ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളാണ് ആഗസ്റ്റ് പതിനഞ്ച്. ലോകമെങ്ങുമുള്ള കത്തോലിക്കാ ഓർത്തഡോക്സ് ദേവാലയങ്ങളിൽ ഭക്തിപൂർവ്വം കൊണ്ടാടുന്ന ഈ തിരുനാളിൽ എല്ലാ വർഷവും പാമ്പുകളും പങ്കുചേരുന്നു.
വിസ്മയനീയമായ ഈ സംഭവം നടക്കുന്നത് ഗ്രീസിലെ കെഫാലോണിയ ദ്വീപിലാണ്. ദ്വീപിന്റെ ദക്ഷിണ ഭാഗത്ത് ഒരു കുന്നിൻ ചരിവിലായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ‘മാർക്കോപൗളോ’ അവിടെയുള്ള, പനാജിയ ലഗൗവാർഡ (അഥവാ, വിർജിൻ മേരി ഓഫ് ദ സ്‌നേക്ക്സ്) ദേവാലയത്തിൽ എല്ലാവർഷവും ആഗസ്റ്റ് ആറിന് ഡസൻ കണക്കിന് പാമ്പുകൾ എവിടെനിന്നോ പ്രത്യക്ഷപ്പെടുന്നു. തിരുനാൾ ദിനമായ പതിനഞ്ചിന് രാത്രി അവ എവിടേക്കോ അപ്രത്യക്ഷമാവുകയും ചെയ്യും.
ഉപദ്രവകാരികളല്ലാത്ത ഈ ചെറിയ പാമ്പുകളുടെ തലയിലും നാവിലും ചെറിയൊരു കുരിശടയാളവുമുണ്ട്. ഓരോ വർഷവും ആഗസ്റ്റ് ആറിന് സൂര്യാസ്തമനത്തിന് ശേഷം പാമ്പുകൾ പ്രത്യക്ഷപ്പെടും. ഉടനെ തന്നെ ദേവാലയ മണികൾ അടിച്ച് ഗ്രാമവാസികളെയെല്ലാം വിവരമറിയിക്കും. കാരണം പാമ്പുകൾ പ്രത്യക്ഷപ്പെടുന്നത് അനുഗ്രഹത്തിന്റെ അടയാളമായാണ് അവർ കണക്കാക്കുന്നത്. നൂറ്റാണ്ടുകളായുള്ള ഈ പ്രതിഭാസം രണ്ടു വർഷങ്ങളിൽ മാത്രമാണ് നടക്കാതിരുന്നിട്ടുളളത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ നാളുകളിലും, പിന്നീടൊരിക്കൽ കെഫാലോണിയയിലുണ്ടായ വലിയ ഭൂകമ്പത്തിന് മുമ്പും. തന്മൂലം പാമ്പുകൾ .പ്രത്യക്ഷപ്പെടാതിരുന്നാൽ, അതൊരു അപശകുനമായാണ് ദ്വീപ് നിവാസികൾ കാണുന്നത്.
1705 മുതലാണ് ഈ അത്ഭുത പ്രതിഭാസം ആരംഭിച്ചതെന്ന് ഐതിഹ്യങ്ങൾ പറയുന്നു. അക്കാലത്ത് സന്യാസിനികൾ മാത്രം താമസിച്ചിരുന്ന ഒരു കോൺവെന്റ് ആയിരുന്നു ഇപ്പോഴുള്ള ദേവാലയത്തിന്റെ സ്ഥാനത്തുണ്ടായിരുന്നത്. ഒരിക്കൽ കടൽക്കൊള്ളക്കാർ സന്യാസിനികളെ ആക്രമിക്കാനെത്തി. നിസഹായരായ അവർ, കന്യാമറിയത്തിന്റെ ചിത്രത്തിന് മുന്നിൽ നിന്ന് നിലവിളിച്ചു പ്രാർത്ഥിച്ചു. ആ സമയം നൂറുകണക്കിന് പാമ്പുകൾ ആ സ്ഥലത്തേയ്ക്ക് പാഞ്ഞെത്തുകയും അതുകണ്ടു ഭയപ്പെട്ട് കടൽക്കൊള്ളക്കാർ പിൻവാങ്ങുകയും ചെയ്തു എന്നതാണ് കഥ.
അതിനുശേഷം എല്ലാവർഷവും അതെ ദിവസം, സിസ്റ്റേഴ്‌സിനെ സംരക്ഷിക്കാനെത്തിയ പാമ്പുകൾ അവിടെ എത്തിച്ചേരും. ആഗസ്റ്റ് ആറിന് വൈകുന്നേരം മുതൽ, ആഗസ്റ്റ് പതിനഞ്ച് രാത്രി വരെ അവ ദേവാലയത്തിലും, മാതാവിന്റെ ഐക്കണിന് ചുറ്റും നിർബ്ബാധം കയറി ഇരിക്കും. മനുഷ്യരുടെ സാന്നിധ്യം അവയെ ഭയപ്പെടുത്താറുമില്ല. കൊച്ചുകുട്ടികൾ വരെ ഈ പാമ്പുകളെ കൈകളിലെടുക്കുകയും മുത്തം കൊടുക്കുകയും ചെയ്യും. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും പരിശുദ്ധ കന്യകാമറിയത്തിന്റെ പാമ്പുകളെ കാണാനായി മാർക്കോപൗളോ ഗ്രാമത്തിലെത്തുന്നത്.