കൊച്ചി: കൊച്ചിയിലെ ചാവറ കള്‍ച്ചറല്‍ സെന്ററിന് ഐക്യരാഷ്ട്ര സംഘടനയുടെ എക്കോസോക്ക് സാമ്പത്തിക-സാമൂഹിക കൗണ്‍സിലിന്റെ സ്‌പെഷല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി.
സാംസ്‌കാരികധാരകളിലും മതാന്തര സൗഹൃദരംഗത്തും നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അംഗീകാരം. അര നൂറ്റാണ്ടോളമായി കൊച്ചിയുടെ സാംസ്‌കാരികധാരയില്‍ നിര്‍ണായക സാന്നിധ്യമായി മതാന്തരസൗഹൃദം ഊട്ടി വളര്‍ത്തുന്നതിന് നിസ്തുല സേവനങ്ങള്‍ നല്‍കിവരുന്ന പ്രസ്ഥാനമാണ് സി.എം.ഐ സന്യാസ സമൂഹത്തിന്റെ കീഴിലുള്ള ചാവറ കള്‍ച്ചറല്‍ സെന്റര്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ കതതോലിക്കാ സഭയുടെ സാംസ്‌കാരിക സമീപനങ്ങളില്‍ തദ്ദേശീയരോടൊപ്പം ഇടപെടുകയും മുന്‍കൈ എടുക്കുകയും വേണമെന്ന തീരുമാനത്തിന് വിധേയമായി സ്ഥാപിക്കപ്പെട്ട ആദ്യ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പ്രമുഖമായ ഒന്നാണിത്.
1971-ല്‍ സ്ഥാപിതമായ ചാവറ കള്‍ച്ചറല്‍ സെന്ററിനുള്ള ശ്രേഷ്ഠമായ അംഗീകാരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നൂറാം ചരമവാര്‍ഷികത്തിനുള്ള പ്രണാമസമര്‍പ്പണം കൂടിയാണെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ പറഞ്ഞു.