Voice of Truth

ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തിയ ഡിവൈഎസ്‌പിയുടെ കഥ

26 വര്‍ഷത്തെ സേവനത്തിനിടയില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാമെഡല്‍ ഉള്‍പ്പെടെ നൂറോളം പുരസ്‌കാരങ്ങള്‍ നേടി സത്യസന്ധവും സ്തുത്യര്‍ഹവുമായി മുന്നേറുകയാണ് വയനാട് ജില്ലയിലെ മാനന്തവാടി ഡി.വൈ.എസ്.പി. കെ.എം.ദേവസ്യ.
വെള്ളമുണ്ടയിലെ കണ്ടത്തുവയലില്‍ വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ടത് നാടിനെ നടുക്കിയൊരു സംഭവമായിരുന്നു. ജനങ്ങളാകെ ഭീതിയിലായി. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്നുളളതായിരുന്നു പോലീസിന് പോലും തലവേദനയായത്. എങ്കിലും കേസന്വേഷണം ഏറ്റതുമുതല്‍ കുറ്റകൃത്യം ചെയ്തയാളിനെക്കുറിച്ച് വിശദമായ പഠനം തുടങ്ങി.

പ്രതി തൊട്ടില്‍പ്പാലം കാവിലുംപാറ സ്വദേശിയാണെന്ന് തെളിഞ്ഞു. ഇയാള്‍ പത്തു വര്‍ഷത്തോളം ഖത്തറില്‍ ആശാരിപ്പണി ചെയ്ത് ജീവിച്ചയാളാണ്. മൂന്നു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. തിരിച്ചുപോകാനായി ടിക്കറ്റുമെടുത്തിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ദമ്പതികളെ കൊലപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിച്ചത്. കൃത്യം നടത്തിയ അന്നു തന്നെ സ്വര്‍ണം 1,46,000 രൂപക്ക് സ്വര്‍ണം വില്‍പന നടത്തുകയും വാഹനം വാങ്ങിച്ചയാള്‍ക്കും അടുത്ത ബന്ധുക്കളില്‍ നിന്നും വാങ്ങിച്ചതുമുള്‍പ്പെടെ 1,25,000 രൂപയുടെ കടങ്ങള്‍ തീര്‍ക്കുകയും ചെയ്തു. വാഹനപ്രിയനായ പ്രതി ഏറ്റവും ഒടുവില്‍ ഇയോണ്‍ കാറും വാങ്ങിച്ചിരുന്നു. ഇതിന്റെയും മുന്‍ വാഹനത്തിന്റെയും ബാധ്യത നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ മോഷ്ടാക്കളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രതി കുടുങ്ങുന്നത്.

എല്ലാ തെളിവുകളുടെയും പിന്‍ബലത്തില്‍ പ്രതിയെ കണ്ടെത്തി ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ പിടിച്ചുനിന്നു. പക്ഷേ മൊഴികളിലെ പൊരുത്തക്കേടുകള്‍ തിരിച്ചറിഞ്ഞ പൊലീസ് രാത്രി കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് കാല്‍പാദ പരിശോധന നടത്തിയതോടെയാണ് ഇയാള്‍ തന്നെയാണ് കുറ്റവാളിയെന്ന് ഉറപ്പിച്ചത്. ഇതിനിടെ കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനക്ഷമമായതോടെ തെളിവുകള്‍ ശക്തമാവുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയിലേക്കെന്ന് തോന്നിച്ച കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതിയെ നാട്ടുകാര്‍ക്ക് മുന്നിലെത്തിക്കാന്‍ കഴിഞ്ഞത് എന്റെ സര്‍വീസ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കൊലപാതകിയെയും നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളും കൊല നടത്താനുപയോഗിച്ച ആയുധവുമുള്‍പ്പെടെ മുഴുവന്‍ തെളിവുകളും കണ്ടെത്തിയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. മാനന്തവാടി ഡിവൈ.എസ്.പി ആയി ചുമതലയേറ്റ് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. എങ്കിലും ആറു കൊലപാതകക്കേസുകളിലെ പ്രതികളെ കൂടാന്‍ കഴിഞ്ഞു. ദൃശ്യം സിനിമ മാതൃകയില്‍ തോണിച്ചാലില്‍ നടത്തിയ ആശൈ കണ്ണന്‍ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടിയത് ഒറ്റ ദിവസം കൊണ്ടാണ്. എല്ലാം ദൈവാനുഗ്രഹമായി മാത്രമേ കാണാനാവൂ.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലെ ഒരു സാധാരണ കര്‍ഷക കുടുംബാംഗത്തിലാണ് ഞാന്‍ ജനിച്ചത്. മാതാപിതാക്കള്‍ കൊമ്പേരി മാണി-മറിയാമ്മ. ഞങ്ങള്‍ അഞ്ചുമക്കള്‍. ഇതില്‍ മൂന്നാമനാണ് ഞാന്‍. 1956-ലാണ് ഞങ്ങളുടെ കുടുംബം പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടേയ്ക്കു കുടിയേറുന്നത്.

ഇന്നത്തെപ്പോലെ യാതൊരു സൗകര്യങ്ങളുമില്ലാത്തതായിരുന്നു അന്നത്തെകാലം. യാതൊരുവിധ റോഡു സൗകര്യങ്ങളുമില്ല. വീടിരിക്കുന്ന ഇരുമ്പകച്ചോലയില്‍ നിന്ന് ഏഴുകിലോമീറ്ററോളം നടന്നാണ് ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ്സ് വരെ പഠിക്കുന്നത്. അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ 11 കിലോമീറ്ററോളം നടന്നാണ് ഒറ്റശ്ശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠിക്കുന്നത്.

കല്ലടി കോളജില്‍ നിന്ന് പ്രീഡിഗ്രിയും പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജില്‍ നിന്ന് എം.എ.ഇക്കണോമികസും പാസ്സായി. 1991-ല്‍ പാലക്കാട് കോ.ഓപ്പറേറ്റീവ് കോളജില്‍ അദ്ധ്യാപകനായി. പിന്നീടാണ് പോലീസ് സേനയില്‍ ചേരുന്നത്. കെ.എ.പി.സെക്കന്റ് ബറ്റാലിയനില്‍ പോലീസുകാരനായായിട്ടായിരുന്നു തുടക്കം. മൂന്നു മാസത്തിനുശേഷം പാലക്കാട് ആംഡ് റിസര്‍വ്വ് പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായി. ഈ സര്‍വ്വീസിനിടയില്‍ ഏഴ് ഗുഡ്‌സ് സര്‍വ്വീസ് എന്‍ട്രികള്‍ ലഭിച്ചതോടെ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകണമെന്ന ചിന്ത ബലപ്പെടുകയായിരുന്നു. ജനങ്ങളോട് ചേര്‍ന്ന് നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശരിയായ പരിഹാരം കാണാനും പരമാവധി പരിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെയാവാം ട്രെയിനിംഗ് കാലഘട്ടത്തില്‍ കെ.എ.പി. ബറ്റാലിയനിലെ ഏറ്റവും മികച്ച കേഡറ്റായും 2002ല്‍ പാലക്കാട് ജില്ലയിലെ ഏറ്റവും നല്ല പോലീസുകാരനായും തിരഞ്ഞെടുക്കപ്പെട്ടതെന്ന് കരുതുന്നു.

പി.എസ്.സി. ടെസ്റ്റിലൂടെയാണ് ഡയറക്ട് സബ് ഇന്‍സ്‌പെക്ടറായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യനിയമനം ആലപ്പുഴയിലെ ഹരിപ്പാട് പോലീസ് സ്റ്റേഷനിലായിരുന്നു. പിന്നീട് തിരുവനന്തപുരം, ബാലരാമപുരം, പെരിന്തല്‍മണ്ണ, തിരൂര്‍, തൃശൂര്‍ ജില്ലയിലെ കുന്നംകുളം എന്നിവിടങ്ങളിലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി കോഴിക്കോട് റെയില്‍വേ പോലീസിലും നാലുവര്‍ഷം കൊടുങ്ങല്ലൂര്‍ സി.ഐ.ആയും സേവനം അനുഷ്ഠിച്ചു. ഈ കാലഘട്ടത്തില്‍ വലപ്പാട്, മാള സര്‍ക്കിളുകളുടെ ചുമതലയും വഹിച്ചിരുന്നു. പട്ടാമ്പി, ചെറുപ്ലശ്ശേരി, ഒറ്റപ്പാലം സ്റ്റേഷനുകളിലും സി.ബി.സി.ഐ.ഡി. ഇന്‍സ്‌പെക്ടറായി തൃശ്ശൂര്‍, അഗളി, മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2017 ജൂലൈയിലാണ് മാനന്തവാടി ഡി.വൈ.എസ്.പിയായി ചാര്‍ജ്ജെടുക്കുന്നത്. ഈ ഒരു വര്‍ഷംകൊണ്ട് നിരവധി കൊലക്കേസുകള്‍ക്ക് തുമ്പുണ്ടാക്കുവാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കഴിഞ്ഞു.

മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്രങ്ങളില്‍ നടന്ന മോഷണം നാട്ടിലെ ക്രമസമാധാനം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഈ കേസന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് കണ്ടെത്താനും പ്രതികളെ പിടികൂടാനും സാധിച്ചത് നാട്ടുകാരിന്നും പറയാറുണ്ട്.

വണ്ടൂര്‍ പാറപ്പുറം ക്ഷേത്രം പൊളിച്ചു മോഷണം നടത്തിയ കേസും, കൊടുങ്ങല്ലൂരില്‍ ജ്വല്ലറിക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു നടത്തിയ മോഷണവുമെല്ലാം തെളിയിക്കുന്നതിനും കഴിഞ്ഞു. കൊടുങ്ങല്ലൂരില്‍ സി.ഐ. ആയിരിക്കെ അറബിക്കടലില്‍ ബോട്ടുകേടുവന്ന് അപകടത്തില്‍ ഒറ്റപ്പെട്ട കുളച്ചില്‍ സ്വദേശികളായ ആറുപേരെ രക്ഷപ്പെടുത്താനുള്ള അധികൃതരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ ബോട്ടുമായി ഒറ്റക്ക് ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ആറു പേരെയും രക്ഷപ്പെടുത്തിയിരുന്നു. ബോട്ടു ഡ്രൈവര്‍ ജോസും സ്രാങ്ക് സുരേഷുമാണ് ബോട്ടു നിയന്ത്രിച്ചത്. കൊടുങ്ങല്ലൂരില്‍ ഹോസ്പിറ്റല്‍ കെട്ടിടത്തിന് ഷോര്‍ട്ടു സര്‍ക്യൂട്ടുമൂലം തീപിടിച്ചപ്പോള്‍ മുകള്‍ നിലയില്‍ ഒറ്റപ്പെട്ട രോഗികളെ അതി വിദഗ്ദമായി രക്ഷപ്പെടുത്തുന്നതിനും കഴിഞ്ഞു. ഇതൊക്കെയും ഒറ്റക്കായുളള പ്രവര്‍ത്തനങ്ങളല്ല, ഊര്‍ജസ്വലരായ പോലീസുകാരായിരുന്നു എപ്പോഴും കൂടെയുണ്ടായിരുന്നത്. അവരുടെ പരിശ്രമവും കഠിനാധ്വാനവും ആദരണീയമായിരുന്നു.

അഗളിയില്‍ സി.ഐ. ആയിരിക്കെ ചിറ്റൂര്‍ പള്ളിയറ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകുകയും ജനങ്ങള്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അഞ്ച് തണ്ടര്‍ ബോള്‍ട്ടു സേനാംഗങ്ങളുമായി ചേര്‍ന്ന് അവിടെയുള്ള കുടുംബങ്ങളെ അപകടം കൂടാതെ രക്ഷിക്കുന്നതിനും കഴിഞ്ഞു. ഈ സംഭവത്തില്‍ നാട്ടുകാര്‍ സ്വീകരണം നല്‍കുകയും ഗൂഡ്‌സ് സര്‍വ്വീസ് എന്‍ട്രി ലഭിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പാലക്കാട് ബിഷപ്പ് വന്ന് അഭിനന്ദിക്കുകയും ചെയ്തിരുന്നു. നിലമ്പൂര്‍ സി.ഐ. ആയിരിക്കെ ജനമൈത്രി പോലീസിന്റെ ഭാഗമായി വീടില്ലാത്ത നിര്‍ദ്ധന രോഗികള്‍ക്ക് വീടുവെച്ചു നല്‍കിയത് മറക്കാനാവാത്ത മറ്റൊരു ഓര്‍മ്മയാണ്. കുടിവെള്ളമില്ലാതെ വലഞ്ഞ എസ്.ടി കോളനിയിലേയ്ക്ക് ഒരുകിലോമീറ്റര്‍ ദൂരം പൈപ്പുകളിട്ടു കുടിവെള്ളമെത്തിക്കാനും കഴിഞ്ഞു. ഈ കഴിഞ്ഞ പ്രളയകാലത്ത് വയനാട് ജില്ലയില്‍ 6680 കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ കഴിഞ്ഞു. അന്നവരുടെ കണ്ണീരുംവേദനയും ഇന്നും എന്റെ മനസില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ഈ മാതൃകയാണ് മറ്റുപല സന്നദ്ധ സംഘടനകളും സ്വീകരിച്ചത്. വയനാട്ടിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഗുഡ്‌സ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചു.

ഏതെല്ലാം സ്ഥലങ്ങളില്‍ ഡ്യൂട്ടി ഏല്‍പ്പിച്ചിട്ടുണ്ടോ അവിടെയെല്ലാം എന്നെ ഏല്പിച്ച ദൗത്യത്തോട് പരമാവധി കൂറ് പുലര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. ശബരിമല, തൃശ്ശൂര്‍പൂരം, തൃശ്ശൂര്‍ ഉത്രാടികാവ്, നെന്മാറ വല്ലങ്കി, ആറ്റുകാല പൊങ്കാല, പാവറട്ടി പെരുനാള്‍, കുന്നംകുളം അടിപ്പൂട്ടി പെരുനാള്‍, കൊടുങ്ങല്ലൂര്‍ ഭരണി തുടങ്ങി കേരളത്തിലെ ഒട്ടനവധി ഉത്സവങ്ങളും തിരുനാളുകളും യാതൊരു വിധ പ്രശ്‌നങ്ങളുമില്ലാതെ നടത്തുന്നതിനും ദൈവം അനുഗ്രഹം നല്‍കി എന്ന് തുറന്ന് പറയാം. മിക്കയിടത്തും വലിയ പ്രശ്‌നങ്ങളുടെ മധ്യത്തിലായിരുന്നു ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. എന്നാല്‍ എല്ലാം ഉടയോന്‍ തന്നെ അത്ഭുതകരമായി നയിച്ചു. അതായിരിക്കാം 2012-ല്‍ സംസ്ഥാന ഉത്സവമിത്രാ അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ ആദരിച്ചതെന്ന് എനിക്ക് തോന്നുന്നു.

വിവിധ ജില്ലകളിലായി സേവനകാലഘട്ടങ്ങളില്‍ 27 ഓളം കൊലപാതക കേസുകള്‍ അന്വേഷിക്കുകയും യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരികയും ചെയ്തു. ഇതില്‍ പ്രധാനമായതു കൊടുങ്ങല്ലൂര്‍ മതിലകം തമ്പി വധക്കേസ് ആയിരുന്നു. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം സേവനകാലഘട്ടത്തില്‍ 13 കൊലപാതക കേസുകള്‍ക്ക് തെളിവുണ്ടാക്കുന്നതിന് കഴിഞ്ഞു. പട്ടാമ്പിയില്‍ ഏഴു കൊലക്കേസുകള്‍ക്ക് തുമ്പുണ്ടാക്കി അതില്‍ ഒറിസാ മര്‍ഡര്‍ കേസില്‍ പ്രതികള്‍ക്ക് 34 വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചത്. പട്ടാമ്പി ബംഗളി മര്‍ഡര്‍ കേസിന്റെ വിചാരണ നടന്നുവരുന്നു. പട്ടാമ്പി കുട്ടികൃഷ്ണമേനോന്‍ മര്‍ഡര്‍ കേസില്‍ 12 വര്‍ഷത്തെ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചത്. അഗളിയിലെ ഷണ്‍മുഖന്‍ മര്‍ഡര്‍ കേസിലെ പ്രതികള്‍ക്കും 12 വര്‍ഷം ശിക്ഷ ലഭിക്കുകയുണ്ടായി. ഷോളായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടത്തറയില്‍ കാമുകന്‍ കാമുകിയെകൊന്ന കേസില്‍ പ്രതിക്ക് 12 വര്‍ഷം ശിക്ഷ ലഭിച്ചു. പാണ്ടിക്കാട് നിലമ്പൂര്‍ സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് മര്‍ഡര്‍ കേസുകളിലാണ് വിചാരണ നടന്നുവരുന്നത്.

ഏറ്റവും വലിയ അനുഗ്രഹമായി എനിക്ക് തോന്നുന്നത് 26 വര്‍ഷങ്ങളായി പോലീസ് സേനയില്‍ യാതൊരുവിധ പണിഷ്‌മെന്റുകളോ ബ്ലാക്ക് മാര്‍ക്കുകളോ ദൈവകൃപയാല്‍ ഉണ്ടായിട്ടില്ല എന്നതാണ്.

ദൈവം തന്ന ജോലിയാണിതെന്നും, ഈ ജോലി ദൈവനിയോഗമാണെന്നും എനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ മനസ്സാക്ഷിക്കനുസരിച്ചു സത്യസന്ധമായും പക്ഷപാതം കൂടാതെയും ഒരു നിരപരാധിയും പ്രതിയാക്കപ്പെടുന്നില്ല എന്ന ഉറപ്പോടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നു.

രാഷ്ട്രീയവും, മാതാധിപത്യവും മറ്റു ബാഹ്യശക്തികളുടെ ഇടപെടലുകളോ ഒന്നും കൂടാതെ ഏറ്റവും വിശ്വസ്തമായി തനിക്ക് മുന്നോട്ടുള്ള പാതയൊരുക്കുന്നത് സര്‍വ്വശക്തന്‍ മാത്രമാണ്.
ഇപ്പോള്‍ ലോക്കല്‍ പോലീസിലെ ജോലിക്കൊപ്പം തന്നെ മൂന്ന് ജില്ലകളിലെ തണ്ടര്‍ ബോള്‍ട്ടു കമാന്റോ സേനയുടെ കമാന്‍ഡറായും സേവനം ചെയ്തു വരുന്നു.

(കുഞ്ഞുമോളാണ് ദേവസ്യയുടെ ഭാര്യ. മൂന്നു മക്കളില്‍ മൂത്തയാള്‍ ദീപു വിദേശത്തു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്നു. രണ്ടാമത്തെ മകള്‍ ദീപ്തി മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളേജിലെ എം.കോം വിദ്യാര്‍ത്ഥിനിയാണ്. ഇളയമകള്‍ ദിവ്യ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. അമ്മ മറിയാമ്മ 94-മത്തെ വയസ്സില്‍ കഴിഞ്ഞ വര്‍ഷമാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. പിതാവ് കൊമ്പേരി മാണി 101-ാം വയസ്സില്‍ തന്റെ മക്കളുടെ പേരമക്കളുടെയും സ്‌നേഹത്തണലില്‍ ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണ്.

Leave A Reply

Your email address will not be published.