ന്യൂഡല്‍ഹി: നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സജീവവും അക്രമണോത്സുകവുമായതുകൊണ്ട് ഫലമില്ലെന്നും ജനങ്ങളിലേക്ക് നേരിട്ടിറങ്ങുകയാണ് അതിനേക്കാള്‍ പ്രധാനമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതാക്കളെ ഓര്‍മിപ്പിച്ചു.
മൂന്ന് സസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും വിളിച്ചുചേര്‍ത്ത പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
രാജ്യത്ത് പ്രതികാര രാഷ്ട്രീയം അതിന്റെ മൂര്‍ധന്യത്തിലാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ജനാധിപത്യം ഇത്രയും വലിയ വിപത്ത് ഇതിന് മുമ്പെങ്ങും നേരിട്ടിട്ടില്ല. 2019-ലെ ജനവിധിയെ ഏറ്റവും അപകടകരമായ രീതിയില്‍ ദുരുപയോഗം ചെയ്യുകയും നിന്ദിക്കുകയുമാണ് ബി.ജെ.പി.
ഗ്രാമങ്ങളിലും തെരുവുകളിലും പട്ടണങ്ങളിലും നഗരങ്ങളിലും നിര്‍ഭമായി പോരാടാന്‍ കോണ്‍ഗ്രസ് എഴുന്നേറ്റുനില്‍ക്കേണ്ടതുണ്ട്. സാമ്പത്തികവും സാമൂഹികവുമായ പ്രധാന വിഷയങ്ങളില്‍ കൃത്യമായ സമരപരിപാടി പാര്‍ട്ടിക്കുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സാമ്പത്തിക തകര്‍ച്ചയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന തൊഴില്‍ നഷ്ടവുമാണ്.
നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് നാള്‍ക്കുനാള്‍ ഉലച്ചില്‍ തട്ടിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരാകട്ടെ ഒരു സൂചനയും ധാരണയുമില്ലാതെയായിക്കൊണ്ടിരിക്കുന്നെന്നും അവര്‍ പറഞ്ഞു. രാജ്യത്തിനാവശ്യം പ്രചാരണങ്ങളും കെട്ടിച്ചമച്ച വാര്‍ത്തകളോ വിഡ്ഢിത്തം നിറഞ്ഞ സിദ്ധാന്തങ്ങളോ അല്ല, സമ്പദ്ഘടനയെ ഉറപ്പിച്ചുനിര്‍ത്താനാവശ്യമായ മൂര്‍ത്തമായ പദ്ധതിയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു