Voice of Truth

മലയാളിയായ മദ്രാസ് ഐഐടി വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ഫാത്തിമയുടെ മരണം തീരാവേദനയെന്ന് അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കൊല്ലം സ്വദേശിനിയും മദ്രാസ് ഐഐടി വിദ്യാർത്ഥിനിയുമായ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത് കഴിഞ്ഞ നവംബർ ഒൻപത് ശനിയാഴ്ചയാണ്. തന്‍റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദര്‍ശൻ പത്മനാഭനാണെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കി ഇത് സ്വന്തം മൊബൈലിലെ സ്ക്രീൻ സേവറായി പെൺകുട്ടി സേവ് ചെയ്തിരിക്കുകയായിരുന്നു. 

മാര്‍ക്ക് കുറഞ്ഞതുകൊണ്ടാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്‍റെ വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി തമിഴ്നാട് പോലീസ് വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഡിസംബറിൽ നടക്കാനിരിക്കുന്നതേയുള്ളൂവെന്നും പോലീസ് നടത്തിയത് തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമായിരുന്നുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. കൂടാതെ ലോജിക് വിഷയത്തിൽ നടത്തിയ ക്ലാസ് പരീക്ഷയിൽ 20ൽ 13 മാര്‍ക്കുമായി ഫാത്തിമ ക്ലാസിൽ ഒന്നാം സ്ഥാനത്തായിരുന്നു. കൂടാതെ താൻ 18 മാര്‍ക്കിനുള്ള ഉത്തരം എഴുതിയിരുന്നെന്ന് കാണിച്ച് ഫാത്തിമ അപ്പീൽ നല്‍കുകയും ചെയ്തിരുന്നു.

ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമര്‍ശിക്കുന്ന അധ്യാപകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ ഐഐടി തയ്യാറിയിട്ടില്ല. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ഫാത്തിമ ലത്തീഫിന്‍റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചു.

ആത്മഹത്യയുമായി ബന്ധപ്പെട്ട തമിഴ്നാട് രാഷ്ട്രീയ നേതാക്കളടക്കം രംഗത്തു വന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി മദ്രാസ് ഐഐടി രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും, പോലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഐഐടി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, തമിഴ്നാട് പോലീസ് അന്വേഷിക്കുന്ന കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് രംഗത്തെത്തി. ഫാത്തിമയുടെ മൊബൈൽ ഫോണിൽ സ്ക്രീൻ സേവറായി ആത്മഹത്യാക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇത് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നില്ലെന്ന് പിതാവ് ആരോപിച്ചു. ഫാത്തിമ തൂങ്ങിമരിക്കാൻ ഉപയോഗിച്ച കയര്‍ കണ്ടെടുക്കുന്നതിലും പോലീസിന് വീഴ്ച പറ്റി. ഫാത്തിമയുടെ മുറി സീൽ ചെയ്യുന്നതിലും കാലതാമസമുണ്ടായി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജീവനൊടുക്കിയ ദിവസം ഫാത്തിമ ക്യാൻ്റീനിലിരുന്ന് കരഞ്ഞിരുന്നു. ഈ സമയത്ത് ആശ്വസിപ്പിക്കാനായി എത്തിയത് ആരെല്ലാമാണെന്ന് കണ്ടെത്തണം. ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പിൽ പേര് പരാമര്‍ശിക്കുന്ന സുദര്‍ശൻ പദ്മനാഭനെപ്പറ്റി മകള്‍ മുൻപും പരാതി പറഞ്ഞിരുന്നുവെന്നും എന്നാൽ ഐഐടി അധികൃതര്‍ സഹായിച്ചില്ലെന്നും അബ്ദുള്‍ ലത്തീഫ് ആരോപിച്ചു.

അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഫാത്തിമയെന്ന മിടുക്കിയായ വിദ്യാർഥിനിയെ കുറിച്ചും അവളുടെ വായനയെക്കുറിച്ചും മറ്റുമാണ് ഫൈസൽ എന്ന അദ്ധ്യാപകൻ ഫേസ്ബുക് കുറിപ്പിൽ വിശദമാക്കിയിരിക്കുന്നത്. ഫാത്തിമയുമായി ഫോണിൽ സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അവൾ മരിച്ചതെന്നും പ്രിയ അധ്യാപകൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഗുരുവായൂർ സ്വദേശിയും റിയാദ് യാര ഇന്‍റർനാഷണൽ സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗം തലവനുമാണ് എം. ഫൈസൽ. ഫാത്തിമയെന്ന വിദ്യാർഥിയെ പഠിപ്പിച്ചിട്ടില്ലെങ്കിലും ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഫാത്തിമയുടെ ശീലവും വായനാശീലവുമാണ് ആ കുട്ടിയിലേക്ക് തന്നെ ആകർഷിച്ചതെന്നുമാണ് എം.ഫൈസൽ ഫേസ്‌ബുക്കിൽ എഴുതിയത്.

“ഫാതിമ ലതീഫ് എന്ന വിദ്യാർത്ഥി ഞാൻ ജോലി ചെയ്യുന്ന വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ഞാൻ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കുട്ടിയിലേക്ക് ആകർഷിച്ചത്. ഒന്ന് നിരന്തരമായി സ്കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളിൽ എത്തുന്നവളായിരുന്നു ഫാതിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു. അവൾ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദർഭത്തിലാണ്. അതേ കാലത്തുതന്നെ ഞാൻ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടിൽ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങൾ വിസ്മയിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ അവൾ വായിച്ചിരുന്ന പുസ്തകം അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിംഗ്സ് ആയിരുന്നു. ആ സമയത്തേ, ലോക ക്ലാസിക്കുകളിലൂടെ അവൾ കടന്നുപോകുന്നുണ്ട്. ഈ വർഷം ഐ ഐ ടിയിലെ ഹുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷനിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്കോടെ അവൾക്ക് പ്രവേശനം ലഭിച്ചു. ജൂലൈ മാസത്തിൽ അവൾക്ക് ക്ലാസ് തുടങ്ങി. അതിനിടക്ക് ഞങ്ങൾ കാര്യമായി സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാൽ ചില പുസ്തക വാർത്തകൾ പങ്കുവെക്കുമായിരുന്നു. ഈ മാസം എട്ടിന് ഞാൻ അവളെ വാട്സപിൽ ബന്ധപ്പെട്ടു. ആ ഫോൺ അവളുടെ ഉമ്മ സാജിതയുടെ കൈവശമായിരുന്നു. സാജിത എനിക്ക് ഫാതിമയുടെ നമ്പർ തന്നു. അങ്ങനെയാണ് ഞാൻ ഈ വെള്ളിയാഴ്ച അവളോട് സംസാരിക്കുന്നത്. അവളുടെ കോഴ്സിന്റെ കരിക്കുലം വിശദാംശങ്ങൾ, പ്രവേശനപരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങൾ ഞാൻ അന്വേഷിച്ചു. അതിന് വ്യക്തമായ വിവരങ്ങൾ തന്നു. സർ, ഇത് ആർക്കു വേണ്ടിയാണ് എന്ന് ചോദിച്ചു. എന്റെ മകൻ അഖിലിനു വേണ്ടിയാണ് എന്നു പറഞ്ഞു. തുടർന്ന് കുടുംബങ്ങളുടെ കാര്യങ്ങൾ സംസാരിച്ചു. പക്ഷേ, ഏതാനും മണിക്കൂറുകൊണ്ട് അവൾ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയി. ഫാതിമയുടേത് ആത്മഹത്യയാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ കാരണവും ആത്മഹത്യ കുറിപ്പിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. സുദർശൻ പത്മനാഭൻ എന്ന അദ്ധ്യാപകന്റെ വർഗീയമായ പകയെ പറ്റി ഫാതിമ സൂചിപ്പിച്ചിട്ടുണ്ടത്രെ. സുദർശൻ പത്മനാഭനാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ് പറയുന്നു. (ഇന്റേണൽ അസസ്മെന്റ് നിലനിൽക്കുന്ന പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് വർഗീയത മാത്രമല്ല, നിരവധി ചൂഷണങ്ങൾ നിലനിൽക്കുന്നുണ്ട്.) ഇന്ത്യയുടെ അത്യുന്നതനിലവാരമുള്ള ഐ ഐ ടിക്കകത്ത് സംഘപരിവാർ രാഷ്ട്രീയത്തിന്റെ വിഷവിത്തുകൾ വ്യാപകമാകുന്നതായി ചില സുഹൃത്തുക്കൾ ഇതിനകം ഉദാഹരണങ്ങളോടെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ വർഗീയവികാരം പ്രവർത്തിച്ചിട്ടുണ്ടോ എന്നത് ഇനിയും കൂടുതലായി പുറത്തുവരേണ്ടതുണ്ട്. ഫാതിമയുടെ വാപ്പ ലതീഫിക്ക വർഗീയതയുടെ ഉള്ളടക്കം ആവർത്തിച്ച് സൂചിപ്പിക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാതിമയുടെ വേർപാട് ഞങ്ങളെ പ്രത്യക്ഷത്തിൽ ബാധിച്ച വേദനയാണ്. അതുകൊണ്ടുതന്നെ സംഭവം ഉണ്ടായതിനു ശേഷം എനിക്കോ, ബീനക്കോ സാധാരണ നിലയിലേക്ക് പൂർണമായി വരാനായിട്ടില്ല. എന്തിലേക്കൊക്കെ പോയാലും ഒടുവിൽ ഈ വേദനയിൽ തിരിച്ചെത്തുന്നു. ഇന്ന് സ്കൂളിൽ രാവിലെ ഈ വിഷയത്തിൽ കുട്ടികളെ അഭിസംബോധന ചെയ്തപ്പോഴും നിയന്ത്രണം വിടാതിരിക്കാൻ ആവതും നോക്കി. അതിനിടയിൽ ഈ ദുരന്തം വാർത്താമാദ്ധ്യമങ്ങളിലെത്തിക്കാൻ ഞങ്ങൾ രണ്ടുപേരും ശ്രമിച്ചു. സൗഹൃദവലയത്തിലുള്ള ഒന്നുരണ്ട് മാദ്ധ്യമപ്രവർത്തകരോട് ഇക്കാര്യം പങ്കുവെച്ചു. അവർ അത് ഗൗരവമായി എടുക്കുകയും ചെയ്തു. ഇപ്പോൾ ദേശീയമാദ്ധ്യമങ്ങളിൽ വരെ പ്രാധാന്യത്തോടെ വാർത്തകൾ വരുന്നുണ്ട്. ഫാതിമ നഷ്ടമായി. എന്നാൽ ഇനിയും നമ്മുടെ മക്കൾ വലിയ സ്വപ്നങ്ങളോടെ, അവരുടെ സ്വന്തം കഴിവിന്റെ മാത്രം തിളക്കത്തിൽ, കരുത്തിൽ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം നേടും. എന്നാൽ അവിടെ പതിയിരിക്കുന്ന കൊടുംവിഷവിത്തുകൾ നമ്മുടെ മക്കൾക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കിൽ ഏതുതരം രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന ചോദ്യം കൂടുതൽ പ്രസക്തമാകുന്നു. മതവർഗീയത വെച്ചുപുലർത്തുന്നവർക്ക് എല്ലാ പിന്തുണയും ലഭ്യമാകുന്ന ഈ കാലത്ത് ഇത്തരക്കാർക്ക് ഏത് സ്ഥാപനങ്ങളിലും കയറിപ്പറ്റാനും അവിടെ വാഴാനും എല്ലാ സൗകര്യങ്ങളും ഉണ്ടാകും. മൊബൈലിലെ ചെറു നോട്ടിൽ ഫാതിമ മരണകാരണം വ്യക്തമാക്കുന്നതായി കാണാം. കൂടാതെ വിശദാംശങ്ങൾ നോട്പാഡിലുണ്ടെന്നും പറയുന്നു. ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. എന്നോട് ഒരു ദിവസം എന്റെ ഒരു സ്നേഹിത ചോദിച്ചു, ഇന്ത്യയിൽ ജീവിക്കാൻ ഭയം തോന്നുന്നുണ്ടോ എന്ന്. ഞാൻ പറഞ്ഞു, ഉണ്ട്. ഇപ്പോൾ ആ ഭയം പല കാരണങ്ങളാൽ ഏറുന്നു. ഇന്ത്യൻ വിദ്യാഭ്യാസമികവിന്റെ ഏറ്റവും ഉൽകൃഷ്ടമാതൃകയായ ഐ ഐ ടിയുടെ കഥ ഇതാണെങ്കിൽ നമ്മളിനി ആരിൽ പ്രതീക്ഷ അർപ്പിക്കണം? ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നും പെൺ-ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നുവരാതിരിക്കാൻ ഭയം സൃഷ്ടിക്കുക എന്നതും ഇത്തരം ക്രൂരതയ്ക്ക് കാരണമാകാം. ഈ രോഗത്തിന് ചികിത്സ നൽകാൻ നമ്മൾ ഏത് ഭിഷഗ്വരനോടാണ് പറയുക?”

1 Comment
  1. verthil ertva says

    It’s actually a great and helpful piece of information. I’m satisfied that you simply shared this useful info with us. Please stay us informed like this. Thanks for sharing.

Leave A Reply

Your email address will not be published.