Voice of Truth

രോഗികളെ സ്‌നേഹിച്ചുസ്‌നേഹിച്ചൊരു ഡോക്ടര്‍

”പ്രിയയെ എനിക്ക് മറക്കാനാവില്ല. ഒമ്പത് വര്‍ഷം മുമ്പ് രക്താര്‍ബുദത്തെ ചെറുത്ത്‌തോല്പിച്ചവളായിരുന്നു അവള്‍. കാന്‍സറില്‍ നിന്നും രോഗവിമുക്തി നേടിയവരെ കാന്‍സര്‍ രോഗികളെന്ന് വിളിക്കാന്‍ പാടില്ല. കാരണം അവര്‍ പിന്നെ കാന്‍സര്‍ രോഗികളല്ലല്ലോ. ‘കാന്‍സറിനെ അതിജീവിച്ചവര്‍’ എന്ന്‌വിളിക്കുന്നതും അക്ഷരാര്‍ത്ഥത്തില്‍ ശരിയല്ല…കാരണം അവര്‍ എങ്ങനെയോ അതിനെ അതിജീവിച്ചു എന്ന ധ്വനി ആ വാക്കുകളില്‍ ഒളിച്ചിരിപ്പുണ്ട്. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല താനും. കാന്‍സറിനെതിരെ പടപൊരുതി ജീവിതവിജയം നേടിയ വ്യക്തികളാണവര്‍. കാന്‍സറിനെ ചെറുത്തുതോല്പിച്ചര്‍. അതുകൊണ്ട് അവര്‍ കാന്‍സര്‍ വിന്നേഴ്‌സാണ്. പ്രിയയും ഞങ്ങളുടെ ദൃഷ്ടിയില്‍ ഒരു കാന്‍സര്‍ വിന്നര്‍ തന്നെയായിരുന്നു. ഇടക്കൊരു ദിവസം എന്നെ കാണാനെത്തിയപ്പോള്‍ അവള്‍ പറഞ്ഞു, ”നമുക്കങ്ങനെയൊരു ഗ്രൂപ്പുണ്ടാക്കിയാലോ, കാന്‍സര്‍ വിന്നേഴ്‌സ്ഗ്രൂപ്പ്.”
കഴിഞ്ഞ ഒരുവര്‍ഷം പ്രിയ ജീവിച്ചത് ഈ ഗ്രൂപ്പിന് വേണ്ടിയായിരുന്നു. വ്യക്തമായ ഉദ്ദേശങ്ങള്‍, ചിട്ടയായ ആസൂത്രണ രീതി ഈ സംഘടന സാവധാനം അതിന്റെ ഉദ്ദേശ്യലക്ഷത്തോടടുക്കുകയായിരുന്നു. വിന്നേഴ്‌സ് ഗ്രൂപ്പിന്റെ ജീവാത്മാവും പരമാത്മാവുുമായി, നെടുംതൂണായി ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട പ്രിയയും.
പക്ഷെ ദൈവഹിതം മറ്റൊന്നായിരുന്നു, പെട്ടെന്ന് പ്രിയ വീണ്ടും രോഗിയായി. രക്താര്‍ബുദം പൂര്‍വാധികം ശക്തിയോടെ തിരിച്ച് വന്നു. ഒരിക്കല്‍കൂടി കാന്‍സറിനെ ചെറുത്തുതോല്പിക്കാന്‍ പ്രിയ തയ്യാര്‍. ഭര്‍ത്താവ് ഹബിയും കുടുംബാംഗങ്ങളും വിന്നേഴ്‌സ് ഗ്രൂപ്പും പ്രിയയോടൊപ്പം നിന്ന്‌പോരാടി കാന്‍സറിനെതിരെ. പക്ഷെ ഞങ്ങളെയെല്ലാം കണ്ണീരിലാഴ്ത്തി പ്രിയ ഈ ലോകത്തോട് യാത്ര പറഞ്ഞു. ഇല്ല, പ്രിയയുടെ ശരീരം മാത്രമേ അര്‍ബുദത്തിന് കൊണ്ടുപോകാന്‍ സാധിച്ചുള്ളൂ. പ്രിയയുടെ ഓര്‍മ്മകള്‍ ഞങ്ങളോടൊപ്പമുണ്ട്. അതെന്നും ഞങ്ങള്‍ക്കൊപ്പം തന്നെയുണ്ടാകും.”

തൃപ്പൂണിത്തുറയിലെ ‘ചിത്തിര’ വീട്ടിലിരുന്ന് സംസാരിക്കുമ്പോള്‍ ‘കാന്‍സര്‍രോഗികളുടെ കൂട്ടുകാരന്‍’ എന്ന് വിശേഷിപ്പിക്കുന്ന ഡോ. വി.പി.ഗംഗാധരന്റെ മിഴികള്‍ നിറയുന്നുണ്ടായിരുന്നു. പിന്നെ അദേഹം പറഞ്ഞതെല്ലാം രോഗിയും ഡോക്ടറും തമ്മിലുളള ബന്ധത്തെക്കുറിച്ചാണ്.
”രോഗിയും ഡോക്ടറും തമ്മില്‍ ഒരു മേശക്കിരുപുറവുമുളള ഒരു ബന്ധമല്ല വേണ്ടത്. അങ്ങനെ ഒരു കാന്‍സര്‍ രോഗിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനോ രോഗത്തില്‍ നിന്ന് രക്ഷിക്കാനോ കഴിയില്ല. രോഗിയുടെ യഥാര്‍ത്ഥ അവസ്ഥ അറിഞ്ഞാലേ പേഷ്യന്റ് നമ്മളോട് മനസ് തുറക്കുകയുള്ളൂ. നമുക്കും അതനുസരിച്ച് പ്രതികരിക്കാന്‍ കഴിയുകയുള്ളൂ. അത് അവരുടെ ആത്മബലം വര്‍ദ്ധിപ്പിക്കും. നമുക്ക് എന്തുണ്ടെങ്കിലും ഡോക്ടറും ഉണ്ടാവുമല്ലോ എന്ന് അവര്‍ ചിന്തിക്കും. ഇനി എന്ത്പ്രശ്‌നമുണ്ടെങ്കിലും നമുക്ക് ഡോക്ടറോട് തുറന്ന് പറയാമല്ലോ എന്ന ചിന്ത അവരില്‍ വളരും. ഈ ഒരു കാഴ്ചപ്പാട് അവരില്‍ വളര്‍ത്തണം. അങ്ങനെ ഒരുവിശ്വാസം രൂപപ്പെട്ടാല്‍ അവരുടെ ആത്മബലം വര്‍ദ്ധിക്കും. ഇതൊരിക്കലും പ്രഫഷന്റെ ഭാഗമാണെന്ന് ഡോക്ടര്‍ക്കും തോന്നില്ല. ഈ ഒരു ബന്ധം രൂപപ്പെടുത്തുക എന്നത് അനിവാര്യമായ കാര്യമാണ്.

?രോഗികളുമായുളള അങ്ങയുടെ സൗഹൃദം ഏറെ പ്രശസ്തമാണ്. എങ്ങനെയാണ് ഈ ബന്ധം സ്ഥാപിക്കുന്നത്
ഏതുരോഗികളുമായുളള ഇടപെടലും എനിക്ക് മറക്കാനാവാത്ത ഓര്‍മ്മകളാണ് സമ്മാനിച്ചിട്ടുള്ളത്. പഠന കാലത്തു തന്നെ അത്തരം ഒരുപാട് ഓര്‍മ്മകള്‍ എനിക്കുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും രോഗികളായ കുട്ടികളുമായുളള ഇടപെടല്‍. ഒരുപക്ഷേ എനിക്ക് തോന്നുന്നു, അഡയാറില്‍ ഓങ്കോളജി ചെയ്ത നാളുകളാണ് എന്റെ ജീ വിതം മാറ്റി മറിച്ചതെന്ന്. കാന്‍സര്‍ രോഗികളായ കുട്ടികളുടെ വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തനാളുകള്‍ കണ്ണീരോര്‍മ്മകളാണ് സമ്മാനിച്ചത്. ആ കുട്ടികള്‍ക്ക് നമ്മളോടുള്ള ബന്ധത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് എനിക്കറിയില്ല. ഒരു രോഗീ- ഡോക്ടര്‍ ബന്ധം എന്നതിനപ്പുറം വലിയൊരു ആത്മബന്ധമായിരുന്നു അത്. ഈ അറ്റാച്ച് മെന്റാണ് നമ്മുടെ പ്രഫഷണല്‍ ജീവിതത്തെ ആനന്ദകരമാക്കുന്നതെന്ന് പറയാം.

ഇപ്പോള്‍ ഇവിടെനിന്ന് പോയൊരു രോഗിയുടെ കുടുംബത്തെ നിങ്ങള്‍ കണ്ടുകാണും. അതിലെ ആ സ്ത്രീക്ക് കാന്‍സറായിരുന്നു. എട്ടുവര്‍ഷം മുമ്പ് കാന്‍സര്‍ രോ ഗത്തെ പൊരുതി തോല്‍പ്പിച്ചവളാവണവള്‍. ഇന്നൊരു സ്‌കൂളില്‍ ജോലിയുണ്ട്. പാലക്കാടാണ് വീട്. അവര്‍ പറഞ്ഞത് ‘അവരുടെ നാട്ടിലൂടെ ഞാന്‍ ചെല്ലുമ്പോള്‍ കാണാതിരിക്കരുത്… വിളിക്കണം.. വീട്ടില്‍വരണം.. എന്നൊക്കെയാണ്.’ വെറുതെ ഫോര്‍മാലിറ്റിക്ക് വേണ്ടിയല്ല അവരിങ്ങനെ പറയുന്നത്. ഈ വാക്കുകള്‍ അവരുടെ ഹൃദയത്തില്‍ നിന്നാണ് വരുന്നത്. ആ സ്ത്രീയുടെ ഭര്‍ത്താവ് ചെറിയൊരു പച്ചക്കറി കച്ചവടക്കാരനാണ്. ഇനിവരുമ്പോള്‍ ഞാന്‍ ഡോക്ടര്‍ക്ക് കുറച്ച് പച്ചക്കറി കൊണ്ടുവരാം എന്ന് പറഞ്ഞാണ് അയാളിറങ്ങിയത്. ഈയൊരു ലെവലിലേക്ക് നമ്മളും രോഗികളും രൂപപ്പെടണം. കാന്‍സര്‍ ചികിത്സക്ക് ഇത് അനിവാര്യമാണ്.
ബാല്യകാലത്ത് എന്നെ സന്തോഷിപ്പിച്ചത് തീവണ്ടിയോര്‍മ്മകളാണ്. ഞാനന്നൊക്കെ സന്തോഷത്തോടെ സ്വീകരിക്കുമായിരുന്ന ജോലി റെയില്‍വേ ഗാര്‍ഡിന്റേതാണ്. ഞാന്‍ പണ്ട് മറ്റു പുസ്തകങ്ങള്‍ വായിക്കുന്നതോടൊപ്പം വായിച്ചിരുന്ന ഒരു ബുക്ക് റെയില്‍വേ ഗൈഡാണ്. ഞാനിക്കാര്യം പലപ്പോഴും പലവേദിയിലും പറഞ്ഞിട്ടുണ്ട്. അതായിരിക്കാം കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് എന്റെ പിറന്നാള്‍ദിനത്തില്‍ കാന്‍സര്‍രോഗിയായൊരാള്‍ എന്നെ കാണാനെത്തിയത് റയില്‍വേ ഗാര്‍ഡായി ഞാന്‍ നില്‍ ക്കുന്ന ചിത്രവുമായിട്ടാണ്. വീട്ടിലെ പരിശോധനാമുറിയില്‍ ഞാനീചിത്രം ഇപ്പോഴും അമൂല്യമായി സൂക്ഷിച്ചിട്ടുണ്ട്. ഇത്തരം അറ്റാച്ച്‌മെന്റുകളുടെ സുഖം അനുഭവിച്ചറിയണം. അതിന്റെ ആഴമെത്രവലുതാണെന്നോ അത് ഡോക്ടര്‍ ക്കും രോഗിക്കും ഉണ്ടാക്കുന്ന ബന്ധമെന്തെന്നോ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

?കാന്‍സര്‍ചികിത്സയോടുളള താല്പര്യം രൂപപ്പെട്ടത് എങ്ങനെയായിരുന്നു
ഇന്നത്തെപ്പോലെ ഒരു പ്രഫഷണല്‍ വിഷനോടുകൂടി യല്ല പത്തുനാല്പതുകൊല്ലം മുമ്പ് കുട്ടികള്‍ പഠിച്ചിരുന്നത്. ഇന്ന് കുട്ടികള്‍ക്ക് വ്യക്തമായൊരു ഭാവിലക്ഷ്യം ഉണ്ടല്ലോ. ഏത് കോഴ്‌സിന് ചേരണം, എന്ത് പഠിക്കണം എങ്ങോട്ട് പോകണം ഇതിനെക്കുറിച്ചൊക്കെ നല്ല ഐഡിയ ഉണ്ട്. എന്നാല്‍ അന്ന് അങ്ങനെയൊന്നുമല്ല. എല്‍.പി കഴിഞ്ഞാല്‍ യു.പി. അതു കഴിഞ്ഞാല്‍ ഹൈസ്‌കൂള്‍. ഇങ്ങനെയല്ലാതെ പ്രത്യേകമായൊരു ചിന്താഗതി ആര്‍ക്കുമു ണ്ടെന്ന് തോന്നുന്നില്ല. പത്താംക്ലാസ് പഠനം പൂര്‍ത്തിയാകുമ്പോഴാണ് ഞാന്‍ കോളജിനെക്കുറിച്ച് ആലോചിക്കുന്നത്. എനിക്ക് സെക്കന്റ് ഗ്രൂപ്പ് ലഭിച്ചെങ്കിലും വ്യക്തമായൊരു ഭാവിലക്ഷ്യം അന്ന് ഉണ്ടായിരുന്നില്ല.
തമിഴ്‌നാട്ടിലെ തിരൂപ്പൂരില്‍ തുണിയുടെ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് യൂണിറ്റ് നടത്തുകയായിരുന്നു അച്ഛന്‍. ഒരു ഡൈയിങ് മാസ്റ്റര്‍ ആയി തുടങ്ങി, സ്വന്തം ഡൈയിങ് ആന്റ് പ്രിന്റിംഗ് ഫാക്ടറി വരെ ചെന്നെത്തിയ ജീവിതമായിരുന്നു അദേഹത്തിന്റേത്. അതിനാല്‍ ഞങ്ങള്‍ തിരുപ്പൂരിലാണ് പ്രാഥമിക പഠനം നടത്തിയത്. ശരിക്കുപറഞ്ഞാല്‍ ഞാന്‍ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലുമൊന്നും പഠിച്ചില്ല. 14 വയസിന് മുമ്പ് എസ്.എസ്. എല്‍. സിയും 16 എത്തും മുമ്പേ പ്രീഡിഗ്രിയും പൂര്‍ത്തിയായി. അന്നത്തെ ചട്ടമനുസരിച്ച് പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് ചേരാനുളള പ്രായപരിധി 17 വയസാണ്.

അതിനാല്‍ കേരളത്തിലെത്തി പഠനം തുടരാന്‍ തീരുമാനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പ്രീ ഡിഗ്രിയും എറണാകുളം മഹാരാജാസില്‍ ബി.എസ് സി കെമിസ്ട്രിയും പഠിച്ചു. തിരുപ്പൂരില്‍ നടത്തുന്ന ഫാ ക്ടറിയുടെ ചുമതല എന്നെ ഏല്‍പ്പിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിന് രണ്ട് കാരണങ്ങളുണ്ട്. മൂത്ത സഹോദരന്‍ എഞ്ചിനീയറായിരുന്നു. രണ്ടാമത്തെ സഹോദരന്‍ ഡോക്ടറും. മൂന്നാമതൊരു സഹോദരി പഠിക്കുന്നു. നാലാമനാണ് ഞാന്‍. വീട്ടില്‍ എഞ്ചിനിയറും ഡോക്ടറും ഉളളതുകൊണ്ട് സ്വാഭാവികമായും അച്ഛനെ ബിസിനസില്‍ സഹായിക്കേണ്ട വ്യക്തിയെന്ന നിലയിലാണ് എന്നെ കണ്ടിരുന്നത്.
എഞ്ചിനീയറിംഗ് കഴിഞ്ഞ ബ്രദറാണ് അക്കാലത്ത് അച്ഛനെ ജോലിയില്‍ സഹായിച്ചിരുന്നത്. പക്ഷേ മുംബൈയിലൊരു ജോലി ലഭിച്ചതോടെ ബ്രദര്‍ അങ്ങോട്ട് പോയി. ബി.എസ്.സി പഠനത്തിനുശേഷം കുറച്ചുനാള്‍ ഞാന്‍ അച്ഛന്റെ ഫാക്ടറിയില്‍ സഹായിക്കാനായി പോകുമായിരുന്നു. എം.ബി.ബി.എസിന്റെ അഡ്മിഷന്‍ സമയമായപ്പോള്‍ അതിന് പോകണമോ വേണ്ടയോ എന്നൊരു ചര്‍ച്ച കുടുംബത്തിലുണ്ടായി. അപ്പോള്‍ അച്ഛന്‍ പറഞ്ഞു.’

‘നിന്റെ ചോയ്‌സാണ്. നീ തന്നെ തീരുമാനിക്കുക..” പക്ഷേ അമ്മ ഉറച്ചുനിന്നു. ”നിര്‍ബന്ധമായും എന്നെ മെഡിക്കല്‍ ഫീല്‍ഡിലേക്ക് തന്നെ വിടണമെന്ന്.” അതിന് മറ്റൊരു കാരണവുമുണ്ട്. അമ്മയുടെ സഹോദരന്‍ ഒരു ഡോക്ടറാണ്. അദേഹത്തിന്റെ പേരും ഡോ. ഗംഗാധരന്‍ എന്ന് തന്നെയാണ്. ഞാന്‍ മരിക്കും മുമ്പ് അമ്മാവന്‍ മരിച്ചുപേയിരുന്നു. അതുകൊണ്ടായിരിക്കണം ഞാന്‍ മെഡിക്കല്‍ പ്രൊഫഷന്‍ തെരഞ്ഞെടുക്കണമെന്ന് അമ്മ ആഗ്രഹിച്ചത്. 1973 ല്‍കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ബി.എബി.എസിന് ഞാന്‍ ചേരുന്നത് അങ്ങനെയാണ്. അതുകഴിഞ്ഞപ്പോള്‍ പഴയതുപോലെ ഇനി എന്തു ചെയ്യണമെന്നൊരു ചോദ്യം കുടുംബത്തില്‍ ഉയര്‍ന്നു.

ഞങ്ങളുടെ ബാച്ചൊക്കെ ഇറങ്ങുന്നതുവരെ എം.ബി.ബി.എസിന്റെ മാര്‍ക്കുകണക്കുകൂട്ടിയാണ് പി.ജിക്കുള്ള സെലകഷന്‍ നടന്നിരുന്നത്. ആ ഇടക്ക് ഇതുസംബന്ധിച്ച് ചില കേസുകളൊക്കെ കോടതിയില്‍ നടന്നതുകൊണ്ടാ കണം ഒന്നുരണ്ട് വര്‍ഷത്തേക്ക് അഡ്മിഷനൊന്നും ഉണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ ഞങ്ങള്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ഡിക്ക് ജോയിന്‍ ചെയ്യുവാന്‍ തീരുമാനിച്ചു. അങ്ങനെ റേഡിയോ തെറാപ്പി എടുക്കാനും തീരുമാനിച്ചു. കാന്‍സറിന്റെ ഫസ്റ്റ് എ ക്‌സ്‌പോഷന്‍ റേഡിയോ തെറാപ്പിയാണല്ലോ. അതുകഴിഞ്ഞപ്പോള്‍ ആ ലൈനിലേക്ക് തിരിയാനുള്ള പ്രേരണയുണ്ടായി. ആ സമയത്ത് ‘മെഡിക്കല്‍ ഓങ്കോളജി’ എന്ന വിഭാഗം പതുക്കെ പൊങ്ങിവരുന്നതേയുള്ളൂ. ചെന്നൈയില്‍ അഡയാറില്‍ മാത്രമേ ഇതിന് സീറ്റുളളൂ. അപ്പോള്‍ അവര്‍ പറഞ്ഞു, എംഡി മെഡിസിന്‍ കഴിഞ്ഞവര്‍ക്കേ ഇതില്‍ സീറ്റു കൊടുക്കുകയുള്ളൂ എന്ന.് എനിക്കതില്‍ താല്പര്യം തോന്നിയതുകൊണ്ട് ഞാന്‍ തിരിച്ച് വന്ന് കോ ട്ടയം മെഡിക്കല്‍ കോളജില്‍ എം.ഡിക്ക് ജനറല്‍ മെഡിസിന്‍ എടുത്ത് പഠിച്ചു. ഇതിന് ശേഷം അഡയാറില്‍ പോയി കോഴ്‌സ് കംപ്ലീറ്റ് ചെയ്യുകയുംചെയ്തു. അതുകഴിഞ്ഞ് ഞാനാദ്യം ജോയിന്‍ ചെയ്യുന്നത് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ റേഡിയോ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റിലിണ്. അവിടെ ആറുമാസം. 1989ല്‍ തിരുവനന്തപുരം റീജിയണല്‍കാന്‍സര്‍ സെന്ററില്‍ ജോയിന്‍ ചെയ്തു. മെഡിക്കല്‍ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ആദ്യമായി കേരളത്തില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് അവിടെയാണ്. 2003 വരെ അവിടെ ഉണ്ടായിരുന്നു. അതിനുശേഷമാണ് ലേക് ഷോറിലേക്ക് വരുന്നത്.

? മനസില്‍ തങ്ങി നില്‍ക്കുന്ന സങ്കടഓര്‍മ്മകള്‍
ഫിലോമിന സിസ്റ്ററെ ഞാനെന്നുമോര്‍ക്കും. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പും ഞാന്‍ സിസ്റ്ററോട് സംസാരിച്ചതാണ്. എന്റെ വലതു കൈപ്പടം സിസ്റ്ററിന്റെ കണ്ണിനോടു ചേര്‍ത്തുവച്ചു. ചൂടുള്ള ചെറിയ നനവ് എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. എന്റെ കൈയില്‍ മുത്തം തന്നുകൊണ്ട് സിസ്റ്റര്‍ കൈ മുറുകെ പിടിച്ചു. ‘എല്ലാത്തിനും നന്ദി സാര്‍… ഞാന്‍ പോകുകയാണ്. നമ്മുടെ വാ ര്‍ഡിലെ നമ്മുടെ കൂടെ ജോലി ചെയ്യുന്ന എന്റെ കുട്ടികളെയെല്ലാം ഞാന്‍ സാറിനെ ഏല്‍പിക്കുന്നു. സിസ്റ്ററിന്റെ നാവ് കുഴയുന്നുണ്ടായിരുന്നു.

ധന്യമായിരുന്നു സിസ്റ്ററിന്റെ ജീവിതം. എന്റെ മനസ് മന്ത്രിച്ചു. എത്രയെത്ര ജീവനുകളാണ് സിസ്റ്ററിനോട് കടപ്പെട്ടിരിക്കുന്നത്. പതിമൂന്ന് വര്‍ഷത്തെ നീണ്ട പരിചയം. എല്ലാ രോഗികളുടെയും സ്‌നേഹമയിയായ ‘മമ്മി’യായിരുന്നു ഫിലോമിന സിസ്റ്റര്‍. ചികിത്സ കഴിഞ്ഞുപോയ എത്രയെത്ര രോഗികള്‍…. അവരുടെയൊക്കെ മനസിലെ കെടാവിളക്കായിരുന്നു സിസ്റ്റര്‍.

വര്‍ഷങ്ങള്‍ക്കുമുമ്പ് നഴ്‌സുമാരുടെ സമരം ചൂടുപിടിച്ചു നില്‍ക്കുന്ന കാലം. രോഗികള്‍ നിറഞ്ഞ വാര്‍ഡുകളില്‍ നഴ്‌സുമാര്‍ ഇല്ല. ആ രോഗികളെ വിട്ടുപോകാന്‍ മനസുവരാത്ത ഫിലോമിന സിസ്റ്റര്‍. പത്തുദിവസം 24 മണിക്കൂറും രോഗികളുടെ കൂടെ തന്നെ ജീവിച്ചു. ഡ്യൂട്ടിസമയമോ സ്വന്തം ആരോഗ്യസ്ഥിതിയോ കണക്കുകൂട്ടാതെ. അപ്പോഴും ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. എന്നിട്ടും അതൊന്നും നോക്കാതെ അവരെ ശുശ്രൂഷിക്കാനുള്ള ഹൃദയവിശാലതയും മനസുമാണ് സിസ്റ്റര്‍ക്കുണ്ടായിരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ രോഗികള്‍ക്കുവേണ്ടി മാത്രം രോഗികള്‍ക്കിടയില്‍ ജീവിച്ചു മരിച്ച ഫിലോമിന സിസ്റ്ററെപ്പോലെ എത്രയോപേര്‍ എന്റെ മനസിലൂടെ കടന്നുപോകുന്നു. ഇതുപോലെ ചില രോഗികളോടുള്ള ഉറ്റവരുടെ ഇടപെടലും മനസില്‍ നൊമ്പരമുണര്‍ത്തിയിട്ടുണ്ട്.

മരണത്തിലേക്ക് അനുദിനം നടന്നു നീങ്ങുന്നൊരു വ്യക്തിയെ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം തിരിച്ച് സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നയിരുന്നു. അദ്ദേഹത്തിന് തിരികെ പോകാനുള്ള ടിക്കറ്റിന് വേണ്ടി മക്കള്‍ ഓടിനടക്കുന്ന സമയത്ത് ഈ രോഗിയുടെ സഹോദരി ചെയ്തത് അദ്ദേഹത്തിന്റെ നാട്ടിലുള്ള സ്ഥലത്തിന്റെ കുറെഭാഗം ഇദ്ദേഹത്തെക്കൊണ്ട് ഒപ്പിടുവിപ്പിച്ച് അവരുടെ പേരിലാക്കുകയാണ് ചെയ്തത് മകള്‍ തിരിച്ചുവരുമ്പോള്‍ കാണുന്നത് കൈയിലെ മഷിയാണ്. ഇതറിഞ്ഞ മകള്‍ ഉടനെ രജിസ്ട്രാറെ വിളിച്ച് ഇത് തടസപ്പെടുത്തുന്നു. ആകെ പ്രശ്‌നങ്ങള്‍. രോഗിയെ വെച്ച് വിലപേശുന്നത് നമ്മള്‍ കാണുന്നു. അതെ ഒരുപാട് സങ്കടം തോന്നുന്ന ഇത്തരം ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്.

?ഇന്ന് പരിധിയില്ലാതെ കാന്‍സര്‍ രോഗം പടരുന്നു. ഇതിനെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ലേ

കേരളത്തില്‍ കണ്ടെത്തിയ കാന്‍സറുകളില്‍ 50 ശതമാനവും പ്രാരംഭദശയില്‍കണ്ടുപിടിക്കാനും പ്രതിരോധിക്കാനും കഴിയുന്നതാണ്. ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഈ രോഗത്തില്‍ നിന്നും കുറച്ചെങ്കിലും രക്ഷനേടാന്‍ കഴിയും.

നമ്മുടെ ജീവിതശൈലി, പുകയില- മദ്യപാനം, ആഹാരരീതി ഇതിലൊക്കെ കര്‍ക്കശമായ നിയന്ത്രണം പാലിച്ചാല്‍ 30 ശതമാനം രോഗം പ്രതിരോധിക്കാന്‍ കഴിയും. പ്രാരംഭദശയില്‍ രോഗം കണ്ടുപിടിക്കാന്‍ 35 ശതമാനം പേര്‍ക്ക് എങ്കിലും കഴിയുന്നുണ്ട്. ഇതു രണ്ടും കൂടി കണക്കിലെടുത്താല്‍ തടയാനും കണ്ടുപിടിക്കാനും കഴിയുന്ന കാന്‍സറുകള്‍ 50 ശതമാനം വരും. ഈ രീതിയില്‍ കണക്കുകൂട്ടിയാല്‍ കാന്‍സറിനെതിരെ പോരാടാന്‍ കഴിയും എന്ന് ചിന്തിക്കണം. പഴം, പച്ചക്കറി തുടങ്ങിയവ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഇന്നത്തെ എല്ലാ പ്രശ്‌നങ്ങളുടെയും കാരണം നമ്മുടെ ആഹാരരീതിയാണെന്നാണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ഉളം തലമുറ ഫാസ്റ്റ്ഫുഡുകളോട് കാണിക്കുന്ന പ്രിയം അപകടകരമാണ്. വറുത്തും പൊരിച്ചും മറ്റും കഴിക്കാന്‍ കാണിക്കുന്ന താല്പര്യം തീരെ നന്നല്ല. അതുപോലെ തന്നെ വ്യായാമത്തോടുള്ള അയഞ്ഞ സമീപനവും ദോഷകരമാണ്. ഇന്ന് പറമ്പില്‍ അധ്വാനിക്കാന്‍ യുവതലമുറയെ കിട്ടുന്നില്ല. മനസ് നിറഞ്ഞ് കുട്ടികള്‍ ഓടിക്കളിക്കാറുമില്ല. അതേസമയം കമ്പ്യൂട്ടറിന്റെയോ മൊബൈലിന്റെയോ മുന്നില്‍ മണിക്കൂറുകളോളം കുത്തിയിരിക്കുകയും ചെയ്യും. ശരീരത്തിന് വ്യായാമം ലഭിക്കാത്തതും ഫാസ്റ്റ്ഫുഡ് സംസ്‌കാരവുമെല്ലാം നമുക്ക് വലിയ ദോഷകരമായി തീരും.

വളരുന്ന തലമുറയെ ഈ രോഗത്തില്‍നിന്നും രക്ഷിക്കണമെങ്കില്‍ പ്രതിരോധത്തിന്റെ ആദ്യ പാഠങ്ങള്‍ വിദ്യാലയങ്ങളിലാണ് ആദ്യം ആരംഭിക്കേണ്ടത്. സ്‌കൂള്‍കുട്ടികളുടെ പാഠ്യപദ്ധതിയില്‍ തന്നെ ഇതെക്കുറിച്ചുളള പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. സാമൂഹ്യപാഠം പഠിക്കുന്നതിനേക്കാള്‍ പ്രധാനമാണ് സ്വന്തം ആരോഗ്യം എങ്ങനെ സംരക്ഷിക്കണം എന്ന കാര്യം.

പ്രാരംഭ ദശയില്‍ കണ്ടുപിടിക്കുന്ന കാന്‍സറുകളുടെ വിജയസാധ്യത ഏറ്റവും കൂടുതലായിരിക്കും. എന്നാല്‍ പലരും ആരംഭദശയില്‍ തന്നെ രോഗം കണ്ടുപിടിക്കുമ്പോഴും അതിന് ചികിത്സ നടത്തുന്ന കാര്യത്തില്‍ നിന്ന് പിന്തിരിയുന്നു. ചികിത്സ തുടങ്ങാമെന്ന് ഡോക്ടര്‍ പറയുമ്പോള്‍ ഇപ്പോള്‍ വേണ്ടെന്ന് പറയുന്നവരാണ് രോഗികളില്‍ പലരും. രോഗത്തോട് പോരാടാനുളള ധൈര്യമുളളവര്‍ക്ക് അവയെ അതിജീവിക്കാനും കഴിയും.

എല്ലാ കാന്‍സറും പ്രാരംഭദശയില്‍ നമുക്ക് കണ്ടുപിടിക്കാനും കഴിയില്ല. എല്ലാ കാന്‍സറും നമുക്ക് ചികിത്സിച്ച് ഭേദമാക്കാനും കഴിയില്ല. അതൊക്കെ നാം അംഗീകരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളാണ്. എന്നാല്‍ തടയാന്‍ കഴിയുന്ന എല്ലാ കാന്‍സറുകളും നമുക്ക് പ്രതിരോധിക്കാന്‍ കഴിയും. അതുപോലെ പ്രാരംഭദശയില്‍ തന്നെ കണ്ടെത്തി ചികിത്സയിലൂടെ രക്ഷപെടുത്താനും കഴിയണം. ഒരാളുടെ ജീവന്‍ നീട്ടിക്കൊടുക്കാന്‍ കഴിയുന്നു എന്നത് നിസാരകാര്യമല്ല. ഒരു ബാങ്ക് ജീവനക്കാരിയായ രോഗിയുടെ അനുഭവം ഓര്‍മ്മവരുന്നു. അവര്‍ക്ക് 17 വര്‍ഷത്തോളം ജീവിതം നീട്ടിക്കൊടുക്കാന്‍ സാധിച്ചു. അതിനിടക്ക് അവരുടെ ജീവിതാഭിലാഷങ്ങള്‍ എല്ലാം നിറവേറപ്പെട്ടു. അവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുളളത്. മക്കള്‍ വലുതായി. ആ മൂന്ന് മക്കളുടെയും വിവാഹത്തിന് സാക്ഷ്യം വഹിക്കാനും മക്കള്‍ക്ക് കുട്ടികളുണ്ടായി കാണുന്നതിനും ആ സ്ത്രീക്ക് സാധിച്ചു. എല്ലാം കണ്ട് ഏറെ സംതൃപ്തിയോടെയാണ് അവര്‍ മരിക്കുന്നത്. പ്രതിരോധം പോലെ തന്നെ പ്രധാനമാണ് ജീവിതം നീട്ടിക്കൊടുക്കാന്‍ കഴിയുക എന്നതും.

സാധാരണ കാന്‍സറുകളൊന്നും അഞ്ചുവര്‍ഷത്തിന്‌ശേഷം തിരിച്ച് വരാറില്ല. അഞ്ചുവര്‍ഷത്തിനുശേഷം അത് തിരികെ വരാനുള്ള സാധ്യത നമുക്കെല്ലാം വരാനുള്ള സാധ്യതപോലെയേയുള്ളൂ. അതുകൊണ്ടുതന്നെ, അഞ്ചുവര്‍ഷത്തെ തുടര്‍പരിശോധനക്ക് ശേഷം രോഗമില്ലെന്ന്; കണ്ടെത്തിയാല്‍ അവരെ നാം കാന്‍സറില്‍ നിന്ന് വിമുക്തരായതായി പ്രഖ്യാപിക്കാറുണ്ട് എല്ലാവേദിയിലും കാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായി ഞാന്‍ പറയാറുള്ള വാക്കുകളാണിത്. ശാസ്ത്രം അംഗീകരിച്ച വസ്തുതയുമാണിത.് എന്നാല്‍ ആദ്യം നാം കണ്ട പ്രിയയെപ്പോലെ അപൂര്‍വ്വം ചിലരിലേക്ക് രോഗം തിരിച്ചെത്തുന്നത് കണ്ട് ഞാന്‍ പലപ്പോഴും ഞെട്ടിത്തരിച്ചിട്ടുണ്ട്.

? മുളളാത്ത, ലക്ഷ്മിതരു ഇതൊക്കെ ഉപയോഗിച്ചാല്‍ കാന്‍സര്‍ രോഗത്തില്‍ നിന്നും രക്ഷനേടുനാകുമോ
ലക്ഷ്മിതരു, മുള്ളാത്ത ഇതൊക്കെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഒരുപരിധിവരെ രോഗം തടയുന്നതിന് ഇത് നല്ലതുമാണ്. രോഗം ശരീരത്തില്‍ വരാതിരിക്കാനുളള മുന്‍കരുതല്‍ എന്ന നിലയിലാണ് നാമിത് ഉപയോഗിക്കേണ്ടത്. എന്നാല്‍ രോഗം വന്ന വ്യക്തി ഇത് കൂടുതല്‍ കഴിച്ചതുകൊണ്ട് രോഗം മാറണമെന്നില്ല. അത് ചികിത്സിച്ച് തന്നെ മാറണം. നമ്മള്‍ കുറെ അധികം വിലകൊടുത്ത് മുള്ളന്‍ചക്കയൊന്നും ഇതിനായി വാങ്ങേണ്ടതില്ല. നല്ല അവിയല്‍ വെച്ചുകഴിച്ചാല്‍ ധാരാളമായി്. അതിലെ കിഴങ്ങും മഞ്ഞളുമൊക്കെ നല്ല പ്രതിരോധമാര്‍ഗങ്ങളാണ്. ഇങ്ങനെയാണ് നമ്മുടെ മുന്‍തലമുറ രോഗത്തില്‍ നിന്നൊക്കെയും രക്ഷനേടിയത്. എന്നാല്‍ നമ്മളതൊക്കെ മാറ്റിവെച്ചു. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ രുചിതേടി. അപ്പോള്‍ ചിലരൊക്കെ ചോദിക്കും, വിദേശികളൊക്കെ ധാരാളം മാംസഭക്ഷണമൊക്കെ കഴിക്കാറില്ലേ എന്ന്. ശരിയാണ്. വിദേശികള്‍ മാംസഭക്ഷണം കഴിക്കും. എന്നാല്‍ അതൊടൊപ്പം ധാരാളം സാലഡും അവര്‍ അകത്താക്കും. സാലഡ് കഴിക്കാതെ വിദേശികള്‍ മാംസം ഭക്ഷിക്കാറില്ല. അതുപോലെ ഭക്ഷണത്തിന് ശേഷം അവര്‍ ധാരാളം പഴങ്ങളും കഴിക്കും. ഇതൊന്നും നാം മനസിലാക്കുന്നില്ല. അവരുടെ ചീത്തശീലങ്ങളെല്ലാം നാം കണ്ട് പഠിക്കുകയും നല്ല ജീവിതരീതികള്‍ കാണാതെയും പോകുന്നു എന്നതാണ് ഏറ്റവും വലിയ പോരായ്മ.

? കുടുംബജീവിതവും അതിനേക്കാള്‍ നീണ്ട ജോലി മേഖലയും എങ്ങനെ പൊരുത്തപ്പെട്ട് പോകുന്നു
ജീവിതമെന്നത് വളരെ ചുരുങ്ങിയ ഒരു പീര്യഡ് മാത്രമേ യുളളൂ. ഇതില്‍ ആദ്യത്തെ 20 കൊല്ലം എങ്ങനെ നമ്മള്‍ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള പഠനമാണ്. ഒരു പ്രൊഫഷന്‍ ഉണ്ടാക്കുന്നതിനുവേണ്ടി ഇക്കാലങ്ങളില്‍ നാം പ്രയത്‌നിക്കുന്നു. പിന്നീട് കിട്ടുന്ന ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷമാണ് നമ്മള്‍ ജീവിക്കുന്നത്. അപ്പോള്‍ കിട്ടുന്ന സന്തോഷവും സ്‌നേഹവുമാണ് ജീവിതത്തിന്റെ കരുതലും സമ്പാദ്യവുമെന്ന് പറയാവുന്നത്. നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ സംതൃപ്തി മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിലാണ്. അതുകൊണ്ടാണ് നാം ലോകത്ത് നിന്ന് പോകുമ്പോള്‍ നമ്മുടെ പാദമുദ്ര ഇവിടെ പതിച്ചിട്ട് പോകണമെന്ന് പൂര്‍വ്വികര്‍ പറയുന്നത്. ഇവിടെയിങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്നാണല്ലോ ആ പാദമുദ്ര വെളിവാക്കുന്നത്. അതുകൊണ്ടു തന്നെ അങ്ങനെയൊരു ജീവിതത്തിനേ എന്നും പ്രസക്തിയുള്ളൂ.്യൂഞാന്‍ പ്രാര്‍ത്ഥിച്ചതിനേക്കാള്‍ എനിക്കാനന്ദം തരുന്നത് എന്നെ ഓര്‍ത്ത് ആയിരങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്ന ചിന്തയാ ണ്. ഇത് നമ്മുടെ മനസിനെ ബലപ്പെടുത്തും. ജീവിതം എത്ര ക്ഷണഭംഗുരമാണെന്ന് ഞാന്‍ ജോലിചെയ്യുന്ന പ്രവ ര്‍ത്തന മേഖല ഓരോ ദിവസവും ഓര്‍മ്മിപ്പിക്കുന്നു.

ഭാര്യ ഡോ.ചിത്രതാര കാന്‍സര്‍ സര്‍ജനാണ്. അവരുടെ സഹായവും പിന്തുണയുമാണ് എന്നെ എന്നും വഴിനടത്തുന്നത്. ഭാര്യയുടെയും കുടുംബത്തിന്റെയും പിന്തുണയില്ലാതെ എനിക്ക് തെല്ലും നമുക്ക് മുന്നോട്ട് പോകാനാവില്ല.

മക്കളെനിക്ക് രണ്ട് പേരാണ്. മൂത്തയാള്‍ ഗോകുല്‍. മെഡിക്കല്‍ പ്രഫഷന്‍ അവന് ഇഷ്ടമില്ലായിരുന്നു. ഞങ്ങള്‍ പറഞ്ഞു,’നിന്റെ ഇഷ്ടമനുസരിച്ച് കോഴ്‌സ് തെരഞ്ഞെടുത്തുകൊള്ളാന്‍. അങ്ങനെയവന്‍ എഞ്ചിനീയറിംഗിന് പോയി. പിന്നീടവന്‍ വിദേശത്ത് എം.ബി.എ പഠിക്കാന്‍ തീരുമാനിച്ചു. തിരിച്ച് വന്നപ്പോള്‍ ചെന്നൈ ബേസായ ഒരു കമ്പനിയില്‍ ജോലി ലഭിച്ചു. അവന്റെ ഭാര്യ ഉമ. ബെന്‍ബാദ് സ്വദേശിനിയാണ്. ഒരുകുട്ടിയുണ്ട്. ചിത്രാണി.

രണ്ടാമത്തെ മകന്‍ ഗോവിന്ദ. അവന്‍ എംബി.ബി.എസും എംഡിയും കഴിഞ്ഞു. അവനിഷ്ടപ്പെട്ടത് കാന്‍സര്‍ ഫീല്‍ഡാണ്. മണിപ്പാലില്‍ സേവനം ചെയ്യുന്നു.
ഞങ്ങളുടെ ഡ്യൂട്ടികഴിഞ്ഞു പലപ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരുപാട് താമസിക്കും. ഇതൊക്കെ പരസ്പരം അറിയാവുന്നതിനാല്‍ കുടുംബജീവിതത്തെ ഇതൊന്നും തെല്ലും ബാധിച്ചിട്ടില്ല. 24 മണിക്കൂര്‍ നേരം ഭാര്യയോടും മക്കളോടുമൊപ്പം ചെലവഴിക്കുന്നതിനേക്കാള്‍ പ്രാധാന്യം അവരൊടൊത്തുള്ള സമയം നാം എങ്ങനെ ചെലവഴിക്കുന്നു എന്നതാണ്. തുറന്ന ഇടപെടലും സത്യസന്ധമാ യ പെരുമാറ്റവുമാണ് കുടുംബത്തെ ബലപ്പെടുത്തുന്നത്.

ഒരു ഡോക്ടറാവുക എന്നത് ദൈവം നല്‍കുന്ന മഹത്തായൊരു സമ്മാനമായിട്ടാണ് ഞാന്‍ കാണുന്നത്. മറ്റേത് ഫീല്‍ഡിനെക്കാളും വിത്യസ്തമായി സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ഒരു പ്രൊഫഷനാണത്. നമ്മെ പ്രതീക്ഷയോടെയാണ് കാണാനെത്തുന്നവരുടെ കണ്ണിലേക്ക് നോക്കിയാല്‍ നമുക്കത് വായിക്കാന്‍ കഴിയും. അവരുടെ പ്രതീക്ഷക്കനുസരണം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഇത്രമാത്രം സംതൃപ്തി കിട്ടുന്ന മറ്റൊരു ഫീല്‍ഡില്ലെന്ന് പറയാം. എല്ലാവര്‍ക്കുമറിയാം ഡോക്ട ര്‍ക്ക് അസാധാരണമായ കഴിവൊന്നുമില്ലെന്ന്. അദേഹം പഠിച്ച ചില അറിവുകള്‍ രോഗിക്ക് പ്രയോജനപ്രദമായ വിധത്തില്‍ ഉപയോഗിക്കുന്നു എന്നേയുളളൂ. എന്നാല്‍ രോഗികള്‍ നമ്മെ ഓര്‍ത്തിരിക്കുന്നതിന്റെ ഏറ്റവും പ്രധാ ന കാര്യം അവരുടെ പ്രതിസന്ധിഘട്ടത്തില്‍ നാം അവരു ടെ കൂടെ നിന്നു എന്നുള്ളതുകൊണ്ടാണ്.

? പണമുണ്ടാക്കാനുള്ള മാര്‍ഗമായി വൈദ്യശാസ്ത്രം ഇന്ന് തരം താഴ്ന്നുപോയില്ലേ?
സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. ജീവിതമൂല്യങ്ങളേക്കാളുപരി പണത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു ലോകത്താണ് നാം. നമ്മള്‍ കുട്ടികളെ ചെറുപ്പം മുതലേ പഠിപ്പിക്കുന്നത് ഡോക്ടറാക്കാനും എഞ്ചിനീയറാക്കാനുമൊക്കെയാണല്ലോ. എങ്ങനെയും അനായാസം പണമുണ്ടാക്കുക എന്ന തലത്തിലേക്ക് സമൂഹം മാറിപ്പോ യിരിക്കുന്നു. അതുകൊണ്ട് ഇന്ന് ഏറ്റവും വലിയ സംതൃപ്തനാരാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ മിക്കവര്‍ക്കും ഒറ്റ ഉത്തരമേയുള്ളൂ. ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്നവനാണ് സംതൃപ്തന്‍. എന്നാല്‍ നല്ല മൂല്യങ്ങളനുസരിച്ച് ജീവിക്കുന്നവനല്ലേ ശരിയായ സംതൃപ്തിയുള്ളത്. ജോലിചെയ്തുകഴിഞ്ഞുവന്നതിന് ശേഷം സുഖമായി കിടന്നുറങ്ങാന്‍ അവന് പറ്റും.

ഞങ്ങളൊക്കെ ഡ്യൂട്ടിക്ക് കയറുന്ന സമയത്ത് ഡ്യൂട്ടി സമയം ചോദിക്കാറില്ല, ഓഫ് ചോദിക്കാറില്ല. സാലറിയെക്കുറിച്ചും ചോദിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. വരുന്ന പലരും ആദ്യം ചോദിക്കുന്നത് അഞ്ചുമണിക്ക് പോകാന്‍ കഴിയുമോ, നൈറ്റ് ഡ്യൂട്ടി എടുക്കാതിരിക്കാന്‍ മാര്‍ഗമുണ്ടോ, ഇത്രേയുള്ളോ സാലറി എന്നൊ ക്കെയാണ്. അങ്ങനെയുള്ളൊരു ബിസിനസ് സംസ്‌കാരം കയറിവരുകയാണ്.
ഞാനൊക്ക പഠിക്കുമ്പോള്‍ എനിക്കൊന്നും വലിയ എക്‌സ്‌പെന്‍സ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അമ്പ തും അറുപതും ലക്ഷമൊക്കെ കൊടുത്ത് എം.ബി.ബി.എസിന് വരുന്ന കുട്ടികള്‍ക്ക് അത് എങ്ങനെ തിരിച്ചുപിടിക്കാന്‍ കഴിയും എന്ന ചിന്തയാണ്. ഇതൊക്കെ നമ്മുടെ സമൂഹത്തില്‍ വന്ന മാറ്റത്തിന്റെ ഭാഗമാണ്.

ഡോക്ടര്‍ എന്നാല്‍ മാറി നിന്നുകൊണ്ടുള്ള ഒരു ജീവിതമല്ല നമുക്ക് വേണ്ടത്. മറിച്ച് ഒരു സൊസൈറ്റിയുടെ ഭാഗമെന്ന പോലെ ജീവിക്കണം. ഇന്ന് അലോപ്പതി ഡോ ക്ടര്‍മാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും ഇതാണ്. ഒരു ഡോക്ടര്‍ കല്യാണത്തിന് പോയാല്‍ അദേഹം എപ്പോഴും മറ്റുള്ളവരില്‍ നിന്നും മാറിനില്‍ക്കും. അവിടെ തുല്യ നിരയിലുളള മറ്റൊരു ഡോക്ടര്‍ എത്തിയാല്‍ അദേഹത്തൊടുമാത്രം സംസാരിക്കും. എന്നാല്‍ ഒരു ആയുര്‍വേദ ഡോക്ടര്‍ അവിടെ എത്തിയാല്‍ അവര്‍ പെട്ടെന്ന് സമൂഹവുമായി ഇടകലരും.

സമൂഹത്തിലേക്കിറങ്ങി ചെല്ലാന്‍ അലോപ്പതി ഡോക്ടര്‍മാര്‍ വൈമുഖ്യം കാണിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. അത് നമുക്ക് കിട്ടുന്ന ട്രെയിനിംഗിന്റെ പ്രശ്‌നമാണ്. നമ്മള്‍ സമൂഹത്തേക്കാള്‍ ഒരുപടി മുന്നിലാണെന്ന തെറ്റായ കാഴ്ചപ്പാട് അവരുടെ മനസില്‍ തങ്ങി നില്‍ക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ആ ചിന്ത മാറ്റിവെച്ചാല്‍ നമ്മള്‍ ഫ്രീയാകും.

നമ്മളേക്കാളും പതിന്മടങ്ങ് വിവരമുള്ളയാളായിരിക്കും ചിലപ്പൊഴൊക്കെ നമ്മുടെ മുന്നിലെത്തുന്നത്. എനിക്കറിയാവുന്നത് മെഡിക്കല്‍ ഫീല്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേയുള്ളൂ. പരസ്പരമുളള നല്ല ബന്ധം ഉറച്ച സാമൂഹ്യാവബോധം വളര്‍ത്തും.

നഴ്‌സുമാരുടെ സമരവും ആരോഗ്യരംഗവും
നഴ്‌സുമാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കണമെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്നത്തെ ജീവിതനിലവാരവുമായി തട്ടിച്ച് നോക്കുമ്പോള്‍ അവരുടെ ശമ്പളം തീര്‍ത്തും കുറവാണ്. പക്ഷേ നല്ലതുപോലെ ജോലി ചെയ്യുന്ന വിഭാഗവുമാണ്. എന്നാല്‍ മറിച്ചിങ്ങനെയും ചിന്തിക്കണം. ഡോക്ടര്‍മാരുടെ ശമ്പളം കൂടുതലാണ്. അതുപോലെ അവരുടെ ഉത്തരവാദിത്വവും കൂടുതലാണ്. ഇവിടെയൊരു പ്രോബ്ലം ഉണ്ടായിക്കഴിഞ്ഞാല്‍ നിയമപരമായി ഡോക്ടര്‍ മാത്രമേ കോടതിയില്‍പോകുകയുള്ളൂ. ഇത് ഡോക്ടര്‍മാരുടെ മാത്രം

ഉത്തരവാദിത്വത്തില്‍പ്പെടുന്നതാണ്. എന്നാല്‍ ബാക്കിയാര്‍ക്കുമില്ല. നഴ്‌സുമാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുത്തുകൊണ്ട് അവരുടെ ഉത്തരവാദിത്വം നിയമപരമായി വര്‍ദ്ധിപ്പിക്കണം. ഡോക്ടറെപ്പോലെ പ്രധാനപ്പെട്ടയാളാണ് നഴ്‌സും. ചിലപ്പോള്‍ ഡോക്ടറെക്കാള്‍ ഒരുപടി മുന്നിലാണ് നഴ്‌സിന്റെ സ്ഥാനം.

? എന്താണ് ഇനിയുമൊരു സ്വപ്നം മനസില്‍
ശേഷിക്കുന്നത്

കാന്‍സര്‍ രോഗികളുടെ ചികിത്സ എന്റെ ഏറ്റവും വലിയൊരു സ്വപ്നമാണ്. എന്നെ സംബന്ധിച്ചിടത്തോളം അവരുടെ ചികിത്സാകേന്ദ്രം എന്നത് കോണ്‍ക്രീറ്റ് ബില്‍ഡിംഗുകളോ അടച്ചുമൂടിയ കെട്ടിടങ്ങളോ അല്ല. എമര്‍ജന്‍സി കേസുകള്‍ ഒഴിച്ചാല്‍ സാധാരണക്കാരായ രോഗികള്‍ക്ക് നല്ല വായുസഞ്ചാരമുളള പ്രകൃതിയുമായി ലയിച്ച് ചേര്‍ന്നൊരിടമാണ് വേണ്ടത്. പക്ഷികളും പൂക്കളുമൊള്ളിരിടത്താകുമ്പോള്‍ അവരുടെ മനസിന് നല്ല ഫ്രഷ്‌നസ് ഫീല്‍ ചെയ്യും. പുറം ലോകം കാണാത്തത് രോഗികളില്‍ ഡിപ്രഷനാണ് സൃഷ്ടിക്കുന്നത്. മൂന്ന് ദിവസം കഴിയുമ്പോള്‍ അടച്ചുമൂടിയൊരിടത്തിരിക്കുമ്പോള്‍ എന്റെ മനസ്‌പോലും മുറിയും. അപ്പോള്‍ നീണ്ടകാലവും മറ്റും ഒരു മുറിയില്‍ മാത്രം കഴിയുന്ന രോഗികളുടെ കാര്യം പറയണോ? വിശാലമായ സ്ഥലത്ത് പ്രകൃതിയോട് ചേര്‍ന്നൊരു കാന്‍സര്‍ ഗ്രാമം. അതെന്റ സ്വപ്നമാണ്.

? അങ്ങൊരു ഹൃദ്രോഗി ആണെന്നറിഞ്ഞപ്പേള്‍ ആയിരക്കണക്കിനാളുകളാണല്ലോ നേര്‍ച്ചക്കാഴ്ചകളുമായി ഓടിയത്
സമൂഹത്തിന്റെ സ്‌നേഹം തിരിച്ചറിഞ്ഞൊരു നല്ലൊരു അവസരമായിരുന്നു അത്. അതെല്ലാം യഥാര്‍ത്ഥ സ്‌നേഹം തന്നെയെന്ന് എനിക്കറിയാം. എനിക്ക് ചാരിതാര്‍ത്ഥ്യം ഉണ്ട്. ഞാന്‍ ചെയ്ത പ്രവൃത്തികളില്‍ എനിക്ക് എന്ത് തിരിച്ചു ലഭിക്കണമോ അത് ലഭിച്ചിട്ടുണ്ട്. ഒരുപാടു പേരുടെ പ്രാര്‍ഥനകള്‍ കൂടെയുണ്ടെന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. എന്റെ പേഷ്യന്റ് പലസ്ഥലങ്ങളില്‍ നിന്നും എന്നെ കാണാന്‍ വന്നു. അവരെല്ലാം നിരവധി നേര്‍ച്ചകളുമായി എനിക്ക് വേണ്ടി ഓടിനടന്നവരാണ്. കാസര്‍ഗോഡ് നടന്ന ഒരു മത സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം എനിക്കു വേണ്ടി പ്രാര്‍ഥിക്കുന്ന ഒരു വിഡിയോ മുസ്ലീം സ്ത്രീ കാണിച്ചു തന്നു. ജാതിമത വ്യത്യാസമില്ലാതെ ഞാന്‍ പോലുമറിയാത്ത ഒരുപാടു പ്രാര്‍ഥനകള്‍ എന്നോടൊപ്പമുണ്ട്. ഒരു രോഗിക്കാവശ്യം ഊഷ്മളമായ വാക്കുകളാണ്, ഹൃദയങ്ങളാണ്… മനസുകളാണ്… മുഖങ്ങളാണ്. എന്നെ കാണാന്‍ ആഗ്രഹിച്ചിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ അതുണ്ടെന്ന് എനിക്കറിയാം… എല്ലാത്തിനും ഹൃദയത്തില്‍ നന്ദി മാത്രം!

Leave A Reply

Your email address will not be published.