Voice of Truth

റഷ്യയിൽ ആണവായുധ പരീക്ഷണശാലയിൽ അപകടം. അഞ്ച് പേർ കൊല്ലപ്പെട്ടു. റേഡിയേഷൻ വ്യാപിക്കുന്നതായി റിപ്പോർട്ട്

റഷ്യൻ മിലിട്ടറിയുടെ കേന്ദ്രത്തിൽ റോക്കറ്റ് പരീക്ഷിക്കുന്നതിനിടെ എൻജിൻ പൊട്ടിത്തെറിച്ചാണ് അപകടം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ഗവണ്മെന്റ് അവകാശപ്പെട്ടതിന് പിന്നാലെ, സമീപപ്രദേശങ്ങളിൽ അണുപ്രസരമെന്ന് റിപ്പോർട്ട്. ജനങ്ങൾ പരിഭ്രാന്തിയിൽ…

കഴിഞ്ഞ വ്യാഴാഴ്ച വടക്കൻ റഷ്യയിൽ സ്ഥിതിചെയ്യുന്ന മിലിട്ടറിയുടെ പരീക്ഷണശാലയിൽ നടന്ന സ്‌ഫോടനത്തിൽ അഞ്ച് ജോലിക്കാർ കൊല്ലപ്പെട്ടു എന്ന് റഷ്യൻ ന്യൂക്ലിയർ ഏജൻസിയായ റൊസാറ്റം (ROSATAM) സ്ഥിരീകരിച്ചു.

ഒരു റോക്കറ്റ് എഞ്ചിനിലെ ലിക്വിഡ് പ്രൊപ്പല്ലർ എൻജിൻ ടെസ്റ്റ് ചെയ്യവേ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് റഷ്യയിലെ അന്തർദേശീയ ന്യൂസ് ഏജൻസിയായ RIA റിപ്പോർട്ട് ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നൽകാൻ തയ്യാറാകാത്ത റഷ്യൻ അധികൃതരുടെ നിലപാടുകളാണ് പ്രദേശവാസികളെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നത്.

പ്രസ്തുത അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു എന്നാണ് പ്രതിരോധ മന്ത്രാലയം ആദ്യം വെളിപ്പെടുത്തിയിരുന്നത്. റോക്കറ്റ് എൻജിൻ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ അണുപ്രസരണനിരക്ക് ഉയർന്നിട്ടുണ്ട് എന്നും അറിയിപ്പുണ്ടായിരുന്നു. എന്നാൽ, റേഡിയേഷൻ നിരക്ക് നിയന്ത്രണ വിധേയമായിട്ടുണ്ട് എന്ന് പ്രതിരോധ മന്ത്രാലയം നൽകിയ സ്ഥിരീകരണം തെറ്റാണ് എന്ന് കണക്കുകൾ തെളിയിക്കുന്നു. അപകടം നടന്ന പരീക്ഷണശാലയ്ക്ക് സമീപത്തുള്ള പട്ടണമായ സിവിറഡ് വിൻസ്കിലെ ഇപ്പോഴുള്ള അണുപ്രസരണ നിരക്ക് അനുവദനീയമായതിലും ഇരുപത്തിരട്ടി അധികമാണ് എന്നാണ് റിപ്പോർട്ട്. റേഡിയേഷൻ വർദ്ധിക്കുന്നതായി വാർത്തകൾ പ്രചരിച്ചതോടെ സമീപ നഗരങ്ങളിലെ ഫാർമസികളിൽ റേഡിയേഷനെ പ്രതിരോധിക്കുന്ന മരുന്നുകളുടെ വിൽപ്പന കുതിച്ചുയർന്നിരിക്കുന്നു.

തൊട്ടടുത്ത ദിവസമുണ്ടായ മറ്റൊരു സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇടിമിന്നലേതിനെ തുടർന്നാണ് അത് സംഭവിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ദക്ഷിണ റഷ്യയിലെ വൈറ്റ് സീ(White sea) യുടെ ഒരു ഭാഗത്ത് സൈനികേതര ആവശ്യങ്ങൾക്കുള്ള കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും, കൃത്രിമ ശ്വസന ഉപകരണങ്ങളും പ്രത്യേക സുരക്ഷാ വസ്ത്രങ്ങളും ധരിച്ചുള്ള സന്നദ്ധ സേവകരുടെ ചിത്രങ്ങൾ പ്രചരിക്കുന്നതും ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നുണ്ട്. റേഡിയേഷൻ നിരക്ക് വർദ്ധിച്ചതുമായി ബന്ധപ്പെട്ട് സിവിറഡ് വിൻസ്ക് സിറ്റിയുടെ വെബ്‌സൈറ്റിൽ നൽകിയിരുന്ന വിവരങ്ങളും, സ്ഫോടനം സംബന്ധിച്ച ചില വിവരങ്ങളും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.

സ്ഥിതിഗതികൾ ഗുരുതരമാണ് എന്നവിധത്തിൽ മാധ്യമങ്ങളിലൂടെ വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുവാൻ അധികൃതർ തയ്യാറായിട്ടില്ല.

Leave A Reply

Your email address will not be published.