- ഉന്നാവ് കേസിൽ പൊട്ടിത്തെറിച്ചു സുപ്രീം കോടതി
- അപകടത്തെക്കുറിച്ചുള്ള കേസന്വേഷണം ഏഴുദിവസത്തിനകം പൂർത്തിയാക്കണമെന്ന് നിർദ്ദേശം
- ഉന്നാവ് കേസിനുവേണ്ടി പ്രത്യേകം ജഡ്ജി
- പ്രധാന പ്രതിയായ, എംഎൽഎ കുൽദീപ് സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി
- കേസിന്റെ തുടർവാദം ദൽഹി കോടതിയിലേക്ക് മാറ്റി.
- പെൺകുട്ടിയുടെ ചികിത്സ ഡൽഹി ഹോസ്പിറ്റലിലേക്ക് മാറ്റാൻ സാധ്യത
- പെൺകുട്ടിക്കും കുടുംബത്തിനും കേന്ദ്ര സേനയുടെ സംരക്ഷണം
- പെൺകുട്ടിയുടെ കുടുംബത്തിന് ഇരുപത്തഞ്ചു ലക്ഷം രൂപ അടിയന്തിര ധനസഹായം നൽകാൻ ഉത്തരവ്
രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ഉന്നാവ് കേസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ജീവിതത്തിലേയ്ക്ക് തിരികെയെത്തുമെന്ന സൂചനകളൊന്നും ഇനിയും ലഭ്യമായിട്ടില്ല. ഇതുവരെയുള്ള സംഭവപരമ്പരകളുടെ പശ്ചാത്തലത്തിൽഉത്തരപ്രദേശ് സർക്കാർ പെൺകുട്ടിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ പരാജയമാണെന്ന ആരോപണങ്ങളുടെ വെളിച്ചത്തിൽ കേസിന്റെ തുടർവാദവും, പെൺകുട്ടിയുടെ ചികിത്സയും സംസ്ഥാനത്തിന് വെളിയിൽ തുടരാനാണ് നീക്കം.
ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നായിരുന്നു കോടതിയുടെ രോഷം നിറഞ്ഞ ചോദ്യം. രാജ്യം ഒന്നടങ്കം കഴിഞ്ഞ ചില ദിവസങ്ങളായി ഉയർത്തുന്ന ചോദ്യം തന്നെയാണ് ഇന്ന് കോടതിയും ഉന്നയിച്ചിരിക്കുന്നത്.
അധികാരം കയ്യാളുന്നവർ തങ്ങളുടെ നേട്ടത്തിനായി എന്തും ചെയ്യാൻ മടിയില്ലാത്തവരായി മാറിക്കഴിഞ്ഞിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമായി ഉന്നാവ് പെൺകുട്ടിയുടെ ജീവിതം മാറിക്കഴിഞ്ഞിരിക്കുന്നു. അപമാനകരമായ ഒരു സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുന്നതിന്റെ നേർക്കാഴ്ചകളാണ് മാധ്യമങ്ങളിലെ ചർച്ചകളിലൂടെ വെളിപ്പെടുന്നത്. നിരവധി മനുഷ്യാവകാശ പ്രവർത്തകരും, സംഘടനകളും ഉന്നാവ് സംഭവത്തിൽ നീതി ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
അതിനിടയിൽ, പെൺകുട്ടിയും സംഘവും സഞ്ചരിച്ച വാഹനത്തിൽ ഇടിച്ച ലോറിയുടെ ഉടമയ്ക്ക് ഒരു ബിജെപി മന്ത്രിയുമായി ബന്ധമുണ്ടെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ആരംഭം മുതൽ വിവിധ മാധ്യമങ്ങളിലൂടെ ഉയരുന്ന സന്ദേഹങ്ങൾ വിരൽചൂണ്ടുന്നത് ഞായറാഴ്ച സംഭവിച്ച അപകടം ആസൂത്രിതമായിരിക്കാനുള്ള സാധ്യതയിലേക്കാണ്.
പെൺകുട്ടിക്ക് സുരക്ഷിതമായ സാഹചര്യത്തിൽ മികച്ച ചികിസ ഉറപ്പുവരുത്തുന്നതിനായി ഡൽഹിയിലേക്ക് മാറ്റുന്നതിനായാണ് ശ്രമം നടക്കുന്നത്. ഹെലിക്കോപ്റ്ററിൽ പെൺകുട്ടിയെ ലക്നൗവിൽനിന്ന് ഡൽഹിയിൽ എത്തിച്ചേക്കും. ഇപ്പോൾ ലക്നൗവില വാദം നടക്കുന്ന അഞ്ച് ഉന്നാവ് കേസുകളും ദൽഹി കോടതിയിലേക്ക് മറ്റും. അതിനായി പ്രത്യേക ജഡ്ജിയെ നിയമിക്കുവാനും തീരുമാനമായിട്ടുണ്ട്. നാല്പത്തഞ്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാ കേസുകളിലും വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. പെൺകുട്ടിയുടെ കുടുംബത്തിന് ഇരുപത്തഞ്ചു ലക്ഷം രൂപ അടിയന്തിര ധനസഹായം നൽകുവാനും സുപ്രീംകോടതി ഉത്തരവിട്ടു. പെൺകുട്ടിക്ക് ഇരുപത് ലക്ഷവും, അവളുടെ അമ്മയ്ക്ക് അഞ്ചുലക്ഷവുമാണ് നൽകേണ്ടത്. പണം ഉടൻ കൈമാറണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.