Voice of Truth

മെക്സിക്കോയിലെ പ്രത്യേകതരം കള്ളിമുൾച്ചെടിയിൽ നിന്നും പ്ലാസ്റ്റിക്കിന് ഒരു പകരക്കാരൻ

മെക്സിക്കോയുടെ ദേശീയ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം, കള്ളിമുൾച്ചെടിയിൽ ചവിട്ടി നിന്ന് ഒരു സർപ്പത്തെ കൊക്കിലൊതുക്കിയിരിക്കുന്ന കഴുകന്റേതാണ്. ഫ്ലാഗിൽ കാണുന്ന കള്ളിമുൾച്ചെടി ‘പ്രിക്ക്ലി പിയർ’ എന്ന പേരിൽ അറിയപ്പെടുന്നു. ഈ പ്രത്യക ഇനം കള്ളിമുൾച്ചെടി ആധുനിക മനുഷ്യൻ ഇന്ന് നേരിടുന്ന ഒരു പ്രതിസന്ധിക്ക് പരിഹാരമായേക്കും എന്നാണ് ഗവേഷകരുടെ വെളിപ്പെടുത്തൽ.

മെക്സിക്കോയുടെ ദേശീയ പതാകയിലെ ചിത്രം

പ്ലാസ്റ്റിക്കിന്റെ അനിയന്ത്രിതമായ ഉപയോഗം പരിസ്ഥിതിക്ക് പരിധികളില്ലാത്ത ദോഷമായി മാറിക്കഴിഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ ‘ജൈവ പ്ലാസ്റ്റിക്’ എന്ന ആശയത്തെ വലിയ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. മെക്സിക്കോയിലെ കള്ളിമുൾച്ചെടിയിൽനിന്ന് പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാൻ കഴിയുന്ന പദാർത്ഥം വികസിപ്പിക്കുന്നതായുള്ള വാർത്തകൾ സമീപകാലത്തായി ചർച്ചകളിൽ നിറഞ്ഞിരുന്നു. ഏറെ വൈകാതെ അതുപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ ലഭ്യമായേക്കും എന്നാണ് ഈ ദിവസങ്ങളിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

ഈ കള്ളിമുൾച്ചെടിയിൽനിന്ന് വികസിപ്പിച്ചെടുക്കുന്ന പദാർത്ഥം ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നാണ് മെക്സിക്കോയിൽനിന്നുള്ള ചില ഗവേഷകർ അവകാശപ്പെടുന്നത്. അതിലൂടെ ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നായ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് അന്ത്യം കുറിക്കാൻ കഴിയുമെന്നും അവർ പറയുന്നു.

മെക്സിക്കോയിലെ പടിഞ്ഞാറൻ പട്ടണമായ ഗ്വാഡലജാറയിലെ അടെമജാക് വാലി യൂണിവേഴ്‌സിറ്റിയിലെ സാന്ദ്ര പാസ്‌കോ എന്ന ഗവേഷകയാണ് ഈ പദാർത്ഥം വികസിപ്പിച്ചെടുത്തത്. കള്ളിമുൾച്ചെടിയിൽനിന്ന് ലഭിക്കുന്ന പൾപ്പിൽനിന്നും വേർതിരിച്ചെടുത്ത ദ്രാവകം ഉപയോഗിച്ചാണ് അത് നിർമ്മിച്ചിരിക്കുന്നത്. ആ ദ്രാവകത്തോടുകൂടി വിഷാംശമില്ലാത്ത ചില രാസ പദാർത്ഥങ്ങൾ ചേർത്താണ് പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന ഷീറ്റുകളാക്കി മാറ്റുന്നത്. കാഴ്ച്ചയിൽ പ്ലാസ്റ്റിക് ഷീറ്റുകൾ പോലെ തന്നെ തോന്നുന്നരീതിയിൽ വിവിധ കളറുകൾ ചേർക്കുകയും ആവശ്യാനുസൃതം കാണാം കൂടിയോ കുറച്ചോ ഉള്ള ഷീറ്റുകളാക്കി മാറ്റുകയും ചെയ്യാം.

നിലവിൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പായ്ക്കിങ് ഷീറ്റുകളായാണ് അവ നിർമ്മിക്കപ്പെടുന്നത്. ഒരുപാടുകാലം ആയുസില്ലാത്ത രീതിയിലാണ് അവ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. മണ്ണിനും ജീവജാലങ്ങൾക്കും ദോഷമില്ലാത്ത രീതിയിൽ അവ മണ്ണിൽ അലിഞ്ഞു ചേരും.

അടുത്ത വർഷം ആരംഭത്തോടെ തന്റെ ഉൽപ്പന്നത്തിന് പേറ്റന്റ് നേടാനും വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങാനും കഴിയുമെന്ന് സാന്ദ്ര പാസ്‌കോ മാധ്യമങ്ങളോട് പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനായുള്ള തന്റെ പ്രയത്നം ഒരു സമുദ്രത്തിലേക്കുള്ള വെറും ഒരുതുള്ളി വെള്ളത്തോളമേ ആവുന്നുള്ളൂ എങ്കിലും, ഇതൊരു മാതൃകയായി ലോകം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറയുന്നു.