Voice of Truth

സലിം കുമാര്‍ മുഖ്യമന്ത്രിയായാല്‍….

സിനിമാതാരവും ദേശീയഫിലിം അവാര്‍ഡ് ജേതാവുമായ സലിംകുമാറിനോട് ഒരിക്കല്‍ ഒരു സ്‌കൂളിലെ കുട്ടികള്‍ ചോദിച്ചു.
”താങ്കള്‍ മുഖ്യമന്ത്രിയായാല്‍ ആദ്യമെടുക്കുന്ന തീരുമാനം എന്തായിരിക്കും?”
സലിം കുമാറിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹം പറഞ്ഞു. ”കുട്ടികള്‍ക്ക് ജീവിതമെന്തെന്ന് പഠിക്കാന്‍ ഒരു പീര്യഡ് ആരംഭിക്കും..”
ചിരിച്ച് തളളിക്കളയേണ്ട തമാശയല്ലിത്. കുട്ടികള്‍ക്ക് ജീവിതമെന്തെന്ന് പഠിക്കാന്‍ പറ്റുന്നതായിരിക്കണം വിദ്യാഭ്യാസം. അതിന് വിദ്യാര്‍ത്ഥിക്കൊരു ഊന്നുവടിയായി മാറുക എന്നതാണ് അധ്യാപക ദൗത്യം. ശില്പി തനിക്ക് ലഭിക്കുന്ന കല്ലുപയോഗിച്ച് ഉദാത്തമായ ശില്പമുണ്ടാക്കുന്നതുപോലെ അധ്യാപകന്‍ തന്റെ കയ്യില്‍ കിട്ടുന്ന കുട്ടികളെയും ചെത്തിമിനുക്കി മഹത്തായ വ്യക്തിത്വത്തിന് ഉടമകളാക്കേണ്ടിയിരിക്കുന്നു. അവരെ നന്നായി രൂപപ്പെടുത്തിയാല്‍

ഏബ്രാഹം ലിങ്കണാകും. മോശമായാല്‍ ഹിറ്റ്‌ലറാകും.

അധ്യാപകന്‍ ക്ലാസില്‍ കണക്ക് പഠിപ്പിക്കുകയാണ്. ബോര്‍ഡില്‍ വരച്ചിട്ട മൂന്ന് പഴങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിച്ചു. ”ഈ മൂന്ന് പഴങ്ങള്‍ മൂന്ന് പേര്‍ക്ക് തുല്യമായി വീതിച്ചാല്‍ ഒരാള്‍ക്കെത്ര പഴം കിട്ടും?”
കുട്ടികള്‍ ഉറക്കെ പറഞ്ഞു. ”ഒന്നുവീതം..”
അധ്യാപകന്‍ ഉത്സാഹത്തോടെ ചോദിച്ചു.
”അങ്ങനെയെങ്കില്‍ ആയിരം പഴങ്ങള്‍ ആയിരം പേര്‍ക്ക് വീതിച്ചാല്‍ ഒരാള്‍ക്കെത്ര പഴം കിട്ടും?”
കുട്ടികള്‍ക്ക് സംശയമൊന്നുമില്ല. അവര്‍ പറഞ്ഞു. ”ഒന്നുവീതം..”
പെട്ടെന്ന് ഒരു കുട്ടി എണീറ്റുനിന്നു. അവന്‍ ചോദിച്ചു.” സര്‍ അപ്പോള്‍ പൂജ്യം പഴങ്ങള്‍ പൂജ്യം കൂട്ടികള്‍ക്ക് തുല്യമായി കൊടുത്താലും ഒരു പഴം വീതമായിരിക്കില്ലേ?”
അവന്റെ ചോദ്യം കേട്ട് ക്ലാസിലെ കുട്ടികള്‍ ഒന്നടങ്കം പൊട്ടിച്ചിരിച്ചു. അവരില്‍ ചിലര്‍ മുരണ്ടു. ”തിരുമണ്ടന്‍, വീണ്ടും ‘കുണ്ടാമണ്ടി’ മണ്ടത്തരങ്ങള്‍ വിളിച്ച് പറയാന്‍ തുടങ്ങി..”

പക്ഷേ അധ്യാപകന്‍, ചിരിച്ചില്ല. അദ്ദേഹം ക്ലാസ് നിശബ്ദമാകാന്‍ നിര്‍ദ്ദേശിച്ച ശേഷം കുട്ടികളോട് പറഞ്ഞു.
”ഈ കുട്ടി ചോദിച്ചതില്‍ യാതൊരു തെറ്റും ഞാന്‍ കാണുന്നില്ല. പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിച്ചാല്‍ എത്ര കിട്ടുമെന്നാണവന്‍ ചോദിച്ചത്. തീര്‍ച്ചയായും.. ഇങ്ങനെയുള്ള വിത്യസ്ത ചോദ്യം ചോദിക്കുന്നവരാണ് എന്നും ഉയരങ്ങളിലെത്തുന്നത്..”
കുട്ടികള്‍ തിരുമണ്ടന്‍ എന്ന് വിശേഷിപ്പിച്ച ഈ കുട്ടിയാണ് പിന്നീട് പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായി തീര്‍ന്ന രാമാനുജന്‍. കേള്‍ക്കുമ്പോള്‍ വിഡ്ഢിത്തമെന്ന് തോന്നുന്ന ചോദ്യം പോലും ഉന്നയിക്കാന്‍ കണക്കധ്യാപകന്‍ നല്‍കിയ പ്രോത്സാഹനമാണ് രാമാനുജനെ ‘ഇന്ത്യയിലെ ഏറ്റവും മികച്ച ഗണിതശാസ്ത്രജ്ഞന്‍’ എന്ന നിലയിലേക്ക് ഉയര്‍ത്തിയത്.
മഹാനായ പ്ലേറ്റോയുടെ അന്ത്യസമയം.
അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ദുഖാര്‍ത്തരായി ചോദിച്ചു. ”ഗുരുവേ, അങ്ങേക്ക് അവസാനമായി ഞങ്ങളോട് എന്താണ് പറയാനുള്ളത്?” ‘
പ്ലേറ്റോ പറഞ്ഞു.” നിങ്ങള്‍ പുതിയ ചോദ്യങ്ങളുള്ളവരാകുകുക..”

എത്ര പഠിപ്പിച്ചാലും സിലബസ് തീരുന്നില്ല എന്ന് അധ്യാപര്‍ വിലപിക്കുന്നകാലമാണിത്. ചോദ്യങ്ങളും സംശയങ്ങളുമായി പോയാല്‍ ക്ലാസ് തീരില്ല. അതുകൊണ്ട് ചോദ്യത്തിനും ഉത്തരത്തിനുമൊക്കെ അധ്യാപകന്റെ വക സ്റ്റോപ്പ് ആദ്യമേയുണ്ടാകും. പറയുന്നത് കേള്‍ക്കുക, അപ്പാടെ ബുക്കിലേക്ക് പകര്‍ത്തുക. ഇതാണ് ഇന്ന് ക്ലാസ് അധ്യാപകനും കുട്ടിയും തമ്മിലുള്ള പാഠ്യബന്ധം.
വിജ്ഞാനത്തിന്റെ വിശുദ്ധമായ അഗ്നികത്തിക്കലാണു വിദ്യാഭ്യാസം. അതുകൊണ്ടാണ് കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കുന്നതില്‍ രക്ഷിതാക്കാളേക്കാള്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്കെന്ന് പറയുന്നത്. രക്ഷിതാക്കളുടെ പരിമിതി മനസിലാക്കി അവരെ സഹായിക്കാന്‍ നല്ല അധ്യാപകന് കഴിയും. വിദ്യാഭ്യാസ മേഖല നവീകരിക്കാന്‍ രൂപം കൊടുത്ത കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രാരംഭത്തില്‍ വിദ്യാഭ്യാസത്തിനു നല്‍കിയ നിര്‍വചനം ശ്രദ്ധേയമാണ്. ”അധ്യാപകന്റെ പരിപക്വമായ വ്യക്തിത്വം വിദ്യാര്‍ത്ഥിയുടെ അപക്വമായ വ്യക്തിത്വത്തില്‍ ചെലുത്തുന്ന സ്വാധീനശക്തിയാണു വിദ്യാഭ്യാസം.”

ആധുനിക ലോകത്തില്‍ ഉപദേശങ്ങള്‍ക്കും ഉപദേശികള്‍ക്കും പഞ്ഞമില്ല. എന്നാല്‍ സാക്ഷ്യമാതൃകകളില്ലാത്തതാണ് പ്രശ്‌നം. അറിവും ഉപദേശവും മാത്രമാകരുത് അധ്യാപകന്‍. വിശുദ്ധമായ വ്യക്തിത്വത്തിലേക്ക് ശിഷ്യരെ ആകര്‍ഷിക്കാന്‍ ഗുരുവിന് കഴിയുമ്പോള്‍ അത് മഹത്തായ ദൗത്യമായി മാറുന്നു.

ഇന്റര്‍നെറ്റിലെ വിക്കിപീഡിയായില്‍ അധ്യാപകന് നല്‍കുന്ന വിശേഷണത്തില്‍ നിന്ന് ഒരു ഭാഗം ഇങ്ങനെയാണ്. ”ധൈര്യം, ഭാവന, അച്ചടക്കം, സഹിഷ്ണുത, ക്ഷമാശീലം, സമര്‍പ്പണ മനോഭാവം, കര്‍ത്തവ്യബോധം, സ്വയം ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചനിലപാട് സ്വീകരിക്കല്‍ എന്നിവയില്‍ നിപുണനായ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകരണീയമായ മാതൃകയായിത്തീരുന്നു. അക്രമണാസക്തി, കലഹപ്രിയം, അപക്വവ്യക്തിത്വം ഇവയുള്ള അധ്യാപകന്‍ തന്റെ കീഴില്‍ ശിക്ഷണത്തിന് വിധേയമാകുന്നവരുടെ മാനസിക വളര്‍ച്ചയെ മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. നിലവിലുള്ള കാലഘട്ടത്തിന്റെ സവിശേഷതകളെ കണക്കിലെടുത്തുകൊണ്ട് അധ്യാപകന്‍ ജനക്ഷേമത്തിന് വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ ഉന്നതിക്ക് നിദാനമായ കാര്യങ്ങള്‍ തന്റെ തന്റെ കഴിവനുസരിച്ച് സമര്‍പ്പണ മനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധതയും അദ്ദേഹത്തിന് ഉണ്ടായിരിക്കണം.

ഓരോ വിദ്യാര്‍ത്ഥിയുടെയും വ്യക്തിത്വ വിത്യാസം കണക്കിലെടുത്ത് ആവശ്യങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിച്ച് ലക്ഷ്യം നേടിയെടുക്കുന്നതിന് ബുദ്ധിപരവും സര്‍ഗാത്മകവും ആത്മപ്രകാശപരവുമായ സിദ്ധികള്‍ പുഷ്ടിപ്പെടുത്തുന്നതിന് അധ്യാപകന്‍ അവരെ പ്രോത്സാഹിപ്പിക്കണം. രക്ഷകര്‍ത്താക്കളുടെ അടിസ്ഥാനോത്തോത്തരവാദിത്തത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത് അവരോട് സഹകരിച്ച് ഓരോ വിദ്യാര്‍ത്ഥിയുടെയും സ്വഭാവരൂപവല്‍ക്കരണത്തിന് ശ്രമിക്കണം.”

സ്വയം മാതൃക പകരുന്ന വിദ്യാഭ്യാസ പ്രക്രിയയുടെ എക്കാലത്തെയും നല്ല ഉദാഹരണമാണ് ക്രിസ്തു. പഠിപ്പിക്കുന്നത് അവിടുന്ന് പ്രവര്‍ത്തിച്ചു, ചെയ്തത്രയും സമൂഹത്തിന് പുതിയ പാഠമായി, ഈ പാഠം അനേകര്‍ക്ക് പാഠപുസ്തകമായി, ഈ പാഠ്യപദ്ധതി ലോകത്തെ തന്നെ മാറ്റി മറിച്ചു.

കുട്ടികളെ അറിവിനൊപ്പം സാമൂഹിക ഉത്തരവാദിത്വ ബോധമുള്ളവരാക്കി വളര്‍ത്താന്‍ അധ്യാപകര്‍ക്ക് കഴിയുമ്പോഴാണ് വിദ്യാഭ്യാസം പൂര്‍ണ്ണതയിലെത്തുന്നത്. 1986ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘ദേശീയ വിദ്യാഭ്യാസനയ’ ത്തില്‍ ഇതുസംബന്ധിച്ച പരാമര്‍ശമുണ്ട്. ‘അധ്യാപകന്റെ വ്യക്തിപരമായ ഔന്നത്യം ഒരു ജനവിഭാഗത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ മികവിന്റെ പ്രതിഫലനമാണ്.”

വിദ്യാര്‍ത്ഥികളുടെ പഠനകാലം ഒരു പരിണാമകാലമാണ്. അപക്വതയുടെയും അവിദ്യയുടെയും തലത്തില്‍നിന്ന് പരിപക്വതയുടെയും വിജ്ഞാനത്തികവിന്റെയും തലത്തിലേക്കുള്ള മാറ്റമാണ് വിദ്യാഭ്യാസംകൊണ്ടു സാധിക്കേണ്ടത്. ഇക്കാരണത്താല്‍ അച്ചുകൂടം മാത്രമായി നമ്മുടെ സഭാ സ്‌കൂളുകള്‍ തരംതാഴരുത്. അറിവിനൊപ്പം ആത്മജ്ഞാനവും സമഗ്ര വ്യക്തിത്വ വികസനത്തിനുള്ള പരിശീലനവും പകരപ്പെട്ടാലേ രൂപാന്തരീകരണം പ്രാപിച്ച പുതിയ തലമുറ രൂപപ്പെടൂ.

Leave A Reply

Your email address will not be published.