Voice of Truth

മത്സരങ്ങൾ തീർക്കാനുള്ള തിടുക്കം വിനയായി. ഹാമർ ത്രോയിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റതോടെ അത്‌ലറ്റിക് ചാംപ്യൻഷിപ് മാറ്റിവച്ചു

പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിനിടെ ഇന്നലെ ഉച്ചയോടെ, വോളന്റിയറായ വിദ്യാർത്ഥിയുടെ തലയിൽ മൂന്നുകിലോയുള്ള ഹാമർ പതിച്ച സംഭവം കായിക ലോകത്തെ നടുക്കിയിരുന്നു. പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അഫീൽ ജോൺസണാണ് ഗുരുതരമായി പരിക്കേറ്റത്.

ഹാമർ, ജാവലിൻ ത്രോ മത്സരങ്ങൾ ഒരേ ഗ്രൗണ്ടിൽ ഒരേ സമയം നടത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. പൂജ അവധിദിനങ്ങൾ സമീപിച്ചിരിക്കുന്നതിനാൽ, മത്സരയിനങ്ങൾ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തീർക്കേണ്ടതുണ്ടായിരുന്നതാണ് തിടുക്കത്തിന് കാരണമെന്ന് സംഘാടക പ്രതിനിധികൾ വിശദീകരിച്ചു. അപകടത്തെ തുടർന്ന്, രണ്ട് ദിവസങ്ങൾ കൂടി തുടരേണ്ടിയിരുന്ന ചാമ്പ്യൻഷിപ്പ് മാറ്റിവച്ചിരിക്കുന്നതായി അറിയിപ്പുണ്ടായി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നാണ് വിവരം.

പതിനെട്ട് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഹാമർ ത്രോ മത്സരം നടന്നിരുന്നതിന്റെ സമീപം തന്നെയാണ് ജാവലിൻ ത്രോയും നടന്നിരുന്നത്. ജാവലിൻ ത്രോ മത്സരത്തിൽ വോളന്റിയറായിരുന്നു അഫീൽ. ഗ്രൗണ്ടിൽ നിന്നും ജാവലിൻ എടുക്കാൻ ശ്രമിക്കവെയാണ് പറന്നുവന്ന ഹാമർ അഫീലിന്റെ നെറ്റിയിൽ പതിച്ചത്. രണ്ടു ത്രോ മത്സരങ്ങൾ ഒരേ സമയം നടന്നിതിനിടയിൽ സംഭവിച്ച പാളിച്ചയാണ് അപകട കാരണമെന്ന് വ്യക്തം. വലിയ അപകട സാധ്യതയുള്ള മത്സരങ്ങൾ ആയതിനാൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണ്ടിയിരുന്നു എന്നാണ് സംഘാടക സമിതിക്കെതിരെ പരക്കെ ഉയരുന്ന വിമർശനം. മുമ്പും ഇത്തരത്തിലുള്ള അപകടങ്ങൾ കേരളത്തെ നടുക്കിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇത്തരം മത്സരങ്ങൾ നടക്കുന്നതിനിടെ പാലിക്കേണ്ടിയിരുന്ന നിബന്ധനകളും നിയന്ത്രണങ്ങളും അപകടം നടന്ന ഗ്രൗണ്ടിൽ പാലിക്കപ്പെട്ടിരുന്നില്ല എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്, വലിയ ചാംപ്യൻഷിപ്പുകൾ നടക്കുന്ന വേളയിലെങ്കിലും ത്രോ ഇനങ്ങൾക്ക് കർശനമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ഹാമർ ത്രോ നടക്കുമ്പോൾ ഇരുമ്പ് വല ഉപയോഗിക്കേണ്ടത് നിർബ്ബന്ധമാണെന്ന് ഈ മേഖലയിലെ വിദഗ്ദർ ഓർമ്മിപ്പിക്കുന്നു. ത്രോ ഇനങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡിൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സുരക്ഷാമേഖലയിൽ ആരും പ്രവേശിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് മത്സരം നിയന്ത്രിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. എന്നാൽ, ഇവിടെ രണ്ട് മത്സരങ്ങളുടെയും സുരക്ഷാമേഖലകൾ ഒന്നുതന്നെയായിരുന്നു.

ഒരു സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് ഇന്നലെ സംഭവിച്ചതെന്ന് വ്യക്തം. സംഘാടകരുടെ അശ്രദ്ധയും, സുരക്ഷാപാളിച്ചയുമാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് ആർഡിഒ അനിൽ ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave A Reply

Your email address will not be published.