ഷ്യങ്ങളൊന്നും സ്വന്തം ജീവിതത്തിലില്ല. ദൈവം അറിയാതെ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്നും, ഇനി സംഭവിക്കില്ലെന്നും ഉറപ്പുണ്ട്. ജനിച്ചപ്പോള്‍ എന്റെ രൂപം കണ്ട് മാതാപിതാക്കള്‍ ഏറെ ആകുലപ്പെട്ടിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇത്തരം കുറവുകളുള്ള ഒരു കുട്ടിയെ എങ്ങനെ വളര്‍ത്തും, അവളുടെ ജീവിതം എങ്ങനെയായിരിക്കും എന്നൊക്കെ അവര്‍ ചിന്തിച്ചിരിക്കണം. പപ്പ മരിച്ചിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷം ആകുന്നു. എന്നെ ആത്മവിശ്വാസം നല്‍കി വളര്‍ത്തുവാനും മറ്റ് സഹോദരങ്ങള്‍ക്കും ഒരു വഴി കാണിച്ചു കൊടുക്കുവാനും പപ്പയ്ക്ക് കഴിഞ്ഞിരുന്നു. അതുപോലെ, അനേകര്‍ക്ക് പ്രചോദനം പകരുകകൂടിയാണ് എന്റെ ജീവിത ദൗത്യം എന്ന് കരുതുന്നു.’ സ്വപ്നയുടെ തീക്ഷ്ണമായ വാക്കുകളില്‍ ആ ജീവിതത്തിന്റെ കരുത്തും ദിശാബോധവും വ്യക്തമാണ്.

Leave A Reply

Your email address will not be published.