ലൈംഗികാവബോധം – നിഷിദ്ധമോ?
ലൈംഗികതയെക്കുറിച്ച് വളരെ വികലമായ ആശയങ്ങളും മനോഭാവങ്ങളും മനുഷ്യന്‍ വച്ച് പുലര്‍ത്തിയിരുന്നു എന്നത് ഒരു വസ്തുതയാണ്. ലൈംഗികത തിന്മയാണെന്നും, അത് മനുഷ്യ പ്രകൃതിയാല്‍ വെറുക്കപ്പെടേണ്ട ഒരു ഘടകമാണെന്നും മറ്റുമുള്ള ധാരണകള്‍ ഈ അടുത്തകാലം വരെ അസ്വാഭാവികമാം വിധം പ്രതിഫലിച്ചിരുന്നു. പഴയ തലമുറകള്‍ക്കൊന്നും ആരും ലൈംഗിക വിദ്യാഭ്യാസം നല്‍കിയിരുന്നില്ലല്ലോ, എന്നിട്ട് അവര്‍ക്ക് എന്ത് ദോഷം വന്നു എന്നാണ് പലരുടെയും ചോദ്യം.
ഈ ആധുനിക കാലഘട്ടത്തില്‍ സ്ഥിതിഗതികള്‍ വ്യത്യസ്ഥമാണ്. ഔപചാരികമായി ലൈംഗിക വിദ്യാഭ്യാസം നല്‍കാത്ത സമൂഹങ്ങളില്‍ ചെറുപ്പക്കാര്‍ ലൈംഗിക വിജ്ഞാനം നേടുന്നത് മൂന്ന്‍ മാര്‍ഗ്ഗങ്ങളില്‍ കൂടിയാണ്.
- കൂട്ടുകാരില്‍ നിന്ന്
- വഴിതെറ്റി നടക്കുന്ന മുതിര്‍ന്നവരില്‍ നിന്ന്
- മൂല്യരഹിതമായ ചില പ്രസിദ്ധീകരണങ്ങളില്‍നിന്ന്
- ഇന്റര്‍നെറ്റില്‍ നിന്ന്
ഒരുവന്റെ വ്യക്തിത്വത്തെ സമഗ്രമായി സ്വാധീനിക്കുന്ന ഒരു വൈയക്തിക പ്രതിഭാസമാണ് സെക്സ്. സെക്സ് ദൈവദത്തമാണ്. ആയതിനാല്‍, വികാരജീവിതത്തെ സ്വതന്ത്രമായ നിയന്ത്രണത്തിലൂടെ സമൂഹോന്മുഖമായി തിരിച്ചുവിടുമ്പോഴാണ് മാനുഷികതയുടെ മാഹാത്മ്യം പ്രകടമാകുന്നത്. ലൈംഗികത മനുഷ്യജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണെന്നും, അതിന്റെ ശാരീരികവും മാനസികവുമായ ഘടകങ്ങളെ ഒഴിച്ച് നിര്‍ത്തിക്കൊണ്ട് മനുഷ്യനെ വിശകലനം ചെയ്യാന്‍ സാധ്യമല്ലെന്നും ബോദ്ധ്യപ്പെട്ടിരിക്കുകയാണ്. അതിനാല്‍, ഒരുവന്റെ വ്യക്തിത്വരൂപീകരണത്തിന് ശരിയായ ലൈംഗിക വിജ്ഞാനം ആവശ്യമാണ്.
ലൈംഗിക പഠനം ആവശ്യമോ, അനാവശ്യമോ?
അശ്ലീലതയുടെ അക്ഷയ പാത്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്ന നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ കുട്ടികളുടെ അപക്വമായ മനസുകളില്‍ ലൈംഗികമായ ഒട്ടേറെ അബദ്ധ ധാരണകള്‍ കുത്തി നിറയ്ക്കുന്നു. അശ്ലീല പരസ്യങ്ങള്‍, ചലച്ചിത്രങ്ങളിലെ ഐറ്റം ഡാന്‍സുകള്‍, സ്ത്രീ സൗന്ദര്യ മത്സരങ്ങള്‍ തുടങ്ങിയവയുടെ അതിപ്രസരവും ചില ചാനലുകളും കൌമാരപ്രായക്കാരെ സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഒരു ബന്ധത്തിന്റെ സ്വാഭാവികമായ പരിണാമമാണ് ശാരീരിക ബന്ധമെങ്കില്‍ അതില്‍ എന്താണ് തെറ്റ്? എന്ന ചോദ്യത്തോട് അനുകൂലമായി പ്രതികരിക്കുവാന്‍ ഇക്കാലത്തെ അനവധി സാഹചര്യങ്ങള്‍ യുവജനങ്ങളെ പ്രേരിപ്പിക്കുന്നു. ഇത്തരം അനേകര്‍, തങ്ങള്‍ക്കിടയില്‍ വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം നടത്തുന്നതില്‍ തെറ്റില്ല എന്ന് കരുതുന്നു. ഇതിന് ഒരു പരിഹാരം വേണമെങ്കില്‍ പക്വമായ ലൈംഗിക വിദ്യാഭ്യാസം മാത്രമാണ് ഏക പോംവഴി.
ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ സദാചാരം പ്രസംഗിക്കുന്നത് പൊതുജനദ്രോഹമാണ്.
ആധുനിക യുഗത്തില്‍, കമ്പ്യൂട്ടറിന്റെയും, പ്രപഞ്ച വിജ്ഞാനീയത്തിന്റെയും പാഠങ്ങള്‍ പഠിക്കുന്ന കുട്ടി ലൈംഗികതയെക്കുറിച്ച് പഠിക്കുന്നത് തെറ്റല്ല. ജനിച്ചുവീഴുമ്പോള്‍ മുതല്‍, ചെറിയ പ്രായത്തിനുള്ളില്‍ തന്നെ തെറ്റായ ലൈംഗിക ചിന്തകളുടെ വിഷവിത്തുകള്‍ അവരുടെ മനസ്സില്‍ പാകുന്നതിന് സമൂഹത്തിനും, മീഡിയകള്‍ക്കും, എന്തിനേറെ മാതാപിതാക്കള്‍ക്ക് പോലും കാര്യമായ പങ്കുണ്ട്. മതിലുകളില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാ പരസ്യങ്ങള്‍ മുതല്‍, ലൈംഗിക ചുവയുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളും, ദൃശ്യമാധ്യമങ്ങളില്‍ പതിവായിവരുന്ന സിനിമകളും സീരിയലുകളും പരസ്യങ്ങളും പതിവായി ശ്രദ്ധിക്കുന്ന കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്ത പക്ഷം, വഴിതെറ്റിപോയില്ലെങ്കിലേ അതിശയമുള്ളൂ. അതുകൊണ്ട്, ശരിയും തെറ്റും പറഞ്ഞുകൊടുക്കാന്‍, ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ് എന്നുള്ളതില്‍ സംശയമില്ല. ആണ്‍കുട്ടിയെ ഒരു നല്ല പുരുഷനും, പെണ്‍കുട്ടിയെ ഒരു നല്ല സ്ത്രീയുമാക്കി വളര്‍ത്തിയെടുക്കാന്‍ ലൈംഗിക വിദ്യാഭ്യാസത്തിന് കഴിയും.
സെക്സ് എന്നാല്‍ എന്താണ് എന്നതിനെപ്പറ്റി ശരിയായൊരവബോധം ഈ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞാലേ വരും സമൂഹത്തിലെ വ്യക്തികളുടെയും, കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുസ്ഥിതിക്ക് കെട്ടുറപ്പുണ്ടാകൂ. ലൈംഗികതയുടെ അര്‍ത്ഥവും, ലക്ഷ്യവും ശരിയായ അര്‍ത്ഥത്തില്‍ ബോധ്യമായാല്‍ മാത്രമേ നിയന്ത്രണങ്ങളുടെയും നിയമങ്ങളുടെയും ആവശ്യമെന്താണ് എന്ന് തിരിച്ചറിയാന്‍ കഴിയൂ.
കൌമാരത്തില്‍ ഒരു വ്യക്തി കടന്നുപോകുന്ന സങ്കീര്‍ണ്ണമായ മാനസിക, ശാരീരിക, വൈകാരിക മാറ്റങ്ങള്‍ അതിപ്രധാനമാണ്. എല്ലാമറിയാന്‍ അമിത വ്യഗ്രത പ്രകടിപ്പിക്കുന്ന ഈ സമയത്ത് ലഭിക്കുന്ന ശാസ്ത്രീയമായ ലൈംഗിക വിജ്ഞാനം ലൈംഗിക വൈകൃതങ്ങള്‍ക്കും, പ്രലോഭനങ്ങള്‍ക്കും വശംവദരാകാതിരിക്കുവാന്‍ കുട്ടികളെ സഹായിക്കും.
സെക്സ് എന്നാല്‍ എന്ത്?
ആദ്യമായി നാം മനസിലാക്കേണ്ടത് സെക്സ് അഥവാ, ലൈംഗികത എന്നാല്‍ എന്താണ് എന്നുളളതാണ്. സെക്സ് എന്ന വാക്ക് ഉണ്ടായത് SECARE എന്ന ഒരു ലത്തീന്‍ പദത്തില്‍ നിന്നാണ്. വേര്‍പെടുത്തുക എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ അത് സ്ത്രീയും പുരുഷനും ആയിട്ടായിരുന്നു. ആയതിനാല്‍, സെക്സ് എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ, മനുഷ്യന്റെ സ്ത്രീയും പുരുഷനുമായുള്ള വേര്‍തിരിവ് എന്നാണ്.
രണ്ടാമതായി, സെക്സിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം ഗ്രഹിക്കുന്നതിനായി എന്താണ് പുരുഷന്‍, എന്താണ് സ്ത്രീ എന്നിവ മനസിലാക്കേണ്ടിയിരിക്കുന്നു. പുരുഷന്‍ എന്നാല്‍ പിതാവാകാന്‍ കഴിവുള്ളവനാണ്. സ്ത്രീ എന്നാല്‍ മാതാവാകാന്‍ കഴിവുള്ളവളും. അതിനാല്‍, വേര്‍പെട്ടിരിക്കുന്നതിന്റെ കൂടിച്ചേരലിലൂടെ അച്ഛനാകാനും അമ്മയാകാനുമുള്ള കഴിവ് കൂടിയാണ് സെക്സ്. വിവിധങ്ങളായ മതവിശ്വാസങ്ങള്‍ ലൈംഗികതയുടെ പവിത്രത നമ്മെ പഠിപ്പിക്കുന്നുണ്ട്. ഹൈന്ദവ സംസ്കാരത്തില്‍ ബ്രഹ്മം വസിക്കുന്ന ആലയമാണ് ഓരോ മനുഷ്യ ശരീരവും. ബൈബിള്‍ പ്രകാരം, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് ഓരോ മനുഷ്യരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഓരോ മനുഷ്യനിലും ദൈവത്തിന്റെ അംശം കുടികൊള്ളുന്നുണ്ട് എന്ന് മതങ്ങള്‍ പഠിപ്പിക്കുന്നു. അതിനാല്‍, ഒരു കുട്ടിക്ക് ജന്മം നല്‍കുമ്പോള്‍ ദൈവത്തിന്റെ അംശത്തിനാണ് അവന്‍/ അവള്‍ ജന്മം നല്‍കുന്നത്. അതിനാല്‍ ഒരാള്‍ക്ക് മറ്റുള്ളവരെ കാണുമ്പോള്‍ അവനിലെ/ അവളിലെ ദൈവാംശത്തെ തിരിച്ചറിയുവാനും കഴിയണം. ഈ വികാരം മക്കളിലേയ്ക്ക് പകരുവാനും മാതാപിതാക്കള്‍ക്ക് കഴിയണം. അങ്ങനെ വന്നാല്‍, പരസ്പര ബഹുമാനത്തിലേയ്ക്കും സ്വയം ബഹുമാനത്തിലേയ്ക്കും തലമുറകള്‍ കടന്നുവരും.
മൂന്നാമതായി, കാമവികാരങ്ങള്‍ മനസിലേയ്ക്ക് കടത്തിവിടാന്‍ പ്രേരകമാകുന്ന വസ്തുക്കളിലൂടെയോ, മാധ്യമങ്ങളില്‍കൂടിയോ രൂപപ്പെടുന്ന ലൈംഗികതയെക്കുറിച്ചും നാം മനസിലാക്കേണ്ടതുണ്ട്. ചില വെബ്സൈറ്റുകളും, പുസ്തകങ്ങളും, ചിത്രങ്ങളും കാണുമ്പോള്‍ ചിന്തകളെയും ഭാവനയെയും കീഴടക്കും വിധം കാമവികാരം മനസ്സില്‍ രൂപപ്പെടുന്നു. അതുകൊണ്ടാണ് അത്തരം സിനിമകള്‍ കാണുകയോ, പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്യരുത് എന്ന് കുട്ടികളെ ഉപദേശിക്കുന്നത്. രണ്ടുവസ്തുക്കള്‍ക്ക് ഒരേ സമയം ഒരേ സ്ഥലത്തിരിക്കുവാന്‍ സാധിക്കുകയില്ല എന്ന് പറയുന്നതുപോലെ, ലൈംഗിക ചിന്തകള്‍ നിറഞ്ഞുനില്‍ക്കുന്ന മനസ്സോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ സാധിക്കുകയില്ല. ആത്മാര്‍ത്ഥതയോടെ പഠിക്കുക എന്നുളളതാണ് ഒരു വിദ്യാര്‍ത്ഥിയുടെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം.
ഒരുവന്റെ വ്യക്തിത്വത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ശരിയായ ലൈംഗിക വിദ്യാഭ്യാസം എന്ന് പറഞ്ഞുകഴിഞ്ഞല്ലോ. ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭ്യമല്ലാത്ത പശ്ചാത്തലത്തില്‍ സ്വയം അറിവ് തേടി ഇറങ്ങുകയും അബദ്ധ ധാരണകളില്‍ അകപ്പെടുകയുമാണ് ഏറെയും കൌമാരക്കാര്‍ക്ക് സംഭവിക്കുക. വളര്‍ച്ചയ്ക്കനുസരിച്ച് ഒരാള്‍ സ്ത്രീയും, ഒരാള്‍ പുരുഷനും ആയി മാറുമ്പോള്‍ അവര്‍ക്ക് മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍ സംഭവിക്കുകയും പരസ്പരം അറിയാനുള്ള വ്യഗ്രത രൂപപ്പെടുകയും ചെയ്യുന്നു. ഇവിടെയാണ് ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി.
തുടരും…
ഡോ. സി. ഡി. വര്‍ഗീസ്
സെന്റ് തോമസ് കോളേജ്, തൃശൂര്‍