ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം 2003 സെപ്തംബര്‍ 30 ന് എഴുതി.
”ഒരുവന്‍ സിഗപ്പൂര്‍ക്ക് യാത്ര പോകുകയാണെന്ന് കരുതുക. അയാള്‍ക്ക് നിങ്ങളുടെ പേരും മുഖഛായയും. അവിടുത്തെ വിമാനത്താവളത്തില്‍ നിന്നും പുറത്ത് വരുമ്പോള്‍ മുതല്‍ നിങ്ങള്‍ നിങ്ങളുടെ മാന്യഭാവം പുറത്തെടുക്കും. വഴിയില്‍ തുപ്പാനോ, അലക്ഷ്യമായി വേസ്റ്റുകള്‍ വലിച്ചെറിയാനോ തുനിയില്ല. മെട്രോകളെപ്പറ്റി സിംഗപ്പൂര് കാര്‍ക്കുള്ള അഭിമാനത്തിലേക്ക് നിങ്ങളും പ്രവേശിക്കും. അവര്‍ പറയുന്ന തുകടോള്‍ നല്‍കും. അവര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യും. അവര്‍ പറയുന്ന നികുതിയും അടക്കും.
വാഷിംഗ്ടണില്‍ റോഡില്‍ ഗതാഗത നിയമം തെറ്റിച്ച് വാഹനമോടിക്കുകയും പോലീസ് പിടിക്കുകയും ചെയ്യുമ്പോള്‍ ‘എന്നെ നിങ്ങള്‍ അറിയുമോ, ഞാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത നേതാവെന്നോ, എന്റെ സ്വന്തമാണ് ഇവിടുത്തെ മന്ത്രിയെന്നോ നിങ്ങള്‍ പറയില്ല.’ കാരണം അങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ക്കു ള്ള ശിക്ഷയുടെ ഗൗരവം വര്‍ദ്ധിക്കും എന്നതു തന്നെ. ലണ്ടനില്‍ ചെന്ന് കൈക്കൂലി കൊടുത്ത് നിങ്ങള്‍ ഒരു കാര്യവും സാധിക്കാന്‍ തുനിയില്ല, ടോക്കിയോയില്‍ ചെന്നാല്‍ വഴിവക്കില്‍ മുറുക്കി തുപ്പാനോ, സിഗരറ്റ് കുറ്റി വലിച്ചെറിയാനോ ശ്രമിക്കില്ല. അങ്ങനെ ചെയ്താല്‍ ശേഷിച്ച ജീവിത കാലം മുഴുവന്‍ അങ്ങനെ ചെയ്യാതിരിക്കാനുള്ള ശിക്ഷ അവര്‍ നല്‍കും. ഓസ്‌ടേലിയായിലോ ന്യൂസിലാന്റിലോ ചെന്നാല്‍ കരിക്കിന്റെ തൊണ്ടോ, പ്ലാസ്റ്റിക് കവര്‍ മാലിന്യമോ തോന്നുന്ന സ്ഥലത്തേക്ക് വലിച്ചെറിയില്ല. അത് നിക്ഷേപിക്കാനുള്ള ഇടം തേടിപ്പിടിച്ച് കണ്ടെത്തും. അധ്വാനികളായ അവരുടെ ശുചിത്വത്തെ അപ്പോഴെല്ലാം നാം മതിമറന്ന് പ്രശംസിക്കും. മറ്റൊരു രാജ്യത്ത് ചെന്നാല്‍ അലസരാകാതെ സമയക്രമം പാലിച്ച് ജീവിക്കാന്‍ നാം പ്രയത്‌നിക്കും. എന്നാല്‍ ഇതൊന്നും സ്വന്തം രാജ്യത്ത് ചെയ്യാന്‍ നാം ശ്രമിക്കുന്നില്ല.” കലാമിന്റെ ഈ വാക്കുകള്‍ നമ്മുടെ ദേശസ്‌നേഹം ഉണര്‍ത്തേണ്ടതാണ്.
രണ്ടാം ലോകമഹായുദ്ധത്തില്‍ നിശേഷം തകര്‍ന്ന രാജ്യങ്ങളാണ് ജര്‍മ്മനിയും ജപ്പാനും. എന്നാല്‍ കേവലം ഒന്നോ രണ്ടോ പതിറ്റാണ്ട് കൊണ്ട് ഈ രണ്ടു രാഷ്ട്രങ്ങളും ശക്തമായി ഉയിര്‍ത്തെഴുന്നേറ്റില്ലേ? സുനാമി ജപ്പാനെ പലകുറി താറുമാറാക്കി.എന്നിട്ടും അവര്‍ തളര്‍ന്നില്ല. കഠിനാദ്ധ്വാനത്തിലൂടെ പൂര്‍വസ്ഥിതിയിലേക്ക് തന്നെ തിരിച്ചെത്തി. നാടിന്റെ പുരോഗതിക്ക് തന്റെ പങ്ക് വലുതാണെന്ന് കണ്ട് ജനം കഠിനാധ്വാനം ചെയ്തതിന്റെ ഫല മാണിതെല്ലാം.
ജപ്പാനേക്കാളും ജര്‍മ്മനിയേക്കാളും എത്രയോ ഇരട്ടി മനുഷ്യവിഭവശേഷിയാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യന്‍ ജനത ഈ ക്രിയാശേഷി വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ നാടിന്റെ ചരിത്രം വേറൊന്നാകുമായിരുന്നു. എന്നാല്‍ നാം അധ്വാനിക്കാതെ അലസരായി സമയം കളയുന്നു. അദ്ധ്വാനത്തെ ആദരിക്കുവാനുള്ള മനസുമില്ല. കള്ളക്കടത്ത്, കരിഞ്ചന്ത, വ്യാജനോട്ട്, വാഹനമോഷണം, ഭൂമി കയ്യേറ്റം, കൊലപാതകങ്ങള്‍ തുടങ്ങിയവയിലൂടെ ഇഷ്ടമുള്ളതുപോലെ പണമുണ്ടാക്കാനും തോന്നും പോലെ ജീവിക്കാനുമുള്ള ചിന്ത നമ്മുക്കിടയില്‍ ശക്തമാകുകയാണ്.
‘പാണിനീയ പ്രദ്യോതം’, യേശു സഹസ്രനാമം തുടങ്ങിയ ഈടുറ്റ കൃതികളുടെ കര്‍ത്താവായ ഐ.സി.ചാക്കോ തിരുവിതാംകൂറില്‍ വ്യവസായ ഡയറക്ടറായിരുന്ന കാലം. അന്നത്തെ ദിവാനായിരുന്ന സുബ്രഹ്മണ്യ അയ്യരാകട്ടെ മഹാ അഹങ്കാരിയും ധിക്കാരിയുമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ദിവാന്റെ സ്‌നേഹിതന്‍ തക്കലയില്‍ പഞ്ചസാരമില്‍ നടത്തിയിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരാകട്ടെ ആ കമ്പനിക്ക് വേണ്ടി ധാരാളം പണം മുടക്കി. നഷ്ടകമ്പനിയെ സഹായിക്കാന്‍ വീണ്ടും കുറേക്കൂടി പണം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. പക്ഷേ വ്യവസായ ഡയറക്ടറായ ഐ.സി.ചാക്കോ ഇതിന് തയ്യാറായില്ല.
ക്ഷുഭിതനായ ദിവാന്‍ അദ്ദേഹത്തെ വിളിച്ച് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ ഐ.സി.ചാക്കോ ദിവാനോടു ദൃഢസ്വരത്തില്‍ പറഞ്ഞു. ”എന്റെ വകുപ്പില്‍ പണം വിനിയോഗിക്കുന്നതിന് എനിക്ക് ഉത്തരവാദിത്തമുണ്ട്. എന്റെ രാജ്യത്തോടു എനിക്കു കടമയുമുണ്ട്. അതുകൊണ്ട് തിരികെ കിട്ടില്ലെന്നു എനിക്കു ഉറപ്പുള്ള കാര്യത്തിന് ഞാന്‍ പണം നല്‍കില്ല. ഈ നിലപാടില്‍ വിശ്വാസമില്ലെങ്കില്‍ എനിക്കീ സ്ഥാനവും പദവിയും വേണ്ട.”
ഡയറക്ടര്‍ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് എടുത്ത് അദ്ദേഹം ഉടന്‍ ദിവാന്റെ മേശപ്പുറത്ത് വെച്ചു. ദിവാന്‍ സ്തംഭിച്ചുപോയി. തെല്ലും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ഇത്. ആ രാജിക്കത്ത് അദ്ദേഹം വാങ്ങിയില്ല. പിന്നീട് ഈ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയതുമില്ല.
ഇത്ര ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ ഇന്ന് നമ്മുടെ നേതാക്കള്‍ക്ക് കഴിയുമോ? ജനങ്ങളുടെ നികുതിപ്പണം- സര്‍ക്കാര്‍ ഉത്തരവ്- പിന്നെ എനിക്കെന്ത്? ഈ മനോഭാവമായിരിക്കും ഇന്ന് ഭൂരിപക്ഷവും സ്വീകരിക്കാന്‍ സാധ്യത.
നാം അലസരും ഉത്തരവാദിത്തബോധമില്ലാത്തവരുമാകുമ്പോള്‍ അത് നമ്മുടെ ഭവനത്തെ മാത്രമല്ല, രാഷ്ട്രത്തെയും പ്രതികൂലമായി ബാധിക്കും. നാം ആത്മാര്‍ത്ഥതയും അദ്ധ്വാനശീലവും നീതിബോധവും ഉള്ളവരാകുമ്പോള്‍ നമ്മുടെ ഭരണാധികാരികളും അങ്ങനെയുള്ളവരാകും. അതിനാല്‍ നമ്മുടെ വിശുദ്ധീകരണത്തിലൂടെ മാത്രമേ രാഷ്ട്രവും വിശുദ്ധീകരിക്കപ്പെടുകയുള്ളുവെന്ന് ഓര്‍ക്കുക. നമ്മുടെ സ്വാര്‍ത്ഥതയുടെയും അലസതയുടെയും കൂടാരങ്ങള്‍ പൊളിച്ച് കളയുക, നമുക്കുവേണ്ടി മാത്രം ജീവിക്കാതെ മറ്റുള്ളവര്‍ക്കുവേണ്ടികൂടിയും ജീവിക്കാന്‍ പരിശ്രമിക്കാം…