Voice of Truth

ശ്രീലങ്കയുടെ ഭരണം സഹോദരന്മാരുടെ കൈകളില്‍

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പ്രസിഡന്റ് സഹോദരനായ ഗോതാബയ രാജപക്സെയാണെന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്ത് ഇതാദ്യമാണ് സഹോദരന്മാര്‍ ഒരേസമയം പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളിലെത്തുന്നത്.

രണ്ടരപ്പതിറ്റാണ്ടുകാലം ഈ സഹോദരന്മാര്‍ ഒന്നിച്ചുനിന്നാണ് എല്‍.ടി.ടി.ഇ.യെ അടിച്ചമര്‍ത്തിയതെന്ന കാര്യം ജനങ്ങള്‍ക്കറിയാം. അക്കാലത്ത് മഹിന്ദ പ്രസിഡന്റും ഗോതാബയ പ്രതിരോധസെക്രട്ടറിയുമായിരുന്നു.

പാര്‍ലമെന്റില്‍ വിക്രമസിംഗെയുടെ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെന്നിരിക്കെ ഗോതാബയയ്ക്ക് തിരഞ്ഞെടുപ്പില്‍ ലഭിച്ച ജനസമ്മതി ബഹുമാനിച്ചുകൊണ്ടാണ് രാജിതീരുമാനമെന്ന് വിക്രമസിംഗെ പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.
ഗോതാബയയുടെ വിജയത്തോടെ രാജിവെക്കാന്‍ വിക്രമസിംഗെയ്ക്കുമേല്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ സമ്മര്‍ദമുണ്ടായിരുന്നു.


രണ്ടുതവണ പ്രസിഡന്റായിട്ടുള്ള മഹിന്ദയ്ക്ക് ഗോതാബയയെക്കൂടാതെ മറ്റുരണ്ട് സഹോദരന്മാര്‍കൂടിയുണ്ട്. ബാസിലും ചമലും. ഇരുവരും രാഷ്ട്രീയത്തില്‍ സജീവമാണ്. മഹിന്ദ ആദ്യമായി പ്രസിഡന്റായപ്പോള്‍ മൂത്തസഹോദരന്‍ ചമല്‍ പാര്‍ലമെന്റ് സ്പീക്കറായിരുന്നു. മൂന്നുമാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെതന്നെ സഹോദരന്‍ മഹിന്ദയെ പ്രധാനമന്ത്രിയാക്കുമെന്ന് ഗോതാബയ വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.