ജൈവസാങ്കേതികവിദ്യകളുടെ ലോകം വളരെ വിശാലമാണ്. പ്രകൃതിയിലെ ജീവന്റെയും, ജൈവവ്യവസ്ഥിതിയുടെയുമായ എണ്ണമറ്റ മേഖലകളില്‍ ജീവശാസ്ത്രം ഇടപെട്ടുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും സങ്കീര്‍ണ്ണമായത്, മനുഷ്യന്‍ ഉള്‍പ്പെടെയുള്ള അതിസങ്കീര്‍ണ്ണമായ ജീവിവര്‍ഗ്ഗങ്ങളിലെ ഗവേഷണങ്ങളും അതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുമാണ്. ഇത്തരത്തില്‍ ജനിതക സാങ്കേതിക രംഗത്ത് മുതലുള്ള സൂക്ഷ്മമായ ഇടപെടലുകളെ വൈദ്യശാസ്ത്രവും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതില്‍, ഏറെ പ്രാധാന്യമുള്ളതും, ഈ നൂറ്റാണ്ടിലെ ജൈവ സാങ്കേതിക മേഖലയുടെ മികച്ച സംഭാവനകളില്‍ ഒന്നുമായ ഒരു മേഖലയാണ് സ്റ്റെം സെല്‍ റിസര്‍ച്ച്, അഥവാ, മൂലകോശ ഗവേഷണങ്ങള്‍. ആധുനിക ചികിത്സാരംഗം ഇത്രയേറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മറ്റൊരു ഗവേഷണമേഖലയില്ല എന്ന് തന്നെ പറയാം. ഈ രംഗത്ത്, ഇന്ന് ജീവശാസ്ത്രം ലക്ഷ്യം വയ്ക്കുന്ന നേട്ടങ്ങള്‍ കയ്യെത്തിപ്പിടിക്കാനായാല്‍, അത് മുമ്പൊരിക്കലും ലോകം കാണാത്ത വലിയൊരു വിപ്ലവത്തിന് നാന്ദികുറിക്കും എന്ന് നിശ്ചയം. സ്റ്റെം സെല്‍ റിസര്‍ച്ച്, നിര്‍ണ്ണായകമായ വഴിത്തിരിവുകളിലേയ്ക്ക് എത്തിയിട്ട് ഏറെക്കാലമായില്ലെങ്കിലും, ഇതിനകം തന്നെ ചികിത്സാമേഖലകളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. നമുക്ക് ഇതിനകം പരിചിതമായി കഴിഞ്ഞിട്ടുള്ള ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ. രക്താർബുദ ചികിത്സയിൽ ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ ഏറെ ഫലപ്രദമാണ്.
മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവരൂപങ്ങളുടെ ശരീരത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള കോശങ്ങളാണ് മൂലകോശങ്ങള്‍ അഥവാ, സ്റ്റെം സെല്ലുകള്‍. മറ്റു വിവിധയിനം കോശങ്ങളായി മാറാനുള്ള കഴിവാണ് അവയെ വ്യത്യസ്ഥമാക്കുന്നത്. മനുഷ്യന്റെ ശരീരത്തില്‍ കാണപ്പെടുന്ന സ്റ്റെം സെല്ലുകളുടെ സ്വഭാവവും, പ്രത്യേകതകളും അനുസരിച്ച് വിവിധ ഇനങ്ങളുണ്ട്. അവയുടെ സവിശേഷതകളും പ്രാധാന്യവും അനുസരിച്ചാണ് ജൈവസാങ്കേതിക ശാസ്ത്രരംഗം അവയ്ക്ക് പിന്നിലെ സാധ്യതകളെ സമീപിക്കുന്നത്. അത്തരം ചില സവിശേഷതകളാണ് അവയെ വൈദ്യശാസ്ത്ര രംഗത്തും ജൈവസാങ്കേതിക രംഗത്തും നിര്‍ണ്ണായകമാക്കി മാറ്റുന്നതും.
സ്റ്റെം സെല്ലുകളെ അവയുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ പലതായി തരാം തിരിച്ചിരിക്കുന്നു. ഏറ്റവുമധികം പൊട്ടന്‍സി(കൂടുതൽ കോശങ്ങളായി മാറാനുള്ള കഴിവ്) ഉള്ള സ്റ്റെം സെല്‍ ടോട്ടിപൊട്ടന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ശരീരത്തിലെ മറ്റേതൊരു കോശവുമായി മാറാനുള്ള സവിശേഷമായ കഴിവാണ് അവയ്ക്കുള്ളത്. സസ്യകോശങ്ങള്‍ക്ക് സാധാരണയായി ഉള്ള ഒരു സവിശേഷതയാണ് അത്. എന്നാല്‍, മനുഷ്യനുള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ ഈ സ്റ്റെം സെല്‍ കാണപ്പെടുന്നത്, ഒരു ജീവന്‍ രൂപം കൊള്ളുന്ന ആദ്യഘട്ടത്തിലെ സൈഗോട്ടിൽ (സിക്താണ്ഡം) മാത്രമാണ്. എല്ലാത്തരം കോശങ്ങളുമായി മാറാൻ കഴിയില്ലെങ്കിലും ഏറെക്കുറെ പല കോശങ്ങളുമാകാൻ കഴിയുന്ന സ്‌റ്റെം സെല്ലുകൾ പ്ലൂരി പൊട്ടന്റ് എന്ന് അറിയപ്പെടുന്നു.
വൈദ്യശാസ്ത്ര രംഗത്തെ ജൈവസാങ്കേതിക വിദ്യയുടെ ഇടപെടലുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്ന് മള്‍ട്ടിപൊട്ടന്റ് സ്റ്റെം സെല്ലുകളുടെ ഉപയോഗമാണ്. അഡള്‍ട്ട് സ്റ്റെം സെല്ലുകളാണ് മള്‍ട്ടിപൊട്ടന്റ് വിഭാഗത്തില്‍ പെടുന്നവ. അതായത്, ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തില്‍ കാണപ്പെടുന്ന മൂലകോശങ്ങള്‍. അവയ്ക്ക് മറ്റ് പല കോശങ്ങളുമായി മാറാൻ കഴിവുണ്ട്. യൂണിപൊട്ടന്റ് സ്‌റ്റെം സെല്ലുകളാണ് മറ്റൊരു വിഭാഗം. ഇതും ശരീരത്തിൽ സാധാരണയായി കാണപ്പെടുന്ന സ്‌റ്റെം സെല്ലുകളാണ്. ഏതെങ്കിലും ഒരു തരത്തിപെട്ട കോശങ്ങളായി മാറാനുള്ള കഴിവേ ഇവയ്ക്കുള്ളൂ. ക്യാന്‍സര്‍ ചികിത്സയിലും, നേത്ര ചികിത്സയിലും തുടങ്ങി, ഏറെ മേഖലകളില്‍ ഇത്തരത്തില്‍ നിര്‍ണ്ണായകമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്.
സ്റ്റെംസെല്‍ സംബന്ധമായ ഗവേഷണങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉടനീളവും നേരിട്ട പ്രധാനപ്പെട്ട ഒരു വെല്ലുവിളി, കൂടുതല്‍ പ്രവര്‍ത്തനശേഷിയുള്ള സ്റ്റെം സെല്ലുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ടതായിരുന്നു. ടോട്ടിപൊട്ടന്റ് സ്റ്റെം സെല്ലുകള്‍ ഭ്രൂണത്തില്‍നിന്ന് മാത്രവും,
പ്ലൂരിപൊട്ടന്റ് സ്‌റ്റെം സെല്ലുകൾ ഭ്രൂണത്തിൽ നിന്നും, നവജാതശിശുക്കളുടെ പൊക്കിൾകൊടിയിൽ നിന്നും മാത്രമേ ലഭ്യമാവുകയുള്ളൂ എന്നതിനാല്‍, ചികിത്സാവശ്യങ്ങൾക്കായി അത്തരത്തില്‍ സ്റ്റെം സെല്ലുകൾ ശേഖരിക്കുന്നത് ദുഷ്കരമായിരുന്നു. ഭ്രൂണം നശിപ്പിക്കപ്പെടും എന്നതിനാൽ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഭ്രൂണത്തിൽ നിന്ന് സ്‌റ്റെം സെല്ലുകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അത്തരമൊരു പശ്ചാത്തലത്തിലാണ് 2006ല്‍, ജാപ്പനീസ് ജൈവ ശാസ്ത്രജ്ഞനായ ഷിന്യ യമനാക തന്റെ ലാബില്‍ വച്ച് കൃത്രിമമായി പ്ലൂരിപൊട്ടന്റ് സ്റ്റെം സെല്ലുകള്‍ നിര്‍മ്മിച്ചത്. ആ കണ്ടെത്തലിന് അദ്ദേഹത്തിന് പില്‍ക്കാലത്ത് നോബല്‍ സമ്മാനം ലഭിക്കുകയുമുണ്ടായി. മനുഷ്യശരീരത്തിലെ ഒരു സാധാരണ കോശത്തെ ലബോറട്ടറിയിൽ വച്ച് പ്ലൂരി പൊട്ടന്റ് സ്‌റ്റെം സെല്ലുകളാക്കി മാറ്റാൻ കഴിയുന്ന സാങ്കേതിക വിദ്യ അദ്ദേഹം കണ്ടെത്തി. ഇന്‍ഡ്യൂസ്ഡ് പ്ലൂരിപൊട്ടന്റ് സ്റ്റെംസെല്ലുകൾ (iPS) എന്നാണ് അവ അറിയപ്പെടുന്നത്. ഇന്‍ഡ്യൂസ്ഡ് പ്ലൂരിപൊട്ടന്റ് സ്റ്റെംസെല്ലുകളുടെ കണ്ടെത്തല്‍ ഈ ഗവേഷണമേഖലയിലെ നിര്‍ണ്ണായകമായ ഒരു നേട്ടമായിരുന്നു. ഇന്ന്, ലോകത്ത് പലയിടങ്ങളിലായി നടക്കുന്ന അതിസങ്കീര്‍ണ്ണമായ അനവധി ഗവേഷണങ്ങള്‍ക്ക് ഇത്തരമൊരു നേട്ടത്തിന്റെ പിന്‍ബലമുണ്ട്.
സമീപകാലങ്ങളിലായി ലോകസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഒന്നാണ്, ജനനവേളയില്‍ തന്നെ, കുഞ്ഞിന്റെ സ്റ്റെം സെല്‍ ശേഖരിച്ചുസൂക്ഷിക്കുന്ന പ്രക്രിയ. ചുരുങ്ങിയ കാലങ്ങള്‍കൊണ്ട് തന്നെ ഏറെ പ്രശസ്തി നേടിയ ഈ രംഗത്ത്, സജീവമായുള്ള സ്ഥാപനങ്ങള്‍ ഏറെയുണ്ട്. പ്രസവവേളയില്‍ അമ്മയില്‍ നിന്ന് വേര്‍പെടുത്തുന്ന പൊക്കിള്‍കൊടിയില്‍ കാണപ്പെടുന്ന രക്തത്തില്‍നിന്നുമാണ് അത്തരത്തില്‍ സ്റ്റെം സെല്ലുകള്‍ ശേഖരിക്കാന്‍ കഴിയുക. മള്‍ട്ടിപൊട്ടന്റ് വിഭാഗത്തില്‍ പെടുന്ന അത്തരം മൂലകോശങ്ങള്‍ സ്റ്റെം സെല്‍ ബാങ്കുകളില്‍ ശീതീകരിച്ച് സൂക്ഷിച്ചാല്‍, പില്‍ക്കാലത്ത് രക്തസംബന്ധമായോ, പ്രതിരോധശേഷി സംബന്ധമായോ രോഗബാധയുണ്ടായാല്‍ അതിനെ ഫലപ്രദമായി ചികിത്സിക്കുവാന്‍ കഴിയും എന്നുള്ളത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.
ഈ നൂതനമായ ഗവേഷണമേഖലയുമായി ബന്ധപ്പെട്ട്, ആരംഭം മുതല്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന ധാര്‍മ്മിക പ്രശ്നങ്ങളും ചിലതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ്, ചികിത്സയ്ക്കും ഗവേഷണാവശ്യങ്ങള്‍ക്കുമായുള്ള മനുഷ്യ ഭ്രൂണങ്ങളുടെ ഉപയോഗം. ഗവേഷണ ആവശ്യങ്ങള്‍ക്കായി ഭ്രൂണങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, ഐവിഎഫ് ചികിത്സയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന മനുഷ്യഭ്രൂണങ്ങളില്‍, ഉപയോഗിക്കപ്പെടാതെ സൂക്ഷിക്കപ്പെടുന്ന ഭ്രൂണങ്ങളാണ് ഉപയോഗിച്ചുവരുന്നത് എന്ന വിശദീകരണമുണ്ട്.
കഴിഞ്ഞ ചില വര്‍ഷങ്ങളിലായി, കൃത്രിമമായി പ്ലൂരിപൊട്ടന്റ് സ്റ്റെംസെല്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നതിനാല്‍, ഭ്രൂണത്തെ നശിപ്പിക്കേണ്ട ആവശ്യം ഇന്നില്ല എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഒരു വ്യക്തിക്ക് ആവശ്യമുള്ള സ്റ്റെംസെല്ലുകള്‍ അയാളുടെ ശരീരത്തില്‍ നിന്നുതന്നെ ശേഖരിക്കുന്ന കോശങ്ങളില്‍ നിന്ന് രൂപപ്പെടുത്തുന്ന ഈ രീതി, ആധുനിക ജൈവസാങ്കേതിക രംഗത്ത് അനന്ത സാധ്യതകളുടെ വാതില്‍ തുറന്നുനല്‍കിയിരിക്കുന്നു.
മൂലകോശഗവേഷണ രംഗത്ത് ശാസ്ത്രം വിഭാവനം ചെയ്യുന്ന അനന്ത സാധ്യതകളില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഇന്നത്തെ ചികിത്സാ രംഗത്ത് നടപ്പായി കഴിഞ്ഞിട്ടുള്ളത്. എണ്ണമറ്റ ഗവേഷണ മേഖലകളില്‍ ശാത്രജ്ഞര്‍ കര്‍മ്മ നിരതരാണ്. ഭാവിയില്‍, ഇന്ന് മനുഷ്യന് പരിഹാരം കണ്ടെത്താന്‍ കഴിയാത്ത അനവധി ഗുരുതര ആരോഗ്യ പ്രതിസന്ധികളില്‍ ക്രിയാത്മകമായി ഇടപെടുവാന്‍ സ്റ്റെം സെല്‍ ഉപയോഗിച്ചുള്ള ചികിത്സകളിലൂടെ കഴിയുമെന്ന് ആഗോളസമൂഹം പ്രതീക്ഷിക്കുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട നിരവധി സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ട ചുമതല ഇന്നത്തെ ശാസ്ത്ര ലോകത്തിനുണ്ട്.