കേരളത്തിലെ ഒരു സാധാരണ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്‌സ് പഠിച്ചിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍. കോഴ്‌സ് കഴിഞ്ഞതിന്റെ പിറ്റേവര്‍ഷമാണ് അവര്‍ സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെ 2013ല്‍ കൊച്ചിയില്‍ ആരംഭം കുറിച്ച ശാസ്ത്ര റോബോട്ടിക്‌സ് എന്ന സ്ഥാപനം ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൈവരിച്ചിരിക്കുന്നത് അഭിമാനകരമായ നേട്ടങ്ങളാണ്. ഏവിയോണിക്‌സ് രംഗത്തെ അതികായന്മാരായ ഹണിവെല്‍, കാര്‍ ഇന്‍ഫോടെയിന്‍മെന്റ് രംഗത്തെ പ്രശസ്ത ജര്‍മ്മന്‍ കമ്പനി റോബട്ട് ബോഷ്, എച്ച് സി എല്‍ തുടങ്ങി ഇവരുടെ സേവനം തേടുന്ന മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഏറെ. കുറഞ്ഞ ചിലവിലും കൂടിയ കൃത്യതയിലും തനതായ രൂപകല്‍പ്പനയില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഇവരുടെ റോബോട്ടിക് ഉല്‍പ്പന്നങ്ങള്‍ ഏറെ പ്രശംസനീയമാണ്.
ആധുനിക സാങ്കേതിക രംഗത്തെ അനന്തസാധ്യതകള്‍ കേരള യുവത്വത്തിനുമുന്നില്‍ തുറന്നുകാണിക്കുകകൂടിയാണ് ഈ യുവസുഹൃത്തുക്കള്‍.
റോബോട്ടിക്‌സ് രംഗത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞ മൂവര്‍ സംഘം.
ആരോണിന്‍ പി, അച്ചു വിത്സണ്‍, അഖില്‍ അമ്പാടി എന്നീ മൂന്ന് സുഹൃത്തുക്കള്‍ പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് ആദ്യമായി കണ്ടു മുട്ടിയവരാണ്. സമാനമനസ്‌കരായിരുന്ന ആ സഹപാഠികള്‍ അടുത്ത ചങ്ങാതിമാരായി മാറി. പഠനശേഷം ഒരു റോബോട്ടിക് കമ്പനിയില്‍ അല്‍പ്പകാലം ജോലി ചെയ്തശേഷമാണ് മൂവരും ചേര്‍ന്ന് സ്വന്തം റോബോട്ടിക് കമ്പനി ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. അങ്ങനെ 2013ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ‘ശാസ്ത്ര റോബോട്ടിക്‌സ്’ കളമശേരിയിലുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജിലാണ് തുടക്കം കുറിക്കുന്നത്.
വ്യത്യസ്ഥമായ ഒരു റോബോട്ടിക് പ്രൊഡക്ട് ആയിരുന്നു അവരുടെ ആദ്യ കണ്‍സപ്റ്റ്. ഇന്ത്യക്ക് പുറത്ത് ഏറെ പ്രചാരമുള്ള ‘ടെലിപ്രസന്‍സ് റോബോട്ടി’ (Telepresence Robot) ന്റെ അല്‍പ്പം വ്യത്യസ്ഥമായ ഒരു രൂപമായിരുന്നു അത്. വീഡിയോ കോണ്‍ഫറന്‍സിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആ റോബോട്ട് വികസിപ്പിച്ചെടുത്തുവെങ്കിലും ഭാരതീയര്‍ ഇനിയും അത്രത്തോളം അഡ്വാന്‍സ്ഡ് ആയി ചിന്തിക്കാത്തതു മൂലം മാര്‍ക്കറ്റിംഗ് ശ്രമകരമായി അനുഭവപ്പെടുകയും തല്‍ക്കാലത്തേയ്ക്ക് അവര്‍ ആ പദ്ധതി ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്നാണ്, റോബോട്ടിക് മാനിപ്പുലേറ്ററുകള്‍ (Robotic manipulators) എന്നറിയപ്പെടുന്ന, വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള റോബോട്ടിക് ഹാന്‍ഡ്‌സ് (Robotic Hands) രൂപകല്‍പ്പന ചെയ്യുവാന്‍ ശാസ്ത്ര റോബോട്ടിക്‌സ് തീരുമാനിക്കുന്നത്. മനുഷ്യബുദ്ധിയുപയോഗിച്ച് കരങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലെ സൂക്ഷ്മമായ ആവശ്യങ്ങള്‍ക്കായി ഇലക്ട്രോണിക്ക് വ്യവസായ രംഗത്ത് ഉപയോഗപ്പെടുത്താവുന്നവയാണ് റോബോട്ടിക് ഹാന്‍ഡ്‌സ്. ഇവ നിര്‍മ്മിക്കുന്ന കമ്പനികള്‍ പലതുണ്ട് എന്നതിനാല്‍ അതില്‍ തന്നെ പ്രത്യേകമായൊരു മേഖല തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ടായിരുന്നു. ഒരു പടികൂടി കടന്നാണ് അവിടെ ശാസ്ത്ര റോബോട്ടിക്‌സ് ചിന്തിച്ചത്.
ആദ്യ ക്ലയന്റ് ജര്‍മ്മന്‍ കമ്പനിയായ റോബട്ട് ബോഷ്
ടച്ച് സ്‌ക്രീന്‍ ഉള്ള വിവിധ വിവിധ ഇനം ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനുള്ള റോബോട്ടിക് ഹാന്‍ഡ്‌സ് ആണ് ശാസ്ത്ര റോബോട്ടിക്‌സ് ആദ്യമായി രൂപകല്‍പ്പന ചെയ്തത്. അവരുടെ ആദ്യ ക്ലയന്റ് ആയി കടന്നുവന്നത് ആധുനിക കാറുകള്‍ക്കുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം രൂപകല്‍പ്പന ചെയ്തിരുന്ന ജര്‍മ്മന്‍ കമ്പനിയായ റോബട്ട് ബോഷ് ആയിരുന്നു. വിപണിയിലെ മത്സരങ്ങളും, ഡിമാന്റും മൂലം ഓരോ ആറു മാസം കൂടുമ്പോഴും പുതിയ മോഡലുകള്‍ രംഗത്തിറക്കേണ്ടിയിരുന്ന ഒരു മേഖലയാണ് കാര്‍ വ്യവസായം. അതായത് വളരെ ചുരുങ്ങിയ കാലമാണ് മോഡലുകള്‍ പരിഷ്‌കരിക്കാന്‍ കമ്പനികള്‍ക്ക് ലഭിക്കുക. ഇപ്പോഴത്തെ കാര്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റങ്ങള്‍ അനുസരിച്ച് എണ്ണമറ്റ ഓപ്ഷനുകളും സൗകര്യങ്ങളും അതിലുണ്ടാവും. മൊബൈല്‍ ഫോണുകളുമായി പെയര്‍ ചെയ്യുന്നതിനുമുതലുള്ള എല്ലാ സൗകര്യങ്ങളും നേരായവണ്ണം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം വേണം അത് കസ്റ്റമര്‍ക്ക് കൈമാറുവാന്‍. ഇത്തരം പ്രവര്‍ത്തനക്ഷമതാ പരിശോധനകള്‍ നടത്തുന്നത് മനുഷ്യര്‍ ആണെങ്കില്‍ നാല് ദിവസം വരെ വേണ്ടി വന്നിരുന്ന സ്ഥാനത്ത് ശാസ്ത്ര റോബോട്ടിക്‌സ് നിര്‍മ്മിച്ചു നല്‍കിയ റോബോട്ട് ഹാന്‍ഡ് ഉപയോഗിച്ച് ഒരു ദിവസത്തിനുള്ളില്‍ എല്ലാ പരിശോധനകളും കുറ്റമറ്റവിധം പൂര്‍ത്തികരിക്കാന്‍ കഴിയുമായിരുന്നു.
ആദ്യ ഉദ്യമത്തിന്റെ വിജയത്തെ തുടര്‍ന്നാണ് അവര്‍ ഈ രംഗത്തെ മറ്റ് സാദ്ധ്യതകളെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചത്. ടച്ച് സ്‌ക്രീന്‍ സംവിധാനമുള്ള മറ്റ് അനവധി ഇലക്ട്രോണിക്ക് പ്രൊഡക്ടുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ അവര്‍ പരിചയപ്പെടുകയുണ്ടായി. ഗുണനിലവാരപരിശോധനകളില്‍ ശാസ്ത്ര റോബോട്ടിക്‌സിന്റെ പ്രൊഡക്ടുകള്‍ ഫലപ്രദമാണെന്ന് കണ്ട ചെറുതും വലുതുമായ പല കമ്പനികളും അക്കാലത്ത് അവരുടെ ഗുണഭോക്താക്കളായിമാറി.
ഉയര്‍ന്ന ഗുണനിലവാരവും കൂടിയ ഫലപ്രാപ്തിയും താരതമ്യേന വളരെ കുറഞ്ഞമുതല്‍മുടക്കുമാണ് ശാസ്ത്ര റോബോട്ടിക്‌സിനെ ഇലക്ട്രോണിക്ക് വ്യവസായ മേഖലയില്‍ അനേക കമ്പനികള്‍ക്ക് പ്രിയങ്കരമാക്കി മാറ്റിയത്. റോബോട്ടിക്‌സില്‍ തന്നെ സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം സ്ഥാപനങ്ങളില്‍ ഒന്നായ ഫിന്‍ലന്‍ഡിലുള്ള റോബോട്ടിക് കമ്പനിക്ക് ഇത്തരം പ്രൊഡക്ടുകള്‍ ഉണ്ട്. എന്നാല്‍, അഞ്ചോ ആറോ മടങ്ങാണ് മുതല്‍മുടക്ക് എന്നതിനാല്‍ പ്രത്യേകിച്ചും, ഇന്ത്യന്‍ കമ്പനികളെ സംബന്ധിച്ച് റോബോട്ടിക് ഹാന്‍ഡ്‌സ് ഉപയോഗിക്കുക ദുഷ്‌കരമാണ്. ആ സാഹചര്യത്തിലാണ് ശാസ്ത്ര റോബോട്ടിക്‌സ് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത്. ഒന്നു മുതല്‍ മൂന്ന് കോടിവരെ മാര്‍ക്കറ്റില്‍ വിലവരുന്ന മറ്റു കമ്പനികളുടെ പ്രൊഡക്ടുകളുടെ സ്ഥാനത്ത്, പത്ത് മുതല്‍ അമ്പത് ലക്ഷം രൂപ വരെ മാത്രം ചെലവ് വരുന്നവയാണ് ഇവര്‍ വികസിപ്പിച്ചിട്ടുള്ള റോബോട്ടിക് ഹാന്‍ഡ്‌സ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ജപ്പാന്‍, കൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് പല പ്രധാന ഭാഗങ്ങളും. സര്‍ക്യൂട്ടുകള്‍ ഇവിടെ ഡിസൈന്‍ ചെയ്ത് അഹമ്മദാബാദില്‍ നിര്‍മ്മിക്കുകയാണ് പതിവ്.
അംഗീകാരങ്ങള്‍ നേടിയുള്ള വളര്‍ച്ച
കമ്പനിയുടെ വളര്‍ച്ച ആദ്യഘട്ടം പിന്നിട്ടപ്പോള്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിലുള്ള ഓഫീസ് സൗകര്യങ്ങള്‍ പോരാതെ വന്നതോടെ 2015ല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരിടത്തേയ്ക്ക് ശാസ്ത്ര റോബോട്ടിക്‌സ് മാറ്റി സ്ഥാപിച്ചു. എന്നാല്‍, പിറ്റേ വര്‍ഷം തന്നെ കളമശേരിയില്‍ കുസാറ്റിന് സമീപത്തുള്ള 5000 ചതുരശ്ര അടിയിലുള്ള സ്വന്തം ഓഫീസില്‍ മികച്ച സംവിധാനങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് ഇരുപതോളം സ്റ്റാഫും അനവധി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ ക്ലയന്റ്‌സും ശാസ്ത്ര റോബോട്ടിക്‌സിനുണ്ട്.
കേരള സര്‍ക്കാരിന്റെയും, ദ ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സ് (TiE), കൈരളി ടെലിവിഷന്‍ തുടങ്ങിയവയുടെയും സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകള്‍ തുടങ്ങി അനവധി അംഗീകാരങ്ങള്‍ ഇതിനകം ശാസ്ത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധേയമായ ഒരു ഇന്റര്‍നാഷണല്‍ പുരസ്‌കാരവും ഈ ടീമിന് ലഭിക്കുകയുണ്ടായി. സ്വീഡന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ജിനീയേഴ്‌സ് (IEEE) അസോസിയേഷന്‍ ലോകം മുഴുവനുമുള്ള റോബോട്ടിക് എന്‍ജിനീയര്‍മാര്‍ക്കായി സംഘടിപ്പിച്ച ഒരു മത്സരത്തില്‍ (Humanitatian Robotics and Automation Technology Challenge) ഒന്നാം സ്ഥാനം ലഭിച്ചത് ഇവര്‍ക്കാണ്. സ്‌റ്റോക്ക് ഹോമില്‍വച്ച് നടന്ന, ലോകത്തിലെ ഏറ്റവും മികച്ച റോബോട്ടിക് കോണ്‍ഫറന്‍സുകളില്‍ ഒന്നിന്റെ ഭാഗമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശേഷിപ്പായി ഇന്നും വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തപ്പെടാതെ കിടക്കുന്ന കുഴിബോംബുകള്‍ കണ്ടെത്തുന്നതിനുള്ള റോബോട്ട് രൂപകല്‍പ്പന ചെയ്യുകയായിരുന്നു ടാര്‍ജറ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും മറ്റ് നൂതന സങ്കേതങ്ങളും ഉപയോഗിച്ചാണ് അവര്‍ അതില്‍ വിജയികളായത്.
വിമാനങ്ങളുടെ കോക്പിറ്റിലേയ്ക്ക് വേണ്ട ഇലക്ട്രോണിക് സംവിധാനങ്ങളും, സോഫ്റ്റ്‌വെയറുകളും തയ്യാറാക്കുന്നത് തുടങ്ങി, ഏവിയോണിക്‌സ് (Avionics) രംഗത്ത് സജീവമായിരിക്കുന്ന പ്രശസ്ത മള്‍ട്ടി നാഷണല്‍ കമ്പനിയാണ് ഹണിവെല്‍ (HoneyWell). ഈ കമ്പനിക്ക് വേണ്ട റോബോട്ടിക് ഹാന്‍ഡ്‌സ് രൂപകല്‍പ്പന ചെയ്തുതുടങ്ങിയത് ശാസ്ത്ര റോബോട്ടിക്‌സിന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലായി മാറി. ഒരു പ്രത്യേക വിമാനത്തിന് വേണ്ടിയുള്ള കോക്പിറ്റ് ഡവലപ്പ്‌മെന്റ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തങ്ങളുടെ വിവിധ രാജ്യങ്ങളിലുള്ള ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ ഒരേ സമയം വിവിധ കോക്പിറ്റ് മാതൃകകള്‍ നിര്‍മ്മിക്കുകയായിരുന്നു അവരുടെ പതിവ്. ഓരോ സെന്ററുകളിലും ദശലക്ഷക്കണക്കിന് ഡോളറുകള്‍ അവര്‍ക്ക് അതിനായി ചെലവഴിക്കേണ്ടിയിരുന്നു. എന്നാല്‍, ശാസ്ത്ര റോബോട്ടിക്‌സ് അവര്‍ക്കായി വികസിപ്പിച്ച റോബോട്ടിക് ഹാന്‍ഡ് വഴി ഇന്ന് വിവിധ രാജ്യങ്ങളിലുള്ള ഡെവലപ്പ്‌മെന്റ് സെന്ററുകളിലെ എന്‍ജിനീയര്‍മാര്‍ ഒരേ കോക്പിറ്റ് ഉപയോഗിച്ച് വര്‍ക്ക് ചെയ്യുന്നു.
ഭാവി പദ്ധതികള്‍
മൊബൈല്‍ ഫോണ്‍ മുതല്‍ ടച്ച് സ്‌ക്രീനുകളുള്ള എണ്ണമറ്റ പ്രൊഡക്ടുകള്‍ ഇന്ന് മാര്‍ക്കറ്റിലുണ്ട്. എന്നാല്‍, അവയില്‍ പലതും ശരിയായ ഗുണമേന്മപരിശോധനകള്‍ കൂടാതെയാണ് ഉപയോക്താക്കളുടെ കരങ്ങളിലെത്തുന്നത് എന്നതാണ് വാസ്തവം. അതിനാല്‍, ബഗ്ഗുകളും, മാനുഫാക്ചറിംഗ് ഡിഫക്ടുകളും പതിവാകുന്നു. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശാസ്ത്ര റോബോട്ടിക്‌സ് ലക്ഷ്യമിടുന്നത്. അതോടൊപ്പം, ഭാവിയില്‍ ക്വാളിറ്റി സംബന്ധമായ പരിശോധനകള്‍ക്ക് ഉപയോഗിക്കുന്ന റോബോട്ടിക് ഹാന്‍ഡുകള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്തസാധ്യതകള്‍ കൂടി ഉപയോഗിക്കുവാനുള്ള പദ്ധതികളും ഇവര്‍ക്കുണ്ട്. കൈകള്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടിയുള്ള വിദേശനിര്‍മ്മിത റോബോട്ടിക് ഹാന്‍ഡ്‌സ് ഇന്ന് ലഭ്യമാണ്. എന്നാല്‍, അമ്പത് ലക്ഷം രൂപ വരെ വില വരുന്ന അവയ്ക്ക് പകരം കൂടിയ ഗുണമേന്മയും, കുറഞ്ഞ ചെലവുമുള്ള യന്ത്രക്കൈകള്‍ നിര്‍മ്മിക്കുവാനും ഇവര്‍ ആലോചിക്കുന്നു.
റോബോട്ടിക് രംഗത്തെ സാധ്യതകള്‍
മുമ്പ് റോബോട്ടിക്‌സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയിരുന്നത് വ്യവസായമേഖലകള്‍ മാത്രമായിരുന്നെങ്കില്‍ ഇന്ന് റോബോട്ടിക്‌സ് സാധാരണ ജനങ്ങളിലേയ്ക്ക് ഇറങ്ങിയിരിക്കുന്നു. ഡ്രൈവര്‍ ആവശ്യമില്ലാത്ത കാറുകളും, റൂം ക്ലീന്‍ ചെയ്യുന്ന റോബോട്ടുകളും മറ്റും ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ റോബോട്ടിക് രംഗത്തെ സാദ്ധ്യതകള്‍ വളരെ വലുതാണെന്ന് ഇവര്‍ പറയുന്നു. ഇക്കാലത്ത് ആരംഭം കുറിച്ചിരിക്കുന്ന മറ്റുചില കമ്പനികളും ഈ രംഗത്തുണ്ട്. പുതിയ ആശയങ്ങളുമായി രംഗപ്രവേശം ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കും, കഠിനാധ്വാനം ചെയ്യാന്‍ മനസുള്ളവര്‍ക്കും ഒരുപാട് സാധ്യതകള്‍ ഈ മേഖലയില്‍ മറഞ്ഞിരിക്കുന്നുവെന്ന് ശാസ്ത്ര റോബോട്ടിക്‌സിന്റെ അണിയറക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു.
പിന്നാലെ വരുന്നവരെക്കുറിച്ച്
എഞ്ചിനീയറിംഗ് പഠനശേഷവും അതിന്റെ അനന്തസാധ്യതകള്‍ തിരിച്ചറിയാതെ പോകുന്നവര്‍ക്ക് മുന്നില്‍ ശാസ്ത്ര റോബോട്ടിക്‌സിലെ യുവ എന്‍ജിനീയര്‍മാര്‍ക്ക് അവതരിപ്പിക്കാന്‍ വ്യത്യസ്ഥമായ ചില ആശയങ്ങളുണ്ട്. അവ പ്രവൃത്തി പഥത്തിലെത്തിച്ച് അഭിമാനത്തോടെ നില്‍ക്കുന്നവരാണ് ഈ മൂവര്‍ സംഘം. നമ്മുടെ എഞ്ചിനീയറിംഗ് കോളേജുകളിലെ സിലബസ് വളരെ പഴയതാണെന്ന് മനസിലാക്കിക്കൊണ്ടുതന്നെ, ആ പരിമിതികളെ മറികടക്കാനുള്ള പരിശ്രമങ്ങള്‍ എന്നുമുണ്ടാവുക ആവശ്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഈ കാലഘട്ടത്തിന്റെ സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ മികച്ച ക്ലാസുകള്‍ ലഭിക്കുവാന്‍ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. പല വിദേശ യൂണിവേഴ്‌സിറ്റികളുടെയും ഏറ്റവും പുതിയ ലക്ചറുകള്‍ ഉള്‍പ്പെടെയുള്ള കോഴ്‌സ് മെറ്റീരിയലുകളും, ഹ്രസ്വകാല കോഴ്‌സുകള്‍ പഠിക്കാനുള്ള സൗകര്യവും അവരുടെ വെബ്‌സൈറ്റുകള്‍ വഴി തന്നെ സൗജന്യമായി ലഭ്യമാണ്. ഇവിടെ പഠിക്കുന്നതിനൊപ്പം തന്നെയോ, അതിനുശേഷമോ അത്തരം കോഴ്‌സുകള്‍ ചെയ്യുന്നതുവഴി ശരിയായ അറിവ് ഏത് വിഷയത്തിലായാലും ലഭിക്കും. അത്തരത്തില്‍ അപ്ടുഡേറ്റ് ആയിരിക്കുന്നവര്‍ക്കാണ് ഇക്കാലത്ത് സാധ്യതകളുള്ളത്. പഠിച്ച കോഴ്‌സിന്റെ തൊഴില്‍സാദ്ധ്യതകളെ പഴിക്കുന്നതിനുമുമ്പ് കൂടുതല്‍ ആത്മാര്‍ത്ഥതയോടെ പഠനത്തെ സമീപിക്കാന്‍ തയ്യാറായാല്‍ വിജയം സുനിശ്ചിതമാണെന്ന് തങ്ങളുടെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി യുവതലമുറയെ ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.