- നഗരത്തിലെ 37 വായു പരിശോധന കേന്ദ്രങ്ങളിൽ മലിനീകരണതോത് ഉയർന്നിരിക്കുന്നതായി റിപ്പോർട്ട്
- വ്യോമ ഗതാഗതവും താറുമാറായി, ഇന്നലെ 37 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു എന്ന് അധികൃതർ
- പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുത്തേക്കും
രാജ്യമെങ്ങും മലിനീകരണം കുത്തനെ ഉയരുകയാണ്. ജീവനുകളെയും ജനജീവിതത്തെയും ഗുരുതരമായി ബാധിക്കുമാറ് വായുമലിനീകരണത്തിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. മലിനീകരണത്തിന്റെ തോത് ഏറ്റവുമധികം ഉയർന്നുകഴിഞ്ഞ ഡൽഹിയിൽ കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ആരംഭിച്ച പുകമഞ്ഞ് ജനജീവിതത്തെ സ്തംഭിപ്പിച്ചുകഴിഞ്ഞു. നഗരത്തിലെ 37 വായുപരിശോധന കേന്ദ്രങ്ങളിലും മലിനീകരണ തോത് ഉയർന്നിരിക്കുന്നതായി തിരിച്ചറിഞ്ഞ റിപ്പോർട്ടുകളുണ്ട്.
വാഹന ഗതാഗതത്തെയും വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചുകഴിഞ്ഞ പുകമഞ്ഞ്, ഇനിയും അഞ്ചു ദിവസങ്ങൾകൂടി നീളാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കനത്ത മഴയും കാറ്റും ഉണ്ടായാലേ ഇപ്പോൾ നഗരത്തിൽ ഉയർന്നിരിക്കുന്ന പുകമഞ്ഞ് നീങ്ങുകയുള്ളു. എട്ട്, ഒമ്പത് തീയതികളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി ചെറിയ മഴ പെയ്തെങ്കിലും വായുനിലവാരം കൂടുതല്‍ മോശമായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഞായറാഴ്ച മാത്രം 37 വിമാന സർവീസുകളാണ് വഴിതിരിച്ചുവിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കനത്ത പുക മഞ്ഞിൽ കാഴ്ചപരിമിതിയുണ്ടായതോടെയാണ് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ഛയ്ക്ക് ഒരു മണിവരെയുള്ള സമയത്തിനിടയിലാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്നാണ് വിമാനത്താവള അധികൃതർ പറഞ്ഞത്. ജയ്പൂർ, അമൃത്സർ, ലഖ്നൗ, മുംബൈ തുടങ്ങിയ വിമാനത്താവളത്തിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെയ്ത മഴയാണ് പുകമഞ്ഞ് കൂടാൻ കാരണം. പുകമഞ്ഞ് വർദ്ധിച്ചത് ഏക്സ്പ്രസ് ഹൈവേയിൽ അടക്കം ഗതാഗതത്തെ ബാധിച്ചു. ഡൽഹി മെട്രോയിൽ ട്രെയിനുകൾ വേഗത കുറച്ചാണ് ഓടുന്നത്. ആളുകൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുകയാണ്. വായുഗുണനിലവാര സൂചിക ദില്ലിയിലും സമീപ പട്ടണങ്ങളിലും 400നും 700 ഇടയിലാണ്.
നോയിഡയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നിർമ്മാണ നിരോധനം ലംഘിച്ച 38 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആരോഗ്യഅടിയന്തരാവസ്ഥക്ക് പിന്നാലെ ദില്ലിയിൽ നാളെ മുതൽ ഒറ്റ ഇരട്ട നമ്പർ വാഹന നിയന്ത്രണം നടപ്പാക്കും. മലിനീകരണതോതിനെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. അയൽസംസ്ഥാനങ്ങളിൽ കൊയ്ത്തു കഴിഞ്ഞപാടങ്ങൾ കത്തിക്കുന്നതിനെതിരെയുള്ള ഹർജിയും കോടതി പരിഗണിക്കും.