മുംബൈ: മേയ് ഇരുപത്തിരണ്ടിന് യുവതിയായ ഡോ. പായല്‍ തഡ്വി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവൈഎല്‍ നായര്‍ ഹോസ്പിറ്റല്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യയ്ക്ക് കാരണക്കാര്‍ സീനിയേഴ്സ് ആയ മൂന്ന് ഡോക്ടര്‍മാര്‍ ആണെന്നും, അവര്‍ ജാതീയമായി പതിവായി ഡോ. പായലിനെ അധിക്ഷേപിക്കാരുണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. നിരന്തരമായി ഏല്‍ക്കേണ്ടി വന്നിരുന്ന അധിക്ഷേപങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് പലപ്പോഴായി പരാതി നല്‍കിയിരുന്നുവെങ്കിലും അവര്‍ അത് പരിഗണിച്ചിരുന്നില്ല എന്നും വീട്ടുകാര്‍ പറയുന്നു.
മരണശേഷവും പരാതി നല്‍കിയെങ്കിലും പോലീസോ സര്‍ക്കാരോ നടപടികള്‍ സ്വീകരിക്കുകയുണ്ടായില്ല എന്ന് ഡോ. പായലിന്റെ ഭര്‍ത്താവ് ഡോ. സല്‍മാന്‍ ആരോപണം ഉന്നയിച്ചു. അവളെ മരണത്തിലേയ്ക്ക് നയിച്ചത് മൂന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ ആണെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം, ഡോ. പായലിന്റെ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ആയിരങ്ങള്‍ അണിനിരന്ന് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ദളിത്, ആദിവാസി വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളടക്കം അനേകര്‍ പങ്കെടുത്ത പ്രതിഷേധത്തിന് വിവിധ ആദിവാസി സംഘടനകളുടെ പിന്തുണയും ഉണ്ടായിരുന്നു.
“ഞങ്ങളുടെ വിഭാഗത്തില്‍ ആദ്യമായി മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേഷന് പോകുന്ന പെണ്‍കുട്ടിയായിരുന്നു എന്റെ മകള്‍. കുടുംബത്തിലെ ആദ്യത്തെ ഡോക്ടറും. പഠിക്കുവാന്‍ വളരെ മിടുക്കിയായിരുന്നു അവള്‍. ലക്ഷ്യം വയ്ക്കുന്നിടത്ത് എത്തിച്ചേരുവാനായി എത്ര കഠിനാധ്വാനം ചെയ്യാനും മടിയുണ്ടായിരുന്നില്ല.” പായലിന്റെ അമ്മ അബേദ തഡ്വി ദ ഹിന്ദു വിനോട് പറഞ്ഞ വാക്കുകളാണിവ.
ഗൈനക്കോളജിയിലായിരുന്നു അവള്‍ സ്പെഷ്യലൈസ് ചെയ്തിരുന്നത്. ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലില്‍ ഗൈനക്കോളജി വിഭാഗത്തില്‍ രണ്ടാം വര്‍ഷ റസിഡന്റ് ആയി പ്രവര്‍ത്തിക്കുകയായിരുന്ന അവള്‍ ആദിവാസി സമൂഹമായ തഡ്വി ഭില്‍ സമൂഹത്തിലെ അംഗമായിരുന്നു.
ഒരു കഴിവുറ്റ ചികില്‍സക, പ്രത്യേകിച്ചും ഗൈനക്കോളജി വിഭാഗത്തില്‍ ഒരു പിന്നോക്ക സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്നാല്‍, അത് രാജ്യത്തിന് തന്നെ വലിയ നേട്ടമാണ് എന്നതില്‍ സംശയമില്ല. സ്വന്തം കഠിനാധ്വാനം കൊണ്ട് അത്തരമൊരു അഭിമാനകരമായ നേട്ടത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുകയായിരുന്നു ഡോ. പായല്‍ തഡ്വി. എന്നാല്‍, അവളുടെ സഹപാഠികളും സഹപ്രവര്‍ത്തകരുമായ ചില “ഉയര്‍ന്ന ജാതിക്കാര്‍ക്ക്” ആ നേട്ടം അംഗീകരിക്കുവാന്‍ എളുപ്പമായിരുന്നില്ല. ഒരുപക്ഷെ, തങ്ങളുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും തൂപ്പുജോലിയോ മറ്റോ ചെയ്ത് ജീവിക്കേണ്ടവള്‍ എന്ന് പായലിനെക്കുറിച്ച് ചിലര്‍ ചിന്തിച്ചിരിക്കണം. ഒരു സമുദായത്തിന്റെയും, കുടുംബത്തിന്റെയും ദീര്‍ഘകാലത്തെ സ്വപ്നത്തെ നിസാരമായി കണ്ട് ചവിട്ടി മെതിക്കുവാന്‍ അവര്‍ മടിച്ചില്ല.
ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ അനുസരിച്ച്, മൂന്ന് ലേഡി ഡോക്ടര്‍മാര്‍ അവളെ നിരന്തരം അവഹേളിക്കുകയും, അവളുടെ നേട്ടത്തെ അവമതിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്, അവളുടെ അമ്മ കഴിഞ്ഞ ഡിസംബറിലും, ഈ മാസം ആരംഭത്തിലുമായി രണ്ട് തവണ ഹോസ്പിറ്റലിന് പരാതി നല്‍കിയിരുന്നു. പലപ്പോഴും താന്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പായല്‍ അമ്മയോടും ഭര്‍ത്താവിനോടും പറഞ്ഞിരുന്നു.
പതിവായി അധിക്ഷേപിക്കുമായിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ ടോയ്‌ലറ്റില്‍ പോയിവന്നാല്‍ കാല്‍ തുടയ്ക്കുന്നത് പായലിന്റെ ബെഡ്ഷീറ്റില്‍ ആയിരുന്നു. തൊഴിലിന്റെ ഭാഗമായി പ്രസവ കേസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ലേബര്‍ റൂമില്‍ പ്രവേശിക്കുന്നത് ഭീഷണിപ്പെടുത്തി തടഞ്ഞിരുന്നു. കൂടാതെ, വാട്ട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും നിരന്തരം അവഹേളിച്ചിരുന്നു. മരണത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെയും താന്‍ ഇത്തരത്തില്‍ നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് അവള്‍ അമ്മയോട് പറഞ്ഞിരുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഈ വിഷയത്തിലുള്ള പ്രതികരണം അനുസരിച്ച്, ഇന്ത്യയില്‍ മെഡിക്കല്‍ രംഗത്ത് ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നടക്കുന്നതായി അറിവില്ല. എന്നാല്‍, കുറ്റാരോപിതരായ മൂന്ന് ഡോക്ടര്‍മാരുടെ മഹാരാഷ്ട്ര മെഡിക്കല്‍ ബോര്‍ഡിലെ അംഗത്വം റദ്ദാക്കിയിട്ടുണ്ട്. പ്രതികളായി സംശയിക്കുന്നവര്‍ക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങല്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്ന വകുപ്പുകളും, ഐടി നിയമം, റാഗിംഗ് തടയുന്നതിനുള്ള നിയമം, ആത്മഹത്യാപ്രേരണ നല്‍കുന്നതിനെതിരെയുള്ള വകുപ്പുകള്‍ തുടങ്ങിയ നിയമങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2016ല്‍ ഹൈദരാബാദില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയ്ക്ക് സംഭവിച്ചതിന് സമാനമാണ് ഡോ. പായല്‍ തഡ്വിയ്ക്ക് സംഭാവിച്ചിരിക്കുന്നതും. മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ ആധുനിക ഇന്ത്യയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് നടമാടുന്ന ജാതിവേര്‍തിരിവുകളും ഒറ്റപ്പെടുത്തലും അതിന്റെ രൂക്ഷതയില്‍ വെളിപ്പെടുകയാണ് ഇവിടെ.