Voice of Truth

അജയകുമാര്‍ ഗിന്നസ് പക്രുവായ കഥ

2019 ൽ വളരെയേറെ പ്രേക്ഷക പ്രശംസ നേടിയ ഇളയരാജ എന്ന ചിത്രവും കടന്ന് ഗിന്നസ് പക്രു ചലച്ചിത്ര രംഗത്തെ തന്റെ തേരോട്ടം തുടരുകയാണ്. ഒരു മികച്ച ചലച്ചിത്രത്തിനുള്ള കഥ ആ ജീവിതത്തിലുണ്ട്. ചിരിയിലൂടെയും ചിന്തയിലൂടെയും മലയാളികളുടെ ജീവിതത്തെ സ്വാധീനിച്ച ആ കലാകാരന്റെ ജീവിതം ഒട്ടേറെപ്പേർക്ക് ജീവിക്കാൻ ബലവും നൽകിയിട്ടുണ്ട്.

സ്വന്തം കുറവുകളെ വിജയകരമായി അതിജീവിച്ചുകൊണ്ട് മലയാളികളുടെ പ്രയങ്കരനായ ഗിന്നസ് പക്രു എന്ന കലാകാരന്‍ തിരക്കേറിയ വഴികളിലൂടെ നീങ്ങുകയാണ്. ഏറെ അഗീകാരങ്ങള്‍ക്ക് പുറമേ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും കരസ്ഥമാക്കി മുന്നേറുന്ന ഇദ്ദേഹം ഇന്ന് സജീവമായ മേഖല സിനിമ മാത്രമല്ല. ചാനല്‍ പ്രോഗ്രാമുകളിലും, സാമൂഹിക പ്രവര്‍ത്തന മേഖലകളിലുമെല്ലാം അജയകുമാര്‍ എന്ന ഗിന്നസ് പക്രു ഇടപെടുന്നു.

ഗിന്നസ് പക്രു എന്ന കലാകാരന്റെ വളര്‍ച്ച ആരംഭിക്കുന്നത് സ്‌കൂള്‍ പഠന കാലത്താണെന്ന് കേട്ടിട്ടുണ്ട്. കുറവുകളെ വിജയകരമായി അതിജീവിച്ച ആ കാലം എങ്ങനെയായിരുന്നു?

വളരെ സാധാരണ ഒരു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ് ഞാന്‍. ഓട്ടോഡ്രൈവര്‍ ആയിരുന്നു എന്റെ അച്ഛന്‍. സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു എന്ന് പറയാം. എല്‍പി സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് എന്നെ ആരെങ്കിലും ക്ലാസില്‍ കൊണ്ടുപോയി കൊണ്ടുവരണമെന്ന അവസ്ഥയായിരുന്നു. പിന്നീട് ഹൈസ്‌കൂളിലേയ്ക്ക് വന്നപ്പോള്‍ ഒരു സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുക പോലും ഉണ്ടായിട്ടുണ്ട്. പക്ഷെ, സ്‌കൂള്‍ പഠനകാലത്ത് തന്നെ ഒരു പിടിവള്ളി പോലെ കല വന്നുപെടുകയായിരുന്നു. നാലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി സ്‌റ്റേജില്‍ കയറിയത് അധ്യാപകരുടെ നിര്‍ബ്ബന്ധം മൂലമായിരുന്നു. കഥാപ്രസംഗമായിരുന്നു അന്നത്തെ ഐറ്റം. അതൊരു തുടക്കം തന്നെയായിരുന്നു. അക്കാലത്ത് കഥാപ്രസംഗം ഒരു ജനകീയ കലയായിരുന്നു. തുടര്‍ന്നങ്ങോട്ട് അനവധി വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചു. മാസത്തില്‍ ഇരുപത് ദിവസമൊക്കെ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കഥാപ്രസംഗം അവതരിപ്പിച്ച ചരിത്രമുണ്ട്.

കുടുംബാംഗങ്ങളുടെ പ്രോത്സാഹനം വലുതായിരുന്നു, പ്രത്യേകിച്ച് അമ്മയുടെ. ഏതെല്ലാം വേദികളുണ്ടോ, അവിടെയെല്ലാം അമ്മ എന്നെയുംകൊണ്ട് പോകുമായിരുന്നു. സത്യത്തില്‍ കലാരംഗത്ത് സജീവമായപ്പോഴാണ് ജീവിതത്തില്‍ ഉറച്ച ആത്മവിശ്വാസം ലഭിക്കുന്ന തലത്തിലേയ്ക്ക് വളര്‍ന്നത്. ആ രംഗത്ത് ലഭിച്ച വിജയം, മുമ്പ് എന്തെകിലുമൊക്കെ നെഗറ്റീവ് ആയ ചിന്തകള്‍ ഉണ്ടായിരുന്നെങ്കില്‍ അതിനെയൊക്കെ പോസിറ്റീവ് ആക്കിമാറ്റി. ജീവിതത്തെ പോസിറ്റീവ് ആയി കാണാന്‍ സഹായിച്ചത് കല തന്നെയാണ്. തുടര്‍ന്നങ്ങോട്ട് വിദ്യാഭ്യാസ കാലത്തുടനീളവും മത്സരവേദികളും, കലോല്‍സവങ്ങളും, കലാപരിപാടികളുമൊക്കെ പഠനത്തോടൊപ്പം ഉണ്ടായിരുന്നു.

പഠനകാലത്തും തുടര്‍ന്നുമുള്ള സൗഹൃദങ്ങള്‍ ഏതു വിധത്തിലായിരുന്നു? സുഹൃത്തുക്കളുടെ സ്വാധീനം ജീവിതത്തില്‍ ഉണ്ടായിരുന്നോ?

സൗഹൃദങ്ങളെ എക്കാലവും ഞാന്‍ വളരെ വിലമതിച്ചിരുന്നു. ഒറ്റയ്ക്കിരിക്കുക ഒരിക്കലും താല്‍പ്പര്യമുള്ള കാര്യമായിരുന്നില്ല. എല്ലായ്‌പ്പോഴും കൂട്ടുകാരുടെ കൂടെ നടക്കാനും, അവര്‍ക്കൊപ്പമായിരിക്കാനും, യാത്രചെയ്യാനുമുള്ള ഭാഗ്യം എന്നുമുണ്ടായിട്ടുണ്ട്. സൗഹൃദങ്ങള്‍ ഏറ്റവുംകൂടുതല്‍ ആസ്വദിച്ചത് കോട്ടയം ബസേലിയോസ് കോളേജില്‍ പഠിച്ച അഞ്ചു വര്‍ഷക്കാലത്തായിരുന്നു. അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള വലിയൊരു സുഹൃത് വലയം അവിടെ എനിക്കുണ്ടായിരുന്നു. അവര്‍ നല്‍കിയ പ്രോത്സാഹനവും പിന്തുണയും അക്കാലത്തെ കലാജീവിതത്തെയും ഏറെ സ്വാധീനിച്ചിരുന്നു.

തമാശകളിലൂടെയും മറ്റും കൂടെയുള്ളവരെ രസിപ്പിച്ചും ചിരിപ്പിച്ചും സുഹൃത്തുക്കളാക്കുന്നതായിരുന്നു എന്റെ പ്രകൃതം. ഒരുദിവസം അവര്‍ക്കിടയില്‍ ഇല്ലെങ്കില്‍ അതൊരു വലിയ കുറവാണെന്ന് പലരും പറയാനിടയായിട്ടുണ്ട്. ഡിഗ്രി പഠനകാലത്ത് കോളേജില്‍ എന്തെങ്കിലും പരിപാടികളുണ്ടെങ്കില്‍ വീട്ടില്‍ പോലും പോകാതെ കൂട്ടുകാര്‍ക്കൊപ്പം കോളേജില്‍ തങ്ങുന്ന പതിവുണ്ടായിരുന്നു. ആ കാലഘട്ടം തിരക്കേറിയതായിരുന്നു. നിറമുള്ള അനേകം ഓര്‍മ്മകള്‍ ഇന്നും ബാക്കി നില്‍ക്കുന്നു. യുവജനോത്സവത്തിന്റെ നേതൃത്വം, ഡോക്യുമെന്ററി നിര്‍മ്മാണം, സ്വന്തമായി പാര്‍ട്ടിയുണ്ടാക്കല്‍ തുടങ്ങി അക്കാലത്ത് എഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ടാലന്റ് സ്‌കാന്‍ എന്ന പരിപാടിക്ക് വേണ്ടി സ്‌കിറ്റുകള്‍ സ്വന്തമായി എഴുതി സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.

ഇടയ്ക്ക് സംവിധാനമേഖലയിലും ഒന്ന് കൈ വച്ചിരുന്നല്ലോ. ഒരു നടന്‍ എന്നതില്‍ ഉപരി ചലച്ചിത്രരംഗത്തെ മറ്റ് താല്‍പ്പര്യങ്ങള്‍ എന്തൊക്കെയാണ്?

അഭിനേതാവ് എന്ന നിലയില്‍ എനിക്ക് ഒരുപാട് പരിമിതികളുണ്ടല്ലോ. കള്ളനെ ഓടിച്ചിട്ട് പിടിക്കുന്ന പോലീസിനെ പോലുള്ള വേഷങ്ങള്‍ എനിക്ക് ഒരിക്കലും കിട്ടില്ല. വ്യത്യസ്തമായി അവതരിപ്പിക്കപ്പെടുന്ന കോമഡി വേഷങ്ങളാണ് എക്കാലവും എനിക്ക് കിട്ടാറുള്ളത്. അതൊക്കെ നടന്‍ എന്ന നിലയിലുള്ള എന്റെ പരിമിതികള്‍ തന്നെ. അതേസമയം, മറ്റാരെങ്കിലും എന്തെങ്കിലും അവതരിപ്പിക്കുമ്പോള്‍ അവരെ പറഞ്ഞു തിരുത്താനും, പറഞ്ഞു ചെയ്യിക്കുവാനും, അതുപോലെ റിയാലിറ്റി ഷോയിലും മറ്റും കുട്ടികള്‍ക്ക് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും എനിക്ക് കഴിയാറുണ്ട്. അക്കാര്യത്തില്‍ ഞാന്‍ കോണ്‍ഫിഡന്റ് ആണ്.
സംവിധായകന്‍ എന്ന നിലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനായിരിക്കും ശ്രമിക്കുക. ആരും പറഞ്ഞിട്ടില്ലാത്ത ഒരു കഥ പറയുക എന്ന വെല്ലുവിളി ഏറ്റെടുക്കാനാണ് താല്‍പ്പര്യം. വാസ്തവത്തില്‍ സംവിധാന രംഗത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് അതിന്റെ ആഴമെന്താണെന്ന് ഗ്രഹിക്കാന്‍ കഴിഞ്ഞത്. അവിടെ വളരെ വലിയ തയാറെടുപ്പുകള്‍ ആവശ്യമുണ്ട്. ആക്ടര്‍ എന്നത് വലിയ സുഖം അനുഭവിക്കാന്‍ കഴിയുന്ന തൊഴിലായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, വേറെ തലവേദനകള്‍ ഒന്നുമില്ല. സമയത്തെത്തി മേയ്ക്കപ്പിട്ട് അഭിനയിച്ചിട്ടു പോയാല്‍ മതി. സംവിധായകനെ സംബന്ധിച്ച് അങ്ങനെയല്ല. തുടക്കം മുതല്‍ ഒടുക്കംവരെയുള്ള അദ്ദേഹത്തിന്റെ ഇന്‍വോള്‍വ്‌മെന്റാണ് സിനിമയുടെ വിജയം.

കുടുംബത്തെക്കുറിച്ച്?

ഭാര്യ ഗായത്രി, മകള്‍ ദീപ്തകീര്‍ത്തി അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു. അച്ഛന്‍ രാധാകൃഷ്ണന്‍ അമ്മ അംബുജാക്ഷി. ഞാന്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ സ്‌റ്റേജ് പ്രോഗ്രാമുകളില്‍ സജീവമായിരുന്നു എന്ന് പറഞ്ഞല്ലോ. അക്കാലം മുതല്‍ ട്രൂപ്പിന്റെ കാര്യങ്ങളും കോഓര്‍ഡിനേഷനുമെല്ലാം അച്ഛനാണ് ചെയ്തുവന്നിരുന്നത്. ഇല്ലായ്മയില്‍ നിന്ന് എല്ലാം പടുത്തുയര്‍ത്താനുള്ള പ്രോത്സാഹനം വീട്ടില്‍നിന്നു തന്നെയാണ് ലഭിച്ചത്. ഞാന്‍ അടങ്ങിയിരിക്കാന്‍ അമ്മ സമ്മതിക്കുമായിരുന്നില്ല. മറ്റൊന്ന്, നാം എത്രമാത്രം റിലാക്‌സ് ആയിരിക്കുന്നോ അത്രമാത്രം ക്രിയേറ്റീവ് ആകാന്‍ കഴിയും. അത്രത്തോളം റിലാക്‌സ് ചെയ്യാന്‍ കഴിയുന്ന ഒരു കുടുംബാന്തരീക്ഷമാണ് എനിക്ക് എന്നും ഉണ്ടായിരുന്നത്. അച്ഛനും അമ്മയുമായാലും, വൈഫും മോളുമായാലും എനിക്ക് അത്തരമൊരു സാഹചര്യം ഒരുക്കിത്തരുന്നുണ്ട്.
ചെറുപ്പം മുതല്‍ എന്റെ അവസ്ഥ കണ്ട് വളര്‍ന്നത് കൊണ്ടാവണം മോള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള പ്രകൃതമാണ്. തീരെ കുട്ടിയായിരുന്നപ്പോള്‍ അവള്‍ എന്നെ കണ്ടിരുന്നത് അവളുടെ പ്രായത്തിലുള്ള ഒരു കൂട്ടുകാരനെ പോലെയാണ്. ഈ അടുത്തായി കുറെ മാറിയിട്ടുണ്ട്. ഒരച്ഛനാണ് എന്ന വസ്തുത ഉള്‍ക്കൊണ്ടുകൊണ്ട് സംസാരിക്കാറുണ്ട്. പരാതിപറച്ചിലും കാര്യങ്ങളുമെല്ലാമുണ്ട്.

കലാപ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ചില സാമൂഹിക ഇടപെടലുകള്‍ കൂടിയുണ്ടെന്ന് കേട്ടിരുന്നു….

ഒരു കലാകാരന്‍ എന്നും സാമൂഹികമായ കാര്യങ്ങളില്‍ ഇടപെടണമെന്ന് ചിന്തിക്കുന്നയാളാണ് ഞാന്‍. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന് പറയുംപോലെ, നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിച്ചിരുന്നു. മുമ്പത്തെ അവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ഇല്ലാത്തവര്‍ക്ക് ഉദാരമായി നല്‍കുന്ന പ്രവണത അനേകര്‍ക്കുണ്ട്. അത്തരത്തിലുള്ളവര്‍ക്കിടയില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്നതില്‍ അഭിമാനമുണ്ട്. ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന മേഖല മറ്റൊന്നാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒന്നുമാകാതെ പോകുന്ന വ്യക്തികള്‍ക്കിടയില്‍ അവര്‍ക്ക് പിന്തുണ നല്‍കി മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളാണ് എന്റേത്.
ഭിന്നശേഷിയുള്ളവര്‍ക്ക് മറ്റുള്ളവര്‍ വലിയ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുന്നത് പുറംരാജ്യങ്ങളില്‍ പോകുമ്പോള്‍ കാണാറുണ്ട്. അത്തരക്കാര്‍ക്ക് വേണ്ടിയുള്ള നമ്മുടെ പദ്ധതികള്‍ പലപ്പോഴും കടലാസില്‍ മാത്രം ഒതുങ്ങുന്നു. ഭൗതികമായ എന്തെങ്കിലും കുറവുകളുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സൗജന്യങ്ങളല്ല ആവശ്യം എന്നതാണ് വാസ്തവം. അവര്‍ക്ക് വേണ്ടത് ഈ സമൂഹമദ്ധ്യത്തിലെ സ്വീകാര്യതയാണ്. രണ്ട് കയ്യുമില്ലാത്തവനൊക്കെ എത്രമാത്രം ബുദ്ധിമുട്ടിയായിരിക്കും കാലുകൊണ്ട് പരീക്ഷയെഴുതി പാസാകുന്നത്? അത്രമാത്രം കഷ്ടപ്പെട്ട് പരീക്ഷ വിജയിച്ചുവരുന്ന അവനെ ജോലിക്കെടുക്കാന്‍ ആരും തയ്യാറാകാതെ വരുന്നത് ഒരു ദുരന്തമാണ്. അത്തരത്തിലുള്ളവരെ അംഗീകരിക്കണമെന്ന് എവിടെയെല്ലാം പറയാമോ അവിടെയെല്ലാം ഞാന്‍ പറയാറുണ്ട്.

പല പേരുകളില്‍ വിശേഷിപ്പിക്കപ്പെടാറുണ്ടല്ലോ, ഏതു പേരില്‍ അറിയപ്പെടുന്നതാണ് കൂടുതല്‍ താല്‍പ്പര്യം?

സ്വന്തം പേര് ഏറ്റവും കൂടുതല്‍ തിരുത്തി പറയേണ്ടി വന്നിട്ടുള്ള വ്യക്തി ചലച്ചിത്ര മേഖലയില്‍ ഒരുപക്ഷെ ഞാനായിരിക്കും. അമ്മ നല്‍കിയ പേര് അജയകുമാര്‍ എന്നാണ്. ആ പേര് പറയുമ്പോള്‍ പണ്ട് ചിലര്‍ ചോദിച്ചിട്ടുണ്ട്, പക്രുവിന്റെ ആരെങ്കിലുമാണോ എന്ന്. അപ്പോള്‍ തന്നെ എനിക്ക് തോന്നിയിട്ടുണ്ട് അജയകുമാര്‍ എന്ന പേര് കൈവിട്ടുപോയെന്ന്. ആദ്യസിനിമയായ അമ്പിളിയമ്മാവനില്‍ ചെയ്ത കഥാപാത്രത്തെ കളിയാക്കി വിളിക്കുന്ന പേരാണ് പക്രു. അതൊരു ഐഡന്റിക്കല്‍ നെയിം ആയി മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതാണ് പ്രശസ്തമാകാന്‍ കാരണം. കുറച്ചുകൂടി നല്ലൊരു പേരുപയോഗിക്കാന്‍ എന്നെ ഉപദേശിച്ചത് മമ്മൂക്കയാണ്. ഗിന്നസ് കിട്ടിയ കാലമായിരുന്നു അത്. അങ്ങനെ ഗിന്നസ് പക്രു എന്ന പേര് സ്ഥിരമാക്കി. പഴയ കൂട്ടുകാര്‍, പ്രത്യേകിച്ച് ജൂനിയേഴ്‌സ്, ‘കൊച്ചേട്ടന്‍’ എന്ന് വിളിക്കാറുണ്ട്. പെങ്ങന്മാര്‍ക്കും ഭാര്യക്കും ഞാന്‍ ‘അജിച്ചേട്ട’നാണ്. അധ്യാപകരൊക്കെ അജയന്‍ എന്ന് വിളിക്കും. തമിഴ്‌നാട്ടില്‍ ചെന്നപ്പോള്‍, പക്രു, ‘ബക്രു’ ആയി. ചുരുക്കിപ്പറഞ്ഞാല്‍ എന്റെ ഔദ്യോഗിക നാമം അധികം പെര്‍ക്കൊന്നും അറിയില്ല. ചിലര്‍ ചോദിക്കും, ഗിന്നസ് പക്രു എന്ന് എഴുതിയിട്ട് ബ്രാക്കറ്റില്‍ അജയകുമാര്‍ എന്ന് കൊടുക്കട്ടെ എന്ന്. അപ്പോള്‍ ഞാന്‍ ആലോചിച്ചു, നമുക്ക് ഇനിയുമെന്തിനാണ് ഒരു ബ്രാക്കറ്റ്, ‘ഗിന്നസ് പക്രു’ എന്ന് തന്നെ കിടക്കട്ടെ എന്ന്.

Leave A Reply

Your email address will not be published.