നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ച മുന്നിൽ കണ്ടുകൊണ്ട് എസ്ബിഐ പുതിയ വായ്‌പ്പാ പദ്ധതി നടപ്പാക്കുന്നു. ചെറുകിട വായ്പമേഖലയിലെ വലിയ വളർച്ചയാണ് ലക്‌ഷ്യം. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതിയാണ് ബാങ്ക് നടപ്പാക്കുന്നത്.
നിലവിൽ വായ്പയെടുത്തവരെയും പുതിയതായി വായ്പയെടുക്കുന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും എന്നുള്ളതാണ് ഒരു പ്രധാന സവിശേഷത. പുതിയ പദ്ധതിയുടെ ഭാഗമായി, ഭാഗമായി നിലവിൽ വായ്പയെടുത്തവരോട് ഈ സംവിധാനത്തിലേയ്‌ക്ക് മാറാൻ ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.
പുതിയതായി വായ്പയെടുത്തവർക്ക് ജൂലായ് മുതൽ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള പലിശനിരക്ക് നടപ്പാക്കിയിരുന്നു. പലിശ നിരക്ക് കുറയുന്നതിന്റെ ആനുകൂല്യം നിലവിൽ വായ്പയെടുത്തവർക്ക് കൈമാറാൻ സാധാരണ ബാങ്കുകൾ വിമുഖത കാണിക്കാറാണ് പതിവ്.ഇതിൽനിന്ന് വ്യത്യസ്തമായി നിലവിൽ വായ്പയുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയാണെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ വ്യക്താക്കി. ഇതുപ്രകാരം റിപ്പോ നിരക്കിനേക്കാൾ 2.25 ശതമാനം കൂടുതൽ ഈടാക്കിയാണ് അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുക.
നിലവിലെ റിപ്പോ നിരക്ക് 5.40 ശതമാനമാണ്. ഇതുപ്രകാരം 7.65 ശതമാനമാകും ബേസ് റേറ്റ്. ഈ നിരക്കിനേക്കാൾ 40 മുതൽ 55 ബേസിസ് പോയന്റുവരെ കൂടുതൽ ഈടാക്കിയായിരിക്കും വായ്പ പലിശ നിശ്ചിക്കുക. ഇതുപ്രകാരം 8.05 ശതമാനമോ 8.20 ശതമാനമോ ആയിരിക്കും പുതുക്കിയ ഭവന വായ്പ പലിശ.