Voice of Truth

കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ അതിവേഗ റെയിൽപാതയ്ക്കായുള്ള ആകാശ സർവേ ആരംഭിച്ചു

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാലുമണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന സെമി ഹൈസ്പീഡ് റെയിൽവേ ലൈൻ സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ഒരുപടികൂടി മുന്നോട്ട്. പാതയുടെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കാനുള്ള ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിംഗ് സർവേയ്‌ക്ക് കഴിഞ്ഞ ദിവസം കാസർകോട്ട് തുടക്കമായി. നാലുപേർക്ക് യാത്ര ചെയ്യാവുന്ന ചെറു വിമാനം ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. ജനുവരി ആറു വരെ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ പാർക്ക് ചെയ്യുകയും ഇന്ധനം നിറയ്ക്കുകയും ചെയ്യും.

കാലാവസ്ഥ അനുകൂലമെങ്കിൽ അടുത്ത ആറുദിവസത്തിനുള്ളിൽ സർവേ പൂർത്തിയാക്കാൻ കഴിയുമെന്ന് കേരള റെയിൽവേ ഡെവലപ്‌മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനത്തിനാണ് സർവേ ചുമതല. 1.70 കോടി രൂപ ചെലവഴിച്ചാണ് സർവേ നടത്തുന്നത്.

കാസർകോട്ടു നിന്ന് 532 കിലോമീറ്റർ പിന്നിട്ട് നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സെമി ഹൈസ്പീഡ് റെയിൽ (സിൽവർ ലൈൻ) നിർമ്മിക്കുന്നത്. രണ്ടാഴ്ച മുമ്പ് പദ്ധതിക്ക് റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിരുന്നു. 66,405 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കേരള റെയിൽ വികസന കോർപറേഷനാണ് നടപ്പാക്കുന്നത്.

Leave A Reply

Your email address will not be published.