Voice of Truth

സിംബാബ്‌വെയുടെ സ്വാതന്ത്ര്യസമര നായകൻ റോബര്‍ട്ട് മുഗാബെയ്ക്ക് ലോകരാജ്യങ്ങളുടെ അന്ത്യാഞ്ജലി

ഹരാരെ: നാല് പതിറ്റാണ്ടോളം സിംബാബ്‌വെ ഭരിച്ച മുന്‍ പ്രസിഡന്റ് റോബര്‍ട്ട് ഗബ്രിയേല്‍ മുഗാബെ (95) ഓര്‍മ്മത്താളിലേക്ക്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം സിംഗപ്പൂരില്‍ ഏറെനാളായി ചികിത്സയിലായിരുന്നു. 1980 മുതല്‍ അധികാരത്തിലുള്ള മുഗാബെയെ 2017 നവംബറില്‍ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് സൈന്യം പുറത്താക്കുകയായിരുന്നു.

സിംബാബ്‌വെയുടെ സ്വാതന്ത്ര്യസമര നായകനായ മുഗാബെ 1980-ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1987-ല്‍ പ്രസിഡന്റായി. 2017 വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടര്‍ന്നു. പുറത്താക്കപ്പെടുമ്പോള്‍ ലോകത്തെ ഏറ്റവും പ്രായംകൂടിയ രാഷ്ട്രത്തലവനായിരുന്നു മുഗാബെ.

1924 ഫെബ്രുവരി 21-ന് തെക്കന്‍ റൊഡേഷ്യയിലെ കാര്‍പെന്ററായ ഗബ്രിയേല്‍ മാറ്റിബിലിയുടെയും ബോനയുടെയും മകനായാണ് മുഗാ ബെ ജനിക്കുന്നത്. ബിരുദപഠനത്തിനുശേഷം 15 വര്‍ഷം അധ്യാപകനായിരുന്നു. ഏഴ് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. അതില്‍ മൂന്നെണ്ണം ജ യില്‍ജീവിതത്തിനിടയ്ക്കായിരുന്നു. ഭാര്യ സാലി ഹൈഫ അരോണിന്റെ മരണശേഷം വിവാഹം കഴിച്ച ഗ്രേസാണ് മുഗാബെ തന്റെ പിന്‍ഗാമിയായി കണ്ടത്. ഈ ബന്ധത്തില്‍ ഒരു മകളും രണ്ട് ആണ്‍മക്കളുമുണ്ട്.

അധ്യാപകവൃത്തിയില്‍ നിന്നായിരുന്നു ജീവിതം. നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിന് അന്ത്യംകുറിച്ച് സിംബാബ്‌വെ പ്രസിഡന്റായി അധികാരത്തിലേറുമ്പോള്‍, വംശീയ വിവേചനത്തിനെതിരെയും ആഫ്രിക്കന്‍ സ്വാതന്ത്ര്യത്തിനുമായി സന്ധിയില്ലാസമരം നടത്തിയ പോരാളിയായാണ് മുഗാബെയെ ചരിത്രം വിശേഷിപ്പിക്കുന്നത്.

1961-ല്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണ സെക്രട്ടറിയായാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന സിംബാബ്‌വെയുടെ സ്വാതന്ത്ര്യത്തിനായി നിരവധി പോരാട്ടങ്ങള്‍ നടത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയതിനെ തുടര്‍ന്ന് പത്തുവര്‍ഷത്തോളം ജയില്‍വാസമനുഭവിച്ചു.

നാല് പതിറ്റാണ്ടോളം രാജ്യം ഭരിച്ച മുഗാബെയെ ഭരണത്തില്‍നിന്ന് പുറത്താക്കാന്‍ ഭരണകക്ഷിയായ സാനു പി.എഫ് പാര്‍ട്ടിക്ക് അടവുകള്‍ പതിനെട്ടും പുറത്തെടുക്കേണ്ടിവന്നു. അപ്പോഴേക്കും ലോകം കണ്ട വലിയ ഏകാധിപതികളിലൊരാളായി മാറിയിരുന്നു മുഗാബെ. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയും എതിരാളികളോട് യുദ്ധം പ്രഖ്യാപിച്ചുമാണ് അത്രയും കാലം മുഗാബെ അധികാര കസേരയില്‍ പിടിച്ചുനിന്നത്.

ഭരണത്തിന്റെ അവസാനനാളുകളില്‍ സിംബാബ്‌വെയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ന്ന് താറുമാറായിരുന്നു. 2017 നവംബറിലാണ് മുഗാബെയെ സൈന്യം അട്ടിമറിച്ചത്. അദ്ദേഹം പുറത്തായതോടെ രാജ്യമെങ്ങും വലിയ ആഘോഷമായിരുന്നു. ദൈവത്തിന് മാത്രമേ തന്നെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്.
തന്നെ പടിക്ക് പുറത്താക്കി 2018-ല്‍ സിംബാബ്‌വെയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യുമെന്നായിരുന്നു മുഗാബെ മാധ്യങ്ങളോട് പറഞ്ഞിരുന്നത്.

1966-ല്‍ മകന്‍ മലേറിയ ബാധിച്ച് മരിച്ചപ്പോള്‍പോലും മുഗാബെക്ക് പരോള്‍ ലഭിച്ചില്ല. ജയില്‍മോചിതനായപ്പോള്‍ ആഫ്രിക്കന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നു. 1980-ല്‍ രാജ്യം സ്വതന്ത്രമായതോടെ പ്രഥമ പ്രധാനമന്ത്രിയായി. 1987-ല്‍ പുതിയ ഭരണഘടന വന്നതോടെ പ്രസിഡന്റുമായി. അതോടെ എതിരില്ലാത്ത നേതാവായി മുഗാബെ വളര്‍ന്നു. എന്നാല്‍ ‘തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍’ രാജ്യത്തെ പിന്നോട്ടടിച്ചു. അഴിമതിയും സ്വജനപക്ഷപാതവും അരങ്ങ് വാണു.

രാജ്യം സാമ്പത്തികമായി തകര്‍ന്നതോടെ താഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നു. പട്ടിണി സഹിക്കാനാവാതെ നിരവധിപേര്‍ അയല്‍രാജ്യമായ ദക്ഷിണാഫ്രിക്കയിലേക്ക് പലായനം ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചു. 2002 ആയപ്പോഴേക്കും രാജ്യം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങി. 2008-ലെ തെരഞ്ഞെടുപ്പില്‍ മുഗാബെയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായെങ്കിലും ബലപ്രയോഗത്തിലൂടെ അധികാരം നിലനിര്‍ത്തി. 2017 ആയപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു. മുഗാബെ ഭരണത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങി. നവംബറില്‍ സൈന്യം അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

റോബര്‍ട്ട് മുഗാബെയുടെ നിര്യാണത്തില്‍ ഇന്ത്യ അനുശോചിച്ചു. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ മുഖമുദ്രയും ഇന്ത്യയുടെ അടുത്ത സുഹൃത്തുമായിരുന്നു മുഗാബെയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.