കശ്മീരില്‍ മഞ്ഞു മൂടി പുതച്ചുകിടക്കുന്ന പ്രകൃതി മനോഹരമായ സിയാച്ചിനിലേക്കു ഇനി നമുക്ക് യാത്ര പോകാം.ആകാശത്തിലും ഭൂമിയിലും തൂവെള്ളയുടെ ശോഭയും വെണ്ണക്കല്‍ ശില്പം പോലെ തലയുയര്‍ത്തി നില്‍ക്കുന്ന സുന്ദരഭൂമിയാണ് സിയാച്ചിന്‍.
അതിശയ കഥകളിലും ഭൂപടങ്ങളിലും മാത്രമുണ്ടായിരുന്ന ഈ പ്രദേശം ഇനി സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറുമെന്ന് തീര്‍ച്ച. ലോകത്തെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ ഇനി വിനോദ സഞ്ചാരികളുടെ പാദമുദ്രയും പതിയും.
കാരണം മഞ്ഞിന്റെ ഈ വെണ്ണക്കല്‍ ദേശം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
നമുക്കറിയാം പട്ടാളക്കാരുടെ വീരകഥകളിലെല്ലാം അതുല്യമായ സ്ഥാനമാണ് സിയാച്ചിനുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 5400 മീറ്റര്‍ ഉയരത്തില്‍ ആണ് ഈ ദേശത്തിന്റെ സ്ഥാനം.
തണുപ്പു കൂടൂതലുള്ള സമയങ്ങളില്‍ ശരാശരി മഞ്ഞുവീഴ്ച 10. 5 മീറ്റര്‍ (35 അടി) ആണ്. താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് ആയി താഴുകയും ചെയ്യും. ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാച്ചിന്‍ നിരകളിലാണ്.
ജമ്മുകശ്മീരില്‍ നിന്നും വേര്‍പെടുത്തി ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയതിനു പിന്നാലെ ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിന്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത് പ്രതിരോധമന്ത്രിരാജ്നാഥ് സിംഗ് ആണ്.
സിയാച്ചിന്‍ ബേസ് ക്യാമ്പ് മുതല്‍ കുമാര്‍ പോസ്റ്റ് വരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം. സൈന്യത്തിന്റെ നിയന്ത്രണത്തോടെയായിരിക്കും ഇവിടേക്ക് സഞ്ചാരികളുടെ പ്രവേശനം. ഇതിനോടൊപ്പം സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അവസരമൊരുക്കുന്നുണ്ട്.
സൈനികര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയാനുള്ള അവസരവും അങ്ങനെ ലഭിക്കുകയാണ്. ഓപ്പറേഷന്‍ മേഘദൂതിലൂടെ 1984 ല്‍ ആണ് ഇന്ത്യന്‍ സൈന്യം സിയാച്ചിന്‍ മഞ്ഞുമല പിടിച്ചടക്കുന്നത്.
അന്ന് മുതല്‍ സിയാച്ചിനിലേക്കു ചുരുക്കം ചില പത്രപ്രവര്‍ത്തകര്‍ക്കും പര്യവേഷകര്‍ക്കുമാണ് അനുമതി ലഭിച്ചിരുന്നത്. തന്ത്ര പ്രധാന മേഖലയായതിനാല്‍ കനത്ത സുരക്ഷ വലയത്തിലാണ് സിയാച്ചിന്‍.