മദ്യം, ഇന്ധനം തുടങ്ങിയവയിൽനിന്നുള്ള നികുതിവരുമാനം വലിയ അളവിൽ കുറഞ്ഞതോടെ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോർട്ട്. ജിഎസ്ടി പരിധിക്ക് പുറത്തുള്ള ഉല്പന്നങ്ങളിൽനിന്നുള്ള നികുതി വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 740 കോടി രൂപയുടെ കുറവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം കേരളത്തിലും പിടിമുറുക്കുന്നതിന്റെ സൂചനയായി ധനകാര്യവകുപ്പ് ഇതിനെ നിരീക്ഷിക്കുന്നു.
പദ്ധതി ചെലവുകളും അനാവശ്യ ചെലവുകളും കുറയ്ക്കുവാൻ സർക്കാരിന് കഴിയുന്നില്ല എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആറുമാസത്തെ വാണിജ്യ നികുതി വരുമാന വളർച്ച വളരെ കുറവാണ്. ഇരുപത് ശതമാനം വളർച്ച ലക്ഷ്യംവച്ച് ആസൂത്രണം ചെയ്ത പദ്ധതികളുടെ ചെലവുകൾ നിയന്ത്രിക്കാൻ കഴിയുന്നില്ല. ദൈനംദിന ചെലവുകൾക്ക് പോലും റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി പനമെടുക്കേണ്ട സ്ഥിതിയാണ്. പലഘട്ടങ്ങളിലും ട്രഷറി ഓവർഡ്രാഫ്റ്റിലാണ്.
ഈ മാസം രണ്ടുതവണ ട്രഷറി ഓവർഡ്രാഫ്റ്റിലായി. പതിവ് ചെലവുകൾക്ക് പുറമെ, ഇരുപത്തഞ്ചു കൊല്ലങ്ങൾക്ക് മുമ്പത്തെ ഒരു വായ്പ്പയുടെ മുതൽ ഇനത്തിൽ 2200 കോടി രൂപ അടയ്‌ക്കേണ്ടതായി വന്നതാണ് കൂടുതൽ പ്രതിസന്ധികൾക്ക് കാരണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
ജിഎസ്ടിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട പണത്തിൽ അഞ്ഞൂറുകോടിയെങ്കിലും കുറവാണ് ഇപ്പോൾ ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. മാസം ശരാശരി 1600 കോടി രൂപയാണ് ഇപ്പോൾ കേരളത്തിന് ലഭിക്കുന്നത്. ജിഎസ്ടി വരുമാനത്തിൽ വന്ന കുറവ് രാജ്യമെങ്ങും പ്രതിഫലിക്കുന്നുണ്ട്. ഇതിനുപുറമെ, കേരളത്തിൽ ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലുൾപ്പെടെ പുതുതായി സൃഷ്ടിക്കപ്പെട്ട 18000 തസ്തികകളും പ്രതിസന്ധികൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ആറായിരം കോടി രൂപയുടെ കുറവാണ് കേരളം ഇപ്പോൾ നേരിടുന്നത് എന്നാണ് റിപ്പോർട്ട്. കേരളത്തിന്റെ പുനർനിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികൾക്കും, ദൈനംദിന ആവശ്യങ്ങൾക്കും മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി.