Voice of Truth

കര്‍ഷകര്‍ക്ക് ഏക്കറിന് പതിനായിരം രൂപ സബ്‌സിഡി നൽകണമെന്ന് വിദഗ്ധ സമിതി


ന്യൂഡല്‍ഹി: സുരക്ഷിതവും സുസ്ഥിരവുമായ കാര്‍ഷികോത്പാദനത്തിന് കര്‍ഷകര്‍ക്ക് ഏക്കറിന് പതിനായിരം രൂപ സബ്‌സിഡി നല്‍കണമെന്നും വിളകളുടെ ചുരുങ്ങിയ താങ്ങുവില ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങാക്കണമെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസാണ് സമിതിയെ നിയോഗിച്ചത്.

ഏക്കറിന് പതിനായിരം രൂപ നിരക്കില്‍ പരമാവധി പത്തേക്കറിനുവരെ സബ്‌സിഡി നല്‍കണം. കാര്‍ഷിക കാര്യക്ഷമതയും പരിസ്ഥിതിസംരക്ഷണവും ലക്ഷ്യമിട്ടാണ് സബ്‌സിഡി. വിത്ത്, വളം, അനുബന്ധ സാധനങ്ങള്‍ എന്നിവ വാങ്ങാനും വിള ഇന്‍ഷുറന്‍സിനും മറ്റുമായി ഏക്കറിന് ആറായിരം രൂപയാണ് സബ്‌സിഡി. ഇതിനുപുറമെ കാര്‍ബണിന്റെ അളവ് കുറയ്ക്കാനും കാര്യക്ഷമമായ വിളപരിപാലനരീതികള്‍ നടപ്പാക്കാനുമായി നാലായിരം രൂപയും നല്‍കണം.

ഇതുവഴി കര്‍ഷകന് വര്‍ഷം ഒരേക്കറിന് മൊത്തം പതിനായിരം രൂപ സബ്‌സിഡിയായി ലഭിക്കും. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷം മൂന്നരലക്ഷം കോടി രൂപ നീക്കിവയ്ക്കണം. സബ്‌സിഡി സമയബന്ധിതമായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

കൂടുതല്‍ വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കണം. താങ്ങുവില യഥാസമയം പുനഃപരിശോധിക്കാന്‍ ന്നതാധികാരസമിതിയെ നിയോഗിക്കണം. എല്ലാ വിളകള്‍ക്കും ‘സി-രണ്ട്’ മാനദണ്ഡമനുസരിച്ച് ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കണം. കൃഷിഭൂമിയുടെ വാടകയും അദൃശ്യച്ചെലവും ഉള്‍പ്പെടെ കണക്കാക്കിയാണ് സി-രണ്ടില്‍ ഉത്പാദനച്ചെലവ് നിശ്ചയിക്കുന്നത്. വിളസംഭരണത്തില്‍ സംസ്ഥാന ഏജന്‍സികളെയും ഉള്‍പ്പെടുത്തണം.

ചില സംസ്ഥാനങ്ങള്‍ കമ്പോളനികുതി പതിനാല് ശതമാനംവരെ ഈടാക്കുന്നുണ്ട്. ഇത് രാജ്യത്താകമാനം 6-8 ശതമാനമായി എകീകരിക്കണം. കാര്‍ഷികോത്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളും ഉന്നതതല സമിതി പുനഃപരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave A Reply

Your email address will not be published.